ശമുവേൽ ഒന്നാം ഭാഗം 2:1-36
2 തുടർന്ന്, ഹന്ന ഇങ്ങനെ പ്രാർഥിച്ചു:
“എന്റെ ഹൃദയം യഹോവയിൽ ആഹ്ലാദിക്കുന്നു.+എന്റെ കൊമ്പ്* യഹോവ ഉയർത്തിയിരിക്കുന്നു.
എന്റെ വായ് ശത്രുക്കളുടെ നേരെ മലർക്കെ തുറന്നിരിക്കുന്നു.കാരണം, അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ ഞാൻ ആഹ്ലാദിക്കുന്നു.
2 യഹോവയെപ്പോലെ വിശുദ്ധൻ ആരുമില്ല,അങ്ങല്ലാതെ മറ്റാരുമില്ല.+നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുമില്ല.+
3 മേലാൽ ധാർഷ്ട്യത്തോടെ സംസാരിക്കരുത്.ഗർവമുള്ള ഒരു വാക്കും നിന്റെ വായിൽനിന്ന് പുറപ്പെടരുത്.കാരണം, യഹോവ സർവജ്ഞാനിയായ ദൈവമല്ലോ.+ദൈവം പ്രവൃത്തികളെ ശരിയായി തൂക്കിനോക്കുന്നു.
4 ബലവാന്മാരുടെ വില്ലുകൾ ഛിന്നഭിന്നമാകുന്നു.പക്ഷേ, ദുർബലർക്കു* ശക്തി കിട്ടുന്നു.+
5 സുഭിക്ഷതയിൽ കഴിഞ്ഞിരുന്നവർ അപ്പത്തിനുവേണ്ടി കൂലിപ്പണിയെടുക്കുന്നു.പക്ഷേ, വിശന്നിരുന്നവരുടെ വിശപ്പിനു ശമനം വന്നു.+
വന്ധ്യ ഏഴു പ്രസവിച്ചു.+പക്ഷേ, പുത്രസമ്പന്നയോ ക്ഷയിച്ചുപോയി.
6 യഹോവ ജീവനെടുക്കുന്നു, ജീവൻ സംരക്ഷിക്കുന്നു.*ദൈവം ശവക്കുഴിയിൽ* ഇറക്കുന്നു, ഉയർത്തുകയും ചെയ്യുന്നു.+
7 യഹോവ ദാരിദ്ര്യവും ഐശ്വര്യവും തരുന്നു.+താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.+
8 സാധുക്കളെ പൊടിയിൽനിന്ന് ഉയർത്തുന്നു.ദരിദ്രനെ ചാരക്കൂമ്പാരത്തിൽനിന്ന്* എഴുന്നേൽപ്പിക്കുന്നു.+ആദരണീയസ്ഥാനം നൽകി അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു.ഭൂമിയുടെ താങ്ങുകൾ യഹോവയുടേതല്ലോ.+വിളനിലം ദൈവം അവയുടെ മേൽ വെക്കുന്നു.
9 തന്റെ വിശ്വസ്തരുടെ കാലടികൾ ദൈവം കാക്കുന്നു.+ദുഷ്ടന്മാരെയോ ഇരുളിൽ നിശ്ശബ്ദരാക്കും.+ശക്തിയാലല്ലല്ലോ മനുഷ്യൻ ജയിക്കുന്നത്.+
10 തന്നോടു പോരാടുന്നവരെ യഹോവ തകർത്ത് തരിപ്പണമാക്കും.*+ദൈവം ആകാശത്തുനിന്ന് അവർക്കെതിരെ ഇടി മുഴക്കും.+
ഭൂമിയുടെ അറ്റംവരെ യഹോവ ന്യായം വിധിക്കും.+തന്റെ രാജാവിനു ശക്തി കൊടുക്കും.+തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തും.”+
11 പിന്നെ, എൽക്കാന രാമയിലെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നവനായി.*+
12 ഏലിയുടെ മക്കൾ കൊള്ളരുതാത്തവരായിരുന്നു.+ അവർ യഹോവയെ ഒട്ടും ആദരിച്ചിരുന്നില്ല.
