ദിനവൃത്താന്തം രണ്ടാം ഭാഗം 33:1-25
33 രാജാവാകുമ്പോൾ മനശ്ശെക്ക്+ 12 വയസ്സായിരുന്നു. 55 വർഷം മനശ്ശെ യരുശലേമിൽ ഭരണം നടത്തി.+
2 ഇസ്രായേൽ ജനത്തിന്റെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ പിന്തുടർന്നുകൊണ്ട് മനശ്ശെ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തു.+
3 അപ്പനായ ഹിസ്കിയ ഇടിച്ചുകളഞ്ഞ, ആരാധനാസ്ഥലങ്ങൾ* വീണ്ടും നിർമിച്ചു.+ പൂജാസ്തൂപങ്ങളും* ബാൽ ദൈവങ്ങൾക്കു യാഗപീഠങ്ങളും പണിതു. ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിട്ട് അവയെ സേവിച്ചു.+
4 യഹോവയുടെ ഭവനത്തിലും മനശ്ശെ യാഗപീഠങ്ങൾ പണിതു.+ “യരുശലേമിൽ എന്റെ പേര് എന്നുമുണ്ടായിരിക്കും”+ എന്ന് യഹോവ പറഞ്ഞത് ഈ ഭവനത്തെക്കുറിച്ചായിരുന്നു.
5 യഹോവയുടെ ഭവനത്തിന്റെ രണ്ടു മുറ്റത്തും+ മനശ്ശെ ആകാശത്തിലെ സർവസൈന്യത്തിനുംവേണ്ടി യാഗപീഠങ്ങൾ പണിതു.
6 മനശ്ശെ സ്വന്തം മക്കളെ ബൻ-ഹിന്നോം താഴ്വരയിൽ*+ ദഹിപ്പിച്ചു.*+ മന്ത്രവാദവും+ ആഭിചാരവും* ചെയ്യുകയും ഭാവിഫലം നോക്കുകയും ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും* ഭാവി പറയുന്നവരെയും നിയമിക്കുകയും ചെയ്തു.+ യഹോവയുടെ മുമ്പാകെ ഒരുപാടു തെറ്റുകൾ ചെയ്ത് ദൈവത്തെ കോപിപ്പിച്ചു.
7 താൻ കൊത്തിയുണ്ടാക്കിയ വിഗ്രഹം മനശ്ശെ സത്യദൈവത്തിന്റെ ഭവനത്തിൽ പ്രതിഷ്ഠിച്ചു.+ ഈ ഭവനത്തെക്കുറിച്ച് ദാവീദിനോടും മകനായ ശലോമോനോടും ദൈവം ഇങ്ങനെ പറഞ്ഞിരുന്നു: “ഇസ്രായേൽഗോത്രങ്ങളിൽനിന്ന് ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യരുശലേമിലും ഈ ഭവനത്തിലും ഞാൻ എന്റെ പേര് എന്നേക്കുമായി സ്ഥാപിക്കും.+
8 ഞാൻ ഇസ്രായേല്യർക്കു നൽകിയ കല്പനകളെല്ലാം, അതായത് എന്റെ ദാസനായ മോശയിലൂടെ നൽകിയ ചട്ടങ്ങളും ന്യായത്തീർപ്പുകളും നിയമം മുഴുവനും, അവർ ശ്രദ്ധാപൂർവം പാലിച്ചാൽ അവരുടെ പൂർവികർക്കു നിയമിച്ചുകൊടുത്ത ദേശത്തുനിന്ന് ഇനി ഒരിക്കലും ഞാൻ അവരെ ഓടിച്ചുകളയില്ല.”
9 മനശ്ശെ യഹൂദയെയും യരുശലേംനിവാസികളെയും വഴിതെറ്റിച്ചു. അങ്ങനെ യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് നശിപ്പിച്ചുകളഞ്ഞ ജനതകൾ ചെയ്തതിനെക്കാൾ മോശമായ കാര്യങ്ങൾ അവർ ചെയ്തു.+
10 യഹോവ മനശ്ശെക്കും ജനത്തിനും ആവർത്തിച്ച് മുന്നറിയിപ്പു കൊടുത്തു. പക്ഷേ അവർ അതു ശ്രദ്ധിച്ചില്ല.+
11 അതുകൊണ്ട് യഹോവ അസീറിയൻ രാജാവിന്റെ സൈന്യാധിപന്മാരെ അവർക്കു നേരെ വരുത്തി. അവർ മനശ്ശെയെ കൊളുത്തുകളിട്ട്* പിടിച്ച് ചെമ്പുകൊണ്ടുള്ള രണ്ടു കാൽവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി.
12 എന്നാൽ കഷ്ടതയിലായപ്പോൾ മനശ്ശെ തന്റെ ദൈവമായ യഹോവയോടു കരുണയ്ക്കായി യാചിച്ചു; പൂർവികരുടെ ദൈവത്തിന്റെ മുന്നിൽ തന്നെത്തന്നെ അങ്ങേയറ്റം താഴ്ത്തി.
