രാജാക്കന്മാർ ഒന്നാം ഭാഗം 21:1-29
21 ഇതിനു ശേഷം ജസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടവുമായി ബന്ധപ്പെട്ട് ഒരു സംഭവം ഉണ്ടായി. ശമര്യയിലെ രാജാവായ ആഹാബിന്റെ കൊട്ടാരത്തിന് അടുത്ത് ജസ്രീലിലായിരുന്നു+ ആ മുന്തിരിത്തോട്ടം.
2 ആഹാബ് നാബോത്തിനോടു പറഞ്ഞു: “ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻവേണ്ടി നിന്റെ മുന്തിരിത്തോട്ടം എനിക്കു തരുക. അത് എന്റെ കൊട്ടാരത്തിന് അടുത്താണല്ലോ. അതിനു പകരമായി ഞാൻ നിനക്ക് അതിലും നല്ലൊരു മുന്തിരിത്തോട്ടം തരാം. ഇനി അതല്ല, അതിന്റെ വിലയായി നിനക്കു പണമാണു വേണ്ടതെങ്കിൽ അതു തരാം.”
3 എന്നാൽ നാബോത്ത് ആഹാബിനോടു പറഞ്ഞു: “എന്റെ പൂർവികരുടെ അവകാശം അങ്ങയ്‌ക്കു തരുന്നത് യഹോവയുടെ ഇഷ്ടത്തിനു വിരുദ്ധമായതുകൊണ്ട് അങ്ങനെയൊരു കാര്യം എനിക്കു ചിന്തിക്കാനേ കഴിയില്ല.”+
4 ജസ്രീല്യനായ നാബോത്ത്, “എന്റെ പൂർവികരുടെ അവകാശം ഞാൻ അങ്ങയ്‌ക്കു തരില്ല” എന്നു പറഞ്ഞതു കാരണം ആഹാബ് ആകെ വിഷമിച്ച് നിരാശനായി വീട്ടിൽ മടങ്ങിയെത്തി. അയാൾ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ കിടക്കയിൽ മുഖം തിരിച്ച് കിടന്നു.
5 അയാളുടെ ഭാര്യ ഇസബേൽ+ അടുത്ത് വന്ന് അയാളോട്, “ഭക്ഷണംപോലും കഴിക്കാതെ അങ്ങ് ഇത്ര വിഷമിച്ചിരിക്കുന്നത് എന്താണ്” എന്നു ചോദിച്ചു.
6 അയാൾ പറഞ്ഞു: “ഞാൻ ജസ്രീല്യനായ നാബോത്തിനോട്, ‘നിന്റെ മുന്തിരിത്തോട്ടം എനിക്കു വിലയ്‌ക്കു തരുക; ഇനി വിലയല്ല, മറ്റൊരു മുന്തിരിത്തോട്ടമാണു നിനക്കു വേണ്ടതെങ്കിൽ ഞാൻ അതു തരാം’ എന്നു പറഞ്ഞു. പക്ഷേ നാബോത്ത് എന്നോട്, ‘ഞാൻ എന്റെ മുന്തിരിത്തോട്ടം അങ്ങയ്‌ക്കു തരില്ല’ എന്നു പറഞ്ഞു.”
7 അപ്പോൾ ആഹാബിന്റെ ഭാര്യ ഇസബേൽ ആഹാബിനോട്: “അങ്ങല്ലേ ഇസ്രായേലിൽ രാജാവായി ഭരിക്കുന്നത്? എഴുന്നേറ്റ് എന്തെങ്കിലും കഴിച്ച് സന്തോഷമായിരിക്കുക. ജസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ അങ്ങയ്‌ക്കു തരും.”+
8 അങ്ങനെ ഇസബേൽ ആഹാബിന്റെ പേരിൽ കുറച്ച് കത്തുകൾ എഴുതി അതിൽ ആഹാബിന്റെ മുദ്ര വെച്ചു.+ പിന്നെ ആ കത്തുകൾ നാബോത്തിന്റെ നഗരത്തിലെ മൂപ്പന്മാർക്കും+ പ്രധാനികൾക്കും അയച്ചു.