13 ജനത്തിൽനിന്ന് പുരോഹിതന്മാർക്കു കിട്ടേണ്ട അവകാശത്തിന്റെ കാര്യത്തിൽ അവർ ചെയ്തത് ഇതാണ്:+ ആരെങ്കിലും ബലി അർപ്പിക്കാൻ വന്നാൽ, ഇറച്ചി വേവുന്ന സമയത്ത് പുരോഹിതന്റെ പരിചാരകൻ കയ്യിലൊരു മുപ്പല്ലിയുമായി വന്ന്
14 ഉരുളിയിലോ ഇരട്ടപ്പിടിയുള്ള കലത്തിലോ കുട്ടകത്തിലോ ഒറ്റ പിടിയുള്ള കലത്തിലോ കുത്തും. മുപ്പല്ലിയിൽ കിട്ടുന്നതെല്ലാം പുരോഹിതൻ എടുക്കും. ശീലോയിൽ വരുന്ന എല്ലാ ഇസ്രായേല്യരോടും അവർ അങ്ങനെതന്നെ ചെയ്തിരുന്നു.
15 മാത്രമല്ല, ബലി അർപ്പിക്കുന്നയാൾക്കു കൊഴുപ്പു ദഹിപ്പിക്കാൻ* സാധിക്കുന്നതിനു മുമ്പുതന്നെ+ പുരോഹിതന്റെ പരിചാരകൻ വന്ന് അയാളോടു പറയും: “പുരോഹിതനു ചുടാൻ ഇറച്ചി തരൂ! പുഴുങ്ങിയത് അദ്ദേഹം സ്വീകരിക്കില്ല, പച്ച മാംസംതന്നെ വേണം.”
16 പക്ഷേ, ആ മനുഷ്യൻ പരിചാരകനോട്, “ആദ്യം അവർ കൊഴുപ്പു ദഹിപ്പിക്കട്ടെ,+ പിന്നെ, എന്തു വേണമെങ്കിലും എടുത്തുകൊള്ളൂ” എന്നു പറയുമ്പോൾ, “അതു പറ്റില്ല, ഇപ്പോൾത്തന്നെ വേണം; ഇല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു പരിചാരകൻ പറയും.
17 അങ്ങനെ, ആ പുരുഷന്മാർ യഹോവയുടെ യാഗത്തോട് അനാദരവ് കാണിച്ചതുകൊണ്ട്+ അവരുടെ പാപം യഹോവയുടെ മുമ്പാകെ വളരെ വലുതായി.
18 ശമുവേലോ വെറുമൊരു ബാലനായിരുന്നെങ്കിലും ലിനൻകൊണ്ടുള്ള ഏഫോദ്+ ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.+
19 ശമുവേലിന്റെ അമ്മ അവനുവേണ്ടി കൈയില്ലാത്ത ചെറിയ മേലങ്കി ഉണ്ടാക്കി വർഷാവർഷം ഭർത്താവിന്റെകൂടെ വാർഷികബലി അർപ്പിക്കാൻ+ വരുമ്പോൾ അവനു കൊണ്ടുവന്ന് കൊടുത്തിരുന്നു.
20 ഏലി എൽക്കാനയെയും ഭാര്യയെയും അനുഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവയ്ക്കു സമർപ്പിച്ച മകനു പകരം മറ്റൊരു കുഞ്ഞിനെ യഹോവ ഈ ഭാര്യയിലൂടെ നിനക്കു തരട്ടെ.”+ പിന്നെ, അവർ വീട്ടിലേക്കു മടങ്ങിപ്പോയി.
21 യഹോവ ഹന്നയെ ഓർത്തു. ഹന്ന ഗർഭിണിയായി,+ മൂന്ന് ആൺമക്കളെയും രണ്ടു പെൺമക്കളെയും കൂടെ പ്രസവിച്ചു. ശമുവേൽ ബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.+
22 ഏലിക്കു നന്നേ പ്രായമായിരുന്നു. പുത്രന്മാർ എല്ലാ ഇസ്രായേല്യരോടും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും സാന്നിധ്യകൂടാരത്തിന്റെ* വാതിൽക്കൽ സേവിച്ചിരുന്ന സ്ത്രീകളുടെകൂടെ+ കിടക്കുന്നതിനെക്കുറിച്ചും ഏലി കേട്ടിരുന്നു.+
23 ഏലി അവരോട് ഇങ്ങനെ പറയാറുണ്ടായിരുന്നു: “നിങ്ങൾ എന്താണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? നിങ്ങളെപ്പറ്റി ജനമെല്ലാം പറഞ്ഞ് കേൾക്കുന്നത് മോശമായ കാര്യങ്ങളാണല്ലോ.
