ദിനവൃത്താന്തം രണ്ടാം ഭാഗം 15:1-19
15 പിന്നെ ഓദേദിന്റെ മകനായ അസര്യയുടെ മേൽ ദൈവാത്മാവ് വന്നു.
2 അസര്യ ആസയുടെ അടുത്ത് ചെന്ന് പറഞ്ഞു: “ആസ രാജാവേ, യഹൂദേ, ബന്യാമീനേ, കേൾക്കുക! നിങ്ങൾ ദൈവമായ യഹോവയുടെ പക്ഷത്ത് നിൽക്കുന്നിടത്തോളം കാലം ദൈവം നിങ്ങളുടെകൂടെയുണ്ടായിരിക്കും.+ നിങ്ങൾ ദൈവത്തെ അന്വേഷിച്ചാൽ ദൈവത്തെ കണ്ടെത്തും.*+ എന്നാൽ ദൈവത്തെ ഉപേക്ഷിച്ചാൽ ദൈവം നിങ്ങളെയും ഉപേക്ഷിക്കും.+
3 കാലങ്ങളോളം ഇസ്രായേല്യർ നിയമമോ സത്യദൈവമോ, പഠിപ്പിക്കാൻ പുരോഹിതനോ ഇല്ലാതെ കഴിഞ്ഞു.+
4 എന്നാൽ കഷ്ടത്തിലായപ്പോൾ അവർ ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞ് ദൈവത്തെ അന്വേഷിച്ചു; തന്നെ കണ്ടെത്താൻ ദൈവം അവരെ അനുവദിക്കുകയും ചെയ്തു.+
5 എല്ലായിടത്തും സംഘർഷാവസ്ഥ നിലനിന്നതിനാൽ അക്കാലത്ത് ആർക്കും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല.*
6 എല്ലാവിധ കഷ്ടതകളുംകൊണ്ട് ദൈവം ദേശത്തിന്റെ അവസ്ഥ താറുമാറാക്കിയതിനാൽ ജനത ജനതയ്ക്കും നഗരം നഗരത്തിനും എതിരെ എഴുന്നേറ്റ് പരസ്പരം നാശം വിതച്ചു.+
7 എന്നാൽ നിങ്ങൾ തളർന്നുപോകരുത്,* ഉറപ്പുള്ളവരായിരിക്കുക;+ നിങ്ങളുടെ പ്രവൃത്തിക്കു തീർച്ചയായും പ്രതിഫലം കിട്ടും.”
8 ഈ വാക്കുകളും പ്രവാചകനായ ഓദേദിന്റെ പ്രവചനവും കേട്ടപ്പോൾ ആസ ഉടനെ ധൈര്യം സംഭരിച്ച് യഹൂദാദേശത്തും ബന്യാമീൻദേശത്തും എഫ്രയീംമലനാട്ടിൽ താൻ പിടിച്ചടക്കിയിരുന്ന നഗരങ്ങളിലും ഉണ്ടായിരുന്ന മ്ലേച്ഛവിഗ്രഹങ്ങൾ നീക്കിക്കളഞ്ഞു.+ യഹോവയുടെ മണ്ഡപത്തിനു മുന്നിലുണ്ടായിരുന്ന യഹോവയുടെ യാഗപീഠം ആസ നന്നാക്കിയെടുത്തു.+
9 പിന്നെ യഹൂദയെയും ബന്യാമീനെയും ഇസ്രായേൽ ദേശത്തുനിന്ന് വന്നുതാമസിക്കുന്നവരെയും വിളിച്ചുകൂട്ടി. യഹോവ ആസയോടുകൂടെയുണ്ടെന്നു കണ്ടപ്പോൾ വലിയൊരു കൂട്ടം ഇസ്രായേല്യർ എഫ്രയീം, മനശ്ശെ, ശിമെയോൻ+ എന്നിവിടങ്ങളിൽനിന്ന് വന്ന് ആസയുടെ ദേശത്ത് താമസംതുടങ്ങിയിരുന്നു.
