ദിനവൃത്താന്തം രണ്ടാം ഭാഗം 30:1-27
30 ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിക്കാനായി യരുശലേമിലുള്ള യഹോവയുടെ ഭവനത്തിലേക്കു വരാൻ+ ഹിസ്കിയ ഇസ്രായേലിലും യഹൂദയിലും ഉള്ള എല്ലാവർക്കും സന്ദേശം അയച്ചു.+ എഫ്രയീമിലേക്കും മനശ്ശെയിലേക്കും+ പോലും രാജാവ് കത്തുകൾ അയച്ചു.
2 എന്നാൽ പെസഹ രണ്ടാം മാസം ആചരിക്കാമെന്നു+ രാജാവും രാജാവിന്റെ പ്രഭുക്കന്മാരും യരുശലേമിലുണ്ടായിരുന്ന സഭ മുഴുവനും തീരുമാനിച്ചു.
3 വേണ്ടത്ര പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയോ+ ജനം യരുശലേമിൽ കൂടിവരുകയോ ചെയ്യാതിരുന്നതുകൊണ്ട് സാധാരണ ആചരിക്കുന്ന സമയത്ത് പെസഹ ആചരിക്കാൻ അവർക്കു കഴിഞ്ഞില്ലായിരുന്നു.+
4 അതുകൊണ്ട് ഈ ക്രമീകരണം നല്ലതാണെന്നു രാജാവിനും സഭയ്ക്കും തോന്നി.
5 ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിക്കാൻ ജനമെല്ലാം യരുശലേമിൽ കൂടിവരണമെന്ന്, ബേർ-ശേബ മുതൽ ദാൻ വരെ+ ഇസ്രായേലിൽ എല്ലായിടത്തും ഒരു വിളംബരം നടത്താൻ അവർ തീരുമാനിച്ചു. കാരണം നിയമത്തിൽ എഴുതിയിരുന്നതുപോലെ ഒരു കൂട്ടമായി അവർ പെസഹ ആചരിച്ചിരുന്നില്ല.+
6 അങ്ങനെ സന്ദേശവാഹകർ* രാജാവിന്റെയും പ്രഭുക്കന്മാരുടെയും കത്തുകളുമായി ഇസ്രായേലിലും യഹൂദയിലും അങ്ങോളമിങ്ങോളം സഞ്ചരിച്ചു. രാജാവിന്റെ കല്പന ഇതായിരുന്നു: “ഇസ്രായേൽ ജനമേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവയിലേക്കു മടങ്ങിവരുക. അപ്പോൾ അസീറിയൻ രാജാക്കന്മാരുടെ കൈയിൽനിന്ന് രക്ഷപ്പെട്ട ഈ ചെറിയ കൂട്ടത്തിന്റെ അടുത്തേക്കു ദൈവവും മടങ്ങിവരും.+
7 നിങ്ങളുടെ പൂർവികരും സഹോദരന്മാരും ചെയ്തതുപോലെ നിങ്ങൾ ചെയ്യരുത്. അവർ അവരുടെ പൂർവികരുടെ ദൈവമായ യഹോവയോട് അവിശ്വസ്തത കാണിച്ചതുകൊണ്ട് നിങ്ങൾ ഇന്നു കാണുന്നതുപോലെ, ദൈവം അവരെ നശിപ്പിച്ച് എല്ലാവർക്കും ഭീതിക്കു കാരണമാക്കിയിരിക്കുന്നു.+
8 നിങ്ങളുടെ പൂർവികരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുത്.+ ദൈവമായ യഹോവയ്ക്കു കീഴ്പെട്ട് ദൈവം എന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിലേക്കു വന്ന്+ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കുക. അപ്പോൾ ദൈവത്തിന്റെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറും.+
