ദിനവൃത്താന്തം രണ്ടാം ഭാഗം 31:1-21
31 ഇതെല്ലാം കഴിഞ്ഞ ഉടനെ അവിടെയുണ്ടായിരുന്ന ഇസ്രായേല്യരെല്ലാം യഹൂദാനഗരങ്ങളിലേക്കു ചെന്ന്, യഹൂദയിലും ബന്യാമീനിലും ഉള്ള പൂജാസ്തംഭങ്ങൾ ഉടച്ചുകളയുകയും+ പൂജാസ്തൂപങ്ങൾ* വെട്ടിയിടുകയും+ ആരാധനാസ്ഥലങ്ങളും* യാഗപീഠങ്ങളും+ ഇടിച്ചുകളയുകയും ചെയ്തു.+ എഫ്രയീമിലും മനശ്ശെയിലും+ അവർ ഇങ്ങനെതന്നെ ചെയ്തു. ഒന്നുപോലും ബാക്കി വെക്കാതെ അവയെല്ലാം നശിപ്പിച്ചശേഷം ഇസ്രായേല്യർ അവരുടെ നഗരങ്ങളിലേക്കും അവകാശങ്ങളിലേക്കും തിരിച്ചുപോയി.
2 പിന്നെ ഹിസ്കിയ രാജാവ് പുരോഹിതന്മാരെയും ലേവ്യരെയും അവരവരുടെ വിഭാഗമനുസരിച്ച് വ്യത്യസ്തസേവനങ്ങൾക്കായി നിയമിച്ചു.+ അതായത്, ദഹനയാഗവും സഹഭോജനബലിയും അർപ്പിക്കാനും ശുശ്രൂഷ ചെയ്യാനും യഹോവയുടെ ഭവനത്തിന്റെ മുറ്റങ്ങളുടെ* കവാടങ്ങളിൽ നന്ദിയും സ്തുതിയും അർപ്പിക്കാനും+ രാജാവ് അവരെ ഓരോരുത്തരെയും നിയോഗിച്ചു.+
3 യഹോവയുടെ നിയമത്തിൽ എഴുതിയിരിക്കുന്നതുപോലെ രാവിലെയും വൈകുന്നേരവും അർപ്പിക്കേണ്ട ദഹനയാഗങ്ങൾ,+ ശബത്തുകളിലും+ കറുത്ത വാവുകളിലും+ ഉത്സവങ്ങളിലും+ അർപ്പിക്കേണ്ട ദഹനയാഗങ്ങൾ എന്നിവയ്ക്കുവേണ്ടി രാജാവ് സ്വന്തം സമ്പത്തിൽനിന്ന് ഒരു ഭാഗം മാറ്റിവെച്ചു.+
4 പുരോഹിതന്മാർക്കും ലേവ്യർക്കും അവകാശപ്പെട്ട ഓഹരി അവർക്കു കൊടുക്കണമെന്നു രാജാവ് യരുശലേമിൽ താമസിക്കുന്നവരോടു കല്പിക്കുകയും ചെയ്തു.+ അങ്ങനെയാകുമ്പോൾ പുരോഹിതന്മാർക്കും ലേവ്യർക്കും യഹോവയുടെ നിയമം കൃത്യമായി പാലിക്കാൻ കഴിയുമായിരുന്നു.
5 ഈ കല്പന പുറപ്പെടുവിച്ച ഉടനെ, ഇസ്രായേല്യർ അവരുടെ ധാന്യത്തിന്റെയും പുതുവീഞ്ഞിന്റെയും എണ്ണയുടെയും+ തേനിന്റെയും നിലത്തെ എല്ലാ വിളവിന്റെയും ആദ്യഫലം+ വലിയ തോതിൽ കൊണ്ടുവന്ന് കൊടുത്തു; എല്ലാത്തിന്റെയും പത്തിലൊന്ന് അവർ കൊടുത്തു.+
6 യഹൂദാനഗരങ്ങളിൽ താമസിക്കുന്ന ഇസ്രായേല്യരും യഹൂദാജനവും, തങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി വേർതിരിച്ച, വിശുദ്ധവസ്തുക്കളുടെ പത്തിലൊന്നും ആടുമാടുകളുടെ പത്തിലൊന്നും+ കൊണ്ടുവന്ന് പല കൂട്ടങ്ങളായി കൂട്ടി.