24 എന്റെ മക്കളേ, അരുത്. യഹോവയുടെ ജനത്തിന്റെ ഇടയിൽ പ്രചരിക്കുന്നതായി ഞാൻ കേട്ട വാർത്ത നല്ലതല്ല.
25 മനുഷ്യൻ മനുഷ്യന് എതിരെ പാപം ചെയ്താൽ ആ മനുഷ്യനുവേണ്ടി യഹോവയോടു യാചിക്കാൻ മറ്റാർക്കെങ്കിലും കഴിയും.* പക്ഷേ, ഒരാൾ യഹോവയോടാണു പാപം ചെയ്യുന്നതെങ്കിൽ+ ആർക്ക് ആ മനുഷ്യനുവേണ്ടി പ്രാർഥിക്കാനാകും?” അവർ പക്ഷേ, അവരുടെ അപ്പന്റെ വാക്കുകൾക്കു ചെവി കൊടുക്കാൻ കൂട്ടാക്കിയില്ല. കാരണം, അവരെ കൊന്നുകളയാൻ യഹോവ ഉറച്ചിരുന്നു.+
26 അതേസമയം, ശമുവേൽ ബാലൻ വളർന്നുവന്നു. യഹോവയ്ക്കും ജനത്തിനും ശമുവേലിനോടുള്ള പ്രീതിയും വർധിച്ചുകൊണ്ടിരുന്നു.+
27 ഒരു ദൈവപുരുഷൻ ഏലിയുടെ അടുത്ത് വന്ന് പറഞ്ഞു: “യഹോവ പറയുന്നു: ‘നിന്റെ അപ്പന്റെ ഭവനക്കാർ ഈജിപ്തിൽ ഫറവോന്റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വ്യക്തമായി വെളിപ്പെടുത്തിയതല്ലേ?+
28 എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാനും ബലി അർപ്പിക്കാൻ എന്റെ യാഗപീഠത്തിലേക്കു കയറിച്ചെല്ലാനും+ സുഗന്ധക്കൂട്ട് അർപ്പിക്കാനും* എന്റെ സന്നിധിയിൽ ഏഫോദ് ധരിക്കാനും ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളിൽനിന്നും നിന്റെ പിതൃഭവനത്തെ* തിരഞ്ഞെടുത്തു.+ ഇസ്രായേല്യർ അഗ്നിയിൽ അർപ്പിക്കുന്ന എല്ലാ യാഗങ്ങളും ഞാൻ നിന്റെ പൂർവികന്റെ ഭവനത്തിനു കൊടുത്തു.+
29 എന്റെ വാസസ്ഥലത്ത് ഞാൻ കല്പിച്ചിട്ടുള്ള എന്റെ ബലികളെയും യാഗങ്ങളെയും നിങ്ങൾ അവഹേളിക്കുന്നത്* എന്താണ്?+ എന്റെ ജനമായ ഇസ്രായേൽ അർപ്പിക്കുന്ന യാഗങ്ങളുടെയെല്ലാം ഏറ്റവും നല്ല പങ്കുകൊണ്ട് നിങ്ങളെത്തന്നെ കൊഴുപ്പിക്കുകയും അങ്ങനെ എന്നെക്കാൾ കൂടുതലായി നീ നിന്റെ പുത്രന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നത് എന്താണ്?+
30 “‘അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “നിന്റെ ഭവനവും നിന്റെ പൂർവികരുടെ ഭവനവും എന്റെ സന്നിധിയിൽ എപ്പോഴും ശുശ്രൂഷ ചെയ്യുമെന്നു ഞാൻ പറഞ്ഞിരുന്നു എന്നതു ശരിയാണ്.”+ പക്ഷേ, ഇപ്പോൾ യഹോവ പ്രഖ്യാപിക്കുന്നു: “ഇനി എനിക്ക് അങ്ങനെ ചിന്തിക്കാനേ കഴിയില്ല. കാരണം, എന്നെ ബഹുമാനിക്കുന്നവരെ ഞാൻ ബഹുമാനിക്കും.+ പക്ഷേ, എന്നെ നിന്ദിക്കുന്നവരെ ഞാൻ നിന്ദിക്കും.”
