കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത് 10:1-18
10 നേരിൽ കാണുമ്പോൾ നിസ്സാരനെന്നും+ അകലെയായിരിക്കുമ്പോൾ തന്റേടമുള്ളവനെന്നും+ നിങ്ങൾ കരുതുന്ന പൗലോസ് എന്ന ഞാൻ ക്രിസ്തുവിന്റേതുപോലുള്ള സൗമ്യതയോടെയും ദയയോടെയും+ നിങ്ങളോട് അപേക്ഷിക്കുന്നു.
2 ഞങ്ങൾ ജഡപ്രകാരം* ജീവിക്കുന്നു എന്നു ചിന്തിക്കുന്ന ചിലർ അവിടെയുണ്ടല്ലോ. ഞാൻ വരുമ്പോൾ തന്റേടത്തോടെ അവർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടിവരുമെന്നാണു കരുതുന്നത്. പക്ഷേ അങ്ങനെയൊന്നും ഉണ്ടാകാൻ ഇടവരുത്തരുതെന്നാണ് എന്റെ അഭ്യർഥന.
3 ഞങ്ങൾ ജഡത്തിലാണു ജീവിക്കുന്നതെങ്കിലും ജഡപ്രകാരമല്ല പോരാടുന്നത്.
4 പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ജഡികമല്ല,+ പകരം കോട്ടകളെപ്പോലും തകർത്തുകളയാൻമാത്രം ശക്തിയുള്ള ദൈവികമായ ആയുധങ്ങളാണ്.+
5 ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന വാദമുഖങ്ങളെയും, എല്ലാ വൻപ്രതിബന്ധങ്ങളെയും ഞങ്ങൾ ഇടിച്ചുകളയുന്നു.+ സകല ചിന്താഗതികളെയും കീഴടക്കി അവയെ ക്രിസ്തുവിനോട് അനുസരണമുള്ളതാക്കാനാണു ഞങ്ങൾ നോക്കുന്നത്.
6 നിങ്ങൾ എല്ലാ കാര്യത്തിലും അനുസരണമുള്ളവരാണെന്നു തെളിഞ്ഞാൽ ഉടൻതന്നെ, നിങ്ങൾക്കിടയിലെ ഓരോ അനുസരണക്കേടിനും ശിക്ഷ തരാൻ ഞങ്ങൾ തയ്യാറെടുത്തിരിക്കുകയാണ്.+
7 പുറമേ കാണുന്നതുവെച്ചാണു നിങ്ങൾ കാര്യങ്ങളെ വിലയിരുത്തുന്നത്. താൻ ക്രിസ്തുവിനുള്ളവനാണെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ അയാൾ ഒരു കാര്യം മറക്കരുത്: അയാളെപ്പോലെതന്നെ ഞങ്ങളും ക്രിസ്തുവിനുള്ളവരാണ്.
8 കർത്താവ് ഞങ്ങൾക്കു തന്നിരിക്കുന്ന അധികാരം നിങ്ങളെ പണിതുയർത്താനാണ്, തകർത്തുകളയാനല്ല.+ ആ അധികാരത്തെക്കുറിച്ച് ഞാൻ കുറച്ച് അധികം വീമ്പിളക്കിയാൽ അതു ന്യായമാണുതാനും.
9 എന്റെ കത്തുകളിലൂടെ ഞാൻ നിങ്ങളെ പേടിപ്പിക്കുകയാണെന്നു നിങ്ങൾ വിചാരിക്കാതിരിക്കാനാണ് ഇതു പറയുന്നത്.
10 “അയാളുടെ കത്തുകൾക്ക് എന്തൊരു ഗാംഭീര്യവും ശക്തിയും ആണ്! പക്ഷേ നേരിൽ കാണുമ്പോൾ അയാൾ ദുർബലനും അയാളുടെ സംസാരം കഴമ്പില്ലാത്തതും ആണ്” എന്നു ചിലർ പറയുന്നുണ്ടല്ലോ.
