ശമുവേൽ ഒന്നാം ഭാഗം 28:1-25
28 അക്കാലത്ത്, ഇസ്രായേലിനോടു യുദ്ധം ചെയ്യാൻ ഫെലിസ്‌ത്യർ തങ്ങളുടെ സൈന്യത്തെ ഒന്നിച്ചുകൂട്ടി.+ അപ്പോൾ, ആഖീശ് ദാവീദിനോടു പറഞ്ഞു: “നീയും നിന്റെ പുരുഷന്മാരും എന്റെകൂടെ യുദ്ധത്തിനു വരണമെന്നുള്ള കാര്യം അറിയാമല്ലോ, അല്ലേ?”+
2 അപ്പോൾ ദാവീദ് ആഖീശിനോട്, “അങ്ങയുടെ ഈ ദാസൻ എന്തു ചെയ്യുമെന്ന് അങ്ങയ്ക്കുതന്നെ അറിയാമല്ലോ” എന്നു പറഞ്ഞു. അപ്പോൾ ആഖീശ്, “അതുകൊണ്ടാണ് ഞാൻ നിന്നെ എന്റെ സ്ഥിരം അംഗരക്ഷകനായി* നിയമിക്കാൻപോകുന്നത്” എന്നു ദാവീദിനോടു പറഞ്ഞു.+
3 ഇക്കാലമായപ്പോഴേക്കും ശമുവേൽ മരിച്ചുപോയിരുന്നു. ഇസ്രായേൽ മുഴുവനും ശമുവേലിനെ ഓർത്ത് വിലപിക്കുകയും സ്വന്തം നഗരമായ രാമയിൽ ശമുവേലിനെ അടക്കുകയും ചെയ്‌തു.+ ഇതിനകം ശൗൽ ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും* ഭാവി പറയുന്നവരെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു.+
4 ഫെലിസ്‌ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ+ ചെന്ന് പാളയമടിച്ചു. അതുകൊണ്ട്, ശൗലും ഇസ്രായേലിനെ മുഴുവൻ ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയമടിച്ചു.+
5 ഫെലിസ്‌ത്യപാളയം കണ്ട് പേടിച്ച ശൗലിന്റെ ഹൃദയമിടിപ്പു കൂടി.+
6 ശൗൽ യഹോവയുടെ ഉപദേശം തേടിയിരുന്നെങ്കിലും+ സ്വപ്നത്തിലൂടെയോ ഊറീമിലൂടെയോ+ പ്രവാചകന്മാരിലൂടെയോ യഹോവ ഉത്തരം കൊടുത്തില്ല.
7 ഒടുവിൽ, ശൗൽ ദാസന്മാരോടു പറഞ്ഞു: “ആത്മാക്കളുടെ ഉപദേശം തേടുന്ന ഒരു സ്ത്രീയെ കണ്ടുപിടിക്കൂ.+ ഞാൻ ചെന്ന് ആ സ്ത്രീയുടെ ഉപദേശം തേടട്ടെ.” അപ്പോൾ, ശൗലിന്റെ ദാസന്മാർ, “ഏൻ-ദോരിൽ അങ്ങനെയൊരു സ്ത്രീയുണ്ട്” എന്നു പറഞ്ഞു.+
8 അങ്ങനെ ശൗൽ, ആരും തിരിച്ചറിയാത്ത രീതിയിൽ വേഷം മാറി തന്റെ ആളുകളിൽ രണ്ടു പേരെയും കൂട്ടി രാത്രിയിൽ ആ സ്ത്രീയുടെ അടുത്ത് ചെന്നു. ശൗൽ പറഞ്ഞു: “ആത്മാക്കളുടെ ഉപദേശം തേടുന്ന ഒരു ആളായി നിന്ന്+ ദയവായി എനിക്കുവേണ്ടി ഭാവിഫലം പറയൂ. ഞാൻ പറയുന്ന ആളെ വരുത്തിത്തരൂ.”