7 മൂന്നാം മാസംമുതൽ+ അവർ സംഭാവനകൾ കൊണ്ടുവന്ന് കൂമ്പാരങ്ങളായി കൂട്ടിത്തുടങ്ങി; ഏഴാം മാസംവരെ+ അതു തുടർന്നു.
8 ആ കൂമ്പാരങ്ങൾ വന്ന് കണ്ട ഹിസ്കിയയും പ്രഭുക്കന്മാരും യഹോവയെ സ്തുതിക്കുകയും ദൈവത്തിന്റെ ജനമായ ഇസ്രായേലിനെ അനുഗ്രഹിക്കുകയും ചെയ്തു.
9 ഹിസ്കിയ ആ കൂമ്പാരങ്ങളെക്കുറിച്ച് പുരോഹിതന്മാരോടും ലേവ്യരോടും തിരക്കി.
10 അപ്പോൾ സാദോക്കിന്റെ ഭവനത്തിൽപ്പെട്ട മുഖ്യപുരോഹിതനായ അസര്യ പറഞ്ഞു: “യഹോവയുടെ ഭവനത്തിലേക്കു സംഭാവന കൊണ്ടുവരാൻതുടങ്ങിയതുമുതൽ+ ജനത്തിനു വേണ്ടുവോളം ഭക്ഷണമുണ്ട്; ധാരാളം ബാക്കിയുമുണ്ട്. യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ കാണുന്നതെല്ലാം മിച്ചംവന്നത്.”+
11 അപ്പോൾ ഹിസ്കിയ അവരോട് യഹോവയുടെ ഭവനത്തിൽ സംഭരണമുറികൾ* സജ്ജീകരിക്കാൻ കല്പിച്ചു.+ അവർ അതു ചെയ്തു.
12 അവർ വിശ്വസ്തമായി ദശാംശവും*+ സംഭാവനകളും വിശുദ്ധവസ്തുക്കളും കൊണ്ടുവന്നുകൊണ്ടിരുന്നു. അവയുടെയെല്ലാം മേൽനോട്ടക്കാരനായി ലേവ്യനായ കോനന്യയെ നിയമിച്ചു. കോനന്യയുടെ സഹോദരനായ ശിമെയിയായിരുന്നു രണ്ടാമൻ.
13 ഹിസ്കിയ രാജാവിന്റെ കല്പനയനുസരിച്ച് യഹീയേൽ, ആസസ്യ, നഹത്ത്, അസാഹേൽ, യരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യ, മഹത്ത്, ബനയ എന്നീ ഉദ്യോഗസ്ഥന്മാർ കോനന്യയെയും സഹോദരൻ ശിമെയിയെയും സഹായിച്ചു. അസര്യക്കായിരുന്നു ദൈവഭവനത്തിന്റെ ചുമതല.
14 സത്യദൈവത്തിന്റെ ഭവനത്തിലേക്ക് ആളുകൾ സ്വമനസ്സാലെ കൊണ്ടുവരുന്ന കാഴ്ചകളുടെ+ ചുമതല കിഴക്കേ കവാടത്തിന്റെ കാവൽക്കാരനായിരുന്ന, ലേവ്യനായ ഇമ്നയുടെ മകൻ കോരെക്കായിരുന്നു.+ യഹോവയ്ക്കു ലഭിച്ചിരുന്ന സംഭാവനകളും അതിവിശുദ്ധവസ്തുക്കളും+ വിതരണം ചെയ്തിരുന്നതു കോരെയാണ്.+
15 എല്ലാ വിഭാഗത്തിലുമുള്ള സഹോദരങ്ങൾക്കു വലുപ്പച്ചെറുപ്പം നോക്കാതെ അവ തുല്യമായി വിതരണം ചെയ്യാൻ+ കോരെയുടെ കീഴിൽ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യ, അമര്യ, ശെഖന്യ എന്നീ ആശ്രയയോഗ്യരായ പുരുഷന്മാരെ പുരോഹിതന്മാരുടെ നഗരങ്ങളിൽ+ നിയമിച്ചിരുന്നു.