13 പല തവണ മനശ്ശെ ദൈവത്തോടു പ്രാർഥിച്ചു. കരുണയ്ക്കുവേണ്ടിയുള്ള മനശ്ശെയുടെ അപേക്ഷയും യാചനയും കേട്ട് ദൈവത്തിന്റെ മനസ്സ് അലിഞ്ഞു. ദൈവം മനശ്ശെയെ യരുശലേമിലേക്കു തിരികെ കൊണ്ടുവന്ന് വീണ്ടും രാജാവാക്കി.+ അങ്ങനെ യഹോവയാണു സത്യദൈവമെന്നു മനശ്ശെ തിരിച്ചറിഞ്ഞു.+
14 ഇതിനു ശേഷം മനശ്ശെ താഴ്വരയിലുള്ള* ഗീഹോന്റെ പടിഞ്ഞാറുവശത്ത്+ ദാവീദിന്റെ നഗരത്തിന് ഒരു പുറംമതിൽ പണിതു.+ നല്ല ഉയരമുണ്ടായിരുന്ന ആ മതിൽ മത്സ്യകവാടംവരെയും+ അവിടെനിന്ന് തിരിച്ച് ഓഫേൽ വരെയും+ നീണ്ടുകിടന്നു. മനശ്ശെ യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങളിലെല്ലാം സൈന്യാധിപന്മാരെ നിയമിച്ചു.
15 പിന്നെ യഹോവയുടെ ഭവനത്തിൽനിന്ന് അന്യദൈവങ്ങളെയും വിഗ്രഹരൂപത്തെയും നീക്കിക്കളഞ്ഞു.+ യഹോവയുടെ ഭവനം സ്ഥിതി ചെയ്തിരുന്ന മലയിലും യരുശലേമിലും താൻ പണിതിരുന്ന യാഗപീഠങ്ങളെല്ലാം മനശ്ശെ നശിപ്പിച്ചു.+ മനശ്ശെയുടെ കല്പനയനുസരിച്ച് അവയെല്ലാം നഗരത്തിനു വെളിയിൽ എറിഞ്ഞുകളഞ്ഞു.
16 കൂടാതെ യഹോവയുടെ യാഗപീഠം നന്നാക്കിയെടുത്ത്+ അതിൽ സഹഭോജനബലികളും+ നന്ദിപ്രകാശനബലികളും+ അർപ്പിക്കാൻതുടങ്ങി. ഇസ്രായേലിന്റെ ദൈവമായ യഹോവയെ സേവിക്കാൻ മനശ്ശെ യഹൂദയോട് ആജ്ഞാപിച്ചു.
17 പക്ഷേ ജനം ആരാധനാസ്ഥലങ്ങളിൽ* യഹോവയ്ക്കു ബലി അർപ്പിച്ചുകൊണ്ടിരുന്നു.
18 മനശ്ശെയുടെ ബാക്കി ചരിത്രം, ദൈവത്തോടുള്ള മനശ്ശെയുടെ പ്രാർഥനയും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ദിവ്യദർശികൾ മനശ്ശെയെ അറിയിച്ച വാക്കുകളും, ഇസ്രായേൽ രാജാക്കന്മാരുടെ ചരിത്രരേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
19 മനശ്ശെയുടെ പ്രാർഥനയെക്കുറിച്ചും+ ദൈവം ആ അപേക്ഷ കേട്ടതിനെക്കുറിച്ചും മനശ്ശെയുടെ എല്ലാ പാപങ്ങളെയും അവിശ്വസ്തതയെയും+ കുറിച്ചും മനശ്ശെയുടെ ദിവ്യദർശികളുടെ വിവരണങ്ങളിലുണ്ട്. മനശ്ശെ താഴ്മയുള്ളവനായിത്തീരുന്നതിനു മുമ്പ് എവിടെയെല്ലാം ആരാധനാസ്ഥലങ്ങൾ* പണിതെന്നും പൂജാസ്തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും സ്ഥാപിച്ചെന്നും+ അവയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
20 മനശ്ശെ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ മനശ്ശെയെ അദ്ദേഹത്തിന്റെ ഭവനത്തിന് അരികെ അടക്കം ചെയ്തു. മനശ്ശെയുടെ മകൻ ആമോൻ അടുത്ത രാജാവായി.+
21 രാജാവാകുമ്പോൾ ആമോന്+ 22 വയസ്സായിരുന്നു. ആമോൻ രണ്ടു വർഷം യരുശലേമിൽ ഭരണം നടത്തി.+
22 മനശ്ശെ ചെയ്തതുപോലെ ആമോൻ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തു.+ ആമോൻ അപ്പനായ മനശ്ശെ കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെയെല്ലാം മുന്നിൽ ബലി അർപ്പിച്ച്+ അവയെ സേവിച്ചു.
23 എന്നാൽ അപ്പനായ മനശ്ശെയെപ്പോലെ+ ആമോൻ യഹോവയുടെ മുമ്പാകെ സ്വയം താഴ്ത്തിയില്ല.+ പകരം ഒരുപാടു തെറ്റുകൾ ചെയ്തുകൂട്ടി.
24 ഒടുവിൽ ഭൃത്യന്മാർ ആമോന് എതിരെ ഗൂഢാലോചന നടത്തി+ ആമോനെ സ്വന്തം ഭവനത്തിൽവെച്ച് കൊന്നു.
25 എന്നാൽ രാജാവിന് എതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം ജനം കൊന്നുകളഞ്ഞു.+ എന്നിട്ട് ആമോന്റെ മകൻ യോശിയയെ+ രാജാവാക്കി.
അടിക്കുറിപ്പുകള്
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
^ അക്ഷ. “തീയിലൂടെ കടത്തിവിട്ടു.”
^ അർഥം: “ഹിന്നോംപുത്രന്റെ താഴ്വര.”
^ മറ്റൊരു സാധ്യത “പാറപ്പിളർപ്പിൽനിന്ന്.”
^ അഥവാ “നീർച്ചാലിലുള്ള.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”