9 പക്ഷേ, ആ സ്‌ത്രീ ശൗലിനോടു പറഞ്ഞു: “ശൗൽ ചെയ്‌തതു താങ്കൾക്ക് അറിയാമല്ലോ; ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും ഭാവി പറയുന്നവരെയും അദ്ദേഹം ദേശത്തുനിന്ന് നീക്കിക്കളഞ്ഞതല്ലേ?+ പിന്നെ എന്തിനാണ് താങ്കൾ എന്നെ കുടുക്കി കൊലയ്ക്കു കൊടുക്കാൻ നോക്കുന്നത്?”+
10 അപ്പോൾ, ശൗൽ യഹോവയുടെ നാമത്തിൽ സത്യം ചെയ്‌ത് ആ സ്ത്രീയോടു പറഞ്ഞു: “യഹോവയാണെ, ഇതിന്റെ പേരിൽ നീ ഒരിക്കലും കുറ്റക്കാരിയാകില്ല!”
11 സ്‌ത്രീ ശൗലിനോട്, “താങ്കൾക്കുവേണ്ടി ഞാൻ ആരെയാണു വരുത്തേണ്ടത്” എന്നു ചോദിച്ചു. “ശമുവേലിനെ വരുത്തൂ” എന്നു ശൗൽ പറഞ്ഞു.
12 ആ സ്‌ത്രീ ‘ശമുവേലിനെ’*+ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ച് ശൗലിനോടു പറഞ്ഞു: “അങ്ങ് ശൗലാണല്ലേ! എന്തിന് എന്നോട് ഈ ചതി ചെയ്‌തു?”
13 അപ്പോൾ രാജാവ്, “പേടിക്കേണ്ടാ, നീ എന്താണ് ഇപ്പോൾ കാണുന്നത്” എന്നു ചോദിച്ചു. “കണ്ടാൽ ദൈവത്തെപ്പോലെയിരിക്കുന്ന ഒരാൾ ഭൂമിയിൽനിന്ന് കയറിവരുന്നതു ഞാൻ കാണുന്നു” എന്ന് ആ സ്‌ത്രീ പറഞ്ഞു.
14 ഉടനെ ശൗൽ, “അയാളുടെ രൂപം എന്താണ്” എന്നു ചോദിച്ചു. “ആളൊരു വൃദ്ധനാണ്. കൈയില്ലാത്ത മേലങ്കി ധരിച്ചിട്ടുമുണ്ട്”+ എന്ന് ആ സ്‌ത്രീ പറഞ്ഞു. അപ്പോൾ അതു ‘ശമുവേൽ’ ആണെന്ന് ശൗലിനു മനസ്സിലായി. ശൗൽ മുട്ടുകുത്തി കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു.
15 അപ്പോൾ, ‘ശമുവേൽ’ ശൗലിനോട്, “എന്തിനാണു നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയത്” എന്നു ചോദിച്ചു. ശൗൽ പറഞ്ഞു: “ഞാൻ വലിയൊരു പ്രതിസന്ധിയിലാണ്. ഫെലിസ്‌ത്യർ എന്നോടു യുദ്ധം ചെയ്യുന്നു. പക്ഷേ, ദൈവം എന്നെ വിട്ട് പോയി; പ്രവാചകന്മാരിലൂടെയോ സ്വപ്നത്തിലൂടെയോ ദൈവം എനിക്ക് ഉത്തരം തരുന്നില്ല.+ അതുകൊണ്ടാണ്, എന്തു ചെയ്യണമെന്ന് എനിക്കു പറഞ്ഞുതരാൻ ഞാൻ അങ്ങയെ വിളിച്ചുവരുത്തിയത്.”+
16 അപ്പോൾ, ‘ശമുവേൽ’ പറഞ്ഞു: “യഹോവ നിന്നെ ഉപേക്ഷിച്ച്+ നിന്റെ എതിരാളിയായിക്കഴിഞ്ഞ സ്ഥിതിക്ക് എന്തിനാണു നീ എന്നോട് ഉപദേശം ചോദിക്കുന്നത്?
