ശമുവേൽ ഒന്നാം ഭാഗം 1:1-28
1 എഫ്രയീംമലനാട്ടിലെ രാമാഥയീം-സോഫീമിൽ*+ എൽക്കാന+ എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. യരോഹാമിന്റെ മകനായ ഒരു എഫ്രയീമ്യനായിരുന്നു+ അയാൾ. യരോഹാം സൂഫിന്റെ മകനായ തോഹുവിന്റെ മകനായ എലീഹുവിന്റെ മകനായിരുന്നു.
2 എൽക്കാനയ്‌ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു, ഹന്നയും പെനിന്നയും. പെനിന്നയ്ക്കു കുട്ടികളുണ്ടായിരുന്നു. ഹന്നയ്ക്കാകട്ടെ കുട്ടികളില്ലായിരുന്നു.
3 ആ മനുഷ്യൻ സൈന്യങ്ങളുടെ അധിപനായ യഹോവയെ ആരാധിക്കാനും* ആ ദൈവത്തിനു ബലി അർപ്പിക്കാനും വർഷാവർഷം തന്റെ നഗരത്തിൽനിന്ന് ശീലോയിലേക്കു+ പോകുമായിരുന്നു. അവിടെയാണ് ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫിനെഹാസും+ യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്തിരുന്നത്.+
4 ഒരു ദിവസം എൽക്കാന ബലി അർപ്പിച്ചപ്പോൾ ഭാര്യയായ പെനിന്നയ്ക്കും പെനിന്നയുടെ എല്ലാ പുത്രീപുത്രന്മാർക്കും പങ്കു കൊടുത്തു.+
5 പക്ഷേ, ഹന്നയ്‌ക്ക് എൽക്കാനാ വിശിഷ്ടമായ ഒരു പങ്കു കൊടുത്തു. കാരണം, ഹന്നയോടായിരുന്നു എൽക്കാനയ്‌ക്കു കൂടുതൽ സ്‌നേഹം. യഹോവ പക്ഷേ, ഹന്നയ്‌ക്കു കുട്ടികളെ കൊടുത്തിരുന്നില്ല.*
6 മാത്രമല്ല, യഹോവ കുട്ടികളെ കൊടുക്കാത്തതിന്റെ പേരിൽ മറ്റേ ഭാര്യ കുത്തുവാക്കുകൾ പറഞ്ഞ് ഹന്നയെ നിരന്തരം വിഷമിപ്പിക്കുകയും ചെയ്തിരുന്നു.
7 എല്ലാ വർഷവും ഇതു പതിവായിരുന്നു. പെനിന്നയുടെ കുത്തുവാക്കുകൾ അങ്ങേയറ്റം അസഹ്യമായിരുന്നതുകൊണ്ട് യഹോവയുടെ ഭവനത്തിൽ പോകുമ്പോഴൊക്കെ+ ഹന്ന കരയുകയും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്യുമായിരുന്നു.
8 പക്ഷേ, ഭർത്താവായ എൽക്കാന ഹന്നയോടു പറഞ്ഞു: “ഹന്നേ, നീ ഇങ്ങനെ ഒന്നും കഴിക്കാതെ കരഞ്ഞുകൊണ്ടിരിക്കുന്നത് എന്താ? എന്തിനാ നീ ഇത്ര ദുഃഖിക്കുന്നത്?* ഞാനില്ലേ നിനക്ക്? പത്ത് ആൺമക്കളെക്കാൾ നല്ലതല്ലേ ഞാൻ?”
9 അങ്ങനെ, അവർ ശീലോയിൽവെച്ച് തിന്നുകയും കുടിക്കുകയും ചെയ്തശേഷം ഹന്ന എഴുന്നേറ്റ് പോയി. ആ സമയത്ത് പുരോഹിതനായ ഏലി യഹോവയുടെ ആലയത്തിന്റെ* കവാടത്തിന് അടുത്തുള്ള ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു.+
10 കടുത്ത മനോദുഃഖത്തിലായിരുന്നു ഹന്ന. യഹോവയോടു പ്രാർഥിക്കാൻ+ തുടങ്ങിയ ഹന്ന നിയന്ത്രണംവിട്ട് കരഞ്ഞു.
