കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത് 5:1-21
5 ഭൂമിയിലെ ഞങ്ങളുടെ വീടായ ഈ കൂടാരം പൊളിഞ്ഞുപോയാലും+ ദൈവത്തിൽനിന്നുള്ള ഒരു കെട്ടിടം ഞങ്ങൾക്കു കിട്ടുമെന്നു ഞങ്ങൾക്ക് അറിയാം. കൈകൊണ്ട് പണിതതല്ലാത്ത ആ വീടു+ സ്വർഗത്തിലുള്ളതും നിത്യം നിലനിൽക്കുന്നതും ആണ്.
2 ഞങ്ങൾക്കുവേണ്ടി സ്വർഗത്തിൽ കരുതിയിട്ടുള്ള+ അതു ധരിക്കാൻ അതിയായി ആഗ്രഹിക്കുന്ന ഞങ്ങൾ ഈ വീട്ടിൽ കഴിയുമ്പോൾ വാസ്തവത്തിൽ ഞരങ്ങുകയാണ്.
3 അതു ധരിക്കുമ്പോൾ ഞങ്ങൾ നഗ്നരായി കാണപ്പെടില്ല.
4 ഈ കൂടാരത്തിൽ കഴിയുന്ന ഞങ്ങൾ ഭാരപ്പെട്ട് ഞരങ്ങുന്നതു നശ്വരമായ ഇത് ഉരിഞ്ഞുകളയാനുള്ള ആഗ്രഹംകൊണ്ടല്ല, സ്വർഗീയമായതു ധരിക്കാനുള്ള ആഗ്രഹംകൊണ്ടാണ്.+ അപ്പോൾ, നശ്വരമായ ഇതിനെ ജീവൻ വിഴുങ്ങിക്കളയുമല്ലോ.+
5 വരാൻപോകുന്നതിന്റെ ഉറപ്പായി*+ പരിശുദ്ധാത്മാവിനെ* തന്ന ദൈവമാണ്+ ഇതിനുവേണ്ടി ഞങ്ങളെ ഒരുക്കിയത്.
6 അതുകൊണ്ട് ഞങ്ങൾ എപ്പോഴും നല്ല ധൈര്യമുള്ളവരാണ്. അതേസമയം ഞങ്ങളുടെ വീട് ഈ ശരീരത്തിലായിരിക്കുന്നിടത്തോളം ഞങ്ങൾ കർത്താവിൽനിന്ന് അകലെയാണെന്നും ഞങ്ങൾക്ക് അറിയാം.+
7 കാഴ്ചയാലല്ല വിശ്വാസത്താലാണു ഞങ്ങൾ നടക്കുന്നത്.
8 എങ്കിലും ഞങ്ങൾ നല്ല ധൈര്യത്തോടെ, ഈ ശരീരം വിട്ട് കർത്താവിന്റെകൂടെ താമസിക്കാൻ കാത്തിരിക്കുന്നു. അതാണു ഞങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത്.+
9 അതുകൊണ്ട് കർത്താവിന്റെകൂടെ താമസിച്ചാലും കർത്താവിൽനിന്ന് അകലെയായിരുന്നാലും കർത്താവിന്റെ അംഗീകാരമുണ്ടായിരിക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം.
10 നമ്മളെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു* മുന്നിൽ നിൽക്കേണ്ടവരാണല്ലോ. ഈ ശരീരത്തിലായിരിക്കുമ്പോൾ ചെയ്ത നന്മയ്ക്കോ തിന്മയ്ക്കോ ഉള്ള പ്രതിഫലം അപ്പോൾ കിട്ടും.+
11 അതുകൊണ്ട് കർത്താവിനെ ഭയപ്പെടണമെന്ന് അറിയാവുന്ന ഞങ്ങൾ ആളുകൾക്കു ബോധ്യം വരുന്ന രീതിയിൽ അവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ദൈവത്തിനു ഞങ്ങളെ നന്നായി അറിയാം. അതുപോലെ, നിങ്ങളുടെ മനസ്സാക്ഷിക്കും ഞങ്ങളെ നന്നായി അറിയാമായിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു.