9 ആ കത്തുകളിൽ ഇസബേൽ ഇങ്ങനെ എഴുതിയിരുന്നു: “ഒരു ഉപവാസം പ്രഖ്യാപിച്ച് നാബോത്തിനെ ജനത്തിനു മുന്നിൽ ഇരുത്തുക.
10 എന്നിട്ട് ഒന്നിനും കൊള്ളാത്ത അലസരായ രണ്ടു പേരെ അയാളുടെ മുന്നിൽ ഇരുത്തി, ‘ഇയാൾ ദൈവത്തെയും രാജാവിനെയും നിന്ദിച്ചു’+ എന്നു നാബോത്തിന് എതിരെ സാക്ഷി പറയിക്കണം.+ പിന്നെ നാബോത്തിനെ പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊല്ലണം.”+
11 അങ്ങനെ നാബോത്തിന്റെ നഗരത്തിലെ പുരുഷന്മാർ, അതായത് അവിടെ താമസിച്ചിരുന്ന മൂപ്പന്മാരും പ്രധാനികളും, ഇസബേൽ അയച്ച കത്തിൽ എഴുതിയിരുന്നതുപോലെതന്നെ ചെയ്‌തു.
12 അവർ ഒരു ഉപവാസം പ്രഖ്യാപിച്ച് നാബോത്തിനെ ജനത്തിനു മുന്നിൽ ഇരുത്തി.
13 അപ്പോൾ ഒന്നിനും കൊള്ളാത്ത അലസരായ രണ്ടു പേർ വന്ന് അയാളുടെ മുന്നിൽ ഇരുന്നു. അവർ ജനത്തിന്റെ മുന്നിൽവെച്ച്, “നാബോത്ത് ദൈവത്തെയും രാജാവിനെയും നിന്ദിച്ചു” എന്ന് അയാൾക്കെതിരെ സാക്ഷി പറഞ്ഞു.+ പിന്നെ അവർ അയാളെ നഗരത്തിനു വെളിയിൽ കൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നു.+
14 അതിനു ശേഷം, “നാബോത്തിനെ കല്ലെറിഞ്ഞ് കൊന്നു” എന്ന് അവർ ഇസബേലിനെ അറിയിച്ചു.+
15 നാബോത്തിനെ കല്ലെറിഞ്ഞ് കൊന്നു എന്നു കേട്ട ഉടനെ ഇസബേൽ ആഹാബിനോടു പറഞ്ഞു: “എഴുന്നേറ്റുചെന്ന്, ജസ്രീല്യനായ നാബോത്ത് അങ്ങയ്‌ക്കു വിലയ്‌ക്കു തരാൻ വിസമ്മതിച്ച ആ മുന്തിരിത്തോട്ടം സ്വന്തമാക്കിക്കൊള്ളുക.+ നാബോത്ത് ഇപ്പോൾ ജീവിച്ചിരിപ്പില്ല, അയാൾ മരിച്ചിരിക്കുന്നു!”
16 ജസ്രീല്യനായ നാബോത്ത് മരിച്ചെന്നു കേട്ട ഉടനെ അയാളുടെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താനായി ആഹാബ് അവിടേക്കു യാത്ര തിരിച്ചു.
17 അപ്പോൾ തിശ്ബ്യനായ ഏലിയയ്ക്ക് യഹോവയിൽനിന്ന് ഈ സന്ദേശം ലഭിച്ചു:+
18 “നീ ചെന്ന് ശമര്യയിലുള്ള+ ഇസ്രായേൽരാജാവായ ആഹാബിനെ കാണുക. ആഹാബ് നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താൻ അവിടെ എത്തിയിട്ടുണ്ട്.
