ശമുവേൽ ഒന്നാം ഭാഗം 16:1-23
16 പിന്നീട്, യഹോവ ശമുവേലിനോടു പറഞ്ഞു: “ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്ന് ഞാൻ ശൗലിനെ തള്ളിക്കളഞ്ഞ സ്ഥിതിക്ക്+ ശൗലിനെ ഓർത്ത് നീ എത്ര കാലം ഇങ്ങനെ ദുഃഖിച്ചിരിക്കും?+ നിന്റെ കൈവശമുള്ള കൊമ്പിൽ തൈലം നിറച്ച്+ പുറപ്പെടുക. ഞാൻ നിന്നെ ബേത്ത്ലെഹെമ്യനായ യിശ്ശായിയുടെ അടുത്തേക്ക് അയയ്‌ക്കും.+ യിശ്ശായിയുടെ മക്കളിൽനിന്ന് ഞാൻ എനിക്കുവേണ്ടി ഒരു രാജാവിനെ തിരഞ്ഞെടുത്തിരിക്കുന്നു.”+
2 പക്ഷേ, ശമുവേൽ പറഞ്ഞു: “ഞാൻ എങ്ങനെ പോകും? ഇതെങ്ങാനും അറിഞ്ഞാൽ ശൗൽ എന്നെ കൊന്നുകളയും.”+ അപ്പോൾ യഹോവ പറഞ്ഞു: “നീ ഒരു പശുക്കിടാവിനെയുംകൊണ്ട് ചെന്ന്, ‘ഞാൻ യഹോവയ്ക്കു ബലി അർപ്പിക്കാൻ വന്നതാണ്’ എന്നു പറയുക.
3 ബലിയർപ്പണത്തിനു യിശ്ശായിയെയും ക്ഷണിക്കുക. നീ എന്തു ചെയ്യണമെന്ന് അപ്പോൾ ഞാൻ നിന്നെ അറിയിക്കും. ഞാൻ കാണിച്ചുതരുന്നവനെ നീ എനിക്കുവേണ്ടി അഭിഷേകം ചെയ്യണം.”+
4 യഹോവ പറഞ്ഞതുപോലെ ശമുവേൽ ചെയ്‌തു. ബേത്ത്‌ലെഹെമിൽ+ ചെന്ന ശമുവേലിനെ നഗരത്തിലെ മൂപ്പന്മാർ പേടിച്ചുവിറച്ചാണ് എതിരേറ്റത്. “അങ്ങയുടെ വരവ് ശുഭസൂചകമാണോ” എന്ന് അവർ ചോദിച്ചു.
5 അപ്പോൾ ശമുവേൽ പറഞ്ഞു: “ശുഭംതന്നെ. ഞാൻ യഹോവയ്ക്കു ബലി അർപ്പിക്കാൻ വന്നതാണ്. നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് എന്റെകൂടെ ബലിയർപ്പണത്തിനു വരൂ.” തുടർന്ന്, ശമുവേൽ യിശ്ശായിയെയും പുത്രന്മാരെയും വിശുദ്ധീകരിച്ചു. പിന്നെ, ബലിയർപ്പണത്തിന് അവരെയും ക്ഷണിച്ചു.
6 അവർ വന്നപ്പോൾ എലിയാബിനെ+ കണ്ടിട്ട് ശമുവേൽ, “നിശ്ചയമായും യഹോവയുടെ അഭിഷിക്തൻ ഇതാ ദൈവത്തിന്റെ മുന്നിൽ നിൽക്കുന്നു” എന്നു പറഞ്ഞു.
7 പക്ഷേ, യഹോവ ശമുവേലിനോടു പറഞ്ഞു: “അയാളുടെ രൂപഭംഗിയോ പൊക്കമോ നോക്കരുത്.+ കാരണം, ഞാൻ അയാളെ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നത്. കണ്ണിനു കാണാനാകുന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോവയോ ഹൃദയത്തിന് ഉള്ളിലുള്ളതു കാണുന്നു.”+
8 തുടർന്ന്, യിശ്ശായി അബീനാദാബിനെ+ ശമുവേലിന്റെ മുന്നിലേക്കു പറഞ്ഞുവിട്ടു. പക്ഷേ ശമുവേൽ, “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
9 അടുത്തതായി യിശ്ശായി ശമ്മയെ+ ഹാജരാക്കി. പക്ഷേ ശമുവേൽ, “യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
10 അങ്ങനെ, യിശ്ശായി ഏഴ് ആൺമക്കളെ ശമുവേലിന്റെ മുന്നിൽ കൊണ്ടുവന്നു. പക്ഷേ, ശമുവേൽ യിശ്ശായിയോട്, “യഹോവ ഇവരെ ആരെയും തിരഞ്ഞെടുത്തിട്ടില്ല” എന്നു പറഞ്ഞു.
11 ഒടുവിൽ, ശമുവേൽ യിശ്ശായിയോട്, “എല്ലാവരുമായോ” എന്നു ചോദിച്ചു. യിശ്ശായി പറഞ്ഞു: “ഏറ്റവും ഇളയ ഒരാൾക്കൂടെയുണ്ട്.+ ആടുകളെ മേയ്ക്കുകയാണ്.”+ അപ്പോൾ, ശമുവേൽ യിശ്ശായിയോടു പറഞ്ഞു: “അവനെ വിളിച്ചുകൊണ്ടുവരൂ. കാരണം, അവൻ വന്നിട്ടേ നമ്മൾ ഭക്ഷണത്തിന് ഇരിക്കൂ.”