17 എന്നിലൂടെ മുൻകൂട്ടിപ്പറഞ്ഞ ഇക്കാര്യം യഹോവ നിവർത്തിക്കും: യഹോവ രാജ്യാധികാരം നിന്റെ കൈയിൽനിന്ന് പറിച്ചെടുത്ത് നിന്റെ സഹമനുഷ്യരിലൊരാളായ ദാവീദിനു കൊടുക്കും.+
18 നീ യഹോവയുടെ വാക്കു കേട്ടനുസരിച്ചില്ലല്ലോ. അമാലേക്യർക്കെതിരെയുള്ള ദൈവത്തിന്റെ ഉഗ്രകോപം നീ നടപ്പാക്കിയുമില്ല.+ അതുകൊണ്ടാണ് യഹോവ ഇന്നു നിന്നോട് ഇതു ചെയ്യുന്നത്.
19 പക്ഷേ ഇതു മാത്രമല്ല, യഹോവ നിന്നെയും ഇസ്രായേലിനെയും ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിക്കും.+ നാളെ നീയും+ നിന്റെ പുത്രന്മാരും+ എന്നോടു ചേരുകയും ചെയ്യും. ഇസ്രായേൽസൈന്യത്തെയും യഹോവ ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിക്കും.”+
20 ഇതു കേട്ട മാത്രയിൽ ശൗൽ നെടുനീളത്തിൽ നിലത്തേക്കു വീണു. ‘ശമുവേലിന്റെ’ വാക്കുകൾ കേട്ട് ശൗൽ ആകെ പേടിച്ചരണ്ടുപോയി. ശൗലിന്റെ ശക്തിയെല്ലാം ചോർന്നുപോയിരുന്നു. കാരണം, അന്നു പകലും രാത്രിയും ശൗൽ ഒന്നും കഴിച്ചിരുന്നില്ല.
21 ആ സ്‌ത്രീ ചെന്ന് നോക്കിയപ്പോൾ ശൗൽ ആകെ അസ്വസ്ഥനാണെന്നു കണ്ടിട്ട് ഇങ്ങനെ പറഞ്ഞു: “അങ്ങ് പറഞ്ഞത് അങ്ങയുടെ ഈ ദാസി അനുസരിച്ചു. സ്വന്തം ജീവൻ പണയംവെച്ചുപോലും+ അങ്ങ് ആവശ്യപ്പെട്ട കാര്യം ഞാൻ ചെയ്‌തു.
22 അതുകൊണ്ട് ഇപ്പോൾ, അങ്ങയുടെ ഈ ദാസിക്കു പറയാനുള്ളതു ദയവുചെയ്ത് കേട്ടാലും. ഞാൻ ഒരു അപ്പം അങ്ങയുടെ മുന്നിൽ വെക്കട്ടെ. അങ്ങ് അതു കഴിക്കണം. അപ്പോൾ, അങ്ങയ്‌ക്കു യാത്ര ചെയ്യാനുള്ള ശക്തി കിട്ടും.”
23 പക്ഷേ, ശൗൽ അതു നിരസിച്ച്, “ഇല്ല, ഞാൻ കഴിക്കില്ല” എന്നു പറഞ്ഞു. പക്ഷേ, ശൗലിന്റെ ദാസന്മാരും ആ സ്ത്രീയും കഴിക്കാൻ ശൗലിനെ നിർബന്ധിച്ചു. ഒടുവിൽ, ശൗൽ അവരുടെ വാക്കു കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് കിടക്കയിലിരുന്നു.
24 ആ സ്ത്രീയുടെ വീട്ടിൽ കൊഴുപ്പിച്ച ഒരു കാളക്കുട്ടിയുണ്ടായിരുന്നു; അവൾ പെട്ടെന്ന് അതിനെ അറുത്തു.* ധാന്യപ്പൊടി എടുത്ത് കുഴച്ച് പുളിപ്പില്ലാത്ത* അപ്പവും ചുട്ടു.
25 അവൾ അവ ശൗലിനും ശൗലിന്റെ ദാസന്മാർക്കും വിളമ്പി, അവർ കഴിച്ചു. അതിനു ശേഷം, അവർ എഴുന്നേറ്റ് രാത്രിയിൽത്തന്നെ അവിടെനിന്ന് പോയി.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “എന്നേക്കും എന്റെ ശിരസ്സിന്റെ കാവലാളായി.”
^ അഥവാ “കാഴ്ചയ്ക്കു ശമുവേലിനെപ്പോലെ തോന്നിച്ചതിനെ.”
^ അഥവാ “ബലി അർപ്പിച്ചു.”