16 എന്നാൽ ദിവസേന യഹോവയുടെ ഭവനത്തിൽ തങ്ങളുടെ വിഭാഗത്തിന്റെ നിയമനങ്ങൾ നിർവഹിക്കാൻ വരുന്ന, വംശാവലിരേഖയിൽ പേരുള്ള എല്ലാവർക്കും ഭക്ഷണത്തിനുവേണ്ടി മറ്റൊരു ക്രമീകരണമാണുണ്ടായിരുന്നത്. ഈ വംശാവലിരേഖയിൽ മൂന്നും അതിനു മേലോട്ടും പ്രായമുള്ള എല്ലാ ആണുങ്ങളുമുണ്ടായിരുന്നു.
17 പിതൃഭവനമനുസരിച്ചാണു പുരോഹിതന്മാരെയും+ 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള ലേവ്യരെയും+ അവരുടെ വിഭാഗങ്ങളിലെ നിയമനങ്ങളുടെ അടിസ്ഥാനത്തിൽ+ വംശാവലിരേഖയിൽ പേര് ചേർത്തത്.
18 അവരുടെ മക്കളും ഭാര്യമാരും ആൺമക്കളും പെൺമക്കളും അവരുടെ സഭ മുഴുവനും ചെയ്തിരുന്നതു വിശ്വസ്തതയോടെ ചെയ്യേണ്ട ജോലിയായിരുന്നതിനാൽ വിശുദ്ധവേലയ്ക്കുവേണ്ടി അവർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചിരുന്നു. അതുകൊണ്ട് വംശാവലിരേഖയിൽ അവരുടെയെല്ലാം പേരുകൾ ഉൾപ്പെടുത്തി.
19 പുരോഹിതന്മാരുടെ നഗരങ്ങൾക്കു ചുറ്റുമുള്ള മേച്ചിൽപ്പുറങ്ങളിൽ താമസിച്ചിരുന്ന, അഹരോന്റെ വംശജരായ പുരോഹിതന്മാരുടെയും+ പേരുകൾ അതിലുണ്ടായിരുന്നു. പുരോഹിതകുടുംബത്തിലെ എല്ലാ പുരുഷന്മാർക്കും വംശാവലിരേഖയിൽ പേരുണ്ടായിരുന്ന എല്ലാ ലേവ്യർക്കും ഓഹരി കൊടുക്കാനായി നഗരങ്ങളിലെല്ലാം പുരുഷന്മാരെ പേര് വിളിച്ച് തിരഞ്ഞെടുത്തു.
20 ഹിസ്കിയ രാജാവ് യഹൂദയിൽ എല്ലായിടത്തും ഇങ്ങനെതന്നെ ചെയ്തു. രാജാവ് തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്ത് വിശ്വസ്തതയോടെ നടന്നു.
21 ദൈവഭവനത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിലാകട്ടെ,+ ദൈവത്തിന്റെ നിയമത്തോടും കല്പനയോടും ഉള്ള ബന്ധത്തിലാകട്ടെ, തന്റെ ദൈവത്തെ അന്വേഷിക്കാനായി ചെയ്തതെല്ലാം ഹിസ്കിയ മുഴുഹൃദയത്തോടെയാണു ചെയ്തത്. അതുകൊണ്ട് ഹിസ്കിയ ചെയ്തതെല്ലാം സഫലമായി.
അടിക്കുറിപ്പുകള്
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
^ അക്ഷ. “പാളയങ്ങളുടെ.”
^ അഥവാ “ഊണുമുറികൾ.”
^ അഥവാ “പത്തിലൊന്നും.”