രാജാക്കന്മാർ ഒന്നാം ഭാഗം 7:1-51
7 ശലോമോൻ രാജാവ് 13 വർഷംകൊണ്ടാണു സ്വന്തം ഭവനം*+ പണിത് പൂർത്തിയാക്കിയത്.+
2 രാജാവ് ലബാനോൻ-വനഗൃഹം+ പണിതു. അതിന് 100 മുഴം* നീളവും 50 മുഴം വീതിയും 30 മുഴം ഉയരവും ഉണ്ടായിരുന്നു. നാലു നിരകളിലായി ദേവദാരുത്തൂണുകളിലാണ് അതു പണിതുയർത്തിയത്. തൂണുകൾക്കു മുകളിൽ ദേവദാരുകൊണ്ടുള്ള ഉത്തരങ്ങളുമുണ്ടായിരുന്നു.+
3 തൂണുകളുടെ മുകളിൽ കുറുകെ വെച്ചിരുന്ന തുലാങ്ങളിൽ ദേവദാരുപ്പലകകൾകൊണ്ട് തട്ടിട്ടു; അവ ഒരു നിരയിൽ 15 വീതം ആകെ 45 എണ്ണമുണ്ടായിരുന്നു.
4 ചട്ടക്കൂടുള്ള മൂന്നു നിര ജനലുകളുണ്ടായിരുന്നു. വരിവരിയായി പണിതിരുന്ന ഈ ജനലുകൾ ഓരോന്നും എതിർവശത്തുള്ള ജനലിന് അഭിമുഖമായിട്ടായിരുന്നു.
5 എല്ലാ പ്രവേശനകവാടങ്ങളുടെയും കട്ടിളകളുടെയും ചട്ടക്കൂടുകൾ ചതുരാകൃതിയിലായിരുന്നു.* മൂന്നു വരികളിൽ പരസ്പരം അഭിമുഖമായി നിൽക്കുന്ന ജനലുകളും അങ്ങനെതന്നെയായിരുന്നു.
6 രാജാവ് 50 മുഴം നീളവും 30 മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപം പണിതു. അതിനു മുന്നിൽ തൂണുകളും മേൽക്കൂരയും ഉള്ള ഒരു പൂമുഖവുമുണ്ടായിരുന്നു.
7 തനിക്ക് ഇരുന്ന് ന്യായം വിധിക്കാൻവേണ്ടി ശലോമോൻ സിംഹാസനമണ്ഡപം,+ അതായത് ന്യായവിധിഗൃഹം,+ പണിതു. തറമുതൽ കഴുക്കോൽവരെ അവർ അതു ദേവദാരുകൊണ്ട് മറച്ചു.
8 രാജാവിനു താമസിക്കാനുള്ള ഭവനം ആ ഗൃഹത്തിൽനിന്ന്* കുറച്ച് മാറി മറ്റേ മതിൽക്കെട്ടിനുള്ളിലായിരുന്നു.+ രണ്ടിന്റെയും പണി ഒരുപോലെയായിരുന്നു. ശലോമോന്റെ ഭാര്യയായ ഫറവോന്റെ മകൾക്കുവേണ്ടി ആ ഗൃഹത്തിനു സമാനമായ മറ്റൊരു ഭവനംകൂടെ ശലോമോൻ പണിതു.+
9 അളന്ന് വെട്ടി, കല്ലു മുറിക്കുന്ന വാളുകൊണ്ട് അകവും പുറവും ചെത്തിമിനുക്കിയ വിലയേറിയ കല്ലുകൾകൊണ്ടാണ്+ ഇവയെല്ലാം പണിതത്. അടിത്തറമുതൽ ചുവരിന്റെ മുകളറ്റംവരെയും പുറത്ത് വലിയ മുറ്റത്തിന്റെ+ ചുറ്റുമതിൽവരെയും ആ വിധത്തിലാണു പണിതത്.
10 വിലയേറിയ വലിയ കല്ലുകൾകൊണ്ടാണ് അടിത്തറയിട്ടത്. ചില കല്ലുകൾക്കു പത്തു മുഴവും മറ്റുള്ളവയ്ക്ക് എട്ടു മുഴവും വലുപ്പമുണ്ടായിരുന്നു.
11 മുകളിലേക്കു പണിതത് അളന്ന് വെട്ടിയെടുത്ത വിലയേറിയ കല്ലുകളും ദേവദാരുത്തടിയും ഉപയോഗിച്ചാണ്.
