ശമുവേൽ ഒന്നാം ഭാഗം 30:1-31

30  ദാവീ​ദും ആളുക​ളും മൂന്നാം ദിവസം സിക്ലാഗിലെത്തിയപ്പോഴേക്കും+ അമാലേക്യർ+ തെക്കൻ പ്രദേശത്തും* സിക്ലാ​ഗി​ലും ഒരു മിന്നലാക്ര​മണം നടത്തി​യി​രു​ന്നു. അവർ സിക്ലാ​ഗി​നെ തീക്കി​ര​യാ​ക്കു​ക​യും ചെയ്‌തു.  അവർ സ്‌ത്രീകളെയും+ ചെറി​യ​വർമു​തൽ വലിയ​വർവരെ അവി​ടെ​യു​ണ്ടാ​യി​രുന്ന എല്ലാവരെ​യും ബന്ദിക​ളാ​യി കൊണ്ടുപോ​യി. ആരെയും കൊന്നില്ലെ​ങ്കി​ലും ഒന്നൊ​ഴി​യാ​തെ എല്ലാവരെ​യും അവർ പിടി​ച്ചുകൊ​ണ്ടുപോ​യി​രു​ന്നു.  ദാവീദും ആളുക​ളും നഗരത്തിലെ​ത്തി​യപ്പോൾ അവിടം തീക്കി​ര​യാ​ക്കി​യ​താ​യും തങ്ങളുടെ ഭാര്യ​മാരെ​യും പുത്രീ​പുത്ര​ന്മാരെ​യും ബന്ദിക​ളാ​യി കൊണ്ടുപോ​യ​താ​യും കണ്ടു.  അപ്പോൾ, ദാവീ​ദും കൂടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ഉച്ചത്തിൽ കരഞ്ഞു​തു​ടങ്ങി. കരയാൻ ശക്തിയി​ല്ലാ​താ​കു​ന്ന​തു​വരെ അവർ കരഞ്ഞു.  ദാവീദിന്റെ രണ്ടു ഭാര്യ​മാരെ​യും, അതായത്‌ ജസ്രീൽക്കാ​രി അഹീ​നോ​വ​മിനെ​യും കർമേൽക്കാ​ര​നായ നാബാ​ലി​ന്റെ വിധവ അബീഗ​യി​ലിനെ​യും, അവർ ബന്ദിക​ളാ​യി കൊണ്ടുപോ​യി​രു​ന്നു.+  മക്കളെ നഷ്ടമാ​യ​തുകൊണ്ട്‌ ദാവീ​ദി​ന്റെ ആളുകളെ​ല്ലാം ക്ഷുഭി​ത​രാ​യി; ദാവീ​ദി​നെ കല്ലെറി​യ​ണമെന്ന്‌ അവർ പറഞ്ഞു. ഇതു ദാവീ​ദി​നെ ആകെ വിഷമ​ത്തി​ലാ​ക്കി. പക്ഷേ, ദാവീദ്‌ തന്റെ ദൈവ​മായ യഹോ​വ​യു​ടെ സഹായ​ത്താൽ ശക്തിയാർജി​ച്ചു.+  അപ്പോൾ, ദാവീദ്‌ അഹി​മേലെ​ക്കി​ന്റെ മകനായ അബ്യാഥാർ+ പുരോ​ഹി​തനോട്‌, “ദയവായി ഏഫോദ്‌ എടുത്തുകൊ​ണ്ടു​വരൂ!”+ എന്നു പറഞ്ഞു. അബ്യാ​ഥാർ അതു ദാവീ​ദി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു.  ദാവീദ്‌ യഹോ​വയോട്‌ ഇങ്ങനെ ചോദി​ച്ചു:+ “ഞാൻ ഈ കവർച്ച​പ്പ​ടയെ പിന്തു​ടർന്ന്‌ ചെല്ലണോ? എനിക്ക്‌ അവരെ പിടി​കൂ​ടാ​നാ​കു​മോ?” അപ്പോൾ, ദൈവം പറഞ്ഞു: “അവരെ പിന്തു​ടർന്ന്‌ ചെല്ലൂ. നീ നിശ്ചയ​മാ​യും അവരെ പിടി​കൂ​ടി അവർ കൊണ്ടുപോ​യതെ​ല്ലാം വീണ്ടെ​ടു​ക്കും.”