ദിനവൃത്താന്തം രണ്ടാം ഭാഗം 28:1-27
28 രാജാവായപ്പോൾ ആഹാസിന്+ 20 വയസ്സായിരുന്നു. 16 വർഷം ആഹാസ് യരുശലേമിൽ ഭരണം നടത്തി. എന്നാൽ ആഹാസ് പൂർവികനായ ദാവീദ് ചെയ്തതുപോലെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തില്ല.+
2 പകരം ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ ആഹാസ് ബാൽ ദൈവങ്ങളുടെ ലോഹവിഗ്രഹങ്ങൾ ഉണ്ടാക്കുകപോലും ചെയ്തു.+
3 ബൻ-ഹിന്നോം താഴ്വരയിൽവെച്ച്* യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* സ്വന്തം മക്കളെ തീയിൽ അർപ്പിക്കുകയും ചെയ്തു.+ അങ്ങനെ ഇസ്രായേല്യരുടെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുകരിച്ചു.+
4 മാത്രമല്ല തഴച്ചുവളരുന്ന എല്ലാ മരത്തിന്റെ ചുവട്ടിലും+ ആരാധനാസ്ഥലങ്ങളിലും*+ കുന്നുകളിലും ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും ചെയ്തു.
5 അതുകൊണ്ട് ആഹാസിന്റെ ദൈവമായ യഹോവ ആഹാസിനെ സിറിയയിലെ രാജാവിന്റെ കൈയിൽ ഏൽപ്പിച്ചു.+ സിറിയയിലെ രാജാവ് ആഹാസിനെ തോൽപ്പിച്ച് കുറെ ആളുകളെ ദമസ്കൊസിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+ ദൈവം ആഹാസിനെ ഇസ്രായേൽരാജാവിന്റെ കൈയിലും ഏൽപ്പിച്ചുകൊടുത്തു. ഇസ്രായേൽരാജാവ് വന്ന് വലിയൊരു സംഹാരം നടത്തി.
6 യഹൂദയിലുള്ളവർ തങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട്+ രമല്യയുടെ മകനായ പേക്കഹ്+ അവർക്കു നേരെ വന്ന് ധീരരായ 1,20,000 പുരുഷന്മാരെ ഒറ്റ ദിവസംകൊണ്ട് കൊന്നുകളഞ്ഞു.
7 ഇതിനു പുറമേ, രാജകുമാരനായ മയസേയയെയും കൊട്ടാരത്തിന്റെ ചുമതലയുള്ള അസ്രിക്കാമിനെയും രാജാവ് കഴിഞ്ഞാൽ അടുത്ത സ്ഥാനം വഹിച്ചിരുന്ന എൽക്കാനയെയും എഫ്രയീമ്യയോദ്ധാവായ സിക്രി കൊന്നുകളഞ്ഞു.
8 കൂടാതെ തങ്ങളുടെ സഹോദരങ്ങളായ 2,00,000 പേരെ—സ്ത്രീകളെയും ആൺമക്കളെയും പെൺമക്കളെയും—ഇസ്രായേല്യർ ബന്ദികളായി കൊണ്ടുപോയി. ഒട്ടേറെ വസ്തുക്കളും അവർ ശമര്യയിലേക്ക് എടുത്തുകൊണ്ടുപോയി.+
9 യഹോവയുടെ പ്രവാചകനായ ഓദേദ് എന്നൊരാൾ അവിടെയുണ്ടായിരുന്നു. ശമര്യയിലേക്കു വരുകയായിരുന്ന സൈന്യത്തിന്റെ മുന്നിൽ ചെന്ന് ഓദേദ് പറഞ്ഞു: “നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ യഹൂദയോടു കോപിച്ചതുകൊണ്ടാണ് അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചത്.+ എന്നാൽ നിങ്ങൾ അവരെ നിർദയം കൊന്നൊടുക്കി. നിങ്ങളുടെ ക്രൂരത സ്വർഗംവരെ എത്തിയിരിക്കുന്നു.
10 അതു പോരാഞ്ഞിട്ട് നിങ്ങൾ ഇതാ, യഹൂദയിലെയും യരുശലേമിലെയും ജനത്തെ നിങ്ങളുടെ ദാസീദാസന്മാരാക്കാൻ നോക്കുന്നു.+ വാസ്തവത്തിൽ, നിങ്ങളും നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ കുറ്റക്കാരല്ലേ?
