ശമുവേൽ ഒന്നാം ഭാഗം 15:1-35
15 ശമുവേൽ ശൗലിനോടു പറഞ്ഞു: “തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാൻ യഹോവ എന്നെ അയച്ചതാണല്ലോ.+ അതുകൊണ്ട് ഇപ്പോൾ, യഹോവയ്ക്കു പറയാനുള്ളതു ശ്രദ്ധിക്കുക.+
2 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ഇസ്രായേല്യർ ഈജിപ്തിൽനിന്ന് വരുന്ന വഴി അമാലേക്യർ അവരെ എതിർത്തതുകൊണ്ട് ഞാൻ അവരോടു കണക്കു ചോദിക്കും.+
3 അതുകൊണ്ട്, പോയി അമാലേക്യരെ കൊന്നുകളയൂ!+ അവരോടൊപ്പം അവർക്കുള്ളതെല്ലാം നിശ്ശേഷം നശിപ്പിക്കണം.+ അവരെ വെറുതേ വിടരുത്. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ശിശുക്കളെയും കാളയെയും ആടിനെയും ഒട്ടകത്തെയും കഴുതയെയും+ എല്ലാം കൊന്നുകളയണം.’”+
4 ശൗൽ ജനത്തെ വിളിച്ചുകൂട്ടി തെലായീമിൽവെച്ച് എണ്ണമെടുത്തു: ആകെ 2,00,000 കാലാളുകളും 10,000 യഹൂദാഗോത്രക്കാരും ഉണ്ടായിരുന്നു.+
5 ശൗൽ അമാലേക്കിന്റെ നഗരംവരെ ചെന്നു. ആക്രമിക്കാൻ പതിയിരിക്കുന്നവരെ താഴ്വരയ്ക്കടുത്ത്* നിയമിച്ചു.
6 പക്ഷേ കേന്യരോടു പറഞ്ഞു:+ “ഞാൻ അമാലേക്യരുടെകൂടെ നിങ്ങളെയും തുടച്ചുനീക്കാതിരിക്കാൻ അവരുടെ ഇടയിൽനിന്ന് പോകൂ!+ ഇസ്രായേല്യർ ഈജിപ്ത് വിട്ട് പോന്ന സമയത്ത് നിങ്ങൾ അവരോട് അചഞ്ചലമായ സ്നേഹം കാണിച്ചിരുന്നല്ലോ.”+ അങ്ങനെ, കേന്യർ അമാലേക്യരുടെ ഇടയിൽനിന്ന് പോയി.
7 അതിനു ശേഷം, ശൗൽ അമാലേക്യരെ ഹവീല+ മുതൽ ഈജിപ്തിന് അടുത്തുള്ള ശൂർ+ വരെ കൊന്നുവീഴ്ത്തി.+
8 അമാലേക്കുരാജാവായ ആഗാഗിനെ+ ജീവനോടെ പിടിച്ചു. മറ്റുള്ളവരെയെല്ലാം വാളുകൊണ്ട് നിശ്ശേഷം സംഹരിച്ചു.+
9 പക്ഷേ, ശൗലും ജനവും ആഗാഗിനെയും ആട്ടിൻപറ്റം, കന്നുകാലിക്കൂട്ടം, കൊഴുപ്പിച്ച മൃഗങ്ങൾ, ആൺചെമ്മരിയാടുകൾ എന്നിവയിൽ ഏറ്റവും നല്ലവയെയും കൊല്ലാതിരുന്നു. നല്ലതൊന്നും അവർ നശിപ്പിച്ചില്ല.+ അവ നശിപ്പിച്ചുകളയാൻ അവർക്കു മടിയായിരുന്നു. പക്ഷേ ഒന്നിനും കൊള്ളാത്തതും വേണ്ടാത്തതും ആയ എല്ലാ വസ്തുക്കളും അവർ നിശ്ശേഷം നശിപ്പിച്ചു.