12 വലിയ മുറ്റത്തിന്റെ ചുറ്റുമതിൽ പണിതത് യഹോവയുടെ ഭവനത്തിനും ഭവനത്തിന്റെ മണ്ഡപത്തിനും+ ചുറ്റുമുള്ള അകത്തെ മുറ്റത്തിന്റെ+ മതിലുകൾപോലെ, മൂന്നു വരി ചെത്തിയൊരുക്കിയ കല്ലുകൾകൊണ്ടും ഒരു വരി ദേവദാരുത്തടികൊണ്ടും ആയിരുന്നു.
13 ശലോമോൻ രാജാവ് സോരിലേക്ക് ആളയച്ച് ഹീരാമിനെ+ വരുത്തി.
14 നഫ്താലി ഗോത്രത്തിൽനിന്നുള്ള ഒരു വിധവയുടെ മകനായിരുന്നു അയാൾ. അയാളുടെ അപ്പൻ സോർദേശക്കാരനായ ഒരു ചെമ്പുപണിക്കാരനായിരുന്നു.+ ചെമ്പുകൊണ്ടുള്ള* എല്ലാ തരം പണികളിലും ഹീരാം വൈദഗ്ധ്യവും ഗ്രാഹ്യവും പരിചയവും+ ഉള്ളവനായിരുന്നു. ഹീരാം ശലോമോൻ രാജാവിന്റെ അടുത്ത് വന്ന് രാജാവിനുവേണ്ടി എല്ലാ പണികളും ചെയ്തുകൊടുത്തു.
15 ചെമ്പുകൊണ്ടുള്ള രണ്ടു തൂണുകൾ+ അയാൾ വാർത്തുണ്ടാക്കി. ഓരോന്നിനും 18 മുഴം ഉയരമുണ്ടായിരുന്നു. അളവുനൂൽകൊണ്ട് അളന്നാൽ ഓരോ തൂണിന്റെയും ചുറ്റളവ് 12 മുഴം വരുമായിരുന്നു.+
16 ആ തൂണുകളുടെ മുകളിൽ വെക്കാൻ ചെമ്പുകൊണ്ടുള്ള രണ്ടു മകുടവും വാർത്തുണ്ടാക്കി. ഒരു മകുടത്തിന്റെ ഉയരം അഞ്ചു മുഴവും മറ്റേ മകുടത്തിന്റെ ഉയരം അഞ്ചു മുഴവും ആയിരുന്നു.
17 ഓരോ തൂണിന്റെയും മുകളിലുള്ള മകുടത്തിൽ വലക്കണ്ണിയുടെ ആകൃതിയിലുള്ള പണികളും+ പിന്നിയതുപോലുള്ള അലങ്കാരപ്പണികളും ഉണ്ടായിരുന്നു. അവ ഓരോ മകുടത്തിലും ഏഴു വീതമായിരുന്നു.
18 തൂണിനു മുകളിലുള്ള മകുടം മൂടുന്ന വിധത്തിൽ, വലക്കണ്ണിയുടെ ആകൃതിയിലുള്ള പണിക്കു ചുറ്റും രണ്ടു നിരയായി മാതളപ്പഴങ്ങൾ ഉണ്ടാക്കി. രണ്ടു മകുടങ്ങളിലും അതുപോലെ ചെയ്തു.
19 മണ്ഡപത്തിന്റെ തൂണുകൾക്കു മുകളിലുണ്ടായിരുന്ന മകുടങ്ങൾ നാലു മുഴം ഉയരത്തിൽ ലില്ലിപ്പൂവിന്റെ ആകൃതിയിലുള്ള പണിയായിരുന്നു.
20 വലക്കണ്ണിയുടെ ആകൃതിയിലുള്ള പണിയോടു ചേരുന്ന ഉരുണ്ട ഭാഗത്തിനു തൊട്ടുമുകളിലായിരുന്നു തൂണുകൾക്കു മുകളിലുള്ള മകുടങ്ങൾ. ഓരോ മകുടത്തിന്റെയും ചുറ്റും നിരകളായി 200 മാതളപ്പഴങ്ങളുമുണ്ടായിരുന്നു.+
21 അയാൾ ദേവാലയത്തിന്റെ* മണ്ഡപത്തിനു+ തൂണുകൾ സ്ഥാപിച്ചു. വലതുവശത്തെ* തൂണിനു യാഖീൻ* എന്നും ഇടതുവശത്തെ* തൂണിനു ബോവസ്* എന്നും പേരിട്ടു.+
22 തൂണുകളുടെ മുകൾഭാഗം ലില്ലിപ്പൂവിന്റെ ആകൃതിയിലായിരുന്നു. അങ്ങനെ തൂണുകളുടെ നിർമാണം പൂർത്തിയായി.