11 അങ്ങനെ ചിന്തിക്കുന്നവർ ഇതു മനസ്സിലാക്കിക്കൊള്ളുക: അകലെയായിരിക്കുമ്പോൾ കത്തുകളിലൂടെ ഞങ്ങൾ പറയുന്നത് എന്താണോ, അതുതന്നെയായിരിക്കും* അവിടെ വരുമ്പോൾ ചെയ്യുന്നതും.*+
12 സ്വയം പുകഴ്ത്തുന്ന ചിലരെപ്പോലെയാകാനോ അവരുമായി ഞങ്ങളെ താരതമ്യം ചെയ്യാനോ ഞങ്ങൾ മുതിരുന്നില്ല.+ അത്തരക്കാർ അവരെവെച്ചുതന്നെ അവരെ അളക്കുകയും തങ്ങളുമായിത്തന്നെ തങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. അവർക്കു വകതിരിവില്ല.+
13 ഞങ്ങൾക്കു നിയമിച്ചുതന്നിട്ടുള്ള* പ്രദേശത്തിന്റെ അതിരുകൾക്കുള്ളിൽ ചെയ്തിട്ടുള്ളതിനെക്കുറിച്ച് മാത്രമേ ഞങ്ങൾ വീമ്പിളക്കൂ. ആ അതിരിന് അപ്പുറത്തുള്ളതിനെക്കുറിച്ച് ഞങ്ങൾ വീമ്പിളക്കില്ല. ആ അതിരിന് ഉള്ളിലാണു നിങ്ങൾ.+
14 ആയാസപ്പെട്ട് കൈയെത്തിപ്പിടിക്കാൻ നിങ്ങൾ ഞങ്ങളുടെ അതിർത്തിക്ക് അപ്പുറത്തല്ലല്ലോ. ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിച്ചുകൊണ്ട് നിങ്ങളുടെ അടുത്തേക്ക് ആദ്യം വന്നതുതന്നെ ഞങ്ങളല്ലേ?+
15 ഞങ്ങൾക്കു നിയമിച്ചുതന്ന അതിരിനു വെളിയിൽ മറ്റൊരാൾ അധ്വാനിച്ചുണ്ടാക്കിയതിനെക്കുറിച്ചല്ല ഞങ്ങൾ വീമ്പിളക്കുന്നത്. നിങ്ങളുടെ വിശ്വാസം വർധിക്കുന്നതനുസരിച്ച് ഞങ്ങളുടെ അതിർത്തിക്കുള്ളിൽ ഞങ്ങൾ ചെയ്തതിനു വലിയ വളർച്ച ഉണ്ടാകുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനമണ്ഡലം കുറച്ചുകൂടെ വിശാലമാക്കും.
16 നിങ്ങളുടേതിന് അപ്പുറത്തുള്ള നാടുകളിലും സന്തോഷവാർത്തയുമായി ഞങ്ങൾ കടന്നുചെല്ലും. കാരണം മറ്റൊരാളുടെ പ്രദേശത്ത് അതിനോടകം ഉണ്ടായ നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല.
17 “വീമ്പിളക്കുന്നവൻ യഹോവയിൽ* വീമ്പിളക്കട്ടെ.”+
18 കാരണം സ്വയം പുകഴ്ത്തുന്നവനല്ല,+ യഹോവ* പുകഴ്ത്തുന്നവനാണ് അംഗീകാരം കിട്ടുന്നത്.+
അടിക്കുറിപ്പുകള്
^ അക്ഷ. “കത്തുകളിലെ വാക്കുകളിൽ ഞങ്ങൾ എങ്ങനെയോ, അങ്ങനെയായിരിക്കും.”
^ അക്ഷ. “പ്രവൃത്തിയിലും.”
^ അഥവാ “അളന്നുതിരിച്ചുതന്നിട്ടുള്ള.”