11 അതുകൊണ്ട് എന്റെ വാക്കു കേൾക്കുക; നിങ്ങൾ ബന്ദികളായി പിടിച്ച നിങ്ങളുടെ സഹോദരങ്ങളെ വിട്ടയയ്ക്കുക. കാരണം യഹോവയുടെ കോപം നിങ്ങൾക്കു നേരെ ജ്വലിച്ചിരിക്കുന്നു.”
12 അപ്പോൾ എഫ്രയീമ്യരുടെ തലവന്മാരായ യഹോഹാനാന്റെ മകൻ അസര്യ, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യ, ശല്ലൂമിന്റെ മകൻ യഹിസ്കീയ, ഹദ്ലായിയുടെ മകൻ അമാസ എന്നിവർ, മടങ്ങിവരുകയായിരുന്ന സൈന്യത്തിന്റെ മുന്നിൽ ചെന്ന്
13 അവരോടു പറഞ്ഞു: “ബന്ദികളെ ഇങ്ങോട്ടു കൊണ്ടുവരരുത്. അങ്ങനെ ചെയ്താൽ നമ്മൾ യഹോവയുടെ മുമ്പാകെ കുറ്റക്കാരാകും. ഇപ്പോൾത്തന്നെ നമ്മൾ ഒരുപാടു തെറ്റുകൾ ചെയ്ത് ഇസ്രായേലിനു നേരെ ദൈവകോപം ജ്വലിക്കാൻ ഇടവരുത്തിയിരിക്കുന്നു. ഇപ്പോൾ ഇതുംകൂടെ ചെയ്ത് എന്തിനു നമ്മുടെ പാപങ്ങളുടെയും തെറ്റുകളുടെയും എണ്ണം വർധിപ്പിക്കണം?”
14 അപ്പോൾ പടയാളികൾ ആ ബന്ദികളെ പ്രഭുക്കന്മാർക്കും മുഴുവൻ സഭയ്ക്കും കൈമാറി;+ അവർ കൊണ്ടുവന്ന കൊള്ളവസ്തുക്കളും അവരെ ഏൽപ്പിച്ചു.
15 പേര് വിളിച്ച് തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാർ ബന്ദികളെ ഏറ്റെടുത്ത് അവരിൽ നഗ്നരായവർക്കു കൊള്ളമുതലിൽനിന്ന് വസ്ത്രങ്ങൾ കൊടുത്തു. അങ്ങനെ അവർ അവരെ വസ്ത്രവും ചെരിപ്പും ധരിപ്പിച്ചു; അവർക്കു തിന്നാനും കുടിക്കാനും കൊടുത്തു; തേക്കാൻ എണ്ണ നൽകി; അവശരായവരെ കഴുതപ്പുറത്ത് കയറ്റി. എന്നിട്ട് എല്ലാവരെയും അവരുടെ സഹോദരന്മാരുടെ അടുത്ത് ഈന്തപ്പനകളുടെ നഗരമായ യരീഹൊയിൽ എത്തിച്ചു. പിന്നെ അവർ ശമര്യയിലേക്കു മടങ്ങി.
16 അക്കാലത്ത് ആഹാസ് രാജാവ് അസീറിയൻ രാജാക്കന്മാരോടു സഹായം അഭ്യർഥിച്ചു.+
17 ഏദോമ്യർ പിന്നെയും വന്ന് യഹൂദയെ ആക്രമിച്ച് കുറെ ആളുകളെ ബന്ദികളായി കൊണ്ടുപോയി.
18 ഫെലിസ്ത്യരും+ വന്ന് യഹൂദയിലെ നെഗെബിലും ഷെഫേലയിലും+ ഉള്ള നഗരങ്ങൾ ആക്രമിച്ച് ബേത്ത്-ശേമെശ്,+ അയ്യാലോൻ,+ ഗദേരോത്ത് എന്നിവയും സോഖൊയും അതിന്റെ ആശ്രിതപട്ടണങ്ങളും* തിമ്നയും+ അതിന്റെ ആശ്രിതപട്ടണങ്ങളും ഗിംസൊയും അതിന്റെ ആശ്രിതപട്ടണങ്ങളും പിടിച്ചെടുത്തു. എന്നിട്ട് അവർ അവിടെ താമസമാക്കി.