23 പിന്നീട് അയാൾ ലോഹംകൊണ്ട് വൃത്താകൃതിയിലുള്ള ഒരു കടൽ വാർത്തുണ്ടാക്കി.+ അതിന് അഞ്ചു മുഴം ഉയരവും പത്തു മുഴം വ്യാസവും ഉണ്ടായിരുന്നു. അളവുനൂൽകൊണ്ട് അളന്നാൽ അതിന്റെ ചുറ്റളവ് 30 മുഴം+ വരുമായിരുന്നു.
24 അതിന്റെ വക്കിനു താഴെ ചുറ്റോടുചുറ്റും, ഒരു മുഴത്തിൽ പത്ത് എന്ന കണക്കിൽ കായ്കളുടെ+ ആകൃതിയിലുള്ള അലങ്കാരപ്പണിയുണ്ടായിരുന്നു. രണ്ടു നിരയിലുള്ള ഈ അലങ്കാരപ്പണി കടലിന്റെ ഭാഗമായി വാർത്തുണ്ടാക്കിയിരുന്നു.
25 അത് 12 കാളകളുടെ+ പുറത്താണു വെച്ചിരുന്നത്. അവയിൽ മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും തിരിഞ്ഞിരുന്നു. അവയ്ക്കു മുകളിലാണു കടൽ സ്ഥാപിച്ചിരുന്നത്. കാളകളുടെയെല്ലാം പിൻഭാഗം കടലിന്റെ മധ്യത്തിലേക്കായിരുന്നു.
26 നാലു വിരൽ കനത്തിലാണു* കടൽ പണിതത്. അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ, വിരിഞ്ഞ ലില്ലിപ്പൂവിന്റെ ആകൃതിയിലായിരുന്നു. അതിൽ 2,000 ബത്ത്* വെള്ളം നിറയ്ക്കുമായിരുന്നു.
27 പിന്നീട് അയാൾ ചെമ്പുകൊണ്ട് പത്ത് ഉന്തുവണ്ടികൾ*+ ഉണ്ടാക്കി. ഓരോന്നിനും നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.
28 ഉന്തുവണ്ടികൾ നിർമിച്ചത് ഇങ്ങനെയാണ്: അവയുടെ വശങ്ങളിൽ ചട്ടങ്ങൾക്കുള്ളിലായി ലോഹപ്പലകകളുണ്ടായിരുന്നു.
29 ചട്ടങ്ങൾക്കുള്ളിലെ പലകകളിൽ സിംഹങ്ങളുടെയും+ കാളകളുടെയും കെരൂബുകളുടെയും+ രൂപമുണ്ടായിരുന്നു. ചട്ടങ്ങളിലും അതേ അലങ്കാരപ്പണിതന്നെയായിരുന്നു. സിംഹങ്ങളുടെയും കാളകളുടെയും മുകളിലും താഴെയും ആയി തോരണങ്ങൾ കൊത്തിവെച്ചിരുന്നു.
30 ഓരോ ഉന്തുവണ്ടിക്കും ചെമ്പുകൊണ്ടുള്ള നാലു ചക്രങ്ങളും ചെമ്പുകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു. അവയുടെ നാലു മൂലയ്ക്കുമുള്ള താങ്ങുകളാണ് അവയെ താങ്ങിനിറുത്തിയിരുന്നത്. പാത്രത്തിന്റെ അടിയിലായിരുന്നു ആ താങ്ങുകൾ. തോരണപ്പണിയോടുകൂടെയാണ് അവ ഓരോന്നും വാർത്തിരുന്നത്.
31 പാത്രത്തിനു താങ്ങായി വണ്ടിയുടെ മുകൾഭാഗത്ത് വട്ടത്തിലുള്ള ഒരു വായ് വാർത്തുണ്ടാക്കിയിരുന്നു. പാത്രം ഒരു മുഴം ഇറങ്ങിയിരുന്നു. താങ്ങിന്റെ ഉയരം ആകെ ഒന്നര മുഴമായിരുന്നു. അതിന്റെ വായ്ക്കൽ കൊത്തുപണികളുണ്ടായിരുന്നു. അവയുടെ വശങ്ങളിലുള്ള പലകകൾ ചതുരത്തിലായിരുന്നു, വൃത്താകൃതിയിലായിരുന്നില്ല.
