കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത് 6:1-18
6 നിങ്ങളോടു ദൈവം കാണിച്ച അനർഹദയ വെറുതേയായിപ്പോകാൻ ഇടവരുത്തരുതെന്നു+ ദൈവത്തിന്റെ സഹപ്രവർത്തകരായ+ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു.
2 “സ്വീകാര്യമായ ഒരു സമയത്ത് ഞാൻ നിനക്കു ചെവി ചായിച്ചു; രക്ഷയുടെ ഒരു ദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു”+ എന്നു ദൈവം പറയുന്നുണ്ടല്ലോ. എന്നാൽ ഇപ്പോഴാണ് ഏറെ സ്വീകാര്യമായ സമയം! ഇതാണു ശരിക്കും രക്ഷാദിവസം!
3 ഞങ്ങളുടെ ശുശ്രൂഷയെക്കുറിച്ച് ആരും ഒരു കുറ്റവും പറയരുതല്ലോ. അതുകൊണ്ട് ഞങ്ങൾ കാരണം ആരും ഒരുതരത്തിലും ഇടറിവീഴാതിരിക്കാൻ ഞങ്ങൾ നോക്കുന്നു.+
4 എല്ലാ വിധത്തിലും ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു+ തെളിയിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്. കുറെയേറെ സഹനം, കഷ്ടപ്പാടുകൾ, ഞെരുക്കം, ബുദ്ധിമുട്ടുകൾ,+
5 തല്ല്, തടവ്,+ കലാപങ്ങൾ, കഠിനാധ്വാനം, ഉറക്കമില്ലാത്ത രാത്രികൾ, പട്ടിണി,+
6 ശുദ്ധി, അറിവ്, ക്ഷമ,+ ദയ,+ പരിശുദ്ധാത്മാവ്, കാപട്യമില്ലാത്ത സ്നേഹം,+
7 സത്യസന്ധമായ സംസാരം, ദൈവശക്തി+ എന്നിവയാലും വലങ്കൈയിലും* ഇടങ്കൈയിലും* ഉള്ള നീതിയുടെ ആയുധങ്ങളാലും,+
8 മാനത്താലും അപമാനത്താലും, ദുഷ്കീർത്തിയാലും സത്കീർത്തിയാലും ഒക്കെയാണു ഞങ്ങൾ അതു തെളിയിക്കുന്നത്. വഞ്ചിക്കുന്നവരായിട്ടാണു ഞങ്ങളെ കണക്കാക്കുന്നതെങ്കിലും ഞങ്ങൾ സത്യസന്ധരാണ്.
9 ഒട്ടും അറിയപ്പെടാത്തവരായിട്ടാണു ഞങ്ങളെ വീക്ഷിക്കുന്നതെങ്കിലും ഞങ്ങൾ നന്നായി അറിയപ്പെടുന്നവരാണ്. ഞങ്ങൾ മരിച്ചുപോകുമെന്നു* കരുതിയെങ്കിലും ഞങ്ങൾ ഇതാ, ജീവിക്കുന്നു!+ ഞങ്ങൾ ശിക്ഷ അനുഭവിക്കുന്നെങ്കിലും ഇതുവരെ ഞങ്ങളെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തിട്ടില്ല.+
10 ഞങ്ങൾ ദുഃഖിതരായി കാണപ്പെട്ടാലും എപ്പോഴും സന്തോഷിക്കുന്നു. ദരിദ്രരാണെന്നു തോന്നിയാലും ഒരുപാടു പേരെ സമ്പന്നരാക്കുന്നു. ഒന്നുമില്ലാത്തവരായി കാണപ്പെട്ടാലും എല്ലാമുള്ളവരാണു ഞങ്ങൾ.+
11 കൊരിന്തുകാരേ, ഞങ്ങൾ നിങ്ങളോട് എല്ലാം തുറന്ന് സംസാരിച്ചു. ഞങ്ങൾ ഹൃദയം വിശാലമായി തുറന്നു.
12 നിങ്ങളോടു സ്നേഹം കാണിക്കുന്നതിൽ ഞങ്ങൾ ഒരു പരിധിയും വെച്ചിട്ടില്ല;+ പക്ഷേ ഞങ്ങളോട് ആർദ്രസ്നേഹം കാണിക്കുന്നതിൽ നിങ്ങൾ പരിധി വെച്ചിരിക്കുന്നു.
13 അതുകൊണ്ട് സ്വന്തം മക്കളോടു പറയുന്നതുപോലെ ഞാൻ പറയുകയാണ്: നിങ്ങളും ഹൃദയം വിശാലമായി തുറക്കണം.*+
14 അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീഴിൽ വരരുത്.*+ നീതിയും അധർമവും തമ്മിൽ എന്തു ബന്ധമാണുള്ളത്?+ വെളിച്ചവും ഇരുട്ടും തമ്മിൽ എന്തെങ്കിലും യോജിപ്പുണ്ടോ?+
15 ക്രിസ്തുവിനും ബലീയാലിനും*+ തമ്മിൽ എന്താണു പൊരുത്തം? വിശ്വാസിയും അവിശ്വാസിയും തമ്മിൽ എന്തിലെങ്കിലും സമാനതയുണ്ടോ?+
16 ദേവാലയത്തിനു വിഗ്രഹങ്ങളുമായി എന്തു ബന്ധം?+ നമ്മൾ ജീവനുള്ള ദൈവത്തിന്റെ ആലയമല്ലേ?+ കാരണം ദൈവം പറഞ്ഞത് ഇതാണ്: “ഞാൻ അവരുടെ ഇടയിൽ താമസിക്കുകയും+ അവരുടെ ഇടയിൽ നടക്കുകയും ചെയ്യും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.”+
17 “‘അതുകൊണ്ട് അവരുടെ ഇടയിൽനിന്ന് പുറത്ത് കടന്ന് അവരിൽനിന്ന് അകന്നുമാറൂ, അശുദ്ധമായതു തൊടരുത്;’”+ “‘എങ്കിൽ ഞാൻ നിങ്ങളെ സ്വീകരിക്കും’+ എന്ന് യഹോവ* പറയുന്നു.”
18 “‘ഞാൻ നിങ്ങളുടെ പിതാവും+ നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും ആകും’+ എന്നു സർവശക്തനായ യഹോവ* പറയുന്നു.”
അടിക്കുറിപ്പുകള്
^ ഒരുപക്ഷേ, ആക്രമിക്കാനുള്ളത്.
^ ഒരുപക്ഷേ, പ്രതിരോധിക്കാനുള്ളത്.
^ അഥവാ “മരണം അർഹിക്കുന്നവരാണെന്ന്.”
^ അഥവാ “വിശാലതയുള്ളവരാകണം.”
^ ചേർച്ചയില്ലാത്ത രീതിയിൽ ഒരേ നുകത്തിൽ കെട്ടുന്നതിനെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം സൂചിപ്പിക്കുന്നത്.
^ “ഒന്നിനും കൊള്ളാത്ത” എന്ന് അർഥമുള്ള ഒരു എബ്രായപദത്തിൽനിന്നുള്ളത്. സാത്താനെ സൂചിപ്പിക്കുന്നു.