9 നിങ്ങൾ യഹോവയിലേക്കു മടങ്ങിവന്നാൽ നിങ്ങളുടെ സഹോദരന്മാരെയും നിങ്ങളുടെ മക്കളെയും പിടിച്ചുകൊണ്ടുപോയവർ അവരോടു കരുണ കാണിക്കുകയും+ ഈ ദേശത്തേക്കു മടങ്ങിവരാൻ അവരെ അനുവദിക്കുകയും ചെയ്യും.+ കാരണം നിങ്ങളുടെ ദൈവമായ യഹോവ കരുണയും അനുകമ്പയും* ഉള്ളവനാണ്;+ നിങ്ങൾ ദൈവത്തിന്റെ അടുത്തേക്കു മടങ്ങിവന്നാൽ ദൈവം മുഖം തിരിച്ചുകളയില്ലെന്ന് ഉറപ്പാണ്.”+
10 അങ്ങനെ ആ സന്ദേശവാഹകർ എഫ്രയീംദേശത്തും മനശ്ശെയിലും+ ഉള്ള നഗരങ്ങൾതോറും സഞ്ചരിച്ചു; സെബുലൂൻദേശത്തേക്കുപോലും അവർ പോയി. പക്ഷേ ആളുകൾ അവരെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തു.+
11 എന്നാൽ ആശേരിലും മനശ്ശെയിലും സെബുലൂനിലും ഉള്ള ചിലർ താഴ്മയോടെ യരുശലേമിലേക്കു വന്നു.+
12 യഹോവയുടെ കല്പനപ്രകാരം രാജാവും പ്രഭുക്കന്മാരും ആജ്ഞാപിച്ചതെല്ലാം ഒരുമയോടെ* ചെയ്യാൻ സത്യദൈവത്തിന്റെ കൈ യഹൂദയിലുള്ളവരെ സഹായിച്ചു.
13 രണ്ടാം മാസത്തിൽ+ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം+ കൊണ്ടാടാൻ ഒരു വലിയ ജനാവലി, ഒരു മഹാസഭതന്നെ, യരുശലേമിൽ കൂടിവന്നു.
14 അവർ ചെന്ന് യരുശലേമിലുണ്ടായിരുന്ന യാഗപീഠങ്ങൾ നീക്കിക്കളഞ്ഞു.+ സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠങ്ങളും എടുത്ത് അവയെല്ലാം കിദ്രോൻ താഴ്വരയിൽ എറിഞ്ഞുകളഞ്ഞു.+
15 രണ്ടാം മാസം 14-ാം ദിവസം അവർ പെസഹാമൃഗത്തെ അറുത്തു. പുരോഹിതന്മാർക്കും ലേവ്യർക്കും നാണക്കേടു തോന്നിയതുകൊണ്ട് അവർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ ഭവനത്തിലേക്കു ദഹനയാഗങ്ങൾ കൊണ്ടുവന്നു.
16 ദൈവപുരുഷനായ മോശയുടെ നിയമത്തിൽ എഴുതിയിരുന്നതനുസരിച്ച് അവർ നിയമിതസ്ഥാനങ്ങളിൽ നിന്നു. എന്നിട്ട് പുരോഹിതന്മാർ ലേവ്യരുടെ കൈയിൽനിന്ന് രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു.+
17 തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്ത കുറെ പേർ സഭയിലുണ്ടായിരുന്നു. ശുദ്ധരല്ലാത്ത+ എല്ലാവർക്കുംവേണ്ടി പെസഹാമൃഗങ്ങളെ അറുക്കാനും അവരെ യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിക്കാനും ഉള്ള ചുമതല ലേവ്യർക്കായിരുന്നു.