32 നാലു ചക്രങ്ങളും വശങ്ങളിലെ പലകകൾക്കു താഴെയായിരുന്നു. ചക്രങ്ങളുടെ താങ്ങുകൾ ഉന്തുവണ്ടിയുമായി ഘടിപ്പിച്ചിരുന്നു. ഒന്നര മുഴമായിരുന്നു ഓരോ ചക്രത്തിന്റെയും ഉയരം.
33 രഥചക്രങ്ങളുടെ മാതൃകയിലാണ് അവ നിർമിച്ചിരുന്നത്. അവയുടെ താങ്ങുകളും പട്ടകളും ആരക്കാലുകളും നാഭികളും എല്ലാം വാർത്തുണ്ടാക്കിയതായിരുന്നു.
34 ഓരോ ഉന്തുവണ്ടിയുടെയും നാലു മൂലയ്ക്കും താങ്ങുകാലുകളുണ്ടായിരുന്നു. ഉന്തുവണ്ടിയോടൊപ്പമാണ് അവയുടെ താങ്ങുകളും വാർത്തിരുന്നത്.
35 ഉന്തുവണ്ടിയുടെ മുകളിൽ വട്ടത്തിൽ അര മുഴം ഉയരമുള്ള ഒരു പട്ടയുണ്ടായിരുന്നു. ഉന്തുവണ്ടിയുടെ മുകളിലുള്ള അതിന്റെ ചട്ടങ്ങളും വശങ്ങളിലുള്ള പലകകളും വണ്ടിയുടെ ഭാഗമായി വാർത്തതായിരുന്നു.
36 അതിന്റെ ചട്ടങ്ങളുടെയും വശങ്ങളിലെ പലകകളുടെയും പ്രതലത്തിൽ അയാൾ കെരൂബുകൾ, സിംഹങ്ങൾ, ഈന്തപ്പനകൾ എന്നിവ സ്ഥലമുണ്ടായിരുന്നതുപോലെ കൊത്തിവെച്ചു. ചുറ്റോടുചുറ്റും തോരണങ്ങളും കൊത്തിയുണ്ടാക്കി.+
37 ഇങ്ങനെയാണു പത്ത് ഉന്തുവണ്ടികളും+ ഉണ്ടാക്കിയത്. അവയെല്ലാം ഒരുപോലെ, ഒരേ അളവിലും ഒരേ ആകൃതിയിലും, വാർത്തുണ്ടാക്കി.+
38 അയാൾ പത്തു ചെമ്പുപാത്രങ്ങൾ+ ഉണ്ടാക്കി. ഓരോന്നിലും 40 ബത്ത് വെള്ളം കൊള്ളുമായിരുന്നു. ഓരോ പാത്രവും നാലു മുഴമായിരുന്നു.* പത്ത് ഉന്തുവണ്ടികൾക്കും ഓരോ പാത്രം വീതം ഉണ്ടായിരുന്നു.
39 പിന്നെ അഞ്ച് ഉന്തുവണ്ടികൾ ഭവനത്തിന്റെ വലതുവശത്തും അഞ്ച് ഉന്തുവണ്ടികൾ ഭവനത്തിന്റെ ഇടതുവശത്തും വെച്ചു. ഭവനത്തിന്റെ വലതുവശത്ത് തെക്കുകിഴക്കായി കടൽ സ്ഥാപിച്ചു.+
40 ഇതുകൂടാതെ ഹീരാം,+ പാത്രങ്ങളും കോരികകളും+ കുഴിയൻപാത്രങ്ങളും+ ഉണ്ടാക്കി.
അങ്ങനെ ശലോമോൻ രാജാവിനുവേണ്ടി ഹീരാം യഹോവയുടെ ഭവനത്തിലെ+ ഈ പണികളെല്ലാം പൂർത്തിയാക്കി:
41 രണ്ടു തൂണുകൾ,+ അവയ്ക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങൾ; തൂണുകൾക്കു മുകളിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികൾ;+
42 തൂണുകൾക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികളിലായി 400 മാതളപ്പഴങ്ങൾ+ (ഓരോ വലപ്പണിയിലും രണ്ടു നിര മാതളപ്പഴങ്ങൾ വീതമുണ്ടായിരുന്നു.);
43 പത്ത് ഉന്തുവണ്ടികൾ,+ അവയിൽ പത്തു പാത്രങ്ങൾ;+
44 കടൽ,+ അതിനു കീഴിലെ 12 കാളകൾ;
45 ഇവ കൂടാതെ വീപ്പകൾ, കോരികകൾ, കുഴിയൻപാത്രങ്ങൾ എന്നിവയും എല്ലാ ഉപകരണങ്ങളും, ഹീരാം യഹോവയുടെ ഭവനത്തിനുവേണ്ടി ശലോമോൻ രാജാവിനു മിനുക്കിയ ചെമ്പുകൊണ്ട് ഉണ്ടാക്കിക്കൊടുത്തു.
