കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത് 1:1-24
1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമൊഥെയൊസും+ കൊരിന്തിലെ ദൈവസഭയ്ക്കും അഖായയിൽ+ എല്ലായിടത്തുമുള്ള എല്ലാ വിശുദ്ധർക്കും എഴുതുന്നത്:
2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും ലഭിക്കട്ടെ!
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ+ വാഴ്ത്തപ്പെടട്ടെ. നമ്മുടെ ദൈവം മനസ്സലിവുള്ള പിതാവും+ ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും ആണല്ലോ.+
4 നമ്മുടെ കഷ്ടതകളിലെല്ലാം ദൈവം നമ്മളെ ആശ്വസിപ്പിക്കുന്നു.*+ അങ്ങനെ ദൈവത്തിൽനിന്ന് കിട്ടുന്ന ആശ്വാസംകൊണ്ട്+ ഏതുതരം കഷ്ടതകൾ അനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കാൻ നമുക്കും കഴിയുന്നു.+
5 ക്രിസ്തുവിനെപ്രതി നമുക്ക് ഉണ്ടാകുന്ന കഷ്ടതകൾ പെരുകുന്തോറും+ ക്രിസ്തുവിലൂടെ കിട്ടുന്ന ആശ്വാസവും നമ്മിൽ നിറഞ്ഞുകവിയുന്നു.
6 ഞങ്ങൾ കഷ്ടതകൾ സഹിക്കുന്നെങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്. ഞങ്ങൾക്ക് ആശ്വാസം കിട്ടുന്നെങ്കിൽ അതും നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്. ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടപ്പാടുകൾ ക്ഷമയോടെ സഹിക്കാൻ അതു നിങ്ങളെ സഹായിക്കും.
7 നിങ്ങളെക്കുറിച്ച് ഞങ്ങൾക്കുള്ള പ്രതീക്ഷയ്ക്ക് ഇളക്കംതട്ടില്ല. കാരണം ഞങ്ങളുടെ കഷ്ടതകളിലെന്നപോലെ ഞങ്ങളുടെ ആശ്വാസത്തിലും നിങ്ങൾ പങ്കാളികളാകും എന്നു ഞങ്ങൾക്ക് അറിയാം.+
8 സഹോദരങ്ങളേ, ഏഷ്യ സംസ്ഥാനത്ത് ഞങ്ങൾ സഹിച്ച കഷ്ടതകൾ നിങ്ങൾ അറിയാതെപോകരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.+ ജീവനോടിരിക്കുമോ എന്നുപോലും ആശങ്ക തോന്നുന്ന വിധത്തിൽ സഹിക്കാവുന്നതിനും അപ്പുറം സമ്മർദം ഞങ്ങൾക്ക് അനുഭവപ്പെട്ടു.+
9 ശരിക്കും ഞങ്ങളെ മരണത്തിനു വിധിച്ചതായി ഞങ്ങൾക്കു തോന്നി. ഞങ്ങൾ ഞങ്ങളിൽത്തന്നെ ആശ്രയിക്കാതെ മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ ആശ്രയിക്കാൻവേണ്ടിയാണ്+ അങ്ങനെ സംഭവിച്ചത്.
10 മരണത്തിന്റെ വായിൽനിന്നെന്നപോലെ അത്ര ഭയങ്കരമായ വിപത്തിൽനിന്നാണു ദൈവം ഞങ്ങളെ രക്ഷപ്പെടുത്തിയത്. ഇനിയും ദൈവം ഞങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെ ദൈവത്തിൽ ഞങ്ങൾ പ്രത്യാശ വെക്കുന്നു.+
11 ഞങ്ങൾക്കുവേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് നിങ്ങൾക്കും ഞങ്ങളെ സഹായിക്കാനാകും.+ അങ്ങനെ, പലരുടെ പ്രാർഥനയിലൂടെ ഞങ്ങൾക്കു ലഭിക്കുന്ന സഹായത്തിന്റെ പേരിൽ അനേകർ ഞങ്ങൾക്കുവേണ്ടി നന്ദി പറയാൻ ഇടയാകട്ടെ.+
12 ഞങ്ങൾക്ക് അഭിമാനം തോന്നുന്ന ഒരു കാര്യം ഇതാണ്: ലോകത്തിലെ ഞങ്ങളുടെ ജീവിതം, പ്രത്യേകിച്ച് നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം, വിശുദ്ധിയോടും ദൈവദത്തമായ ആത്മാർഥതയോടും കൂടെയായിരുന്നു. ഞങ്ങൾ ആശ്രയിച്ചതു ലോകത്തിന്റെ ജ്ഞാനത്തിലല്ല,+ ദൈവത്തിന്റെ അനർഹദയയിലാണ്. അതിനു ഞങ്ങളുടെ മനസ്സാക്ഷി സാക്ഷി പറയുന്നു.
13 വായിക്കാനും മനസ്സിലാക്കാനും പറ്റുന്ന* കാര്യങ്ങൾ മാത്രമേ ഞങ്ങൾ നിങ്ങൾക്ക് എഴുതുന്നുള്ളൂ. തുടർന്നും നിങ്ങൾക്ക് അവ മുഴുവനായി* മനസ്സിലാകുമെന്നാണ് എന്റെ പ്രതീക്ഷ.
