ദിനവൃത്താന്തം രണ്ടാം ഭാഗം 1:1-17
1 ദാവീദിന്റെ മകനായ ശലോമോൻ ശക്തനായ ഒരു ഭരണാധികാരിയായിത്തീർന്നു. ശലോമോന്റെ ദൈവമായ യഹോവ ശലോമോന്റെകൂടെയുണ്ടായിരുന്നു; ദൈവം ശലോമോനെ അതിശ്രേഷ്ഠനാക്കി.+
2 ശലോമോൻ ഇസ്രായേലിനെ മുഴുവൻ, സഹസ്രാധിപന്മാരെയും* ശതാധിപന്മാരെയും* ന്യായാധിപന്മാരെയും ഇസ്രായേലിലെ പിതൃഭവനത്തലവന്മാരായ* എല്ലാ തലവന്മാരെയും, വിളിച്ചുകൂട്ടി.
3 പിന്നെ ശലോമോനും സർവസഭയും കൂടി ഗിബെയോനിലെ ആരാധനാസ്ഥലത്തേക്കു* പോയി.+ വിജനഭൂമിയിൽവെച്ച്* യഹോവയുടെ ദാസനായ മോശ ഉണ്ടാക്കിയ, സത്യദൈവത്തിന്റെ സാന്നിധ്യകൂടാരം* വെച്ചിരുന്നത് അവിടെയാണ്.
4 എന്നാൽ സത്യദൈവത്തിന്റെ പെട്ടകം ദാവീദ് കിര്യത്ത്-യയാരീമിൽനിന്ന്+ താൻ ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവന്നിരുന്നു; അതിനുവേണ്ടി യരുശലേമിൽ ഒരു കൂടാരവും നിർമിച്ചിരുന്നു.+
5 ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബസലേൽ+ ഉണ്ടാക്കിയ ചെമ്പുകൊണ്ടുള്ള യാഗപീഠം+ യഹോവയുടെ വിശുദ്ധകൂടാരത്തിനു മുന്നിൽ വെച്ചിരുന്നു. ശലോമോനും സഭയും അതിനു മുന്നിൽ ചെന്ന് പ്രാർഥിക്കുമായിരുന്നു.*
6 ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. സാന്നിധ്യകൂടാരത്തിനു മുന്നിലെ ചെമ്പുകൊണ്ടുള്ള യാഗപീഠത്തിൽ+ ശലോമോൻ 1,000 ദഹനയാഗങ്ങൾ അർപ്പിച്ചു.
7 ആ രാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി, “നിനക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു.+
8 ശലോമോൻ ദൈവത്തോടു പറഞ്ഞു: “അങ്ങ് എന്റെ അപ്പനായ ദാവീദിനോട് അചഞ്ചലമായ സ്‌നേഹം കാണിച്ചു.+ അപ്പന്റെ സ്ഥാനത്ത് എന്നെ രാജാവായി വാഴിക്കുകയും ചെയ്‌തു.+
9 ദൈവമായ യഹോവേ, എന്റെ അപ്പനായ ദാവീദിനോട് അങ്ങ് ചെയ്‌ത വാഗ്ദാനം നിറവേറ്റേണമേ.+ ഭൂമിയിലെ പൊടിപോലെ അസംഖ്യമായ ഒരു ജനത്തിനു മേലാണല്ലോ അങ്ങ് എന്നെ രാജാവാക്കിയിരിക്കുന്നത്.+
10 അതുകൊണ്ട് ഈ ജനത്തെ നയിക്കാൻവേണ്ട* അറിവും ജ്ഞാനവും+ എനിക്കു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!”+
11 അപ്പോൾ ദൈവം ശലോമോനോടു പറഞ്ഞു: “നീ ധനമോ സമ്പത്തോ കീർത്തിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ആവശ്യപ്പെടാതെ, ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ഈ ജനത്തിനു ന്യായം പാലിച്ചുകൊടുക്കാനുള്ള ജ്ഞാനത്തിനും അറിവിനും വേണ്ടി അപേക്ഷിച്ചല്ലോ.+ അതുകൊണ്ട് നിന്റെ ഹൃദയാഭിലാഷത്തിനു ചേർച്ചയിൽ
12 ഞാൻ നിനക്ക് അറിവും ജ്ഞാനവും പകർന്നുതരും. അതു മാത്രമല്ല, നിനക്കു മുമ്പോ ശേഷമോ ഉള്ള ഒരു രാജാവിനുമില്ലാത്തത്ര ധനവും സമ്പത്തും കീർത്തിയും കൂടെ ഞാൻ നിനക്കു തരും.”+
13 പിന്നെ ശലോമോൻ ഗിബെയോനിലെ+ ആരാധനാസ്ഥലത്തുനിന്ന്,* അതായത് സാന്നിധ്യകൂടാരത്തിനു മുന്നിൽനിന്ന്, യരുശലേമിലേക്കു മടങ്ങിവന്നു. ശലോമോൻ ഇസ്രായേലിനെ ഭരിച്ചു.