+  ദാവീദ്‌ ഉടനെ, തന്റെകൂടെ​യുള്ള 600 പുരു​ഷ​ന്മാരെ​യും കൂട്ടി പുറ​പ്പെട്ടു.+ അവർ ബസോർ നീർച്ചാലിന്‌* അടുത്ത്‌ എത്തിയ​പ്പോൾ കുറച്ച്‌ പേർ അവിടെ തങ്ങി. 10  പക്ഷേ, 400 പേരു​മാ​യി ദാവീദ്‌ മുന്നോ​ട്ടു നീങ്ങി. ബസോർ നീർച്ചാൽ കടക്കാൻ കഴിയാ​ത്തത്ര ക്ഷീണി​ത​രാ​യി​രുന്ന 200 പേരാണ്‌ അവിടെ തങ്ങിയത്‌.+ 11  അവർ പോകു​മ്പോൾ വയലിൽവെച്ച്‌ ഒരു ഈജി​പ്‌തു​കാ​രനെ കണ്ട്‌ ദാവീ​ദി​ന്റെ അടുത്ത്‌ കൂട്ടി​ക്കൊ​ണ്ട്‌ ചെന്നു. അയാൾക്കു കഴിക്കാൻ ആഹാര​വും കുടി​ക്കാൻ വെള്ളവും കൊടു​ത്തു. 12  കൂടാതെ, ഒരു കഷണം അത്തിയ​ട​യും രണ്ട്‌ ഉണക്കമു​ന്തി​രി​യ​ട​യും കൊടു​ത്തു. ആഹാരം കഴിച്ചതോ​ടെ അയാൾക്കു ശക്തി തിരി​ച്ചു​കി​ട്ടി.* അയാൾ എന്തെങ്കി​ലും കഴിക്കു​ക​യോ കുടി​ക്കു​ക​യോ ചെയ്‌തി​ട്ട്‌ മൂന്നു രാവും പകലും പിന്നി​ട്ടി​രു​ന്നു. 13  ദാവീദ്‌ അയാ​ളോ​ടു ചോദി​ച്ചു: “നീ ആരുടെ ആളാണ്‌? എവിട​ത്തു​കാ​ര​നാണ്‌?” അയാൾ പറഞ്ഞു: “ഞാൻ ഈജി​പ്‌തു​കാ​ര​നായ ഒരു പരിചാ​ര​ക​നാണ്‌. ഒരു അമാ​ലേ​ക്യ​ന്റെ അടിമ. മൂന്നു ദിവസം മുമ്പ്‌ എനിക്ക്‌ അസുഖം വന്നപ്പോൾ എന്റെ യജമാനൻ എന്നെ ഉപേക്ഷി​ച്ച​താണ്‌. 14  ഞങ്ങൾ കെരാത്യരുടെ+ തെക്കൻ പ്രദേശത്തും* യഹൂദ​യു​ടെ പ്രദേ​ശ​ത്തും കാലേബിന്റെ+ തെക്കൻ പ്രദേശത്തും* ഒരു മിന്നലാ​ക്രണം നടത്തി. സിക്ലാഗ്‌ ഞങ്ങൾ തീക്കി​ര​യാ​ക്കു​ക​യും ചെയ്‌തു.” 15  അപ്പോൾ ദാവീദ്‌ അയാ​ളോട്‌, “നീ എന്നെ ആ കവർച്ച​പ്പ​ട​യു​ടെ അടു​ത്തേക്കു കൊണ്ടുപോ​കാ​മോ” എന്നു ചോദി​ച്ചു. “അങ്ങ്‌ എന്നെ കൊല്ലു​ക​യോ എന്റെ യജമാ​നന്റെ കൈയിൽ ഏൽപ്പി​ക്കു​ക​യോ ചെയ്യി​ല്ലെന്നു ദൈവ​നാ​മ​ത്തിൽ സത്യം ചെയ്‌താൽ ഞാൻ അങ്ങയെ ആ കവർച്ച​പ്പ​ട​യു​ടെ അടു​ത്തേക്കു കൊണ്ടുപോ​കാം” എന്ന്‌ അയാൾ പറഞ്ഞു. 