31 ഞാൻ നിന്റെയും നിന്റെ പിതൃഭവനത്തിന്റെയും ശക്തി ക്ഷയിപ്പിക്കുന്ന* ദിനങ്ങൾ ഇതാ വരുന്നു. പിന്നെ, നിന്റെ ഭവനത്തിൽ വാർധക്യത്തിലെത്തുന്നതുവരെ ജീവിക്കുന്ന ഒരാൾപ്പോലും ഉണ്ടായിരിക്കില്ല.+
32 ഇസ്രായേലിൽ ഞാൻ എല്ലാ നന്മയും ചൊരിയുമ്പോൾ നീ എന്റെ വാസസ്ഥലത്ത് ഒരു എതിരാളിയെ കാണും.+ നിന്റെ ഭവനത്തിൽ പ്രായംചെന്ന ആരും മേലാൽ ഉണ്ടാകില്ല.
33 നിങ്ങളിൽ, എന്റെ യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നതിൽനിന്ന് ഞാൻ ഛേദിച്ചുകളയാത്തവൻ നിന്റെ കണ്ണിന്റെ കാഴ്ച മങ്ങാനും നീ ദുഃഖത്തിലാണ്ടുപോകാനും ഇടയാക്കും. അതേസമയം, നിന്റെ ഭവനക്കാരിൽ ഏറിയ പങ്കും മനുഷ്യരുടെ വാളാൽ മരണമടയും.+
34 നിന്റെ മക്കളായ ഹൊഫ്നിക്കും ഫിനെഹാസിനും സംഭവിക്കുന്നത് നിനക്ക് ഒരു അടയാളമായിരിക്കും: ഒറ്റ ദിവസംതന്നെ അവർ രണ്ടു പേരും മരിക്കും.+
35 പിന്നെ, ഞാൻ എനിക്കുവേണ്ടി വിശ്വസ്തനായ ഒരു പുരോഹിതനെ എഴുന്നേൽപ്പിക്കും.+ എന്റെ ഹൃദയാഭിലാഷമനുസരിച്ച് അവൻ പ്രവർത്തിക്കും. ഞാൻ അവനു ദീർഘകാലം നിലനിൽക്കുന്ന ഒരു ഭവനം പണിയും. അവൻ എപ്പോഴും എന്റെ അഭിഷിക്തന്റെ മുന്നിൽ ശുശ്രൂഷ ചെയ്യും.
36 നിന്റെ ഭവനത്തിൽ ശേഷിക്കുന്നവനോ വന്ന്, പണവും ഒരു കഷണം അപ്പവും കിട്ടാൻവേണ്ടി അവന്റെ മുന്നിൽ കുമ്പിട്ട് ഇങ്ങനെ പറയും: “ഒരു കഷണം അപ്പമെങ്കിലും കഴിക്കാൻ കിട്ടേണ്ടതിനു പുരോഹിതശുശ്രൂഷയിലെ ഏതെങ്കിലും ഒരു കർത്തവ്യം നിർവഹിക്കാൻ ദയവായി എന്നെ നിയമിക്കേണമേ.”’”+
അടിക്കുറിപ്പുകള്
^ അഥവാ “ഇടറുന്നവർക്ക്.”
^ അഥവാ “ജീവിപ്പിക്കുന്നു.”
^ മറ്റൊരു സാധ്യത “ചവറ്റുകൂനയിൽനിന്ന്.”
^ മറ്റൊരു സാധ്യത “യഹോവയോടു പൊരുതുന്നവർ ഭയചകിതരാകും.”
^ അഥവാ “യഹോവയെ സേവിച്ചു.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കാൻ.”
^ മറ്റൊരു സാധ്യത “അവനുവേണ്ടി ദൈവം മധ്യസ്ഥത വഹിക്കും.”
^ മറ്റൊരു സാധ്യത “ബലിയുടെ പുക ഉയരാൻ ഇടയാക്കാനും.”
^ അക്ഷ. “തൊഴിക്കുന്നത്.”
^ അക്ഷ. “കൈ വെട്ടുന്ന.”