ശമുവേൽ ഒന്നാം ഭാഗം 8:1-22
8 ശമുവേൽ വൃദ്ധനായപ്പോൾ പുത്രന്മാരെ ഇസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു.
2 മൂത്ത മകന്റെ പേര് യോവേൽ എന്നായിരുന്നു. രണ്ടാമൻ അബീയ.+ ഇവർ ബേർ-ശേബയിൽ ന്യായാധിപന്മാരായിരുന്നു.
3 പക്ഷേ, പുത്രന്മാർ ശമുവേലിന്റെ വഴികളിൽ നടന്നില്ല. അന്യായമായി ലാഭമുണ്ടാക്കാൻ ശ്രമിച്ചിരുന്ന അവർ+ കൈക്കൂലി വാങ്ങുകയും+ നീതി നിഷേധിക്കുകയും ചെയ്തു.+
4 കാലാന്തരത്തിൽ, ഇസ്രായേൽമൂപ്പന്മാർ എല്ലാവരും ഒരുമിച്ചുകൂടി രാമയിൽ ശമുവേലിന്റെ അടുത്ത് ചെന്നു.
5 അവർ ശമുവേലിനോടു പറഞ്ഞു: “അങ്ങ് വൃദ്ധനായി. അങ്ങയുടെ പുത്രന്മാരാകട്ടെ അങ്ങയുടെ വഴികളിൽ നടക്കുന്നുമില്ല. അതുകൊണ്ട്, മറ്റെല്ലാ ജനതകൾക്കുമുള്ളതുപോലെ ന്യായപാലനത്തിനുവേണ്ടി ഞങ്ങൾക്കും ഒരു രാജാവിനെ നിയമിക്കുക.”+
6 പക്ഷേ, “ന്യായപാലനത്തിനു ഞങ്ങൾക്ക് ഒരു രാജാവിനെ തരൂ” എന്ന് അവർ പറഞ്ഞതു ശമുവേലിന് ഇഷ്ടമായില്ല. ശമുവേൽ യഹോവയോടു പ്രാർഥിച്ചു.
7 അപ്പോൾ, യഹോവ ശമുവേലിനോടു പറഞ്ഞു: “ജനം നിന്നോടു പറയുന്നതെല്ലാം കേൾക്കുക. കാരണം, അവർ നിന്നെയല്ല, അവരുടെ രാജാവായിരിക്കുന്നതിൽനിന്ന് എന്നെയാണു തള്ളിക്കളഞ്ഞത്.+
8 ഞാൻ ഈജിപ്തിൽനിന്ന് അവരെ വിടുവിച്ച് കൊണ്ടുപോന്ന ദിവസംമുതൽ ഇന്നുവരെ ചെയ്തതുതന്നെയാണ് അവർ ഇപ്പോഴും ചെയ്യുന്നത്. അവർ വീണ്ടുംവീണ്ടും എന്നെ ഉപേക്ഷിച്ച്+ മറ്റു ദൈവങ്ങളെ സേവിക്കുന്നു.+ എന്നോടു ചെയ്തതുതന്നെയാണ് അവർ ഇപ്പോൾ നിന്നോടും ചെയ്യുന്നത്.
9 ഇപ്പോൾ, അവർ പറയുന്നതു കേൾക്കുക. പക്ഷേ, നീ അവർക്കു ശക്തമായ മുന്നറിയിപ്പു കൊടുക്കണം. അവരെ ഭരിക്കുന്ന രാജാവിന് അവരിൽനിന്ന് എന്തൊക്കെ ആവശ്യപ്പെടാൻ അവകാശമുണ്ടെന്നു നീ അവരോടു പറയണം.”
10 അതുകൊണ്ട് ഒരു രാജാവിനെ ചോദിച്ച് തന്റെ അടുത്ത് വന്ന ജനത്തോട്, യഹോവ പറഞ്ഞതെല്ലാം ശമുവേൽ അറിയിച്ചു.
