ശമുവേൽ ഒന്നാം ഭാഗം 14:1-52
14 ഒരു ദിവസം ശൗലിന്റെ മകനായ യോനാഥാൻ+ ആയുധവാഹകനായ പരിചാരകനോടു പറഞ്ഞു: “വരൂ! നമുക്ക് അപ്പുറം കടന്ന് ഫെലിസ്ത്യരുടെ കാവൽസേനാതാവളത്തിലേക്കു ചെല്ലാം.” പക്ഷേ, യോനാഥാൻ അപ്പനോട് ഇക്കാര്യം പറഞ്ഞില്ല.
2 ശൗൽ ഗിബെയയുടെ അതിർത്തിയിലുള്ള+ മിഗ്രോനിലെ മാതളനാരകത്തിന്റെ ചുവട്ടിലാണു തങ്ങിയിരുന്നത്. ശൗലിന്റെകൂടെ ഏകദേശം 600 പുരുഷന്മാരുണ്ടായിരുന്നു.+
3 (അപ്പോൾ, അഹീയയായിരുന്നു ഏഫോദ്+ ധരിച്ചിരുന്നത്. ശീലോയിൽ+ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ+ മകനായ ഫിനെഹാസിന്റെ+ മകനായ ഈഖാബോദിന്റെ+ സഹോദരനായിരുന്ന അഹീതൂബിന്റെ+ മകനായിരുന്നു അഹീയ.) യോനാഥാൻ പോയ കാര്യം ജനത്തിന് അറിയില്ലായിരുന്നു.
4 യോനാഥാനു ഫെലിസ്ത്യരുടെ കാവൽസേനാതാവളത്തിലേക്കു പോകാനുള്ള വഴികളുടെ ഇടയിൽ ഇരുവശത്തും പല്ലുപോലുള്ള ഓരോ പാറയുണ്ടായിരുന്നു. ഒന്നിന്റെ പേര് ബോസേസ് എന്നും മറ്റേതിന്റെ പേര് സേനെ എന്നുമായിരുന്നു.
5 ഒരു പാറ വടക്ക് മിക്മാശിന് അഭിമുഖമായി തൂണുപോലെ നിന്നു; മറ്റേതു തെക്ക് ഗേബയ്ക്ക് അഭിമുഖവും.+
6 യോനാഥാൻ ആയുധവാഹകനോടു പറഞ്ഞു: “വരൂ! നമുക്ക് അപ്പുറം കടന്ന് ഈ അഗ്രചർമികളുടെ കാവൽസേനാതാവളത്തിലേക്കു ചെല്ലാം.+ യഹോവ ഒരുപക്ഷേ നമുക്കുവേണ്ടി പ്രവർത്തിക്കും. ആൾബലം കൂടുതലോ കുറവോ ആകട്ടെ, രക്ഷിക്കുന്നതിൽനിന്ന് യഹോവയെ തടയാൻ ഒന്നിനുമാകില്ല.”+
7 അപ്പോൾ, ആയുധവാഹകൻ യോനാഥാനോടു പറഞ്ഞു: “അങ്ങയുടെ മനസ്സു പറയുന്നതുപോലെ ചെയ്യുക. എവിടേക്കു വേണമെങ്കിലും അങ്ങയ്ക്കു പോകാം. എവിടെ പോയാലും ഞാൻ കൂടെയുണ്ടാകും.”
8 അപ്പോൾ യോനാഥാൻ പറഞ്ഞു: “നമുക്ക് അപ്പുറം കടന്നുചെന്ന് നമ്മൾ വന്നിരിക്കുന്നെന്ന കാര്യം അവരെ അറിയിക്കാം.
9 അപ്പോൾ അവർ, ‘ഞങ്ങൾ വരുന്നതുവരെ അവിടെ നിൽക്കുക’ എന്നാണു പറയുന്നതെങ്കിൽ നമ്മൾ അവിടെത്തന്നെ നിൽക്കും, അവരുടെ അടുത്തേക്കു ചെല്ലില്ല.