14 നിങ്ങൾക്ക് അഭിമാനിക്കാൻ ഞങ്ങളൊരു കാരണമായിരിക്കുന്നെന്നു നിങ്ങൾ ഏറെക്കുറെ മനസ്സിലാക്കിയല്ലോ. അതുപോലെ, നമ്മുടെ കർത്താവായ യേശുവിന്റെ ദിവസത്തിൽ നിങ്ങൾ ഞങ്ങൾക്കും അഭിമാനിക്കാൻ ഒരു കാരണമായിരിക്കും.
15 ഈ ബോധ്യമുള്ളതുകൊണ്ടാണ് ആദ്യം നിങ്ങളുടെ അടുത്ത് വരാൻ ഞാൻ ആലോചിച്ചത്. അങ്ങനെ നിങ്ങൾക്കു രണ്ടാമതും സന്തോഷിക്കാൻ കാരണമുണ്ടാകണമെന്നു* ഞാൻ ആഗ്രഹിച്ചു.
16 മാസിഡോണിയയിലേക്കു പോകുന്നവഴി നിങ്ങളെ സന്ദർശിക്കണമെന്നും മാസിഡോണിയയിൽനിന്നുള്ള മടക്കയാത്രയിൽ വീണ്ടും നിങ്ങളുടെ അടുത്ത് വരണമെന്നും അവിടെനിന്ന് നിങ്ങൾ എന്നെ യഹൂദ്യയിലേക്കു യാത്ര അയയ്ക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു.+
17 ഞാൻ അങ്ങനെയൊരു പരിപാടിയിട്ടത് ഒട്ടും ചിന്തിക്കാതെയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ആദ്യം “ഉവ്വ്, ഉവ്വ്” എന്നു പറഞ്ഞിട്ട് പിന്നെ “ഇല്ല, ഇല്ല” എന്നു പറയുന്ന ജഡികരീതിയിലാണു* ഞാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത് എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?
18 നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകൾ ഒരേ സമയം “ഉവ്വ്” എന്നും “ഇല്ല” എന്നും ആയിരുന്നില്ല. ദൈവം വിശ്വസ്തനാണെന്നത് എത്ര തീർച്ചയാണോ അത്രതന്നെ തീർച്ചയാണ് ഇക്കാര്യവും.
19 ഞാനും സില്വാനൊസും* തിമൊഥെയൊസും നിങ്ങൾക്കിടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു+ ഒരേ സമയം “ഉവ്വ്” എന്നും “ഇല്ല” എന്നും ആയിരുന്നില്ല. യേശുവിന്റെ കാര്യത്തിൽ “ഉവ്വ്” എന്നത് എപ്പോഴും “ഉവ്വ്” എന്നുതന്നെയാണ്.
20 ദൈവത്തിന്റെ വാഗ്ദാനങ്ങൾ എത്രയുണ്ടെങ്കിലും അവയെല്ലാം യേശുവിലൂടെ “ഉവ്വ്” എന്നായിരിക്കുന്നു.+ അതുകൊണ്ടാണ് ദൈവത്തെ മഹത്ത്വപ്പെടുത്താൻവേണ്ടി നമ്മൾ യേശുവിലൂടെ ദൈവത്തോട് “ആമേൻ” എന്നു പറയുന്നത്.+
21 എന്നാൽ നിങ്ങളും ഞങ്ങളും ക്രിസ്തുവിനുള്ളവരാണെന്ന് ഉറപ്പു തരുന്നതും നമ്മളെ അഭിഷേകം ചെയ്തതും ദൈവമാണ്.+
22 ദൈവം നമ്മുടെ മേൽ തന്റെ മുദ്ര പതിപ്പിക്കുകയും+ വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു ഉറപ്പായി* തന്റെ ആത്മാവിനെ+ നമ്മുടെ ഹൃദയങ്ങളിൽ പകരുകയും ചെയ്തിരിക്കുന്നു.
23 നിങ്ങളെ കൂടുതൽ വിഷമിപ്പിക്കരുതെന്നു കരുതിയാണു ഞാൻ ഇതുവരെ കൊരിന്തിലേക്കു വരാതിരുന്നത്. ഇതിനു ദൈവംതന്നെ എനിക്ക് എതിരെ സാക്ഷിയായിരിക്കട്ടെ.
24 ഞങ്ങൾ നിങ്ങളുടെ വിശ്വാസത്തിന്മേൽ ആധിപത്യം നടത്തുന്നവരാണെന്നല്ല+ ഞാൻ പറഞ്ഞുവരുന്നത്. ശരിക്കും പറഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ സന്തോഷത്തിനുവേണ്ടിയുള്ള സഹപ്രവർത്തകരാണ്. നിങ്ങൾ ഉറച്ചുനിൽക്കുന്നതു നിങ്ങളുടെതന്നെ വിശ്വാസംകൊണ്ടാണല്ലോ.
അടിക്കുറിപ്പുകള്
^ അഥവാ “പ്രോത്സാഹിപ്പിക്കുന്നു.”
^ മറ്റൊരു സാധ്യത “നിങ്ങൾക്ക് ഇപ്പോൾത്തന്നെ നന്നായി അറിയാവുന്നതും മനസ്സിലാക്കാൻ പറ്റിയിട്ടുള്ളതും ആയ.”
^ അക്ഷ. “നിങ്ങൾക്ക് അവ ഒടുക്കംവരെ.”
^ മറ്റൊരു സാധ്യത “നിങ്ങൾക്കു രണ്ടു വട്ടം പ്രയോജനമുണ്ടാകണമെന്ന്.”
^ ശീലാസ് എന്നും വിളിച്ചിരുന്നു.
^ അഥവാ “ആദ്യഗഡുവായി (അച്ചാരമായി); അഡ്വാൻസ് തുകയായി; ഈടായി.”