ദിനവൃത്താന്തം രണ്ടാം ഭാഗം 12:1-16
12 രഹബെയാമിന്റെ രാജാധികാരം സുസ്ഥിരമാകുകയും+ രഹബെയാം ശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ രഹബെയാമും ഒപ്പമുള്ള ഇസ്രായേലും യഹോവയുടെ നിയമം ഉപേക്ഷിച്ചു.+
2 അവർ യഹോവയോട് അവിശ്വസ്തത കാണിച്ചതുകൊണ്ട് രഹബെയാം രാജാവിന്റെ വാഴ്ചയുടെ അഞ്ചാം വർഷം ഈജിപ്തുരാജാവായ ശീശക്ക്+ യരുശലേമിനു നേരെ വന്നു.
3 ശീശക്കിന് 1,200 രഥങ്ങളും 60,000 കുതിരപ്പടയാളികളും ഉണ്ടായിരുന്നു. ലിബിയക്കാരും സുക്യരും എത്യോപ്യരും അടങ്ങിയ അസംഖ്യംവരുന്ന ഒരു സൈന്യവും ഈജിപ്തിൽനിന്ന് അയാളോടൊപ്പം വന്നു.+
4 യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങൾ പിടിച്ചടക്കിയ ശീശക്ക് ഒടുവിൽ യരുശലേമിൽ എത്തി.
5 അപ്പോൾ പ്രവാചകനായ ശെമയ്യ+ രഹബെയാമിന്റെയും, ശീശക്ക് വരുന്നെന്ന് അറിഞ്ഞ് യരുശലേമിൽ എത്തിയിരുന്ന യഹൂദാപ്രഭുക്കന്മാരുടെയും അടുത്ത് ചെന്ന് അവരോട് ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘നിങ്ങൾ എന്നെ ഉപേക്ഷിച്ചതിനാൽ ഞാൻ നിങ്ങളെയും ഉപേക്ഷിക്കും;+ ഞാൻ നിങ്ങളെ ശീശക്കിന്റെ കൈയിൽ ഏൽപ്പിക്കും.’”
6 അപ്പോൾ രാജാവും ഇസ്രായേൽപ്രഭുക്കന്മാരും, “യഹോവ നീതിമാനാണ്” എന്നു പറഞ്ഞ് സ്വയം താഴ്ത്തി.+
7 അവർ താഴ്മയുള്ളവരായെന്ന് യഹോവ കണ്ടു. അപ്പോൾ ശെമയ്യയോട് യഹോവ പറഞ്ഞു: “ഇതാ, അവർ താഴ്മ കാണിച്ചിരിക്കുന്നു. അതുകൊണ്ട്, അവരെ ഞാൻ സംഹരിക്കില്ല.+ ഉടൻതന്നെ ഞാൻ അവരെ രക്ഷിക്കും. ഞാൻ എന്റെ ക്രോധം ശീശക്കിലൂടെ യരുശലേമിനു മേൽ ചൊരിയില്ല.
8 എന്നാൽ അവർ ശീശക്കിന്റെ ദാസന്മാരായിത്തീരും; എന്നെ സേവിക്കുന്നതിന്റെയും മറ്റു ദേശങ്ങളിലെ രാജാക്കന്മാരെ സേവിക്കുന്നതിന്റെയും വ്യത്യാസം അവർ തിരിച്ചറിയും.”
9 അങ്ങനെ ഈജിപ്തിലെ രാജാവായ ശീശക്ക് യരുശലേമിനു നേരെ വന്നു. യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും സൂക്ഷിച്ചിരുന്ന വിലയേറിയ വസ്തുക്കളെല്ലാം ശീശക്ക് എടുത്തുകൊണ്ടുപോയി.+ ശലോമോൻ ഉണ്ടാക്കിയ സ്വർണപ്പരിചകൾ ഉൾപ്പെടെ എല്ലാം കൊണ്ടുപോയി.+
10 അതുകൊണ്ട് രഹബെയാം രാജാവ് അവയ്ക്കു പകരം ചെമ്പുകൊണ്ടുള്ള പരിചകൾ ഉണ്ടാക്കി രാജകൊട്ടാരത്തിന്റെ കവാടത്തിൽ കാവൽ നിന്നിരുന്ന കാവൽക്കാരുടെ* മേധാവികളെ ഏൽപ്പിച്ചു.
11 രാജാവ് യഹോവയുടെ ഭവനത്തിലേക്കു പോകുമ്പോഴെല്ലാം കാവൽക്കാർ വന്ന് അവ എടുത്ത് കൂടെ പോകുമായിരുന്നു. പിന്നെ അവർ അവ കാവൽക്കാരുടെ അറയിൽ തിരികെ വെക്കും.
12 രാജാവ് സ്വയം താഴ്ത്തിയതുകൊണ്ട് യഹോവയുടെ കോപം വിട്ടുമാറി;+ ദൈവം അവരെ പൂർണമായി നശിപ്പിച്ചുകളഞ്ഞില്ല.+ മാത്രമല്ല യഹൂദയിൽ ചില നല്ല കാര്യങ്ങളും കണ്ടിരുന്നു.+
13 രഹബെയാം രാജാവ് യരുശലേമിൽ രാജസ്ഥാനം ബലപ്പെടുത്തി ഭരണം തുടർന്നു. രാജാവാകുമ്പോൾ രഹബെയാമിന് 41 വയസ്സായിരുന്നു. യഹോവ തന്റെ പേര് സ്ഥാപിക്കാൻ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യരുശലേം നഗരത്തിൽ രഹബെയാം 17 വർഷം ഭരണം നടത്തി. അമ്മോന്യസ്ത്രീയായ നയമയായിരുന്നു രാജാവിന്റെ അമ്മ.+
14 എന്നാൽ രഹബെയാം മോശമായ കാര്യങ്ങൾ ചെയ്തു; യഹോവയെ അന്വേഷിക്കാൻ ഹൃദയത്തിൽ നിശ്ചയിച്ചുറച്ചിരുന്നുമില്ല.+
15 രഹബെയാമിന്റെ ചരിത്രം ആദിയോടന്തം ശെമയ്യ+ പ്രവാചകന്റെയും ദിവ്യദർശിയായ ഇദ്ദൊയുടെയും+ പുസ്തകങ്ങളിലെ വംശാവലിരേഖയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രഹബെയാമും യൊരോബെയാമും തമ്മിൽ എപ്പോഴും യുദ്ധമുണ്ടായിരുന്നു.+
16 രഹബെയാം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു.+ അയാളുടെ മകൻ അബീയ+ അടുത്ത രാജാവായി.
അടിക്കുറിപ്പുകള്
^ അക്ഷ. “ഓട്ടക്കാരുടെ.”