രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം 3:1-28

3  ശലോ​മോൻ ഈജി​പ്‌തി​ലെ രാജാ​വായ ഫറവോ​നു​മാ​യി വിവാ​ഹ​ബന്ധം സ്ഥാപിച്ചു; ഫറവോ​ന്റെ മകളെ വിവാഹം കഴിച്ച്‌+ ദാവീ​ദി​ന്റെ നഗരത്തിലേക്കു+ കൊണ്ടു​വന്നു. കൊട്ടാ​ര​വും യഹോ​വ​യു​ടെ ഭവനവും യരുശ​ലേ​മി​നു ചുറ്റു​മുള്ള മതിലും പണിതുതീരുന്നതുവരെ+ ശലോ​മോൻ ഫറവോ​ന്റെ മകളെ അവിടെ താമസി​പ്പി​ച്ചു. 2  എന്നാൽ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം നിർമിച്ചിട്ടില്ലായിരുന്നതിനാൽ+ ജനം അപ്പോ​ഴും ആരാധ​ന​യ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളിലാണു+ ബലി അർപ്പി​ച്ചി​രു​ന്നത്‌. 3  ശലോമോൻ തുടർന്നും യഹോ​വയെ സ്‌നേ​ഹി​ച്ചു. ആരാധനാസ്ഥലങ്ങളിൽ* ബലി അർപ്പി​ക്കു​ക​യും യാഗവ​സ്‌തു​ക്കൾ ദഹിപ്പിക്കുകയും* ചെയ്‌തത്‌+ ഒഴികെ എല്ലാ കാര്യ​ങ്ങ​ളി​ലും അപ്പനായ ദാവീ​ദി​ന്റെ നിയമങ്ങൾ അനുസ​രിച്ച്‌ നടന്നു. 4  ഒരിക്കൽ രാജാവ്‌ ബലി അർപ്പി​ക്കാൻ ഗിബെ​യോ​നി​ലേക്കു ചെന്നു; ആരാധനാസ്ഥലങ്ങളിൽ*+ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു* അത്‌. ശലോ​മോൻ അവിടെ യാഗപീ​ഠ​ത്തിൽ 1,000 ദഹനബ​ലി​കൾ അർപ്പിച്ചു.+ 5  ഗിബെയോനിൽവെച്ച്‌ രാത്രി ഒരു സ്വപ്‌ന​ത്തിൽ യഹോവ ശലോ​മോ​നു പ്രത്യ​ക്ഷ​നാ​യി. ദൈവം ശലോ​മോ​നോട്‌, “നിനക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദി​ച്ചു.+ 6  ശലോമോൻ പറഞ്ഞു: “എന്റെ അപ്പനായ ദാവീദ്‌ അങ്ങയുടെ മുമ്പാകെ വിശ്വ​സ്‌ത​ത​യോ​ടും നീതി​യോ​ടും ഹൃദയ​ശു​ദ്ധി​യോ​ടും കൂടെ നടന്നതി​നാൽ അങ്ങ്‌ അങ്ങയുടെ ദാസനായ ദാവീ​ദി​നോട്‌ അചഞ്ചല​മായ സ്‌നേഹം കാണിച്ചു. അപ്പന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ ഒരു മകനെ നൽകിക്കൊണ്ട്‌+ ഇന്നും അങ്ങ്‌ ആ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നു. 7  എന്റെ ദൈവ​മായ യഹോവേ, ഇപ്പോൾ ഇതാ, എന്റെ അപ്പനായ ദാവീ​ദി​ന്റെ സ്ഥാനത്ത്‌ അങ്ങ്‌ അടിയനെ രാജാ​വാ​ക്കി​യി​രി​ക്കു​ന്നു. ഞാൻ അനുഭവപരിചയമില്ലാത്ത* വെറു​മൊ​രു ബാലനാ​ണ​ല്ലോ.+ 8  അങ്ങ്‌ തിര​ഞ്ഞെ​ടുത്ത ജനത്തിനു+ മധ്യേ അടിയൻ നിൽക്കു​ന്നു. അവർ എണ്ണിക്കൂ​ടാത്ത വിധം വലുപ്പ​മുള്ള ഒരു ജനമാണ്‌. 