12 ഞങ്ങൾ വീണ്ടും നിങ്ങളുടെ മുന്നിൽ ഞങ്ങളെത്തന്നെ പുകഴ്ത്തുകയല്ല, ഞങ്ങളെപ്രതി അഭിമാനിക്കാൻ നിങ്ങൾക്കു കാരണം തരുകയാണ്. അങ്ങനെ, ഹൃദയത്തിലുള്ളതു നോക്കാതെ പുറമേ കാണുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ+ വീമ്പിളക്കുന്നവരോട് ഉത്തരം പറയാൻ നിങ്ങൾക്കാകും.
13 ഞങ്ങൾ സുബോധമില്ലാത്തവരായിരുന്നെങ്കിൽ+ അതു ദൈവത്തിനുവേണ്ടിയായിരുന്നു; സുബോധമുള്ളവരാണെങ്കിലോ, അതു നിങ്ങൾക്കുവേണ്ടിയും.
14 ക്രിസ്തുവിന്റെ സ്നേഹമാണു ഞങ്ങളെ നിർബന്ധിക്കുന്നത്. കാരണം ഒരു മനുഷ്യൻ എല്ലാവർക്കുംവേണ്ടി മരിച്ചെന്നു ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.+ വാസ്തവത്തിൽ, എല്ലാവരും മരിച്ചവരായിരുന്നല്ലോ.
15 അങ്ങനെ, ക്രിസ്തു എല്ലാവർക്കുംവേണ്ടി മരിച്ചതുകൊണ്ട് ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടിയല്ല,+ തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനുവേണ്ടി ജീവിക്കണം.
16 അതുകൊണ്ട് ഇനിമുതൽ ഞങ്ങൾ ഒരാളെയും മാനുഷികമായ കാഴ്ചപ്പാടിൽ കാണില്ല.+ മുമ്പ് ഞങ്ങൾ ക്രിസ്തുവിനെ അറിഞ്ഞിരുന്നതു ജഡപ്രകാരമാണെങ്കിലും* ഇപ്പോൾ അങ്ങനെയല്ല.+
17 അതുകൊണ്ട് ക്രിസ്തുവിനോടു യോജിപ്പിലായവൻ ഒരു പുതിയ സൃഷ്ടിയാണ്.+ പഴയതു കടന്നുപോയി. പക്ഷേ ഇതാ, പുതിയതു വന്നുകഴിഞ്ഞു!
18 എന്നാൽ എല്ലാം ദൈവത്തിൽനിന്നാണ്. ദൈവം ക്രിസ്തുവിലൂടെ ഞങ്ങളെ ദൈവവുമായി അനുരഞ്ജനത്തിലാക്കി+ അനുരഞ്ജനത്തിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നു.+
19 ദൈവം ഒരു ലോകത്തെ, അവരുടെ തെറ്റുകൾ കണക്കിലെടുക്കാതെ+ ക്രിസ്തുവിലൂടെ താനുമായി അനുരഞ്ജനത്തിലാക്കുകയാണെന്ന് ആ ശുശ്രൂഷയിലൂടെ ഞങ്ങൾ പ്രഖ്യാപിക്കുന്നു.+ അനുരഞ്ജനത്തിന്റെ ഈ സന്ദേശം ദൈവം ഞങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ്.+
20 അതുകൊണ്ട് ഞങ്ങൾ ക്രിസ്തുവിന്റെ പകരക്കാരായ സ്ഥാനപതികളാണ്.+ “ദൈവവുമായി അനുരഞ്ജനപ്പെടൂ” എന്നു ഞങ്ങൾ ക്രിസ്തുവിന്റെ പകരക്കാരായി യാചിക്കുന്നു.+ ഇതു ഞങ്ങളിലൂടെ ദൈവംതന്നെ അപേക്ഷിക്കുന്നതുപോലെയാണ്.
21 പാപത്തെ അറിയാത്ത ഒരാളെ+ ദൈവം നമുക്കുവേണ്ടി പാപമാക്കി.* ആ ഒരാളിലൂടെ നമ്മളെ ദൈവമുമ്പാകെ നീതിമാന്മാരാക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം.+
അടിക്കുറിപ്പുകള്
^ “ആദ്യഗഡുവായി (അച്ചാരമായി); അഡ്വാൻസ് തുകയായി; ഈടായി.”
^ ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
^ അതായത്, ന്യായാധിപന്റെ ഇരിപ്പിടം.
^ അഥവാ “പാപയാഗമാക്കി.”