10 പക്ഷേ അവർ, ‘ഇങ്ങോട്ടു കയറിവാ’ എന്നാണു പറയുന്നതെങ്കിൽ നമ്മൾ അങ്ങോട്ടു ചെല്ലും. കാരണം, യഹോവ അവരെ നമ്മുടെ കൈയിൽ ഏൽപ്പിക്കും. ഇതായിരിക്കും നമുക്കുള്ള അടയാളം.”+
11 തുടർന്ന് ഇരുവരും ഫെലിസ്ത്യരുടെ കാവൽസേനാതാവളത്തിലുള്ളവരെ തങ്ങൾ വന്നിരിക്കുന്നെന്ന കാര്യം അറിയിച്ചു. അപ്പോൾ, ഫെലിസ്ത്യർ പറഞ്ഞു: “നോക്കൂ! എബ്രായർ അതാ അവർ ഒളിച്ചിരുന്ന മാളങ്ങളിൽനിന്ന് പുറത്തുവരുന്നു.”+
12 കാവൽസേനാതാവളത്തിലുള്ളവർ യോനാഥാനോടും ആയുധവാഹകനോടും പറഞ്ഞു: “ഇങ്ങോട്ടു കയറിവാ. ഞങ്ങൾ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും!”+ ഉടനെ യോനാഥാൻ ആയുധവാഹകനോടു പറഞ്ഞു: “എന്റെ കൂടെ വരൂ; യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിക്കും.”+
13 യോനാഥാൻ മുകളിലേക്കു വലിഞ്ഞുകയറി; ആയുധവാഹകൻ പിന്നാലെയും. ഫെലിസ്ത്യർ യോനാഥാന്റെ മുന്നിൽ വീണുതുടങ്ങി. ആയുധവാഹകനോ യോനാഥാന്റെ പിന്നാലെ നടന്ന് അവരെ കൊന്നുകൊണ്ടിരുന്നു.
14 യോനാഥാനും ആയുധവാഹകനും നടത്തിയ ആദ്യത്തെ ആക്രമണത്തിൽ ഒരു ഏക്കർ നിലത്തിന്റെ* പകുതി നീളത്തിനുള്ളിൽ ഏതാണ്ട് 20 പുരുഷന്മാരെ കൊന്നുവീഴ്ത്തി.
15 അപ്പോൾ, പാളയത്തിലും കാവൽസേനാതാവളത്തിലുള്ളവരുടെ ഇടയിലും പരിഭ്രാന്തി പരന്നു. കവർച്ചപ്പടയാളികൾപോലും+ ഭയന്നുവിറച്ചു. ഭൂമി കുലുങ്ങാൻതുടങ്ങി. ദൈവത്തിൽനിന്നുള്ള ഉഗ്രഭയം അവരെ ബാധിച്ചു.
16 അവിടത്തെ അവസ്ഥ പ്രക്ഷുബ്ധമെന്നും അത് എല്ലായിടത്തേക്കും വ്യാപിക്കുന്നെന്നും+ ബന്യാമീന്യരുടെ ഗിബെയയിലുള്ള ശൗലിന്റെ കാവൽക്കാർ കണ്ടു.+
17 ശൗൽ തന്റെകൂടെയുണ്ടായിരുന്നവരോടു പറഞ്ഞു: “ദയവായി എണ്ണമെടുത്ത് നമ്മളെ വിട്ട് പോയവർ ആരാണെന്ന് കണ്ടുപിടിക്കൂ.” എണ്ണമെടുത്തപ്പോൾ യോനാഥാനും യോനാഥാന്റെ ആയുധവാഹകനും അവിടെയില്ലെന്ന് അവർക്കു മനസ്സിലായി.
18 അപ്പോൾ, ശൗൽ അഹീയയോടു പറഞ്ഞു:+ “സത്യദൈവത്തിന്റെ പെട്ടകം ഇങ്ങോട്ടു കൊണ്ടുവരൂ!” (സത്യദൈവത്തിന്റെ പെട്ടകം ആ സമയത്ത് ഇസ്രായേല്യരുടെ പക്കലായിരുന്നു.)
19 ശൗൽ പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യപാളയത്തിലെ പ്രക്ഷുബ്ധാവസ്ഥ മേൽക്കുമേൽ വർധിച്ചുവന്നു. അപ്പോൾ, ശൗൽ പുരോഹിതനോട്, “അങ്ങ് ചെയ്യുന്നതു നിറുത്തുക”* എന്നു പറഞ്ഞു.
20 അങ്ങനെ, ശൗലും കൂടെയുണ്ടായിരുന്ന ജനം മുഴുവനും ഒന്നിച്ചുകൂടി യുദ്ധത്തിനു പോയി. ഫെലിസ്ത്യർ പരസ്പരം വാളുകൊണ്ട് പോരാടുന്ന കാഴ്ചയാണ് അവർ കണ്ടത്. കലാപകലുഷിതമായിരുന്നു അവിടത്തെ സ്ഥിതിഗതികൾ.
21 മുമ്പ് ഫെലിസ്ത്യരുടെ പക്ഷം ചേർന്ന് അവരുടെകൂടെ പാളയത്തിലേക്കു വന്ന എബ്രായർ ഓരോരുത്തരായി ശൗലിന്റെയും യോനാഥാന്റെയും നേതൃത്വത്തിലുള്ള ഇസ്രായേല്യരുടെ കൂടെക്കൂടി.