9  അതുകൊണ്ട്‌ ശരിയും തെറ്റും വിവേചിച്ചറിഞ്ഞ്‌+ അങ്ങയുടെ ജനത്തിനു ന്യായ​പാ​ലനം ചെയ്യാൻ അനുസ​ര​ണ​മുള്ള ഒരു ഹൃദയം+ അടിയനു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു* ന്യായ​പാ​ലനം ചെയ്യാൻ ആർക്കു കഴിയും!” 10  ശലോമോന്റെ ഈ അപേക്ഷ​യിൽ യഹോവ പ്രസാ​ദി​ച്ചു.+ 11  ദൈവം ശലോ​മോ​നോ​ടു പറഞ്ഞു: “നീ ദീർഘാ​യു​സ്സോ സമ്പത്തോ ശത്രു​സം​ഹാ​ര​മോ ആവശ്യ​പ്പെ​ടാ​തെ നീതി​ന്യാ​യ​പ്ര​ശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാ​നുള്ള വകതിരിവിനുവേണ്ടി+ അപേക്ഷി​ച്ച​തു​കൊണ്ട്‌ 12  നീ ചോദി​ച്ച​തു​പോ​ലെ ജ്ഞാനവും വകതി​രി​വും ഉള്ളൊരു ഹൃദയം ഞാൻ നിനക്കു തരും.+ നിനക്കു സമനായ ഒരാൾ മുമ്പ്‌ ഉണ്ടായി​ട്ടില്ല; ഇനി ഉണ്ടാകു​ക​യു​മില്ല.+ 13  മാത്രമല്ല, നീ എന്നോട്‌ അപേക്ഷി​ക്കാ​തി​രുന്ന സമ്പത്തും മഹത്ത്വ​വും കൂടെ+ ഞാൻ നിനക്കു തരും. നിന്റെ ആയുഷ്‌കാ​ലത്ത്‌ ഒരിക്ക​ലും മറ്റൊരു രാജാ​വും നിനക്കു തുല്യ​നാ​കില്ല.+ 14  നിന്റെ അപ്പനായ ദാവീദിനെപ്പോലെ+ എന്റെ ചട്ടങ്ങളും കല്‌പ​ന​ക​ളും പാലി​ച്ചു​കൊണ്ട്‌ നീ എന്റെ വഴിക​ളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘാ​യു​സ്സും തരും.”+ 15  ഉണർന്നപ്പോൾ അതൊരു സ്വപ്‌ന​മാ​യി​രു​ന്നെന്നു ശലോ​മോ​നു മനസ്സി​ലാ​യി. ശലോ​മോൻ യരുശ​ലേ​മിൽ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​ത്തി​നു മുമ്പാകെ ചെന്ന്‌ അവിടെ ദഹനബ​ലി​ക​ളും സഹഭോജനയാഗങ്ങളും+ അർപ്പിച്ചു; ദാസന്മാർക്കെ​ല്ലാം ഒരു വിരു​ന്നും നൽകി. 16  അക്കാലത്ത്‌ രണ്ടു വേശ്യകൾ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ അദ്ദേഹ​ത്തി​ന്റെ മുമ്പാകെ നിന്നു. 17  ഒന്നാമത്തേവൾ പറഞ്ഞു: “യജമാ​നനേ, ഞാനും ഇവളും ഒരു വീട്ടി​ലാ​ണു താമസി​ക്കു​ന്നത്‌. ഇവൾ വീട്ടി​ലു​ള്ള​പ്പോൾ ഞാൻ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. 18  മൂന്നാം ദിവസം ഇവളും ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. ഞങ്ങൾ മാത്ര​മാണ്‌ ആ വീട്ടി​ലു​ണ്ടാ​യി​രു​ന്നത്‌; ഞങ്ങൾ രണ്ടുമ​ല്ലാ​തെ മറ്റാരും അവി​ടെ​യു​ണ്ടാ​യി​രു​ന്നില്ല. 19  ഇവൾ രാത്രി കുഞ്ഞിന്റെ ദേഹത്ത്‌ കിടന്ന​തു​കൊണ്ട്‌ ഇവളുടെ കുഞ്ഞു മരിച്ചു​പോ​യി. 20  പക്ഷേ ഇവൾ പാതി​രാ​ത്രി എഴു​ന്നേറ്റ്‌, ഞാൻ ഉറങ്ങു​മ്പോൾ എന്റെ കുഞ്ഞിനെ എടുത്ത്‌ ഇവളുടെ അരികത്തും* മരിച്ചു​പോയ കുഞ്ഞിനെ എന്റെ അരിക​ത്തും കിടത്തി. 