18 ഒരു വലിയ കൂട്ടം ആളുകൾ, പ്രത്യേകിച്ച് എഫ്രയീം, മനശ്ശെ,+ യിസ്സാഖാർ, സെബുലൂൻ എന്നീ പ്രദേശങ്ങളിൽനിന്ന് വന്നവർ, തങ്ങളെത്തന്നെ വിശുദ്ധീകരിച്ചിട്ടില്ലായിരുന്നു. പക്ഷേ എഴുതിയിരിക്കുന്നതിനു വിരുദ്ധമായി അവർ പെസഹ ഭക്ഷിച്ചു. ഹിസ്കിയ അവർക്കുവേണ്ടി ഇങ്ങനെ പ്രാർഥിച്ചു: “നല്ലവനായ യഹോവേ,+
19 വിശുദ്ധിയുടെ നിലവാരങ്ങളനുസരിച്ച് തങ്ങളെത്തന്നെ ശുദ്ധീകരിച്ചിട്ടില്ലെങ്കിലും+ പൂർവികരുടെ ദൈവത്തെ, സത്യദൈവമായ യഹോവയെ, അന്വേഷിക്കാനായി ഹൃദയം ഒരുക്കിയിരിക്കുന്ന എല്ലാവരോടും അങ്ങ് ഇപ്പോൾ ക്ഷമിക്കേണമേ.”+
20 യഹോവ ഹിസ്കിയയുടെ പ്രാർഥന കേട്ട് ജനത്തോടു ക്ഷമിച്ചു.*
21 അങ്ങനെ യരുശലേമിലുണ്ടായിരുന്ന ഇസ്രായേല്യർ വലിയ സന്തോഷത്തോടെ+ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം+ ആഘോഷിച്ചു. ദിവസംതോറും ലേവ്യരും പുരോഹിതന്മാരും യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടി; അവർ ഉച്ചത്തിൽ സംഗീതോപകരണങ്ങൾ വായിച്ച് യഹോവയെ സ്തുതിച്ചു.+
22 യഹോവയുടെ സേവനത്തിൽ വിവേകത്തോടെ പ്രവർത്തിച്ച ലേവ്യരോടെല്ലാം സംസാരിച്ച് ഹിസ്കിയ അവരെ പ്രോത്സാഹിപ്പിച്ചു.* ഉത്സവത്തിന്റെ ആ ഏഴു ദിവസവും+ അവർ സഹഭോജനബലികൾ അർപ്പിച്ച്+ ഭക്ഷണം കഴിക്കുകയും പൂർവികരുടെ ദൈവമായ യഹോവയോടു നന്ദി പറയുകയും ചെയ്തു.
23 ഏഴു ദിവസംകൂടെ ഉത്സവം കൊണ്ടാടാൻ സഭ ഒന്നാകെ തീരുമാനിച്ചു. അങ്ങനെ ഏഴു ദിവസംകൂടെ അവർ ആഹ്ലാദത്തോടെ അതു കൊണ്ടാടി.+
24 യഹൂദാരാജാവായ ഹിസ്കിയ 1,000 കാളകളെയും 7,000 ആടുകളെയും രാജാവിന്റെ പ്രഭുക്കന്മാർ 1,000 കാളകളെയും 10,000 ആടുകളെയും സഭയ്ക്കുവേണ്ടി കൊടുത്തു.+ അനേകം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.+
25 അങ്ങനെ യഹൂദാസഭയും പുരോഹിതന്മാരും ലേവ്യരും അവിടെ എത്തിയ ഇസ്രായേൽസഭയും+ യഹൂദാദേശത്ത് വന്നുതാമസമാക്കിയ വിദേശികളും+ ഇസ്രായേൽ ദേശത്തുനിന്ന് വന്നവരും സന്തോഷിച്ചാനന്ദിച്ചു.
26 യരുശലേം മുഴുവനും ആഹ്ലാദം അലയടിച്ചു. ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ അന്നോളം അങ്ങനെയൊരു ഉത്സവം യരുശലേമിൽ നടന്നിട്ടില്ലായിരുന്നു.+
27 ഒടുവിൽ ലേവ്യപുരോഹിതന്മാർ എഴുന്നേറ്റുനിന്ന് ജനത്തെ അനുഗ്രഹിച്ചു;+ ദൈവം അതു കേട്ടു. അവരുടെ പ്രാർഥന ദൈവത്തിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗത്തോളം ചെന്നു.
അടിക്കുറിപ്പുകള്
^ അക്ഷ. “ഓട്ടക്കാർ.”
^ അഥവാ “കൃപയും.”
^ അക്ഷ. “ഏകഹൃദയത്തോടെ.”
^ അക്ഷ. “ജനത്തെ സുഖപ്പെടുത്തി.”
^ അക്ഷ. “ലേവ്യരുടെയെല്ലാം ഹൃദയത്തോടു ഹിസ്കിയ സംസാരിച്ചു.”