ദിനവൃത്താന്തം രണ്ടാം ഭാഗം 5:1-14
5 അങ്ങനെ യഹോവയുടെ ഭവനത്തിൽ താൻ ചെയ്യേണ്ട പണികളെല്ലാം ശലോമോൻ ചെയ്തുതീർത്തു.+ അപ്പനായ ദാവീദ് വിശുദ്ധീകരിച്ച വസ്തുക്കളെല്ലാം ശലോമോൻ അവിടേക്കു കൊണ്ടുവന്നു.+ സ്വർണവും വെള്ളിയും എല്ലാ ഉപകരണങ്ങളും കൊണ്ടുവന്ന് സത്യദൈവത്തിന്റെ ഭവനത്തിലെ ഖജനാവുകളിൽ വെച്ചു.+
2 പിന്നെ ശലോമോൻ ഇസ്രായേലിലെ എല്ലാ മൂപ്പന്മാരെയും* എല്ലാ ഗോത്രത്തലവന്മാരെയും ഇസ്രായേലിലെ പിതൃഭവനങ്ങളുടെ തലവന്മാരെയും കൂട്ടിവരുത്തി. ദാവീദിന്റെ നഗരം+ എന്ന് അറിയപ്പെടുന്ന സീയോനിൽനിന്ന്+ യഹോവയുടെ ഉടമ്പടിപ്പെട്ടകം കൊണ്ടുവരാൻ അവർ യരുശലേമിൽ വന്നു.
3 ഇസ്രായേലിലെ എല്ലാ പുരുഷന്മാരും ഏഴാം മാസത്തിലെ ഉത്സവത്തിന്റെ* സമയത്ത് രാജാവിന്റെ മുന്നിൽ കൂടിവന്നു.+
4 അങ്ങനെ ഇസ്രായേൽമൂപ്പന്മാരെല്ലാം വന്നു; ലേവ്യർ പെട്ടകം ചുമന്നു.+
5 പുരോഹിതന്മാരും ലേവ്യരും ചേർന്ന്* പെട്ടകവും സാന്നിധ്യകൂടാരവും+ കൂടാരത്തിലുണ്ടായിരുന്ന വിശുദ്ധമായ എല്ലാ ഉപകരണങ്ങളും കൊണ്ടുവന്നു.
6 ശലോമോൻ രാജാവും രാജാവിന്റെ മുമ്പാകെ കൂടിവന്ന ഇസ്രായേൽസമൂഹം മുഴുവനും പെട്ടകത്തിനു മുന്നിൽ നിന്നു. എണ്ണവും കണക്കും ഇല്ലാത്തത്ര ആടുമാടുകളെ അവിടെ ബലി അർപ്പിച്ചു.+
7 പിന്നെ പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിപ്പെട്ടകം അതിന്റെ സ്ഥാനത്ത്, ഭവനത്തിന്റെ അകത്തെ മുറിയിൽ, അതായത് അതിവിശുദ്ധത്തിൽ, കെരൂബുകളുടെ ചിറകിൻകീഴിൽ കൊണ്ടുവന്ന് വെച്ചു.+
8 അങ്ങനെ, കെരൂബുകളുടെ ചിറകുകൾ പെട്ടകം വെച്ച സ്ഥലത്തിനു മീതെ വിരിച്ചുപിടിച്ച നിലയിലായി. കെരൂബുകളുടെ ചിറകുകൾ പെട്ടകത്തിനും അതിന്റെ തണ്ടുകൾക്കും+ മീതെ വിടർന്നുനിന്നു.
9 തണ്ടുകൾക്കു വളരെ നീളമുണ്ടായിരുന്നതിനാൽ അകത്തെ മുറിയുടെ മുന്നിലുള്ള വിശുദ്ധത്തിൽനിന്ന് നോക്കിയാൽ തണ്ടുകളുടെ അറ്റം കാണാനാകുമായിരുന്നു. എന്നാൽ പുറത്തുനിന്ന് അവ കാണാൻ കഴിയുമായിരുന്നില്ല. അവ ഇന്നും അവിടെയുണ്ട്.
10 ഈജിപ്തിൽനിന്ന് പുറപ്പെട്ടുവന്ന ഇസ്രായേൽ+ ജനവുമായി യഹോവ ഉടമ്പടി ചെയ്തപ്പോൾ,+ ഹോരേബിൽവെച്ച് മോശ വെച്ച രണ്ടു കൽപ്പലകകളല്ലാതെ+ മറ്റൊന്നും പെട്ടകത്തിലുണ്ടായിരുന്നില്ല.
11 പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്ന് പുറത്ത് വന്നപ്പോൾ (അവിടെ എത്തിയിരുന്ന എല്ലാ പുരോഹിതന്മാരും, വിഭാഗം ഏതെന്നു നോക്കാതെ+ എല്ലാവരും, തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നു.)+
12 ആസാഫ്,+ ഹേമാൻ,+ യദൂഥൂൻ,+ അവരുടെ ആൺമക്കൾ, അവരുടെ സഹോദരന്മാർ എന്നിവർ അടങ്ങുന്ന ലേവ്യഗായകർ+ മേത്തരം വസ്ത്രം ധരിച്ച് ഇലത്താളങ്ങളും തന്ത്രിവാദ്യങ്ങളും കിന്നരങ്ങളും പിടിച്ചുകൊണ്ട് യാഗപീഠത്തിന്റെ കിഴക്കുവശത്ത് നിൽക്കുന്നുണ്ടായിരുന്നു. കാഹളം ഊതിക്കൊണ്ട് 120 പുരോഹിതന്മാരും+ അവരോടൊപ്പമുണ്ടായിരുന്നു.
13 കാഹളം ഊതുന്നവരും ഗായകരും ഏകസ്വരത്തിൽ യഹോവയ്ക്കു നന്ദിയും സ്തുതിയും അർപ്പിച്ചു. കാഹളങ്ങളുടെയും ഇലത്താളങ്ങളുടെയും മറ്റു സംഗീതോപകരണങ്ങളുടെയും അകമ്പടിയോടെ അവർ യഹോവയെ സ്തുതിച്ച്, “ദൈവം നല്ലവനല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്”+ എന്നു പാടിയ ഉടനെ യഹോവയുടെ ഭവനം മേഘംകൊണ്ട് നിറഞ്ഞു!+
14 മേഘം കാരണം, അവിടെ നിന്ന് ശുശ്രൂഷ ചെയ്യാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല. സത്യദൈവത്തിന്റെ ഭവനം യഹോവയുടെ തേജസ്സുകൊണ്ട് നിറഞ്ഞിരുന്നു.+