തെസ്സലോനിക്യയിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത് 1:1-12
1 പൗലോസും സില്വാനൊസും* തിമൊഥെയൊസും+ നമ്മുടെ പിതാവായ ദൈവത്തോടും കർത്താവായ യേശുക്രിസ്തുവിനോടും യോജിപ്പിലുള്ള തെസ്സലോനിക്യസഭയ്ക്ക് എഴുതുന്നത്:
2 പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും!
3 സഹോദരങ്ങളേ, നിങ്ങളുടെ വിശ്വാസം കൂടുതൽക്കൂടുതൽ വളരുകയും നിങ്ങൾക്ക് എല്ലാവർക്കും പരസ്പരമുള്ള സ്നേഹം വർധിച്ചുവരുകയും+ ചെയ്യുന്നതുകൊണ്ട് എപ്പോഴും നിങ്ങൾക്കുവേണ്ടി ദൈവത്തോടു നന്ദി പറയാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അത് ഉചിതവുമാണ്.
4 ഇക്കാരണത്താൽ ദൈവസഭകളിൽ ഞങ്ങൾ നിങ്ങളെക്കുറിച്ച് അഭിമാനത്തോടെയാണു+ സംസാരിക്കുന്നത്. ഇത്രയെല്ലാം ഉപദ്രവങ്ങളും കഷ്ടതകളും ഉണ്ടായിട്ടും*+ നിങ്ങൾ സഹനശക്തിയും വിശ്വാസവും കാണിക്കുന്നല്ലോ.
5 ഇതൊക്കെ ദൈവത്തിന്റെ വിധി നീതിയുള്ളതാണ് എന്നതിന്റെ തെളിവാണ്. ആ വിധിയുടെ അടിസ്ഥാനത്തിലാണല്ലോ നിങ്ങളെ ദൈവരാജ്യത്തിനു യോഗ്യരായി കണക്കാക്കുന്നത്. വാസ്തവത്തിൽ നിങ്ങൾ കഷ്ടത സഹിക്കുന്നതുതന്നെ ഈ ദൈവരാജ്യത്തിനുവേണ്ടിയാണ്.+
6 നിങ്ങളെ കഷ്ടപ്പെടുത്തുന്നവർക്ക് അതിനു പകരമായി കഷ്ടത നൽകുന്നതുകൊണ്ട് ദൈവത്തിന്റെ വിധി നീതിയുള്ളതാണ്.+
7 എന്നാൽ ഇപ്പോൾ കഷ്ടത സഹിക്കുന്ന നിങ്ങൾക്ക്, കർത്താവായ യേശു തന്റെ ശക്തരായ ദൂതന്മാരോടൊപ്പം+ സ്വർഗത്തിൽനിന്ന് അഗ്നിജ്വാലയിൽ വെളിപ്പെടുമ്പോൾ+ ഞങ്ങളുടെകൂടെ ആശ്വാസം കിട്ടും.
8 ദൈവത്തെ അറിയാത്തവരോടും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അനുസരിക്കാത്തവരോടും അപ്പോൾ പ്രതികാരം ചെയ്യും.+
9 ഇക്കൂട്ടർക്കു വിധിക്കുന്ന നിത്യനാശമെന്ന ശിക്ഷ അവർ അനുഭവിക്കും.+ പിന്നെ അവരെ കർത്താവിന്റെ സന്നിധിയിലോ കർത്താവിന്റെ ശക്തിയുടെ മഹത്ത്വത്തിലോ കാണില്ല.
10 കർത്താവ് തന്റെ വിശുദ്ധരിൽ മഹത്ത്വപ്പെടാൻ വരുന്ന നാളിൽ, വിശ്വസിച്ച എല്ലാവർക്കും ഭയാദരവ് തോന്നാൻ ഇടയാക്കുന്ന നാളിൽ, ആയിരിക്കും ഇതു സംഭവിക്കുക. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ചതുകൊണ്ട് നിങ്ങളും അക്കൂട്ടത്തിലുണ്ടായിരിക്കും.
11 ഇക്കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് ഞങ്ങൾ എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാറുണ്ട്. നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി കണക്കാക്കട്ടെയെന്നും+ താൻ ചെയ്യാൻ താത്പര്യപ്പെടുന്ന എല്ലാ നന്മകളും നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവൃത്തികളും തന്റെ ശക്തി ഉപയോഗിച്ച് പൂർത്തിയാക്കട്ടെയെന്നും ആണ് ഞങ്ങളുടെ പ്രാർഥന.
12 അങ്ങനെ, നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും അനർഹദയയ്ക്കനുസരിച്ച് കർത്താവായ യേശുവിന്റെ പേര് നിങ്ങളിലൂടെ മഹത്ത്വപ്പെടാനും നിങ്ങൾ യേശുവിനോടുള്ള യോജിപ്പിൽ മഹത്ത്വപ്പെടാനും ഇടയാകട്ടെ.