16  അങ്ങനെ അയാൾ ദാവീ​ദി​നെ അവരുടെ അടു​ത്തേക്കു കൊണ്ടുപോ​യി. അപ്പോൾ അതാ, അവർ ഫെലി​സ്‌ത്യദേ​ശ​ത്തും യഹൂദാദേ​ശ​ത്തും വലി​യൊ​രു കൊള്ള നടത്തി​യ​തി​ന്റെ ആഘോ​ഷ​മാ​യി തിന്നു​കു​ടിച്ച്‌ അവി​ടെയെ​ങ്ങും വിഹരി​ക്കു​ന്നു. 17  ദാവീദ്‌ അവരെയെ​ല്ലാം കൊന്നു. അതിരാ​വി​ലെ വെട്ടം വീഴു​ന്ന​തി​നു മുമ്പ്‌ തുടങ്ങിയ സംഹാരം പിറ്റേന്നു വൈകുന്നേ​രം​വരെ തുടർന്നു. ഒട്ടകപ്പു​റത്ത്‌ കയറി പാഞ്ഞു​പോയ 400 പുരു​ഷ​ന്മാ​ര​ല്ലാ​തെ ആരും രക്ഷപ്പെ​ട്ടില്ല.+ 18  അമാലേക്യർ കൊണ്ടുപോ​യതെ​ല്ലാം ദാവീദ്‌ തിരി​ച്ചു​പി​ടി​ച്ചു.+ രണ്ടു ഭാര്യ​മാരെ​യും ദാവീദ്‌ രക്ഷപ്പെ​ടു​ത്തി. 19  അവർക്കുണ്ടായിരുന്ന ചെറു​തും വലുതും ആയതെ​ല്ലാം അവർക്കു തിരികെ കിട്ടി. പുത്രീ​പുത്ര​ന്മാരെ​യും കൊള്ള​യാ​യിപ്പോ​യ​തിനെ​യും അവർ വീണ്ടെ​ടു​ത്തു.+ അവർ കൊണ്ടുപോ​യതെ​ല്ലാം ഒന്നൊ​ഴി​യാ​തെ ദാവീദ്‌ തിരി​ച്ചു​പി​ടി​ച്ചു. 20  ദാവീദ്‌ അവി​ടെ​യു​ണ്ടാ​യി​രുന്ന എല്ലാ ആടുകളെ​യും കന്നുകാ​ലി​കളെ​യും എടുത്തു. അവർ അവയെ തങ്ങളുടെ മൃഗങ്ങൾക്കു മുന്നി​ലാ​യി നടത്തി. “ഇതു ദാവീ​ദി​ന്റെ കൊള്ള​മു​തൽ” എന്ന്‌ അവർ പറഞ്ഞു. 21  പിന്നെ ദാവീദ്‌, തന്റെകൂ​ടെ പോരാൻ കഴിയാ​ത്തത്ര ക്ഷീണിച്ച്‌ ബസോർ നീർച്ചാലിനു+ സമീപം തങ്ങിയ ആ 200 പേരുടെ അടുത്ത്‌ എത്തി. അപ്പോൾ, അവർ ദാവീ​ദിനെ​യും കൂടെ​യു​ള്ള​വരെ​യും എതി​രേൽക്കാൻ ചെന്നു. ദാവീദ്‌ അവരെ സമീപി​ച്ച്‌ അവരുടെ ക്ഷേമം അന്വേ​ഷി​ച്ചു. 22  പക്ഷേ, ദാവീ​ദിന്റെ​കൂ​ടെ പോയ​വ​രി​ലു​ണ്ടാ​യി​രുന്ന ദുഷ്ടരും നീചരും പറഞ്ഞു: “ഇവർ നമ്മു​ടെ​കൂ​ടെ വന്നില്ല​ല്ലോ. അതു​കൊണ്ട്‌, നമ്മൾ വീണ്ടെ​ടുത്ത കൊള്ള​മു​ത​ലിൽനിന്ന്‌ ഒന്നും ഇവർക്കു കൊടു​ക്ക​രുത്‌. എല്ലാവ​രും സ്വന്തം ഭാര്യയെ​യും മക്കളെ​യും മാത്രം കൂട്ടി പൊയ്‌ക്കൊ​ള്ളട്ടെ.” 