11 ഹന്ന ഇങ്ങനെയൊരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങയുടെ ദാസിയായ എന്റെ വിഷമം കണ്ട് എന്നെ ഓർക്കുകയും എന്നെ മറന്നുകളയാതെ ഒരു ആൺകുഞ്ഞിനെ തരുകയും ചെയ്‌താൽ+ ജീവിതകാലം മുഴുവൻ അങ്ങയെ സേവിക്കാൻ യഹോവേ, ഞാൻ ആ കുഞ്ഞിനെ അങ്ങയ്‌ക്കു തരും. കുഞ്ഞിന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല.”+
12 ഹന്ന യഹോവയുടെ മുമ്പാകെ വളരെ നേരം പ്രാർഥിച്ചുകൊണ്ടിരുന്നു. ഏലി ഹന്നയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
13 മനസ്സിൽ പ്രാർഥിച്ചതുകൊണ്ട് ഹന്നയുടെ ചുണ്ടുകൾ അനങ്ങിയതല്ലാതെ ശബ്ദമൊന്നും പുറത്ത് വന്നില്ല. അതുകൊണ്ട്, ഹന്ന കുടിച്ച് മത്തയായിരിക്കുന്നെന്ന് ഏലി വിചാരിച്ചു.
14 ഏലി ഹന്നയോടു പറഞ്ഞു: “നീ എത്ര നേരം ഇങ്ങനെ മത്തുപിടിച്ചിരിക്കും? ഇനി തത്കാലം വീഞ്ഞു കുടിക്കേണ്ടാ.”
15 അപ്പോൾ ഹന്ന പറഞ്ഞു: “അങ്ങനെയല്ല, എന്റെ യജമാനനേ! കടുത്ത മനപ്രയാസം അനുഭവിക്കുന്ന ഒരു സ്‌ത്രീയാണു* ഞാൻ. വീഞ്ഞോ മറ്റ് എന്തെങ്കിലും ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല. പകരം, ഞാൻ യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം* പകരുകയാണ്.+
16 അങ്ങയുടെ ഈ ദാസിയെ വിലകെട്ടവളായി കാണരുതേ. എന്റെ തീവ്രവേദനയും പ്രാണസങ്കടവും നിമിത്തമാണ് ഞാൻ ഇതുവരെ സംസാരിച്ചത്.”
17 അപ്പോൾ, ഏലി ഹന്നയോടു പറഞ്ഞു: “സമാധാനത്തോടെ പോകൂ. ഇസ്രായേലിന്റെ ദൈവത്തോടു നീ അപേക്ഷിച്ചത് ദൈവം നിനക്കു സാധിച്ചുതരട്ടെ.”+
18 അപ്പോൾ, ഹന്ന പറഞ്ഞു: “ഈ ദാസിക്ക് അങ്ങയുടെ കണ്ണിൽ ഇനിയും പ്രീതി കിട്ടട്ടെ.” എന്നിട്ട്, ഹന്ന അവിടെനിന്ന് പോയി ഭക്ഷണം കഴിച്ചു. പിന്നെ ഹന്നയുടെ മുഖം വാടിയതുമില്ല.
19 അവർ അതിരാവിലെ എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ വണങ്ങിയശേഷം രാമയിലെ അവരുടെ വീട്ടിലേക്കു മടങ്ങിപ്പോയി.+ എൽക്കാന ഭാര്യയായ ഹന്നയുമായി ശാരീരികബന്ധത്തിലേർപ്പെട്ടു. യഹോവ ഹന്നയെ ഓർത്തു.+
20 ഒരു വർഷത്തിനുള്ളിൽ* ഹന്ന ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു.+ “യഹോവയിൽനിന്നാണ് ഞാൻ അവനെ ചോദിച്ച് വാങ്ങിയത്” എന്നു പറഞ്ഞ് ഹന്ന കുഞ്ഞിനു ശമുവേൽ* എന്നു പേരിട്ടു.
21 പിന്നീട്, എൽക്കാന വീട്ടിലുള്ള എല്ലാവരെയും കൂട്ടി യഹോവയ്ക്കു വാർഷികബലി അർപ്പിക്കാനും+ തന്റെ നേർച്ചയാഗം സമർപ്പിക്കാനും പോയി.