11 ശമുവേൽ പറഞ്ഞത് ഇതാണ്: “നിങ്ങളെ ഭരിക്കുന്ന രാജാവിനു നിങ്ങളിൽനിന്ന് ഇവയെല്ലാം ആവശ്യപ്പെടാൻ അവകാശമുണ്ടായിരിക്കും:+ രാജാവ് നിന്റെ ആൺമക്കളെ എടുത്ത്+ തന്റെ തേരാളികളും+ കുതിരപ്പടയാളികളും+ ആക്കും. ചിലർക്ക് രാജാവിന്റെ രഥങ്ങൾക്കു മുന്നിലായി ഓടേണ്ടിവരും.
12 രാജാവ് ചിലരെ എടുത്ത് ആയിരം പേരുടെ പ്രമാണിമാരായും+ അമ്പതു പേരുടെ പ്രമാണിമാരായും നിയമിക്കും.+ ചിലർ രാജാവിന്റെ നിലം ഉഴുകയും+ അദ്ദേഹത്തിന്റെ വിള കൊയ്യുകയും+ അദ്ദേഹത്തിന്റെ യുദ്ധായുധങ്ങളും രഥോപകരണങ്ങളും ഉണ്ടാക്കുകയും ചെയ്യും.+
13 രാജാവ് നിങ്ങളുടെ പെൺമക്കളെ സുഗന്ധതൈലം ഉണ്ടാക്കുന്നവരും പാചകക്കാരികളും അപ്പം ഉണ്ടാക്കുന്നവരും ആക്കും.+
14 രാജാവ് നിങ്ങളുടെ വയലുകളിലെയും മുന്തിരിത്തോട്ടങ്ങളിലെയും ഒലിവുതോട്ടങ്ങളിലെയും+ ഏറ്റവും നല്ലത് എടുത്ത് തന്റെ ദാസന്മാർക്കു നൽകും.
15 രാജാവ് നിങ്ങളുടെ വയലുകളിലെയും മുന്തിരിത്തോട്ടങ്ങളിലെയും വിളവിന്റെ പത്തിലൊന്ന് എടുത്ത് തന്റെ കൊട്ടാരോദ്യോഗസ്ഥന്മാർക്കും ദാസന്മാർക്കും കൊടുക്കും.
16 രാജാവ് നിങ്ങളുടെ ദാസീദാസന്മാരെയും നിങ്ങളുടെ ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും എടുത്ത് തന്റെ പണികൾക്കുവേണ്ടി ഉപയോഗിക്കും.+
17 നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ പത്തിലൊന്നു രാജാവ് കൈക്കലാക്കും.+ നിങ്ങളോ രാജാവിന്റെ ദാസന്മാരാകും.
18 നിങ്ങൾ തിരഞ്ഞെടുത്ത രാജാവ് കാരണം നിങ്ങൾ നിലവിളിക്കുന്ന ഒരു ദിവസം വരും.+ പക്ഷേ അന്ന് യഹോവ നിങ്ങൾക്ക് ഉത്തരം തരില്ല.”
19 പക്ഷേ ശമുവേൽ പറഞ്ഞതു കേൾക്കാൻ ജനം കൂട്ടാക്കിയില്ല. അവർ പറഞ്ഞു: “എന്തായാലും ഞങ്ങൾക്ക് ഒരു രാജാവിനെ വേണം, അല്ലാതെ പറ്റില്ല.
20 അപ്പോൾ ഞങ്ങളും മറ്റു ജനതകളെപ്പോലെയാകും. ഞങ്ങളുടെ രാജാവ് ഞങ്ങൾക്കു ന്യായപാലനം ചെയ്യുകയും ഞങ്ങളെ നയിക്കുകയും ഞങ്ങളുടെ യുദ്ധങ്ങളിൽ ഞങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്യും.”
21 ജനം പറഞ്ഞതെല്ലാം കേട്ടശേഷം ശമുവേൽ അത് അങ്ങനെതന്നെ യഹോവയോടു പറഞ്ഞു.
22 അപ്പോൾ, യഹോവ ശമുവേലിനോടു പറഞ്ഞു: “അവർ പറഞ്ഞതു കേൾക്കുക. അവരെ ഭരിക്കാൻ ഒരു രാജാവിനെ നിയമിക്കുക.”+ അപ്പോൾ ശമുവേൽ, “നിങ്ങൾ എല്ലാവരും അവരവരുടെ നഗരത്തിലേക്കു പൊയ്ക്കൊള്ളൂ” എന്ന് ഇസ്രായേൽപുരുഷന്മാരോടു പറഞ്ഞു.