22 ഫെലിസ്ത്യർ ഓടിപ്പോയെന്ന വാർത്ത എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന+ എല്ലാ ഇസ്രായേല്യരും കേട്ടപ്പോൾ അവരും പടയിൽ ചേർന്ന് ഫെലിസ്ത്യരെ പിന്തുടർന്നു.
23 അങ്ങനെ, യഹോവ അന്ന് ഇസ്രായേലിനെ രക്ഷിച്ചു.+ പോരാട്ടം ബേത്ത്-ആവെൻ വരെ വ്യാപിച്ചു.+
24 പക്ഷേ, ഇസ്രായേൽപുരുഷന്മാർ അന്ന് ആകെ അവശരായി. കാരണം, “വൈകുന്നേരത്തിനു മുമ്പ്, ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരം നടത്തിത്തീരാതെ ആരെങ്കിലും വല്ലതും കഴിച്ചാൽ അയാൾ ശപിക്കപ്പെട്ടവൻ!” എന്നു പറഞ്ഞ് ശൗൽ ജനത്തെക്കൊണ്ട് ആണയിടുവിച്ചിരുന്നു. അതുകൊണ്ട്, ജനത്തിൽ ആരും ഒന്നും കഴിച്ചിരുന്നില്ല.+
25 തുടർന്ന്, ജനമെല്ലാം* ഒരു കാട്ടിലെത്തി. അവിടെ നിലത്ത് തേൻ കിടന്നിരുന്നു.
26 തേൻ ഇറ്റിറ്റുവീഴുന്നത് അവർ കണ്ടെങ്കിലും ആണയെ പേടിച്ച് ആരും കൈ വായിലേക്കു കൊണ്ടുപോകാൻ ധൈര്യപ്പെട്ടില്ല.
27 പക്ഷേ, യോനാഥാൻ കൈയിലുണ്ടായിരുന്ന വടി നീട്ടി അതിന്റെ അറ്റം തേനടയിൽ* കുത്തി. അതു* വായിലേക്കു കൊണ്ടുവന്നപ്പോൾ യോനാഥാന്റെ കണ്ണു തെളിഞ്ഞു. അപ്പൻ ജനത്തെക്കൊണ്ട് ആണയിടുവിച്ചതു പക്ഷേ, യോനാഥാൻ കേട്ടിരുന്നില്ല.+
28 അപ്പോൾ, ജനത്തിൽ ഒരാൾ പറഞ്ഞു: “‘ഇന്ന് ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്നു പറഞ്ഞ് അങ്ങയുടെ അപ്പൻ ജനത്തെക്കൊണ്ട് കർശനമായ ഒരു ആണയിടുവിച്ചു.+ അതുകൊണ്ടാണ് ജനം ഇത്രയധികം ക്ഷീണിച്ചിരിക്കുന്നത്.”
29 പക്ഷേ, യോനാഥാൻ പറഞ്ഞു: “എന്റെ അപ്പൻ ദേശത്തെ വലിയ കഷ്ടത്തിലാക്കി. ഞാൻ കുറച്ച് തേൻ രുചിച്ചപ്പോൾത്തന്നെ എന്റെ കണ്ണു തെളിഞ്ഞതു കണ്ടോ.
30 ശത്രുക്കളുടെ പക്കൽനിന്ന് കിട്ടിയതിൽനിന്ന് ജനം യഥേഷ്ടം കഴിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!+ അങ്ങനെയെങ്കിൽ, കൂടുതൽ ഫെലിസ്ത്യരെ സംഹരിക്കാമായിരുന്നു.”
31 അന്ന് അവർ മിക്മാശ് മുതൽ അയ്യാലോൻ വരെ+ ഫെലിസ്ത്യരെ കൊന്നുവീഴ്ത്തിക്കൊണ്ടിരുന്നു. ജനം വളരെ ക്ഷീണിച്ചു.