12 യിശ്ശായി മകനെ വിളിച്ചുവരുത്തി. ഇളയ മകൻ ചുവന്നുതുടുത്തവനും മനോഹരമായ കണ്ണുകളുള്ളവനും കാഴ്ചയ്ക്കു സുമുഖനും ആയിരുന്നു.+ അപ്പോൾ, യഹോവ പറഞ്ഞു: “എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്യൂ! ഇതുതന്നെയാണ് ആൾ.”+
13 അങ്ങനെ, ശമുവേൽ തൈലക്കൊമ്പ് എടുത്ത്+ ജ്യേഷ്ഠന്മാരുടെ മുന്നിൽവെച്ച് ഇളയവനെ അഭിഷേകം ചെയ്‌തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ദാവീദിനെ ശക്തീകരിക്കാൻ തുടങ്ങി.+ പിന്നീട്, ശമുവേൽ എഴുന്നേറ്റ് രാമയിലേക്കു പോയി.+
14 യഹോവയുടെ ആത്മാവ് ശൗലിനെ വിട്ട് പോയിരുന്നു.+ യഹോവയിൽനിന്നുള്ള ഒരു ദുരാത്മാവ് ശൗലിനെ പരിഭ്രാന്തനാക്കിയതുകൊണ്ട്*+
15 ശൗലിന്റെ ദാസന്മാർ പറഞ്ഞു: “ദൈവത്തിൽനിന്നുള്ള ഒരു ദുരാത്മാവ് അങ്ങയെ പരിഭ്രാന്തനാക്കുന്നല്ലോ.
16 കിന്നരവായനയിൽ വിദഗ്ധനായ ഒരാളെ കണ്ടെത്താൻ അങ്ങയുടെ സന്നിധിയിലുള്ള ഈ ദാസന്മാരോടു ദയവായി കല്പിച്ചാലും.+ ദൈവത്തിൽനിന്നുള്ള ദുരാത്മാവ് അങ്ങയുടെ മേൽ വരുമ്പോഴെല്ലാം അയാൾ അതു വായിക്കുകയും അങ്ങയ്‌ക്കു സുഖം തോന്നുകയും ചെയ്യും.”
17 അപ്പോൾ, ശൗൽ ദാസന്മാരോട്, “നന്നായി കിന്നരം വായിക്കുന്ന ഒരാളെ കണ്ടെത്തി ദയവായി എന്റെ അടുത്ത് കൊണ്ടുവരൂ” എന്നു പറഞ്ഞു.
18 അപ്പോൾ പരിചാരകരിൽ ഒരാൾ പറഞ്ഞു: “ബേത്ത്ലെഹെമ്യനായ യിശ്ശായിയുടെ ഒരു മകൻ നന്നായി കിന്നരം വായിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. അവൻ ധീരനും ശൂരനും ആയ ഒരു യോദ്ധാവാണ്.+ വാക്ചാതുര്യമുള്ളവനും സുമുഖനും ആണ്.+ മാത്രമല്ല, യഹോവയും അവന്റെകൂടെയുണ്ട്.”+
19 ശൗൽ അപ്പോൾ യിശ്ശായിയുടെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഇങ്ങനെ പറയിച്ചു: “ആടിനെ മേയ്ച്ചുനടക്കുന്ന താങ്കളുടെ മകൻ ദാവീദിനെ എന്റെ അടുത്തേക്ക് അയയ്‌ക്കുക.”+
20 അപ്പോൾ, യിശ്ശായി ഒരു കഴുതയുടെ പുറത്ത് അപ്പം, ഒരു തോൽക്കുടം നിറയെ വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി മകനായ ദാവീദിന്റെ കൈവശം ശൗലിനു കൊടുത്തയച്ചു.
21 അങ്ങനെ, ദാവീദ് ശൗലിനെ സേവിച്ചുതുടങ്ങി.+ ശൗലിനു ദാവീദിനോടു വളരെ സ്‌നേഹം തോന്നി. ദാവീദ് ശൗലിന്റെ ആയുധവാഹകനായി.
22 ശൗൽ യിശ്ശായിക്ക് ഇങ്ങനെയൊരു സന്ദേശം അയച്ചു: “എന്നെ സേവിച്ച് ഇവിടെത്തന്നെ കഴിയാൻ ദയവായി ദാവീദിനെ അനുവദിക്കണം. കാരണം, എനിക്കു ദാവീദിനോടു പ്രീതി തോന്നിയിരിക്കുന്നു.”
23 ദൈവത്തിൽനിന്നുള്ള ദുരാത്മാവ് ശൗലിന്റെ മേൽ വന്നപ്പോഴെല്ലാം ദാവീദ് കിന്നരം എടുത്ത് വായിച്ചു; അപ്പോഴെല്ലാം ശൗലിന് ആശ്വാസവും സുഖവും തോന്നുകയും ദുരാത്മാവ് ശൗലിനെ വിട്ട് പോകുകയും ചെയ്യുമായിരുന്നു.+
അടിക്കുറിപ്പുകള്‍
^ അഥവാ “ശൗലിന്റെ അസ്വസ്ഥമായ മനസ്സ് അദ്ദേഹത്തെ പരിഭ്രാന്തനാക്കാൻ യഹോവ അനുവദിച്ചതുകൊണ്ട്.”