തിമൊഥെയൊസിന് എഴുതിയ രണ്ടാമത്തെ കത്ത് 3:1-17
3 എന്നാൽ അവസാനകാലത്ത്+ ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക.
2 കാരണം മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും ദൈവനിന്ദകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും വിശ്വസിക്കാൻ കൊള്ളാത്തവരും
3 സഹജസ്നേഹമില്ലാത്തവരും ഒരു കാര്യത്തോടും യോജിക്കാത്തവരും പരദൂഷണം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും
4 ചതിയന്മാരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും
5 ഭക്തിയുടെ വേഷം കെട്ടുന്നെങ്കിലും അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവിക്കാത്തവരും ആയിരിക്കും.+ ഇവരിൽനിന്ന് അകന്നുമാറുക.
6 ഇക്കൂട്ടത്തിൽപ്പെട്ട ചില പുരുഷന്മാർ തന്ത്രപൂർവം വീടുകളിൽ കയറിപ്പറ്റി പല തരം മോഹങ്ങൾക്ക് അടിപ്പെട്ട, പാപഭാരം പേറിനടക്കുന്ന ദുർബലരായ സ്ത്രീകളെ പാട്ടിലാക്കുന്നു.
7 ഈ സ്ത്രീകൾ എത്ര പഠിച്ചിട്ടും സത്യത്തെക്കുറിച്ചുള്ള ശരിയായ* അറിവ് നേടാത്തവരാണ്.
8 യന്നേസും യംബ്രേസും മോശയോട് എതിർത്തുനിന്നതുപോലെ ഈ പുരുഷന്മാരും സത്യത്തെ എതിർക്കുന്നു. ഇവരുടെ മനസ്സു മുഴുവൻ ദുഷിച്ചതാണ്. വിശ്വാസത്തിൽ നടക്കാത്തതുകൊണ്ട് ദൈവത്തിന്റെ അംഗീകാരവും അവർക്കില്ല.
9 എങ്കിലും ഇവർ ഇങ്ങനെ അധികം മുന്നോട്ടു പോകില്ല. മുമ്പ് പറഞ്ഞ രണ്ടു പുരുഷന്മാരുടെ കാര്യത്തിലെന്നപോലെ ഇവരുടെ വിവരക്കേടും എല്ലാവർക്കും വ്യക്തമായി മനസ്സിലാകും.+
10 പക്ഷേ നീ എന്റെ പഠിപ്പിക്കൽ, ജീവിതരീതി,+ ലക്ഷ്യം, വിശ്വാസം, ക്ഷമ, സ്നേഹം, സഹനശക്തി,
11 അന്ത്യോക്യയിലും+ ഇക്കോന്യയിലും+ ലുസ്ത്രയിലും+ വെച്ച് ഞാൻ അനുഭവിച്ച ഉപദ്രവങ്ങൾ, കഷ്ടപ്പാടുകൾ എന്നിവയെല്ലാം അടുത്തറിഞ്ഞിട്ടുണ്ടല്ലോ. ഈ ഉപദ്രവങ്ങളെല്ലാം സഹിക്കേണ്ടിവന്നെങ്കിലും ഇവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷിച്ചു.+
12 വാസ്തവത്തിൽ, ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽ ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപദ്രവം സഹിക്കേണ്ടിവരും.+
13 അതേസമയം ദുഷ്ടമനുഷ്യരും തട്ടിപ്പുകാരും വഴിതെറ്റിച്ചും വഴിതെറ്റിക്കപ്പെട്ടും കൊണ്ട് അടിക്കടി അധഃപതിക്കും.+
14 എന്നാൽ നീ പഠിച്ച കാര്യങ്ങളിലും നിനക്കു ബോധ്യപ്പെടുത്തിത്തന്ന കാര്യങ്ങളിലും നിലനിൽക്കുക.+ നീ അവ ആരിൽനിന്നെല്ലാമാണു പഠിച്ചതെന്നും
15 ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ കിട്ടുന്നതിനു നിന്നെ ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ+ നിനക്കു ശൈശവംമുതലേ+ പരിചയമുള്ളതാണെന്നും+ മറക്കരുത്.
16 തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി+ എഴുതിയതാണ്. അവ പഠിപ്പിക്കാനും+ ശാസിക്കാനും കാര്യങ്ങൾ നേരെയാക്കാനും* നീതിയിൽ ശിക്ഷണം നൽകാനും+ ഉപകരിക്കുന്നു.
17 അതുവഴി, ദൈവഭക്തനായ ഒരു മനുഷ്യൻ ഏതു കാര്യത്തിനും പറ്റിയ, എല്ലാ സത്പ്രവൃത്തിയും ചെയ്യാൻ സജ്ജനായ, ഒരാളായിത്തീരുന്നു.