32 അതുകൊണ്ട്, ജനം കൊള്ളവസ്തുക്കളുടെ അടുത്തേക്ക് ആർത്തിയോടെ പാഞ്ഞുചെന്ന് ആടുകളെയും കന്നുകാലികളെയും കിടാക്കളെയും പിടിച്ച് നിലത്തിട്ട് അറുത്തു. എന്നിട്ട്, രക്തത്തോടുകൂടെ ഇറച്ചി കഴിച്ചു.+
33 “ഇതാ! ജനം രക്തത്തോടുകൂടെ ഇറച്ചി തിന്ന് യഹോവയോടു പാപം ചെയ്യുന്നു”+ എന്ന വാർത്ത ശൗലിന്റെ ചെവിയിലെത്തി. അപ്പോൾ, ശൗൽ പറഞ്ഞു: “നിങ്ങൾ അവിശ്വസ്തത കാണിച്ചിരിക്കുന്നു. ഉടനെ വലിയൊരു കല്ല് എന്റെ അടുത്തേക്ക് ഉരുട്ടിക്കൊണ്ടുവരുക.”
34 ശൗൽ ഇങ്ങനെയും പറഞ്ഞു: “ജനത്തിലെല്ലാവരുടെയും അടുത്ത് ചെന്ന് അവരോട് പറയണം: ‘നിങ്ങൾ എല്ലാവരും സ്വന്തം കാളയെയും ആടിനെയും കൊണ്ടുവന്ന് ഇവിടെവെച്ച് അറുക്കുക. എന്നിട്ട്, അവയെ ഭക്ഷിച്ചുകൊള്ളൂ. പക്ഷേ രക്തത്തോടുകൂടെ ഇറച്ചി കഴിച്ച് യഹോവയോടു പാപം ചെയ്യരുത്.’”+ അതുകൊണ്ട്, അവർ ഓരോരുത്തരും അന്നു രാത്രി തങ്ങളുടെ കാളയെ കൊണ്ടുവന്ന് അവിടെവെച്ച് അറുത്തു.
35 ശൗൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.+ ശൗൽ യഹോവയ്ക്കു പണിത ആദ്യത്തെ യാഗപീഠമായിരുന്നു ഇത്.
36 പിന്നീട്, ശൗൽ പറഞ്ഞു: “നമുക്കു രാത്രിയിൽ ഫെലിസ്ത്യരുടെ പിന്നാലെ ചെന്ന് വെട്ടംവീഴുന്നതുവരെ അവരെ കൊള്ളയടിക്കാം. ഒരുത്തനെപ്പോലും ജീവനോടെ വെക്കാനും പാടില്ല.” അവർ പറഞ്ഞു: “അങ്ങയ്ക്ക് ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക.” അപ്പോൾ പുരോഹിതൻ, “നമുക്ക് ഇവിടെവെച്ച് സത്യദൈവത്തോടു ചോദിക്കാം” എന്നു പറഞ്ഞു.+
37 ശൗൽ ദൈവത്തോടു ചോദിച്ചു: “ഞാൻ ഫെലിസ്ത്യരുടെ പിന്നാലെ പോകണോ?+ അങ്ങ് അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിക്കുമോ?” പക്ഷേ, അന്ന് ദൈവം ശൗലിന് ഉത്തരമൊന്നും കൊടുത്തില്ല.
38 അതുകൊണ്ട്, ശൗൽ പറഞ്ഞു: “ജനത്തിന്റെ പ്രമാണിമാരെല്ലാം ഇവിടെ വന്ന് നമ്മൾ എന്തു പാപമാണു ചെയ്തതെന്നു കണ്ടുപിടിക്കുക.
39 ഇസ്രായേലിനെ രക്ഷിച്ച യഹോവയാണെ, അത് എന്റെ മകനായ യോനാഥാനാണെങ്കിൽപ്പോലും അയാൾ മരിക്കണം.” പക്ഷേ, ജനത്തിൽ ആരും ശൗലിനോട് ഉത്തരം പറഞ്ഞില്ല.
40 അപ്പോൾ, ശൗൽ ഇസ്രായേൽ ജനത്തോടു പറഞ്ഞു: “നിങ്ങൾ ഒരു വശത്ത് നിൽക്കുക. ഞാനും എന്റെ മകൻ യോനാഥാനും മറുവശത്തും നിൽക്കാം.” അതിനു ജനം ശൗലിനോട്, “അങ്ങയ്ക്ക് ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക” എന്നു പറഞ്ഞു.
41 ശൗൽ യഹോവയോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമേ, തുമ്മീമിലൂടെ+ ഉത്തരം തന്നാലും!” അപ്പോൾ, യോനാഥാനും ശൗലും തിരഞ്ഞെടുക്കപ്പെട്ടു. ജനം ഒഴിവായി.
42 തുടർന്ന്, ശൗൽ പറഞ്ഞു: “ഞാനാണോ എന്റെ മകൻ യോനാഥാനാണോ എന്ന് അറിയാൻ നറുക്കിടുക.”+ യോനാഥാൻ തിരഞ്ഞെടുക്കപ്പെട്ടു.