10 അപ്പോൾ, ശമുവേലിന് യഹോവയുടെ ഈ സന്ദേശം കിട്ടി:
11 “ശൗലിനെ രാജാവാക്കിയതിൽ ഞാൻ ഖേദിക്കുന്നു.* കാരണം, ശൗൽ എന്നെ അനുഗമിക്കുന്നതിൽനിന്ന് വ്യതിചലിച്ചു; ഞാൻ പറഞ്ഞതുപോലെ ചെയ്തില്ല.”+ ശമുവേലിനു വളരെ വിഷമമായി; രാത്രി മുഴുവൻ ശമുവേൽ യഹോവയെ വിളിച്ച് കരഞ്ഞു.+
12 ശൗലിനെ കാണാൻ പോകുന്നതിനു ശമുവേൽ അതിരാവിലെ എഴുന്നേറ്റപ്പോൾ, “ശൗൽ കർമേലിലേക്കു+ ചെന്ന് അവിടെ തനിക്കുവേണ്ടി ഒരു സ്മാരകം പണിതശേഷം+ തിരിഞ്ഞ് ഗിൽഗാലിലേക്കു പോയി” എന്നൊരു വാർത്ത അറിഞ്ഞു.
13 ഒടുവിൽ ശമുവേൽ ശൗലിന്റെ അടുത്ത് ചെന്നപ്പോൾ ശൗൽ പറഞ്ഞു: “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ. യഹോവ പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു.”
14 പക്ഷേ, ശമുവേൽ ചോദിച്ചു: “അങ്ങനെയെങ്കിൽ, എന്റെ കാതിലെത്തുന്ന ഈ ആടുകളുടെ കരച്ചിലും ഞാൻ കേൾക്കുന്ന കന്നുകാലികളുടെ ശബ്ദവും എന്താണ്?”+
15 അപ്പോൾ ശൗൽ പറഞ്ഞു: “അവയെ അമാലേക്യരുടെ അടുത്തുനിന്ന് കൊണ്ടുവന്നതാണ്. അങ്ങയുടെ ദൈവമായ യഹോവയ്ക്കു ബലി അർപ്പിക്കാൻവേണ്ടി ആട്ടിൻപറ്റത്തിലും കന്നുകാലിക്കൂട്ടത്തിലും ഉള്ള ഏറ്റവും നല്ലവയെ ജനം ജീവനോടെ വെച്ചു. പക്ഷേ, ബാക്കിയുള്ളതെല്ലാം ഞങ്ങൾ നിശ്ശേഷം നശിപ്പിച്ചു.”
16 അപ്പോൾ ശമുവേൽ ശൗലിനോടു പറഞ്ഞു: “നിറുത്തൂ! കഴിഞ്ഞ രാത്രി യഹോവ എന്നെ അറിയിച്ച കാര്യം ഞാൻ പറയാം.”+ “പറയൂ!” എന്നു ശൗൽ പറഞ്ഞു.
17 അപ്പോൾ ശമുവേൽ പറഞ്ഞു: “താങ്കളെ ഇസ്രായേൽഗോത്രങ്ങളുടെ തലവനാക്കിയപ്പോഴും യഹോവ താങ്കളെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തപ്പോഴും+ സ്വന്തം കണ്ണിൽ താങ്കൾ എത്ര നിസ്സാരനായിരുന്നു!+
18 പിന്നീട് യഹോവ താങ്കളോട്, ‘പോയി പാപികളായ അമാലേക്യരെ നിശ്ശേഷം നശിപ്പിക്കുക;+ അവരെ പാടേ ഇല്ലാതാക്കുന്നതുവരെ അവരോടു പോരാടുക’+ എന്നു പറഞ്ഞ് ഒരു ദൗത്യവുമായി അയച്ചു.