22 പക്ഷേ, ഹന്ന പോയില്ല.+ ഹന്ന ഭർത്താവിനോടു പറഞ്ഞു: “കുട്ടിയുടെ മുലകുടിയൊന്നു മാറട്ടെ; പിന്നെ, ഞാൻ അവനെയുംകൊണ്ട് യഹോവയുടെ സന്നിധിയിൽ വരാം. പിന്നീടുള്ള കാലം മുഴുവൻ അവൻ അവിടെ കഴിയട്ടെ.”+
23 അപ്പോൾ, ഹന്നയുടെ ഭർത്താവായ എൽക്കാന പറഞ്ഞു: “ഉചിതമെന്നു തോന്നുന്നതു നീ ചെയ്തുകൊള്ളുക. കുട്ടിയുടെ മുലകുടി നിറുത്തുന്നതുവരെ നീ വീട്ടിൽത്തന്നെ കഴിഞ്ഞുകൊള്ളൂ. നിന്റെ ആഗ്രഹം യഹോവ സാധിച്ചുതരട്ടെ.” അതുകൊണ്ട്, മുലകുടി നിറുത്തുന്ന സമയംവരെ ഹന്ന കുഞ്ഞിനെയും നോക്കി വീട്ടിൽത്തന്നെ കഴിഞ്ഞു.
24 കുട്ടിയുടെ മുലകുടി നിറുത്തിയ ഉടനെ ഹന്ന മൂന്നു വയസ്സുള്ള ഒരു കാള, ഒരു ഏഫാ* അളവിൽ ധാന്യപ്പൊടി, ഒരു വലിയ ഭരണി വീഞ്ഞ്+ എന്നിവയുമായി അവനെ ശീലോയിലേക്കു കൊണ്ടുപോയി. അങ്ങനെ, ഹന്ന ശീലോയിൽ+ യഹോവയുടെ ഭവനത്തിലെത്തി; കുട്ടിയും കൂടെയുണ്ടായിരുന്നു.
25 തുടർന്ന്, അവർ കാളയെ അറുത്തിട്ട് കുട്ടിയെ ഏലിയുടെ അടുത്ത് കൊണ്ടുചെന്നു.
26 എന്നിട്ട്, ഹന്ന പറഞ്ഞു: “എന്റെ യജമാനനേ, യജമാനനാണെ* ഇവിടെ അങ്ങയുടെ അടുത്ത് നിന്ന് യഹോവയോടു പ്രാർഥിച്ച ആ സ്‌ത്രീയാണു ഞാൻ.+
27 ഈ കുഞ്ഞിനെ കിട്ടാനാണു ഞാൻ പ്രാർഥിച്ചത്. എന്റെ അപേക്ഷ യഹോവ സാധിച്ചുതന്നിരിക്കുന്നു.+
28 അതുകൊണ്ട്, ഞാൻ ഇവനെ ഇപ്പോൾ യഹോവയ്ക്കു സമർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ ഇവൻ യഹോവയ്ക്കു സമർപ്പിതനായിരിക്കും.”
അപ്പോൾ, അയാൾ* അവിടെ യഹോവയുടെ മുന്നിൽ കുമ്പിട്ടു.
അടിക്കുറിപ്പുകള്‍
^ അഥവാ “രാമയിൽ, സൂഫ്യനായ.”
^ അഥവാ “കുമ്പിടാനും.”
^ അക്ഷ. “അവളുടെ ഗർഭപാത്രം അടച്ചിരുന്നു.”
^ അഥവാ “നിന്റെ ഹൃദയം സങ്കടപ്പെട്ടിരിക്കുന്നത് എന്താണ്?”
^ അതായത്, വിശുദ്ധകൂടാരത്തിന്റെ.
^ അഥവാ “ആത്മാവിൽ ഞെരുങ്ങുന്ന ഒരു സ്ത്രീയാണ്.”
^ മറ്റൊരു സാധ്യത “കാലാന്തരത്തിൽ.”
^ അർഥം: “ദൈവത്തിന്റെ പേര്.”
^ അഥവാ “അങ്ങയുടെ ജീവനാണെ.”
^ തെളിവനുസരിച്ച് ഇത് എൽക്കാനയാണ്.