കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത് 9:1-15
9 വിശുദ്ധർക്കുവേണ്ടിയുള്ള ഈ ശുശ്രൂഷയെക്കുറിച്ച്+ ഞാൻ നിങ്ങൾക്ക് എഴുതേണ്ട കാര്യമേ ഇല്ല.
2 സഹായിക്കാനുള്ള നിങ്ങളുടെ മനസ്സൊരുക്കത്തെക്കുറിച്ച് എനിക്ക് അറിയാം. ‘കഴിഞ്ഞ ഒരു വർഷമായി അഖായക്കാർ ഒരുങ്ങിയിരിക്കുകയാണ്’ എന്നു നിങ്ങളെപ്പറ്റി ഞാൻ മാസിഡോണിയക്കാരോടു പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഉത്സാഹം അവരിൽ മിക്കവർക്കും ഒരു പ്രചോദനമായി.
3 ഇക്കാര്യത്തിൽ നിങ്ങളെക്കുറിച്ച് ഞങ്ങൾ പുകഴ്ത്തിപ്പറഞ്ഞതു വെറുതേയല്ലെന്നു വരാനും നിങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞതുപോലെതന്നെ നിങ്ങൾ ശരിക്കും ഒരുങ്ങിയിരിക്കാനും വേണ്ടിയാണു ഞാൻ ഈ സഹോദരന്മാരെ അയയ്ക്കുന്നത്.
4 അല്ലെങ്കിൽ ഒരുപക്ഷേ, മാസിഡോണിയക്കാർ എന്റെകൂടെ വന്നിട്ട് നിങ്ങളെ ഒരുങ്ങിയിരിക്കാത്തവരായി കണ്ടാൽ നിങ്ങളെ വിശ്വസിച്ചതിന്റെ പേരിൽ ഞങ്ങൾ നാണംകെട്ടുപോകും. നിങ്ങളുടെ കാര്യമൊട്ടു പറയുകയും വേണ്ടാ.
5 അതുകൊണ്ടാണ് നിങ്ങൾ വാഗ്ദാനം ചെയ്ത ഉദാരമായ സംഭാവന മുൻകൂട്ടി ഒരുക്കിവെക്കണമെന്നു നിങ്ങളോട് ആവശ്യപ്പെടാൻവേണ്ടി ഈ സഹോദരന്മാരെ നേരത്തേതന്നെ അവിടേക്ക് അയയ്ക്കാൻ എനിക്കു തോന്നിയത്. അങ്ങനെയാകുമ്പോൾ, അതു ഞങ്ങൾ പിടിച്ചുവാങ്ങിയ ഒന്നായിട്ടല്ല, ഉദാരമായ സംഭാവനയായിത്തന്നെ ഇരിക്കുമല്ലോ.
6 എന്നാൽ ഇത് ഓർത്തുകൊള്ളൂ: കുറച്ച് വിതയ്ക്കുന്നവർ കുറച്ച് മാത്രമേ കൊയ്യൂ; ധാരാളം വിതയ്ക്കുന്നവരോ ധാരാളം കൊയ്യും.+
7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ. മനസ്സില്ലാമനസ്സോടെയോ* നിർബന്ധത്താലോ അരുത്.+ സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്.+
8 മാത്രമല്ല, തന്റെ അനർഹദയ മുഴുവൻ നിങ്ങളുടെ മേൽ ധാരാളമായി ചൊരിയാൻ ദൈവത്തിനു കഴിയും. അങ്ങനെ, ആവശ്യമുള്ളതെല്ലാം നിങ്ങൾക്ക് എപ്പോഴുമുണ്ടാകും. ഒപ്പം, നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടതും സമൃദ്ധമായുണ്ടാകും.+
9 (“അവൻ വാരിക്കോരി* കൊടുത്തു. ദരിദ്രർക്കു ദാനം ചെയ്തു. അവൻ എന്നെന്നും നീതിനിഷ്ഠൻ”+ എന്നാണല്ലോ എഴുതിയിട്ടുള്ളത്.
10 വിതക്കാരനു വിത്തും കഴിക്കാൻ അപ്പവും സമൃദ്ധമായി കൊടുക്കുന്ന ദൈവം നിങ്ങൾക്കും വിതയ്ക്കാൻ വിത്തു തരും. ദൈവം അതു ധാരാളമായിത്തന്നെ തരും. നിങ്ങൾ സമൃദ്ധമായി നീതി കൊയ്യാൻ ദൈവം ഇടയാക്കും.)
11 നിങ്ങൾ എല്ലാ വിധത്തിലും ഉദാരമനസ്കരായിരിക്കാൻവേണ്ടിയാണു ദൈവം എല്ലാത്തിലും നിങ്ങളെ അനുഗ്രഹിക്കുന്നത്. അങ്ങനെ ഞങ്ങളിലൂടെ വിതരണം ചെയ്യുന്ന നിങ്ങളുടെ ഔദാര്യദാനത്തെപ്രതി ആളുകൾ ദൈവത്തിനു നന്ദി പറയും.
12 പൊതുജനസേവനമായി നിങ്ങൾ ചെയ്യുന്ന ഈ ശുശ്രൂഷ വിശുദ്ധരുടെ ആവശ്യങ്ങൾ നന്നായി നിറവേറ്റാൻ ഉപകരിക്കുമെന്നു+ മാത്രമല്ല, അനേകമാളുകൾ ദൈവത്തോടു നന്ദി പറയാനും അവസരമൊരുക്കും.
13 ഈ ദുരിതാശ്വാസശുശ്രൂഷയിലൂടെ വ്യക്തമാകുന്ന നിങ്ങളുടെ സന്മനസ്സു കണ്ടിട്ട് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു. കാരണം നിങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നതുപോലെതന്നെ നിങ്ങൾ ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്കു കീഴ്പെട്ടിരിക്കുകയും അവർക്കും മറ്റെല്ലാവർക്കും വേണ്ടി ഉദാരമായി സംഭാവന കൊടുക്കുകയും ചെയ്യുന്നല്ലോ.+
14 ദൈവം നിങ്ങളോട് അളവറ്റ അനർഹദയ കാണിച്ചതുകൊണ്ട് അവർ നിങ്ങളെ സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ അവർ നിങ്ങൾക്കുവേണ്ടി ഉള്ളുരുകി പ്രാർഥിക്കുന്നു.
15 വാക്കുകൾകൊണ്ട് വർണിക്കാനാകാത്ത സൗജന്യമായ ഈ സമ്മാനത്തിനായി ദൈവത്തിനു നന്ദി.