10 അങ്ങനെ ആസയുടെ ഭരണത്തിന്റെ 15-ാം വർഷം മൂന്നാം മാസം അവർ യരുശലേമിൽ കൂടിവന്നു.
11 അവർ പിടിച്ചെടുത്ത മൃഗങ്ങളിൽനിന്ന് 7,000 ആടുകളെയും 700 കന്നുകാലികളെയും അന്ന് അവർ യഹോവയ്ക്കു ബലി അർപ്പിച്ചു.
12 കൂടാതെ പൂർവികരുടെ ദൈവമായ യഹോവയെ മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ അന്വേഷിക്കുമെന്നും+
13 ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്ത ഏതൊരാളെയും, ചെറിയവനായാലും വലിയവനായാലും, സ്ത്രീയായാലും പുരുഷനായാലും, കൊന്നുകളയുമെന്നും ഉള്ള ഒരു ഉടമ്പടിയും അവർ ചെയ്തു.+
14 അങ്ങനെ അവർ ആർപ്പുവിളിച്ച് കൊമ്പും കാഹളവും മുഴക്കിക്കൊണ്ട് ഉച്ചത്തിൽ യഹോവയോടു സത്യം ചെയ്തു.
15 അവർ മുഴുഹൃദയത്തോടെ ചെയ്ത ഈ സത്യം നിമിത്തവും അത്യുത്സാഹത്തോടെ ദൈവത്തെ അന്വേഷിച്ചപ്പോൾ തന്നെ കണ്ടെത്താൻ ദൈവം അനുവദിച്ചതു നിമിത്തവും യഹൂദയിലുള്ളവരെല്ലാം വളരെ സന്തോഷിച്ചു.+ യഹോവ തുടർന്നും ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് അവർക്കു സ്വസ്ഥത നൽകി.+
16 മുത്തശ്ശിയായ മാഖ+ പൂജാസ്തൂപത്തെ* ആരാധിക്കുന്നതിനുവേണ്ടി ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയതുകൊണ്ട് ആസ മാഖയെ അമ്മമഹാറാണി* എന്ന സ്ഥാനത്തുനിന്ന് നീക്കിക്കളഞ്ഞു.+ മാഖ ഉണ്ടാക്കിയ ആ മ്ലേച്ഛവിഗ്രഹം ആസ വെട്ടിനുറുക്കി കിദ്രോൻ താഴ്വരയിൽവെച്ച് ചുട്ടുകരിച്ചു.+
17 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ ഇസ്രായേലിൽ+ അപ്പോഴുമുണ്ടായിരുന്നു.+ എങ്കിലും ജീവിതകാലം മുഴുവൻ ആസയുടെ ഹൃദയം ദൈവത്തിൽ ഏകാഗ്രമായിരുന്നു.*+
18 ആസയും അപ്പനും വിശുദ്ധീകരിച്ച വസ്തുക്കളെല്ലാം, സ്വർണവും വെള്ളിയും പല തരം ഉപകരണങ്ങളും, ആസ സത്യദൈവത്തിന്റെ ഭവനത്തിലേക്കു കൊണ്ടുവന്നു.+
19 ആസയുടെ ഭരണത്തിന്റെ 35-ാം വർഷംവരെ ദേശത്ത് യുദ്ധമുണ്ടായിരുന്നില്ല.+
അടിക്കുറിപ്പുകള്
^ അഥവാ “തന്നെ കണ്ടെത്താൻ ദൈവം അനുവദിക്കും.”
^ അക്ഷ. “വരുന്നവനും പോകുന്നവനും സമാധാനമില്ലായിരുന്നു.”
^ അക്ഷ. “നിങ്ങളുടെ കൈ താഴ്ത്തിയിടരുത്.”
^ അഥവാ “കുലീനവനിത.”
^ അഥവാ “പൂർണമായി അർപ്പിതമായിരുന്നു.”