ദിനവൃത്താന്തം രണ്ടാം ഭാഗം 13:1-22
13 യൊരോബെയാം രാജാവിന്റെ വാഴ്ചയുടെ 18-ാം വർഷം അബീയ യഹൂദയിൽ രാജാവായി.+
2 അബീയ മൂന്നു വർഷം യരുശലേമിൽ ഭരണം നടത്തി. ഗിബെയക്കാരനായ+ ഊരിയേലിന്റെ മകൾ മീഖായയായിരുന്നു+ അബീയയുടെ അമ്മ. അബീയയും യൊരോബെയാമും തമ്മിൽ യുദ്ധമുണ്ടായിരുന്നു.+
3 അബീയ പരിശീലനം ലഭിച്ച* 4,00,000 വീരയോദ്ധാക്കളുമായി യുദ്ധത്തിനു പുറപ്പെട്ടു.+ അപ്പോൾ യൊരോബെയാം അബീയയ്ക്കെതിരെ, പരിശീലനം ലഭിച്ച* 8,00,000 വീരയോദ്ധാക്കളെ അണിനിരത്തി.
4 അബീയ എഫ്രയീംമലനാട്ടിലെ സെമരായീം പർവതത്തിൽ നിന്നുകൊണ്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “യൊരോബെയാമേ, ഇസ്രായേൽ ജനമേ, കേൾക്കുക!
5 ഇസ്രായേലിന്റെ ദൈവമായ യഹോവ ഒരു ഉപ്പുടമ്പടിയിലൂടെ*+ ദാവീദിനും ആൺമക്കൾക്കും+ ഇസ്രായേലിന്റെ മേൽ രാജ്യാധികാരം എന്നേക്കുമായി നൽകിയ കാര്യം നിങ്ങൾക്ക് അറിഞ്ഞുകൂടേ?+
6 പക്ഷേ നെബാത്തിന്റെ മകനും ദാവീദിന്റെ മകനായ ശലോമോന്റെ ദാസനും ആയ യൊരോബെയാം+ അയാളുടെ യജമാനനെ എതിർത്തു.+
7 ഒന്നിനും കൊള്ളാത്ത ചില മടിയന്മാർ യൊരോബെയാമിന്റെ പക്ഷം ചേർന്നു. അവർ ശലോമോന്റെ മകനായ രഹബെയാമിനെക്കാൾ ശക്തിയാർജിച്ചു. രഹബെയാം അന്നു ചെറുപ്പമായിരുന്നു; വേണ്ടത്ര ധൈര്യവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അവരോട് എതിർത്തുനിൽക്കാൻ രഹബെയാമിനു കഴിഞ്ഞില്ല.
8 “നിങ്ങൾക്ക് ഇപ്പോൾ ആൾബലമുണ്ട്; ദൈവങ്ങളായി യൊരോബെയാം നിങ്ങൾക്കുവേണ്ടി നിർമിച്ച സ്വർണക്കാളക്കുട്ടികളുമുണ്ട്. അതുകൊണ്ടുതന്നെ ദാവീദിന്റെ മക്കളുടെ കൈയിലുള്ള യഹോവയുടെ രാജ്യത്തോട് എതിർത്തുനിൽക്കാൻ കഴിയുമെന്നാണു നിങ്ങൾ കരുതുന്നത്.+
9 നിങ്ങൾ അഹരോന്റെ വംശജരായ, യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും ഓടിച്ചുകളഞ്ഞ്+ മറ്റു ദേശങ്ങളിലെ ജനതകളെപ്പോലെ സ്വന്തം പുരോഹിതന്മാരെ നിയമിച്ചില്ലേ?+ ഒരു കാളക്കുട്ടിയെയും ഏഴ് ആടിനെയും കൊണ്ട് വരുന്ന ഏതൊരാളെയും നിങ്ങൾ ദൈവങ്ങളല്ലാത്തവയ്ക്കു പുരോഹിതന്മാരാക്കുന്നു!
10 എന്നാൽ ഞങ്ങളുടെ ദൈവം യഹോവയാണ്.+ ഞങ്ങൾ ദൈവത്തെ ഉപേക്ഷിച്ചിട്ടില്ല. അഹരോന്റെ വംശജരാണു ഞങ്ങളുടെ പുരോഹിതന്മാർ. അവരാണ് യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നത്; അവരെ സഹായിക്കാൻ ലേവ്യരുമുണ്ട്.
11 എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അവർ സുഗന്ധദ്രവ്യം അർപ്പിക്കുകയും+ യഹോവയ്ക്കു ദഹനയാഗങ്ങൾ ദഹിപ്പിക്കുകയും* ചെയ്യുന്നു;+ തനിത്തങ്കംകൊണ്ടുള്ള മേശയിൽ കാഴ്ചയപ്പം* ഒരുക്കിവെക്കുന്നു;+ വൈകുന്നേരങ്ങളിൽ സ്വർണംകൊണ്ടുള്ള തണ്ടുവിളക്കുകളും+ അവയുടെ ദീപങ്ങളും തെളിച്ചുവെക്കുന്നു.+ അങ്ങനെ യഹോവയോടുള്ള ഞങ്ങളുടെ കടമ നിറവേറ്റുന്നു. പക്ഷേ നിങ്ങളോ, നിങ്ങൾ ദൈവത്തെ ഉപേക്ഷിച്ചിരിക്കുന്നു.