23  അപ്പോൾ ദാവീദ്‌ പറഞ്ഞു: “എന്റെ സഹോ​ദ​ര​ന്മാ​രേ, യഹോവ നമുക്കു തന്നവയു​ടെ കാര്യ​ത്തിൽ നിങ്ങൾ ഇങ്ങനെ ചെയ്യരു​ത്‌. ദൈവ​മല്ലേ നമ്മളെ സംരക്ഷി​ക്കു​ക​യും നമ്മുടെ നേരെ വന്ന കവർച്ച​പ്പ​ടയെ നമ്മുടെ കൈയിൽ ഏൽപ്പി​ക്കു​ക​യും ചെയ്‌തത്‌?+ 24  നിങ്ങൾ ഇപ്പറഞ്ഞ​തിനോട്‌ ആർക്കെ​ങ്കി​ലും യോജി​ക്കാൻ പറ്റുമോ? യുദ്ധത്തി​നു പോയ​വ​നും സാധന​സാ​മഗ്രി​ക​ളു​ടെ അടുത്ത്‌ ഇരുന്ന​വ​നും ഒരേ ഓഹരി​യാ​യി​രി​ക്കും.+ എല്ലാവ​രും ഒരുമി​ച്ച്‌ ഓഹരി പങ്കിടും.”+ 25  അന്നുമുതൽ ദാവീദ്‌ ഇത്‌ ഇസ്രായേ​ലിന്‌ ഒരു ചട്ടവും നിയമ​വും ആക്കി. അത്‌ ഇന്നുവരെ​യും തുടരു​ന്നു. 26  സിക്ലാഗിൽ മടങ്ങിയെ​ത്തിയ ദാവീദ്‌ കൊള്ള​മു​ത​ലിൽ ഒരു ഭാഗം തന്റെ സ്‌നേ​ഹി​ത​രായ യഹൂദാ​മൂ​പ്പ​ന്മാർക്കു കൊടു​ത്ത​യച്ചു. “യഹോ​വ​യു​ടെ ശത്രു​ക്കളെ കൊള്ള​യ​ടിച്ച്‌ കിട്ടി​യ​തിൽനിന്ന്‌ ഇതാ, നിങ്ങൾക്ക്‌ ഒരു സമ്മാനം”* എന്നു പറഞ്ഞു. 27  ദാവീദ്‌ കൊള്ള​മു​തൽ ബഥേൽ,+ നെഗെബിലെ* രാമോ​ത്ത്‌, യത്ഥീർ,+ 28  അരോവേർ, സിഫ്‌മോ​ത്ത്‌, എസ്‌തെ​മോവ,+ 29  രാഖാൽ, യരഹ്‌മയേ​ല്യ​രു​ടെ നഗരങ്ങൾ,+ കേന്യ​രു​ടെ നഗരങ്ങൾ,+ 30  ഹോർമ,+ ബൊറാ​ഷാൻ, അഥാക്ക്‌, 31  ഹെബ്രോൻ+ എന്നിവി​ട​ങ്ങ​ളി​ലു​ള്ള​വർക്കും കൂടാതെ, ദാവീ​ദും കൂട്ടരും പതിവാ​യി പോയി​വ​ന്നി​രുന്ന എല്ലാ സ്ഥലങ്ങളി​ലു​ള്ള​വർക്കും കൊടു​ത്ത​യച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “നെഗെ​ബി​ലും.”
പദാവലി കാണുക.
അക്ഷ. “അയാളു​ടെ ആത്മാവ്‌ അയാളിൽ മടങ്ങി​വന്നു.”
അഥവാ “കാലേ​ബി​ന്റെ നെഗെ​ബി​ലും.”
അഥവാ “കെരാ​ത്യ​രു​ടെ നെഗെ​ബി​ലും.”
അക്ഷ. “അനു​ഗ്രഹം.”
അഥവാ “തെക്കുള്ള.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം