കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത് 12:1-21
12 വീമ്പിളക്കുന്നതുകൊണ്ട് നേട്ടമില്ലെങ്കിലും എനിക്കു വീമ്പിളക്കേണ്ടിവരുന്നു. കർത്താവിൽനിന്നുള്ള ദർശനങ്ങളിലേക്കും+ വെളിപാടുകളിലേക്കും ഞാൻ കടക്കട്ടെ.+
2 ക്രിസ്തുവിനോടു യോജിപ്പിലുള്ള ഒരു മനുഷ്യനെ എനിക്ക് അറിയാം. 14 വർഷം മുമ്പ് അയാൾ പെട്ടെന്നു മൂന്നാം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. ശരീരത്തോടെയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിയില്ല, പക്ഷേ ദൈവത്തിന് അറിയാം.
3 അതെ, അങ്ങനെ ഒരു മനുഷ്യനെ എനിക്ക് അറിയാം. പക്ഷേ ശരീരത്തോടെയാണോ ശരീരം കൂടാതെയാണോ എടുക്കപ്പെട്ടത് എന്ന് എനിക്ക് അറിയില്ല, പക്ഷേ ദൈവത്തിന് അറിയാം.
4 ആ മനുഷ്യൻ പറുദീസയിലേക്ക് എടുക്കപ്പെട്ടു. പറഞ്ഞുകൂടാത്തതും മനുഷ്യർക്കു പറയാൻ അനുവാദമില്ലാത്തതും ആയ വാക്കുകൾ അയാൾ കേട്ടു.
5 ആ മനുഷ്യനെക്കുറിച്ച് ഞാൻ അഭിമാനത്തോടെ സംസാരിക്കും. പക്ഷേ എന്നെക്കുറിച്ച് എന്റെ ബലഹീനതകളെപ്പറ്റിയല്ലാതെ ഞാൻ വീമ്പിളക്കില്ല.
6 അഥവാ, ഞാൻ വീമ്പിളക്കാൻ മുതിർന്നാൽത്തന്നെ ഞാൻ പറയുന്നതു വിഡ്ഢിത്തമാകില്ല. കാരണം ഞാൻ സത്യമേ പറയൂ. എങ്കിലും എന്നിൽ കാണുകയോ എന്നിൽനിന്ന് കേൾക്കുകയോ ചെയ്യുന്നതിന് അപ്പുറമുള്ള എന്തിന്റെയെങ്കിലും പേരിൽ ആരും എനിക്കു ബഹുമതി തരാൻ ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് ഞാൻ വീമ്പിളക്കില്ല.
7 എനിക്ക് ഇങ്ങനെയുള്ള അസാധാരണമായ വെളിപാടുകൾ കിട്ടുന്നല്ലോ എന്ന് ഓർത്ത് ആളുകൾ എനിക്കു ബഹുമതി തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.
ഞാൻ വല്ലാതെ അഹങ്കരിച്ചുപോകാതിരിക്കാൻ എന്റെ ജഡത്തിൽ* ഒരു മുള്ളു വെച്ചിരിക്കുന്നു.+ ഞാൻ നിഗളിക്കാതിരിക്കാൻ എന്നെ വീണ്ടുംവീണ്ടും അടിക്കാനുള്ള സാത്താന്റെ ഒരു ദൂതനാണ് അത്.
8 ഈ മുള്ള് എന്നിൽനിന്ന് നീക്കിക്കളയാൻവേണ്ടി ഞാൻ മൂന്നു പ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചു.
9 പക്ഷേ കർത്താവ് എന്നോടു പറഞ്ഞു: “എന്റെ അനർഹദയ മതി നിനക്ക്. കാരണം ബലഹീനതയിലാണ് എന്റെ ശക്തി പൂർണമാകുന്നത്.”+ അതുകൊണ്ട് ക്രിസ്തുവിന്റെ ശക്തി എന്റെ മീതെ ഒരു കൂടാരംപോലെ നിൽക്കാൻവേണ്ടി ഞാൻ ഏറ്റവും സന്തോഷത്തോടെ എന്റെ ബലഹീനതകളെപ്പറ്റി വീമ്പിളക്കും.
10 ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കമുള്ള സാഹചര്യങ്ങൾ, ഉപദ്രവങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവ സഹിക്കുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ. കാരണം ബലഹീനനായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തനുമാണ്.+
11 ഞാൻ വിഡ്ഢിയായിരിക്കുന്നു. നിങ്ങളാണ് എന്നെ അങ്ങനെയാക്കിയത്. വാസ്തവത്തിൽ, നിങ്ങൾ എന്നെക്കുറിച്ച് പുകഴ്ത്തിപ്പറയേണ്ടിയിരുന്നതാണ്. കാരണം, ഞാൻ തീരെ നിസ്സാരനാണെങ്കിലും നിങ്ങളുടെ അതികേമന്മാരായ അപ്പോസ്തലന്മാരെക്കാൾ ഒരു കാര്യത്തിലും ഒട്ടും കുറഞ്ഞവനല്ല.+
12 വാസ്തവത്തിൽ എന്റെ വലിയ സഹനത്തിലൂടെയും,+ നിങ്ങൾ കണ്ട അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും വിസ്മയപ്രവൃത്തികളിലൂടെയും+ ഞാൻ ഒരു അപ്പോസ്തലനാണ് എന്നതിന്റെ തെളിവുകൾ നിങ്ങൾക്കു വെളിപ്പെട്ടതാണല്ലോ.