21  രാവിലെ ഞാൻ കുഞ്ഞിനു മുല കൊടു​ക്കാൻ എഴു​ന്നേ​റ്റ​പ്പോൾ കുഞ്ഞു മരിച്ചു​കി​ട​ക്കു​ന്നതു കണ്ടു! പിന്നെ ഞാൻ സൂക്ഷി​ച്ചു​നോ​ക്കി​യ​പ്പോൾ അതു ഞാൻ പ്രസവിച്ച എന്റെ കുഞ്ഞല്ല എന്ന്‌ എനിക്കു മനസ്സി​ലാ​യി.” 22  എന്നാൽ രണ്ടാമ​ത്തേവൾ പറഞ്ഞു: “അല്ല, ജീവനു​ള്ളത്‌ എന്റെ കുഞ്ഞാണ്‌. നിന്റെ കുഞ്ഞാണു മരിച്ചു​പോ​യത്‌!” പക്ഷേ ഒന്നാമ​ത്തേവൾ, “അല്ല, മരിച്ചതു നിന്റെ കുഞ്ഞാണ്‌, ജീവ​നോ​ടി​രി​ക്കു​ന്ന​താണ്‌ എന്റെ കുഞ്ഞ്‌” എന്നു പറഞ്ഞു. അങ്ങനെ പറഞ്ഞ്‌ അവർ രാജാ​വി​ന്റെ മുന്നിൽ തർക്കി​ച്ചു​കൊ​ണ്ടി​രു​ന്നു. 23  ഒടുവിൽ രാജാവ്‌ പറഞ്ഞു: “‘ജീവനു​ള്ളത്‌ എന്റെ കുഞ്ഞാണ്‌, നിന്റെ കുഞ്ഞാണു മരിച്ചു​പോ​യത്‌!’ എന്ന്‌ ഇവൾ പറയുന്നു. ‘അല്ല! മരിച്ചതു നിന്റെ കുഞ്ഞാണ്‌, ജീവ​നോ​ടി​രി​ക്കു​ന്ന​താണ്‌ എന്റെ കുഞ്ഞ്‌’ എന്ന്‌ അവൾ പറയുന്നു.” 24  രാജാവ്‌ കല്‌പി​ച്ചു: “ഒരു വാൾ കൊണ്ടു​വരൂ.” അങ്ങനെ അവർ ഒരു വാൾ കൊണ്ടു​വന്നു. 25  രാജാവ്‌ പറഞ്ഞു: “ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്ന്‌ പാതി ഇവൾക്കും പാതി അവൾക്കും കൊടു​ക്കൂ.” 26  ഉടനെ ജീവനുള്ള കുഞ്ഞിന്റെ ശരിക്കുള്ള അമ്മ സ്വന്തം കുഞ്ഞി​നോ​ടുള്ള ആർദ്ര​സ്‌നേഹം കാരണം രാജാ​വി​നോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: “അരുത്‌ എന്റെ യജമാ​നനേ, കുഞ്ഞിനെ കൊല്ല​രു​തേ! കുഞ്ഞിനെ ഇവൾക്കു കൊടു​ത്തു​കൊ​ള്ളൂ.” എന്നാൽ മറ്റേ സ്‌ത്രീ പറഞ്ഞു: “കുഞ്ഞിനെ എനിക്കും വേണ്ടാ നിനക്കും വേണ്ടാ! അവർ അതിനെ രണ്ടായി പിളർക്കട്ടെ!” 27  അപ്പോൾ രാജാവ്‌ ഉത്തരവി​ട്ടു: “കുഞ്ഞിനെ കൊല്ല​രുത്‌! അവനെ ഒന്നാമ​ത്തേ​വൾക്കു കൊടു​ക്കുക! ഒന്നാമ​ത്തേ​വ​ളാണ്‌ അവന്റെ അമ്മ.” 28  രാജാവിന്റെ ഈ വിധി​നിർണ​യ​ത്തെ​ക്കു​റിച്ച്‌ ഇസ്രാ​യേൽ ദേശം മുഴുവൻ അറിഞ്ഞു. നീതി നടപ്പാ​ക്കാ​നുള്ള ദൈവികജ്ഞാനം+ രാജാ​വി​ലു​ണ്ടെന്നു കണ്ടപ്പോൾ അവർക്കു രാജാ​വി​നോ​ടു ഭയവും ആദരവും തോന്നി.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​ക​യും.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
അക്ഷ. “ഏറ്റവും വലിയ​താ​യി​രു​ന്നു.”
അക്ഷ. “പോകാ​നും വരാനും അറിയാത്ത.”
മറ്റൊരു സാധ്യത “കുഴപ്പം​പി​ടിച്ച ജനത്തിന്‌.” അക്ഷ. “ഭാരമുള്ള ജനത്തിന്‌.”
അക്ഷ. “മാർവി​ട​ത്തി​ലും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം