ദിനവൃത്താന്തം രണ്ടാം ഭാഗം 11:1-23
11 യരുശലേമിൽ എത്തിയ ഉടനെ രഹബെയാം ഇസ്രായേലിനോടു യുദ്ധം ചെയ്‌ത് രാജ്യം വീണ്ടെടുക്കാനായി, പരിശീലനം ലഭിച്ച* 1,80,000 യോദ്ധാക്കളെ+ യഹൂദാഗൃഹത്തിൽനിന്നും ബന്യാമീനിൽനിന്നും കൂട്ടിവരുത്തി.+
2 അപ്പോൾ, ദൈവപുരുഷനായ ശെമയ്യയോട്+ യഹോവ ഇങ്ങനെ പറഞ്ഞു:
3 “നീ യഹൂദയിലെ രാജാവായ ശലോമോന്റെ മകൻ രഹബെയാമിനോടും യഹൂദയിലും ബന്യാമീനിലും ഉള്ള എല്ലാ ഇസ്രായേല്യരോടും പറയുക:
4 ‘യഹോവ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ സഹോദരന്മാരോടു നിങ്ങൾ യുദ്ധത്തിനു പോകരുത്. ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു തിരിച്ചുപോകണം. കാരണം ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയതു ഞാനാണ്.”’”+ അങ്ങനെ യഹോവയുടെ വാക്കു കേട്ട് അവർ മടങ്ങിപ്പോയി. അവർ യൊരോബെയാമിനോടു യുദ്ധം ചെയ്യാൻ പോയില്ല.
5 രഹബെയാം യരുശലേമിൽ താമസിച്ച് യഹൂദയിൽ കോട്ടമതിലുള്ള നഗരങ്ങൾ പണിതു.
6 അങ്ങനെ അയാൾ ബേത്ത്ലെഹെം,+ ഏതാം, തെക്കോവ,+
7 ബേത്ത്-സൂർ, സോഖൊ,+ അദുല്ലാം,+
8 ഗത്ത്,+ മാരേശ, സീഫ്,+
9 അദോരയീം, ലാഖീശ്,+ അസേക്ക,+
10 സൊര, അയ്യാലോൻ,+ ഹെബ്രോൻ+ എന്നിങ്ങനെ യഹൂദയിലും ബന്യാമീനിലും ഉള്ള കോട്ടമതിലുള്ള നഗരങ്ങൾ പണിതുറപ്പിച്ചു.*
11 കോട്ടമതിലുള്ള സ്ഥലങ്ങൾ ബലപ്പെടുത്തി അവിടെ സൈന്യാധിപന്മാരെ നിയമിക്കുകയും അവിടേക്ക് ആവശ്യമായ ഭക്ഷണവും എണ്ണയും വീഞ്ഞും എത്തിക്കുകയും ചെയ്‌തു.
12 എല്ലാ നഗരങ്ങൾക്കും കുന്തങ്ങളും വലിയ പരിചകളും കൊടുത്തു. അങ്ങനെ രഹബെയാം ആ നഗരങ്ങൾ പണിത് നന്നായി ബലപ്പെടുത്തി. യഹൂദയും ബന്യാമീനും അയാളുടെ അധീനതയിൽ തുടർന്നു.
13 ഇസ്രായേലിൽ എല്ലായിടത്തുമുണ്ടായിരുന്ന പുരോഹിതന്മാരും ലേവ്യരും അവരവരുടെ പ്രദേശങ്ങളിൽനിന്ന് വന്ന് രഹബെയാമിന്റെ പക്ഷം ചേർന്നു.