19 ഇസ്രായേൽരാജാവായ ആഹാസ് കാരണം യഹോവ യഹൂദയെ താഴ്മ പഠിപ്പിച്ചു. ആഹാസ് യഹൂദയെ നിയന്ത്രിക്കാതിരുന്നതുകൊണ്ട് അവർ യഹോവയോടു കടുത്ത അവിശ്വസ്തത കാണിച്ചിരുന്നു.
20 ഒടുവിൽ അസീറിയൻ രാജാവായ തിൽഗത്-പിൽനേസെർ+ ആഹാസിന് എതിരെ വന്നു. സഹായിക്കുന്നതിനു പകരം അയാൾ ആഹാസിനെ കഷ്ടപ്പെടുത്തി.+
21 ആഹാസ് യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും+ പ്രഭുക്കന്മാരുടെ ഭവനങ്ങളിലും ഉള്ളതെല്ലാം എടുത്ത് അസീറിയൻ രാജാവിനു സമ്മാനമായി കൊടുത്തിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല.
22 കഷ്ടതകൾ ഉണ്ടായ കാലത്ത് ആഹാസ് രാജാവ് യഹോവയോടു കൂടുതൽ അവിശ്വസ്തത കാണിച്ചു.
23 “സിറിയൻ രാജാക്കന്മാരെ സഹായിക്കുന്നത് അവരുടെ ദൈവങ്ങളാണ്. ഞാനും അവയ്ക്കു ബലി അർപ്പിക്കും; അപ്പോൾ അവ എന്നെയും സഹായിക്കും”+ എന്നു പറഞ്ഞ് തന്നെ തോൽപ്പിച്ച+ ദമസ്കൊസിലെ ദൈവങ്ങൾക്ക് ആഹാസ് ബലി അർപ്പിക്കാൻതുടങ്ങി.+ എന്നാൽ അവ ആഹാസിന്റെയും എല്ലാ ഇസ്രായേലിന്റെയും നാശത്തിനു* കാരണമായി.
24 കൂടാതെ ആഹാസ് സത്യദൈവത്തിന്റെ ഭവനത്തിലെ ഉപകരണങ്ങളെല്ലാം കൊണ്ടുവന്ന് അവ കഷണംകഷണമാക്കി;+ യഹോവയുടെ ഭവനത്തിന്റെ വാതിലുകൾ അടച്ചുകളഞ്ഞു;+ യരുശലേമിന്റെ മുക്കിലും മൂലയിലും യാഗപീഠങ്ങൾ ഉണ്ടാക്കി.
25 അന്യദൈവങ്ങൾക്കു യാഗവസ്തുക്കൾ ദഹിപ്പിക്കാൻ* യഹൂദയിലെ എല്ലാ നഗരങ്ങളിലും ആഹാസ് ആരാധനാസ്ഥലങ്ങൾ ഉണ്ടാക്കി.+ പൂർവികരുടെ ദൈവമായ യഹോവയെ ആഹാസ് കോപിപ്പിച്ചു.
26 ആഹാസിന്റെ ബാക്കി ചരിത്രം, ആദിയോടന്തം ചെയ്ത കാര്യങ്ങളെല്ലാം, യഹൂദാരാജാക്കന്മാരുടെയും ഇസ്രായേൽരാജാക്കന്മാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.+
27 പിന്നെ ആഹാസ് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ ആഹാസിനെ യരുശലേം നഗരത്തിൽ അടക്കം ചെയ്തു. ആഹാസിനെ ഇസ്രായേൽരാജാക്കന്മാരുടെ ശ്മശാനസ്ഥലത്ത് അടക്കിയില്ല.+ ആഹാസിന്റെ മകൻ ഹിസ്കിയ അടുത്ത രാജാവായി.
അടിക്കുറിപ്പുകള്
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളിലും.”
^ അഥവാ “ചുറ്റുമുള്ള പട്ടണങ്ങളും.”
^ അഥവാ “കാൽ ഇടറാൻ.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കാൻ.”