14 ശലോമോൻ ധാരാളം കുതിരകളെയും* രഥങ്ങളെയും സമ്പാദിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് 1,400 രഥങ്ങളും 12,000 കുതിരകളും*+ ഉണ്ടായിരുന്നു. രാജാവ് അവയെ രഥനഗരങ്ങളിലും+ യരുശലേമിൽ തന്റെ അടുത്തും സൂക്ഷിച്ചു.+
15 ശലോമോൻ രാജാവ് സ്വർണവും വെള്ളിയും കല്ലുകൾപോലെയും+ ദേവദാരുത്തടി ഷെഫേലയിലെ+ അത്തി മരങ്ങൾപോലെയും യരുശലേമിൽ സുലഭമാക്കി.
16 ഈജിപ്‌തിൽനിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു ശലോമോന്റെ കുതിരകൾ.+ രാജാവിന്റെ വ്യാപാരിസംഘം ഓരോ കുതിരക്കൂട്ടത്തെയും മൊത്തമായി ഒരു വില കൊടുത്താണു വാങ്ങിയിരുന്നത്.*+
17 ഈജിപ്‌തിൽനിന്ന് ഇറക്കുമതി ചെയ്‌ത ഓരോ രഥത്തിന്റെയും വില 600 വെള്ളിക്കാശും ഓരോ കുതിരയുടെയും വില 150 വെള്ളിക്കാശും ആയിരുന്നു. അവർ അവ ഹിത്യരുടെ എല്ലാ രാജാക്കന്മാർക്കും സിറിയയിലെ രാജാക്കന്മാർക്കും ഇറക്കുമതി ചെയ്തുകൊടുക്കുമായിരുന്നു.
അടിക്കുറിപ്പുകള്‍
^ അതായത്, നൂറു പേരുടെ അധിപന്മാർ.
^ പദാവലിയിൽ “പിതൃഭവനം” കാണുക.
^ അതായത്, ആയിരം പേരുടെ അധിപന്മാർ.
^ അക്ഷ. “ഉയർന്ന സ്ഥലത്തേക്ക്.”
^ അഥവാ “അവിടെവെച്ച് ദൈവത്തോട് അരുളപ്പാടു ചോദിക്കുമായിരുന്നു.”
^ അക്ഷ. “ജനത്തിനു മുന്നിൽ പോകാനും വരാനും വേണ്ട.”
^ അക്ഷ. “ഉയർന്ന സ്ഥലത്തുനിന്ന്.”
^ അഥവാ “കുതിരക്കാരും.”
^ അഥവാ “കുതിരക്കാരെയും.”
^ മറ്റൊരു സാധ്യത “ശലോമോന്റെ കുതിരകൾ ഈജിപ്തിൽനിന്നും കുവേയിൽനിന്നും ഇറക്കുമതി ചെയ്തവയായിരുന്നു. രാജാവിന്റെ വ്യാപാരിസംഘം അവയെ കുവേയിൽനിന്ന് മൊത്തമായി ഒരു വില കൊടുത്താണു വാങ്ങിയിരുന്നത്.” കുവേ എന്നത് ഒരുപക്ഷേ കിലിക്യയായിരിക്കാം.