13 ഞാൻ നിങ്ങൾക്ക് ഒരു ഭാരമായില്ല+ എന്നതൊഴിച്ചാൽ ഏതു കാര്യത്തിലാണു നിങ്ങൾക്കു മറ്റു സഭകളെക്കാൾ കുറവ് വന്നിട്ടുള്ളത്? ദയവുചെയ്ത് ആ തെറ്റ് എന്നോടു ക്ഷമിച്ചാലും.
14 ഇതു മൂന്നാം പ്രാവശ്യമാണു നിങ്ങളെ വന്ന് കാണാൻ ഞാൻ ഒരുങ്ങുന്നത്. ഞാൻ നിങ്ങൾക്ക് ഒരു ഭാരമാകില്ല. എനിക്കു വേണ്ടത് നിങ്ങളുടെ വസ്തുവകകളല്ല,+ നിങ്ങളെയാണ്. കാരണം മക്കൾ+ അമ്മയപ്പന്മാർക്കുവേണ്ടിയല്ല, അമ്മയപ്പന്മാർ മക്കൾക്കുവേണ്ടിയാണല്ലോ സമ്പാദിച്ചുവെക്കേണ്ടത്.
15 അതുകൊണ്ട് ഞാൻ ഏറ്റവും സന്തോഷത്തോടെ എനിക്കുള്ളതും എന്നെത്തന്നെയും നിങ്ങൾക്കുവേണ്ടി തരും.+ ഞാൻ നിങ്ങളെ ഇത്രയധികം സ്നേഹിക്കുമ്പോൾ നിങ്ങൾ എന്നെ ഇത്ര കുറച്ചാണോ സ്നേഹിക്കേണ്ടത്?
16 അത് എന്തുമാകട്ടെ, ഞാൻ നിങ്ങളെ ഭാരപ്പെടുത്തിയിട്ടില്ല.+ എന്നിട്ടും ഞാൻ “സൂത്രക്കാരൻ” ആണെന്നും ഞാൻ നിങ്ങളെ “തന്ത്രപൂർവം” വശത്താക്കിയെന്നും നിങ്ങൾ പറയുന്നു.
17 നിങ്ങളുടെ അടുത്തേക്ക് അയച്ച ആരെയെങ്കിലും ഉപയോഗിച്ച് ഞാൻ നിങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടോ?
18 നിങ്ങളുടെ അടുത്തേക്കു വരാൻ ഞാൻ തീത്തോസിനോട് അഭ്യർഥിച്ചു. കൂടെ ഒരു സഹോദരനെയും പറഞ്ഞയച്ചു. തീത്തോസ് നിങ്ങളെ ചൂഷണം ചെയ്തോ?+ ഞങ്ങൾക്ക് ഒരേ മനോഭാവമായിരുന്നില്ലേ?* ഒരേ പാതയല്ലേ ഞങ്ങൾ പിന്തുടർന്നത്?
19 ഞങ്ങൾ നിങ്ങളുടെ മുന്നിൽ സ്വയം ന്യായീകരിക്കുകയാണെന്നാണോ നിങ്ങൾ ഇപ്പോഴും വിചാരിക്കുന്നത്? ക്രിസ്തുവിനോടു യോജിപ്പിലായവരെന്ന നിലയിൽ ദൈവസന്നിധിയിലാണു ഞങ്ങൾ സംസാരിക്കുന്നത്. പ്രിയപ്പെട്ടവരേ, ഞങ്ങൾ ഇതെല്ലാം ചെയ്യുന്നതു നിങ്ങളെ ബലപ്പെടുത്താൻവേണ്ടിയാണ്.
20 ഞാൻ വരുമ്പോൾ എനിക്ക് ഇഷ്ടമില്ലാത്ത വിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വിധത്തിൽ നിങ്ങൾ എന്നെ കാണുകയും ചെയ്യുമോ എന്നാണ് എന്റെ പേടി. കലഹം, അസൂയ, കോപംകൊണ്ട് പൊട്ടിത്തെറിക്കൽ, അഭിപ്രായഭിന്നത, ഏഷണി, കുശുകുശുപ്പ്,* അഹങ്കാരം, കുഴഞ്ഞുമറിഞ്ഞ അവസ്ഥ ഇതൊക്കെയായിരിക്കുമോ നിങ്ങൾക്കിടയിൽ കാണുക എന്നു ഞാൻ ഭയക്കുന്നു.
21 ഒരുപക്ഷേ ഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം നിങ്ങളുടെ മുന്നിൽ എന്നെ ലജ്ജിപ്പിച്ചേക്കാം. പാപത്തിൽ നടന്നിരുന്ന പലരും അവരുടെ അശുദ്ധി, ലൈംഗിക അധാർമികത,* ധിക്കാരത്തോടെയുള്ള പെരുമാറ്റം* എന്നിവയെപ്പറ്റി പശ്ചാത്തപിക്കാത്തതുകൊണ്ട് അവരെ ഓർത്ത് എനിക്കു സങ്കടപ്പെടേണ്ടിവരുമായിരിക്കും.
അടിക്കുറിപ്പുകള്
^ അക്ഷ. “ഒരേ ആത്മാവോടെയല്ലേ ഞങ്ങൾ നടന്നത്?”
^ അഥവാ “പരകാര്യങ്ങൾ പറഞ്ഞുപരത്തൽ.”