12 ഇതാ, ഞങ്ങളെ നയിച്ചുകൊണ്ട് സത്യദൈവവും, നിങ്ങൾക്കെതിരെ പോർവിളി മുഴക്കാനുള്ള കാഹളങ്ങളുമായി ദൈവത്തിന്റെ പുരോഹിതന്മാരും ഞങ്ങളോടൊപ്പമുണ്ട്. ഇസ്രായേൽപുരുഷന്മാരേ, നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയോടു നിങ്ങൾ പോരാടരുത്; നിങ്ങൾക്കു വിജയിക്കാനാകില്ല.”+
13 എന്നാൽ അവരെ പിന്നിലൂടെ വന്ന് ആക്രമിക്കാനായി യൊരോബെയാം പതിയിരിപ്പുകാരെ അയച്ചു. അങ്ങനെ യൊരോബെയാമിന്റെ സൈന്യം യഹൂദയുടെ മുന്നിലും പതിയിരിപ്പുകാർ അവരുടെ പിന്നിലും ആയി.
14 യഹൂദാപുരുഷന്മാർ നോക്കിയപ്പോൾ അതാ, മുന്നിൽനിന്നും പിന്നിൽനിന്നും സൈന്യം വരുന്നു! അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു.+ പുരോഹിതന്മാർ ഉച്ചത്തിൽ കാഹളം ഊതിയപ്പോൾ
15 യഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു. യഹൂദാപുരുഷന്മാർ പോർവിളി മുഴക്കിയപ്പോൾ സത്യദൈവം യഹൂദയുടെയും അബീയയുടെയും മുന്നിൽനിന്ന് യൊരോബെയാമിനെയും എല്ലാ ഇസ്രായേല്യരെയും തോൽപ്പിച്ച് ഓടിച്ചു.
16 യഹൂദയുടെ മുന്നിൽനിന്ന് ഇസ്രായേല്യർ തോറ്റോടി; ദൈവം അവരെ യഹൂദയുടെ കൈയിൽ ഏൽപ്പിച്ചു.
17 അബീയയും സൈന്യവും ഇസ്രായേല്യരുടെ ഇടയിൽ ഒരു മഹാസംഹാരം നടത്തി. പരിശീലനം സിദ്ധിച്ച* 5,00,000 പടയാളികൾ കൊല്ലപ്പെട്ടു.
18 അങ്ങനെ ഇസ്രായേൽപുരുഷന്മാർ യഹൂദയുടെ മുന്നിൽ മുട്ടുകുത്തി. പൂർവികരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട്* യഹൂദാപുരുഷന്മാർ വിജയം വരിച്ചു.+
19 അബീയ യൊരോബെയാമിനെ പിന്തുടർന്ന് ചെന്ന് അയാളുടെ നഗരങ്ങൾ പിടിച്ചെടുത്തു. ബഥേലും+ അതിന്റെ ആശ്രിതപട്ടണങ്ങളും* യശാനയും അതിന്റെ ആശ്രിതപട്ടണങ്ങളും എഫ്രോനും+ അതിന്റെ ആശ്രിതപട്ടണങ്ങളും പിടിച്ചടക്കി.
20 അബീയയുടെ കാലത്ത് ഒരിക്കലും യൊരോബെയാമിനു ശക്തി വീണ്ടെടുക്കാൻ സാധിച്ചില്ല. പിന്നെ യഹോവ യൊരോബെയാമിനെ പ്രഹരിച്ചു; യൊരോബെയാം മരിച്ചുപോയി.+
21 എന്നാൽ അബീയ പ്രബലനായിത്തീർന്നു. അബീയയ്ക്ക് 14 ഭാര്യമാരുണ്ടായിരുന്നു.+ അബീയയ്ക്ക് 22 ആൺമക്കളും 16 പെൺമക്കളും ഉണ്ടായി.
22 അബീയയുടെ ബാക്കി ചരിത്രം, അബീയയുടെ പ്രവൃത്തികളും അബീയ പറഞ്ഞ കാര്യങ്ങളും, ഇദ്ദൊ പ്രവാചകന്റെ പുസ്തകത്തിൽ* രേഖപ്പെടുത്തിയിട്ടുണ്ട്.+
അടിക്കുറിപ്പുകള്
^ അക്ഷ. “തിരഞ്ഞെടുക്കപ്പെട്ട.”
^ അക്ഷ. “തിരഞ്ഞെടുക്കപ്പെട്ട.”
^ അതായത്, സ്ഥിരമായതും മാറ്റമില്ലാത്തതും ആയ ഒരു ഉടമ്പടി.
^ അഥവാ “അടുക്കിവെച്ചിരിക്കുന്ന അപ്പം.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
^ അക്ഷ. “തിരഞ്ഞെടുക്കപ്പെട്ട.”
^ അക്ഷ. “ഊന്നിയതുകൊണ്ട്.”
^ അഥവാ “ചുറ്റുമുള്ള പട്ടണങ്ങളും.”
^ അഥവാ “വിവരണത്തിൽ.”