46 രാജാവ് അവ സുക്കോത്തിനും സാരെഥാനും ഇടയിലുള്ള യോർദാൻ പ്രദേശത്ത് കളിമണ്ണുകൊണ്ടുള്ള അച്ചുകളിൽ വാർത്തെടുത്തു.
47 ഉപകരണങ്ങളൊന്നും ശലോമോൻ തൂക്കിനോക്കിയില്ല; കാരണം അവ അത്രയധികമുണ്ടായിരുന്നു. ഉപയോഗിച്ച ചെമ്പിന് ഒരു കണക്കുമുണ്ടായിരുന്നില്ല.+
48 യഹോവയുടെ ഭവനത്തിനുവേണ്ട എല്ലാ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കി: സ്വർണയാഗപീഠം;+ കാഴ്ചയപ്പം വെക്കാനുള്ള സ്വർണമേശ;+
49 തനിത്തങ്കംകൊണ്ടുള്ള തണ്ടുവിളക്കുകൾ+ (അകത്തെ മുറിയുടെ മുമ്പിലായി വലതുവശത്ത് അഞ്ചെണ്ണവും ഇടതുവശത്ത് അഞ്ചെണ്ണവും.); സ്വർണംകൊണ്ടുള്ള പൂക്കൾ,+ ദീപങ്ങൾ, കൊടിലുകൾ;+
50 തനിത്തങ്കംകൊണ്ടുള്ള പാത്രങ്ങൾ, തിരി കെടുത്താനുള്ള കത്രികകൾ,+ കുഴിയൻപാത്രങ്ങൾ, പാനപാത്രങ്ങൾ,+ കത്തിയ തിരി ഇടാനുള്ള പാത്രങ്ങൾ;+ അകത്തെ മുറിയുടെ+—അതായത് അതിവിശുദ്ധത്തിന്റെ—വാതിലുകളുടെയും ദേവാലയഭവനത്തിന്റെ+ വാതിലുകളുടെയും സ്വർണംകൊണ്ടുള്ള ചുഴിക്കുറ്റികൾ.
51 അങ്ങനെ യഹോവയുടെ ഭവനത്തിൽ താൻ ചെയ്യേണ്ട പണികളെല്ലാം ശലോമോൻ രാജാവ് ചെയ്തുതീർത്തു. അപ്പനായ ദാവീദ് വിശുദ്ധീകരിച്ച+ വസ്തുക്കളെല്ലാം ശലോമോൻ അവിടേക്കു കൊണ്ടുവന്നു. സ്വർണവും വെള്ളിയും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ഭവനത്തിലെ+ ഖജനാവുകളിൽ വെച്ചു.
അടിക്കുറിപ്പുകള്
^ അഥവാ “കൊട്ടാരം.”
^ അഥവാ “നാലു വശങ്ങളുള്ളതായിരുന്നു; ദീർഘചതുരാകൃതിയിലുള്ളതായിരുന്നു.”
^ അഥവാ “കൊട്ടാരത്തിൽനിന്ന്.”
^ അഥവാ “വെങ്കലംകൊണ്ടുള്ള.” ഈ വാക്യത്തിലും ഈ അധ്യായത്തിൽ തുടർന്നുവരുന്ന വാക്യങ്ങളിലും.
^ ഇവിടെ വിശുദ്ധത്തെ കുറിക്കുന്നു.
^ അഥവാ “തെക്കുള്ള.”
^ അർഥം: “അവൻ (അതായത്, യഹോവ) ദൃഢമായി ഉറപ്പിക്കട്ടെ.”
^ അഥവാ “വടക്കുള്ള.”
^ “ശക്തിയിൽ” എന്നായിരിക്കാം അർഥം.
^ അഥവാ “ജലവണ്ടികൾ.”
^ അഥവാ “നാലു മുഴം വ്യാസമുള്ളതായിരുന്നു.”