43 അപ്പോൾ, ശൗൽ യോനാഥാനോട്, “പറയൂ, എന്താണു നീ ചെയ്തത്” എന്നു ചോദിച്ചു. യോനാഥാൻ പറഞ്ഞു: “എന്റെ കൈയിലിരുന്ന വടിയുടെ അറ്റത്തുള്ള അൽപ്പം തേൻ രുചിക്കുക മാത്രമേ ഞാൻ ചെയ്തുള്ളൂ.+ ഇതാ ഞാൻ! മരിക്കാൻ ഞാൻ തയ്യാറാണ്!”
44 അപ്പോൾ, ശൗൽ പറഞ്ഞു: “യോനാഥാനേ, നീ മരിക്കണം. അല്ലാത്തപക്ഷം ദൈവം ഇതും ഇതിലധികവും ചെയ്യട്ടെ.”+
45 പക്ഷേ, ജനം ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന് ഈ മഹാവിജയം സമ്മാനിച്ച യോനാഥാൻ മരിക്കണമെന്നോ?+ അക്കാര്യം ചിന്തിക്കാനേ വയ്യാ! യഹോവയാണെ, യോനാഥാന്റെ ഒറ്റ മുടിപോലും നിലത്ത് വീഴരുത്. കാരണം, ദൈവത്തിന്റെകൂടെയായിരുന്നല്ലോ യോനാഥാൻ ഇന്നു പ്രവർത്തിച്ചത്.”+ അങ്ങനെ, ജനം യോനാഥാനെ രക്ഷിച്ചു;* യോനാഥാനു മരിക്കേണ്ടിവന്നില്ല.
46 ശൗൽ ഫെലിസ്ത്യരെ പിന്തുടരുന്നതു നിറുത്തി. ഫെലിസ്ത്യർ അവരുടെ നാട്ടിലേക്കും പോയി.
47 ശൗൽ ഇസ്രായേലിൽ തന്റെ രാജാധികാരം ഭദ്രമാക്കി. മോവാബ്യർ,+ അമ്മോന്യർ,+ ഏദോമ്യർ,+ സോബയിലെ രാജാക്കന്മാർ,+ ഫെലിസ്ത്യർ+ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം ശൗൽ യുദ്ധം ചെയ്തു. ചെന്നിടത്തെല്ലാം അവരെ പരാജയപ്പെടുത്തി.
48 ധീരതയോടെ പോരാടി അദ്ദേഹം അമാലേക്യരെ+ കീഴടക്കുകയും ഇസ്രായേലിനെ കവർച്ചക്കാരുടെ കൈയിൽനിന്ന് രക്ഷിക്കുകയും ചെയ്തു.
49 ശൗലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മൽക്കീ-ശുവ+ എന്നിവരായിരുന്നു. ശൗലിനു രണ്ടു പെൺമക്കളുമുണ്ടായിരുന്നു. മൂത്തവളുടെ പേര് മേരബ്;+ ഇളയവൾ മീഖൾ.+
50 ശൗലിന്റെ ഭാര്യയുടെ പേര് അഹീനോവം എന്നായിരുന്നു. അഹീമാസിന്റെ മകളായിരുന്നു അഹീനോവം. ശൗലിന്റെ പിതൃസഹോദരനായ നേരിന്റെ മകൻ അബ്നേരായിരുന്നു സൈന്യാധിപൻ.+
51 കീശ്+ എന്നായിരുന്നു ശൗലിന്റെ അപ്പന്റെ പേര്. അബ്നേരിന്റെ അപ്പനായ നേർ+ അബിയേലിന്റെ മകനായിരുന്നു.
52 ശൗലിന്റെ കാലം മുഴുവൻ ഫെലിസ്ത്യരുമായി പൊരിഞ്ഞ പോരാട്ടം നടന്നു.+ ശക്തനും ധീരനും ആയ ആരെയെങ്കിലും കണ്ടാൽ ശൗൽ അയാളെ സൈന്യത്തിൽ ചേർക്കുമായിരുന്നു.+
അടിക്കുറിപ്പുകള്
^ അതായത്, ഒരു ജോടി കാളകൾക്ക് ഒരു ദിവസംകൊണ്ട് ഉഴാനാകുന്ന നിലത്തിന്റെ അളവ്.
^ അക്ഷ. “അങ്ങയുടെ കൈ പിൻവലിക്കുക.”
^ അക്ഷ. “ദേശം മുഴുവൻ.”
^ അഥവാ “കൈ.”
^ അഥവാ “തേനീച്ചക്കൂട്ടിൽ.”
^ അക്ഷ. “വീണ്ടെടുത്തു.”