19 നീ ആഹാബിനോട് ഇങ്ങനെ പറയണം: ‘യഹോവ പറയുന്നു: “നീ ഒരു മനുഷ്യനെ കൊന്ന്+ അയാളുടെ വസ്‌തു കൈവശപ്പെടുത്തി,*+ അല്ലേ?”’ പിന്നെ ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “നായ്‌ക്കൾ നാബോത്തിന്റെ രക്തം നക്കിയ അതേ സ്ഥലത്തുവെച്ച് നിന്റെ രക്തവും നക്കും.”’”+
20 ആഹാബ് ഏലിയയോടു പറഞ്ഞു: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ?”+ അപ്പോൾ ഏലിയ പറഞ്ഞു: “അതെ, ഞാൻ നിന്നെ കണ്ടെത്തിയിരിക്കുന്നു. യഹോവ പറയുന്നു: ‘ദൈവമുമ്പാകെ തിന്മ ചെയ്യാൻ നീ നിശ്ചയിച്ചുറച്ചിരിക്കുന്നതുകൊണ്ട്*+
21 ഞാൻ ഇതാ, നിന്റെ മേൽ ആപത്തു വരുത്തുന്നു. ഒന്നൊഴിയാതെ നിന്റെ എല്ലാ ആൺതരിയെയും ഞാൻ ഇല്ലാതാക്കും;+ ഇസ്രായേലിൽ നിനക്കുള്ള നിസ്സഹായരെയും ദുർബലരെയും+ പോലും ഞാൻ വെറുതേ വിടില്ല.
22 നീ എന്നെ കോപിപ്പിക്കുകയും ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കുകയും ചെയ്തതുകൊണ്ട് ഞാൻ നിന്റെ ഭവനം നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനംപോലെയും+ അഹീയയുടെ മകനായ ബയെശയുടെ ഭവനംപോലെയും ആക്കും.’+
23 ഇസബേലിനെക്കുറിച്ച് യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ജസ്രീൽ ദേശത്തുള്ള ഒരു സ്ഥലത്തുവെച്ച് ഇസബേലിനെ നായ്‌ക്കൾ തിന്നുകളയും.+
24 ആഹാബിന്റെ ആരെങ്കിലും നഗരത്തിൽവെച്ച് മരിച്ചാൽ അയാളെ നായ്‌ക്കൾ തിന്നും. നഗരത്തിനു വെളിയിൽവെച്ച് മരിച്ചാൽ അയാളെ ആകാശത്തിലെ പക്ഷികൾ തിന്നും.+
25 ഭാര്യയായ ഇസബേലിന്റെ വാക്കു കേട്ട്+ യഹോവയുടെ മുമ്പാകെ തിന്മ ചെയ്യാൻ ഇറങ്ങിത്തിരിച്ച ആഹാബിനെപ്പോലെ മറ്റാരുമുണ്ടായിട്ടില്ല.+
26 യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ അമോര്യർ ചെയ്തതുപോലെ, മ്ലേച്ഛവിഗ്രഹങ്ങളുടെ* പിന്നാലെ പോയി ആഹാബ് അങ്ങേയറ്റം വഷളത്തം കാണിച്ചു.’”+
27 ഈ വാക്കുകൾ കേട്ട ഉടനെ ആഹാബ് വസ്‌ത്രം കീറി. ആഹാബ് വിലാപവസ്ത്രം ധരിച്ച് ഉപവസിക്കുകയും വിലാപവസ്ത്രം വിരിച്ച് കിടക്കുകയും വിഷാദിച്ച് നടക്കുകയും ചെയ്‌തു.
28 അപ്പോൾ തിശ്ബ്യനായ ഏലിയയ്ക്ക് യഹോവയിൽനിന്ന് സന്ദേശം ലഭിച്ചു:
29 “എന്റെ വാക്കു കേട്ടപ്പോൾ ആഹാബ് സ്വയം താഴ്‌ത്തിയതു+ നീ കണ്ടോ? ആഹാബ് എന്റെ മുന്നിൽ തന്നെത്തന്നെ താഴ്ത്തിയതുകൊണ്ട് അയാൾ ജീവിച്ചിരിക്കുമ്പോൾ ഞാൻ ആ ദുരന്തം വരുത്തില്ല. അയാളുടെ മകന്റെ കാലത്തായിരിക്കും ഞാൻ ആഹാബിന്റെ ഭവനത്തിന്മേൽ ദുരന്തം വരുത്തുക.”+
അടിക്കുറിപ്പുകള്‍
^ അക്ഷ. “കൊന്ന് അവകാശം സ്വന്തമാക്കി.”
^ അക്ഷ. “നിന്നെത്തന്നെ വിറ്റുകളഞ്ഞിരിക്കുന്നതുകൊണ്ട്.”
^ എബ്രായപദത്തിന് “കാഷ്‌ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.