14 ലേവ്യർ അവരുടെ മേച്ചിൽപ്പുറങ്ങളും അവകാശങ്ങളും ഉപേക്ഷിച്ച്+ യഹൂദയിലേക്കും യരുശലേമിലേക്കും വന്നു. കാരണം യൊരോബെയാമും മക്കളും അവരെ യഹോവയുടെ പുരോഹിതന്മാർ എന്ന സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.+
15 കോലാട്ടുരൂപമുള്ള ഭൂതങ്ങളെയും*+ താൻ ഉണ്ടാക്കിയ കാളക്കുട്ടികളെയും+ ആരാധിക്കാൻവേണ്ടി യൊരോബെയാം സ്വന്തം പുരോഹിതന്മാരെ ആരാധനാസ്ഥലങ്ങളിൽ* നിയമിച്ചു.+
16 ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാൻ ആത്മാർഥമായി ആഗ്രഹിച്ചവർ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നും അവരോടൊപ്പം യരുശലേമിലേക്കു പോന്നു. അവർ വന്ന് അവരുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു ബലികൾ അർപ്പിച്ചു.+
17 മൂന്നു വർഷം അവർ ദാവീദിന്റെയും ശലോമോന്റെയും വഴികളിൽ നടന്നു. ആ മൂന്നു വർഷം അവർ ശലോമോന്റെ മകനായ രഹബെയാമിനെ പിന്തുണച്ച് യഹൂദയുടെ രാജാധികാരം ശക്തിപ്പെടുത്തി.
18 പിന്നെ ദാവീദിന്റെ മകനായ യരീമോത്തിനു യിശ്ശായിയുടെ മകനായ എലിയാബിന്റെ+ മകൾ അബീഹയിലിൽ ജനിച്ച മഹലത്തിനെ രഹബെയാം ഭാര്യയായി സ്വീകരിച്ചു.
19 യയൂശ്, ശെമര്യ, സാഹം എന്നീ ആൺമക്കളെ മഹലത്ത് പ്രസവിച്ചു.
20 രഹബെയാം അബ്‌ശാലോമിന്റെ+ കൊച്ചുമകളായ മാഖയെയും വിവാഹം കഴിച്ചു. അബീയ,+ അത്ഥായി, സിസ, ശെലോമീത്ത് എന്നിവരെ മാഖ പ്രസവിച്ചു.
21 രഹബെയാമിന് 18 ഭാര്യമാരും 60 ഉപപത്‌നിമാരും*+ ഉണ്ടായിരുന്നു. അവരിൽ 28 ആൺമക്കളും 60 പെൺമക്കളും ജനിച്ചു. അബ്‌ശാലോമിന്റെ കൊച്ചുമകളായ മാഖയെ രഹബെയാം മറ്റു ഭാര്യമാരെക്കാളും ഉപപത്നിമാരെക്കാളും സ്നേഹിച്ചു.
22 അതുകൊണ്ട് രഹബെയാം മാഖയുടെ മകനായ അബീയയെ അബീയയുടെ സഹോദരന്മാർക്കു തലവനും നായകനും ആയി നിയമിച്ചു. അബീയയെ രാജാവാക്കണമെന്നായിരുന്നു രഹബെയാമിന്റെ ആഗ്രഹം.
23 അതിനുവേണ്ടി രഹബെയാം ബുദ്ധിപൂർവം പ്രവർത്തിച്ചു. ആൺമക്കളിൽ ചിലരെ യഹൂദയിലും ബന്യാമീനിലും ഉള്ള, കോട്ടമതിലുള്ള നഗരങ്ങളിലേക്കു പറഞ്ഞയച്ചു.*+ രഹബെയാം അവർക്ക് ആവശ്യമുള്ളതെല്ലാം സമൃദ്ധമായി നൽകുകയും അവർക്കു കുറെ ഭാര്യമാരെ കൊടുക്കുകയും ചെയ്‌തു.
അടിക്കുറിപ്പുകള്‍
^ അക്ഷ. “തിരഞ്ഞെടുക്കപ്പെട്ട.”
^ അഥവാ “കോട്ടകെട്ടി ഉറപ്പിച്ചു.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
^ അക്ഷ. “കോലാടുകളെയും.”
^ അഥവാ “ചിതറിച്ചു.”