19 എന്നിട്ട് എന്താണു താങ്കൾ യഹോവ പറഞ്ഞത് അനുസരിക്കാതിരുന്നത്? അതിനു പകരം, താങ്കൾ അവരുടെ വസ്തുവകകൾ കൊള്ളയടിക്കാൻ ആർത്തിയോടെ പാഞ്ഞുചെല്ലുകയും+ യഹോവയുടെ മുമ്പാകെ മോശമായതു പ്രവർത്തിക്കുകയും ചെയ്തു!”
20 പക്ഷേ, ശൗൽ ശമുവേലിനോടു പറഞ്ഞു: “പക്ഷേ, യഹോവ പറഞ്ഞതു ഞാൻ അനുസരിച്ചല്ലോ! യഹോവ എന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ ഞാൻ പോയി. ഞാൻ അമാലേക്കുരാജാവായ ആഗാഗിനെ പിടിച്ചുകൊണ്ടുവന്നു. അമാലേക്യരെയോ ഞാൻ നിശ്ശേഷം നശിപ്പിച്ചു.+
21 പക്ഷേ, ജനം അങ്ങയുടെ ദൈവമായ യഹോവയ്ക്കു ഗിൽഗാലിൽ ബലി അർപ്പിക്കാൻവേണ്ടി, നശിപ്പിക്കാൻ വേർതിരിച്ചവയിൽനിന്ന് ഏറ്റവും നല്ല ആടുകളെയും കന്നുകാലികളെയും കൊള്ളയായി എടുത്തു.”+
22 അപ്പോൾ, ശമുവേൽ പറഞ്ഞു: “യഹോവയുടെ വാക്ക് അനുസരിക്കുന്നതിനെക്കാൾ ദഹനയാഗങ്ങളിലും ബലികളിലും ആണോ യഹോവ പ്രസാദിക്കുന്നത്?+ അനുസരിക്കുന്നതു ബലിയെക്കാളും ശ്രദ്ധിക്കുന്നത് ആൺചെമ്മരിയാടുകളുടെ കൊഴുപ്പിനെക്കാളും+ ഏറെ നല്ലത്.+
23 എന്നാൽ, ധിക്കാരം+ ഭാവിഫലം നോക്കുകയെന്ന പാപംപോലെയും+ ധാർഷ്ട്യത്തോടെ മുന്നേറുന്നതു മന്ത്രവാദവും വിഗ്രഹാരാധനയും* പോലെയും ആണ്. താങ്കൾ യഹോവയുടെ വാക്കു തള്ളിക്കളഞ്ഞതുകൊണ്ട്+ രാജസ്ഥാനത്തുനിന്ന് ദൈവം താങ്കളെയും തള്ളിക്കളഞ്ഞിരിക്കുന്നു.”+
24 അപ്പോൾ, ശൗൽ ശമുവേലിനോടു പറഞ്ഞു: “യഹോവയുടെ ആജ്ഞയും അങ്ങയുടെ വാക്കുകളും ധിക്കരിച്ച് ഞാൻ പാപം ചെയ്തു. ഞാൻ ജനത്തെ പേടിച്ച് അവർക്കു ചെവി കൊടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
25 ഇപ്പോൾ, അങ്ങ് ദയവായി എന്റെ പാപം പൊറുത്ത് ഞാൻ യഹോവയുടെ സന്നിധിയിൽ കുമ്പിടാൻ എന്റെകൂടെ വരേണമേ.”+
26 പക്ഷേ, ശമുവേൽ ശൗലിനോടു പറഞ്ഞു: “ഞാൻ വരില്ല. കാരണം, താങ്കൾ യഹോവയുടെ വാക്കു തള്ളിക്കളഞ്ഞു. ഇസ്രായേലിന്റെ രാജാവായി തുടരുന്നതിൽനിന്ന് യഹോവ നിന്നെയും തള്ളിക്കളഞ്ഞിരിക്കുന്നു.”+
27 ശമുവേൽ പോകാൻ തിരിഞ്ഞപ്പോൾ ശൗൽ ശമുവേലിന്റെ മേലങ്കിയുടെ വിളുമ്പിൽ കയറിപ്പിടിച്ചു. പക്ഷേ, അതു കീറിപ്പോയി.
