കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത് 3:1-18
3 ഞങ്ങൾ എങ്ങനെയുള്ളവരാണെന്ന് ഇനിയും നിങ്ങളെ ബോധ്യപ്പെടുത്തണോ? മറ്റു ചിലരെപ്പോലെ നിങ്ങൾക്കു ശുപാർശക്കത്തുകൾ തരുകയോ നിങ്ങളിൽനിന്ന് അവ വാങ്ങുകയോ ചെയ്യേണ്ട ആവശ്യം ഞങ്ങൾക്കുണ്ടോ?
2 ഞങ്ങളുടെ കത്തു നിങ്ങൾതന്നെയാണ്.+ അതു ഞങ്ങളുടെ ഹൃദയങ്ങളിലാണ് എഴുതിയിരിക്കുന്നത്. എല്ലാ മനുഷ്യരും അത് അറിയുകയും വായിക്കുകയും ചെയ്യുന്നു.
3 ശുശ്രൂഷകർ എന്ന നിലയിൽ ഞങ്ങൾ എഴുതിയ ക്രിസ്തുവിന്റെ കത്താണു നിങ്ങൾ എന്നതു വ്യക്തമാണ്.+ അത് എഴുതിയതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലാണ്. കൽപ്പലകകളിലല്ല,+ ഹൃദയമെന്ന മാംസപ്പലകകളിലാണ്.+
4 ഞങ്ങൾക്കു ദൈവസന്നിധിയിൽ ക്രിസ്തു മുഖാന്തരം ഈ വിധത്തിലുള്ള ഒരു ഉറപ്പുണ്ട്.
5 ഞങ്ങൾക്കു വേണ്ട യോഗ്യത ഞങ്ങൾ സ്വന്തപ്രയത്നത്താൽ നേടിയതല്ല, അതു ദൈവം തന്നതാണ്.+ അതുകൊണ്ട് അതിന്റെ മഹത്ത്വം ഞങ്ങൾക്കുള്ളതല്ല.
6 ദൈവം ഞങ്ങളെ പുതിയ ഉടമ്പടിയുടെ+ ശുശ്രൂഷകരായിരിക്കാൻ യോഗ്യരാക്കി; എഴുതിവെച്ചിരിക്കുന്ന ഒരു നിയമസംഹിതയുടെ+ ശുശ്രൂഷകരല്ല, ദൈവാത്മാവിന്റെ ശുശ്രൂഷകരായിരിക്കാനാണു യോഗ്യരാക്കിയത്. എഴുതപ്പെട്ട നിയമസംഹിത മരണത്തിനു വിധിക്കുന്നു.+ പക്ഷേ ദൈവാത്മാവ് ജീവിപ്പിക്കുന്നു.+
7 മരണം വരുത്തുന്ന, കല്ലിൽ അക്ഷരങ്ങളായി കൊത്തിയ ആ നിയമസംഹിത+ തേജസ്സോടെയാണു വെളിപ്പെട്ടത്. ആ തേജസ്സു നീങ്ങിപ്പോകാനുള്ളതായിരുന്നെങ്കിലും ഇസ്രായേൽമക്കൾക്കു നോക്കാൻപോലും പറ്റാത്തത്ര തേജസ്സായിരുന്നു അപ്പോൾ മോശയുടെ മുഖത്ത്.+
8 ആ സ്ഥിതിക്ക്, ദൈവാത്മാവിന്റെ ശുശ്രൂഷ+ അതിലും എത്രയോ തേജസ്സുള്ളതായിരിക്കണം!+
9 കുറ്റക്കാരായി വിധിക്കുന്ന നിയമസംഹിത+ തേജസ്സുള്ളതായിരുന്നെങ്കിൽ+ നീതിമാന്മാരായി പ്രഖ്യാപിക്കുന്ന ശുശ്രൂഷ അതിലും എത്രയോ തേജസ്സുള്ളതായിരിക്കും!+
10 ഒരു കാലത്ത് തേജസ്സോടെ വന്ന അത് അതിനെ വെല്ലുന്ന തേജസ്സു വന്നപ്പോൾ നിഷ്പ്രഭമായിപ്പോയി.+
11 നീങ്ങിപ്പോകാനിരുന്നതു തേജസ്സോടെ വന്നെങ്കിൽ+ നിലനിൽക്കുന്നത് എത്രയോ അധികം തേജസ്സുള്ളതായിരിക്കും!+
12 ഇങ്ങനെയൊരു പ്രത്യാശയുള്ളതുകൊണ്ട്+ ധൈര്യത്തോടെ സംസാരിക്കാൻ നമുക്കു കഴിയുന്നു.*
13 നീങ്ങിപ്പോകാനിരുന്ന തേജസ്സിലേക്ക്* ഇസ്രായേൽമക്കൾ നോക്കിക്കൊണ്ടിരിക്കുന്നത് ഒഴിവാക്കാൻ മോശ തുണികൊണ്ട് മുഖം മൂടിയതുപോലെ,+ നമ്മൾ ചെയ്യുന്നില്ല.
14 അവരുടെ മനസ്സ് ഇരുളടഞ്ഞുപോയിരുന്നു.+ ഇന്നും പഴയ ഉടമ്പടി വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സ് അതേ മൂടുപടംകൊണ്ട് മറഞ്ഞുതന്നെയിരിക്കുന്നു.+ കാരണം ക്രിസ്തുവിലൂടെ മാത്രമേ അത് എടുത്തുമാറ്റാനാകൂ.+
15 അതെ, ഇന്നും മോശ എഴുതിയതു വായിക്കുമ്പോൾ+ അവരുടെ ഹൃദയത്തെ ഒരു മൂടുപടം മറച്ചിരിക്കുകയാണ്.+
16 എന്നാൽ ഒരാൾ യഹോവയിലേക്കു* തിരിയുമ്പോൾ ആ മൂടുപടം നീങ്ങുന്നു.+
17 യഹോവ* ഒരു ആത്മവ്യക്തിയാണ്.+ യഹോവയുടെ* ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്.+
18 മൂടുപടം നീങ്ങിയ മുഖത്തോടെ യഹോവയുടെ* തേജസ്സു കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്ന നമ്മൾ കൂടുതൽക്കൂടുതൽ തേജസ്സുള്ളവരായി* ആത്മവ്യക്തിയായ യഹോവ* നമ്മളെ ആക്കിത്തീർക്കുന്നതുപോലെ ദൈവത്തിന്റെ ഛായയിലേക്കു രൂപാന്തരപ്പെടുന്നു.+
അടിക്കുറിപ്പുകള്
^ അഥവാ “നമുക്കു വലിയ സംസാരസ്വാതന്ത്ര്യമുണ്ട്.”
^ അക്ഷ. “നീങ്ങിപ്പോകാനിരിക്കുന്നതിന്റെ പരിസമാപ്തിയിലേക്ക്.”
^ അക്ഷ. “തേജസ്സിൽനിന്ന് തേജസ്സിലേക്ക്.”