28 അപ്പോൾ, ശമുവേൽ ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന്റെ രാജഭരണം യഹോവ ഇന്നു നിന്നിൽനിന്ന് കീറിമാറ്റിയിരിക്കുന്നു. നിന്റെ സഹമനുഷ്യരിൽ നിന്നെക്കാൾ ഉത്തമനായ ഒരാൾക്കു ദൈവം അതു കൊടുക്കും.+
29 ഇസ്രായേലിന്റെ മഹോന്നതൻ+ പാഴ്വാക്കു പറയുകയോ+ മനസ്സു മാറ്റുകയോ* ഇല്ല. മനസ്സു മാറ്റാൻ അവിടുന്ന് വെറുമൊരു മനുഷ്യനല്ലല്ലോ.”+
30 അപ്പോൾ, ശൗൽ പറഞ്ഞു: “ഞാൻ പാപം ചെയ്തു. എങ്കിലും എന്റെ ജനത്തിന്റെ മൂപ്പന്മാരുടെയും ഇസ്രായേലിന്റെയും മുന്നിൽവെച്ച് ദയവായി എന്നോട് അനാദരവ് കാണിക്കരുതേ. എന്റെകൂടെ വന്നാലും. ഞാൻ അങ്ങയുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ കുമ്പിടും.”+
31 അതുകൊണ്ട്, ശമുവേൽ ശൗലിന്റെ പിന്നാലെ ചെന്നു. ശൗലോ യഹോവയുടെ സന്നിധിയിൽ കുമ്പിട്ടു.
32 “അമാലേക്കുരാജാവായ ആഗാഗിനെ എന്റെ അടുത്ത് കൊണ്ടുവരൂ” എന്നു ശമുവേൽ പറഞ്ഞു. പക്ഷേ, ‘മരണഭീഷണി ഒഴിഞ്ഞുപോയി’ എന്നു കരുതിയിരിക്കുകയായിരുന്ന ആഗാഗ് മടിച്ചുമടിച്ചാണു* ശമുവേലിന്റെ അടുത്തേക്കു ചെന്നത്.
33 പക്ഷേ, ശമുവേൽ പറഞ്ഞു: “നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകൾക്കിടയിൽ മക്കളില്ലാത്തവളാകും.” എന്നിട്ട്, ശമുവേൽ ആഗാഗിനെ ഗിൽഗാലിൽ യഹോവയുടെ സന്നിധിയിൽവെച്ച് വെട്ടിനുറുക്കി.+
34 പിന്നെ, ശമുവേൽ രാമയിലേക്കു പോയി. ശൗലാകട്ടെ ഗിബെയയിലുള്ള വീട്ടിലേക്കും.
35 ശമുവേൽ ശൗലിനെക്കുറിച്ച് ഓർത്ത് ദുഃഖിച്ചു.+ പിന്നെ മരണംവരെ ശമുവേൽ ശൗലിനെ കണ്ടില്ല. യഹോവയോ ശൗലിനെ ഇസ്രായേലിന്റെ രാജാവാക്കിയതിൽ ഖേദിച്ചു.+
അടിക്കുറിപ്പുകള്
^ അഥവാ “നീർച്ചാലിന് അടുത്ത്.”
^ അഥവാ “ദുഃഖിക്കുന്നു.”
^ അക്ഷ. “കുലദൈവപ്രതിമകളും.” അതായത്, കുടുംബദൈവങ്ങൾ; വിഗ്രഹങ്ങൾ.
^ അഥവാ “ഖേദിക്കുകയോ.”
^ മറ്റൊരു സാധ്യത “ആത്മവിശ്വാസത്തോടെയാണ്.”