ദിനവൃത്താന്തം രണ്ടാം ഭാഗം 7:1-22
7 ശലോമോൻ പ്രാർഥിച്ചുകഴിഞ്ഞ ഉടനെ+ ആകാശത്തുനിന്ന് തീ ഇറങ്ങി+ ദഹനയാഗവും ബലികളും ദഹിപ്പിച്ചു. ഭവനം യഹോവയുടെ തേജസ്സുകൊണ്ട് നിറയുകയും ചെയ്തു.+
2 യഹോവയുടെ ഭവനം യഹോവയുടെ തേജസ്സുകൊണ്ട് നിറഞ്ഞതിനാൽ പുരോഹിതന്മാർക്ക് യഹോവയുടെ ഭവനത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.+
3 ആകാശത്തുനിന്ന് തീ ഇറങ്ങുന്നതും ഭവനത്തിന്മേൽ യഹോവയുടെ തേജസ്സു നിറയുന്നതും കണ്ടപ്പോൾ ഇസ്രായേൽ ജനം മുഴുവൻ തറയിൽ കമിഴ്ന്നുവീണ് സാഷ്ടാംഗം നമസ്കരിച്ച്, “ദൈവം നല്ലവനല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്” എന്നു പറഞ്ഞ് യഹോവയ്ക്കു നന്ദി കൊടുത്തു.
4 രാജാവും ജനങ്ങളും കൂടി യഹോവയുടെ മുമ്പാകെ ബലികൾ അർപ്പിച്ചു.+
5 ശലോമോൻ രാജാവ് 22,000 കന്നുകാലികളെയും 1,20,000 ആടുകളെയും ബലി അർപ്പിച്ചു. അങ്ങനെ രാജാവും ജനങ്ങളും കൂടി സത്യദൈവത്തിന്റെ ഭവനം ഉദ്ഘാടനം ചെയ്തു.+
6 പുരോഹിതന്മാർ അവരുടെ നിയമിതസ്ഥാനങ്ങളിൽ നിന്നു. അതുപോലെ, യഹോവയ്ക്കു പാട്ടു പാടുമ്പോൾ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി ലേവ്യരും നിന്നു.+ (അവരോടൊപ്പം* സ്തുതിഗീതങ്ങൾ പാടുമ്പോൾ, “ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്” എന്നു പറഞ്ഞ് യഹോവയ്ക്കു നന്ദി കൊടുക്കാൻ ദാവീദ് രാജാവ് ഉണ്ടാക്കിയവയാണ് ഈ ഉപകരണങ്ങൾ.) ഇസ്രായേല്യരെല്ലാം എഴുന്നേറ്റുനിൽക്കുമ്പോൾ ആ ലേവ്യർക്ക് അഭിമുഖമായി നിന്ന് പുരോഹിതന്മാർ കാഹളം മുഴക്കി.+
7 ശലോമോൻ നിർമിച്ച ചെമ്പുകൊണ്ടുള്ള യാഗപീഠത്തിൽ+ എല്ലാ ദഹനബലികളും+ ധാന്യയാഗങ്ങളും+ കൊഴുപ്പും കൊള്ളുമായിരുന്നില്ല. അതുകൊണ്ട് ശലോമോൻ യഹോവയുടെ ഭവനത്തിന്റെ മുൻവശത്തുള്ള മുറ്റത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ദഹനയാഗങ്ങളും സഹഭോജനബലികളുടെ കൊഴുപ്പും+ അർപ്പിച്ചു.
8 ആ സമയത്ത് ശലോമോൻ എല്ലാ ഇസ്രായേല്യരുടെയുംകൂടെ, ലബോ-ഹമാത്ത്* മുതൽ താഴെ ഈജിപ്ത് നീർച്ചാൽ*+ വരെയുള്ള ദേശത്തുനിന്ന് വന്ന വലിയൊരു സഭയോടൊപ്പം, ഏഴു ദിവസം ഉത്സവം ആചരിച്ചു.+
9 അവർ ഏഴു ദിവസം യാഗപീഠത്തിന്റെ ഉദ്ഘാടനം കൊണ്ടാടുകയും ഏഴു ദിവസം ഉത്സവം ആഘോഷിക്കുകയും ചെയ്തു; എട്ടാം ദിവസം* പവിത്രമായ ഒരു സമ്മേളനം നടത്തി.+
10 ഏഴാം മാസം 23-ാം ദിവസം ശലോമോൻ ജനത്തെ പറഞ്ഞയച്ചു. യഹോവ ദാവീദിനോടും ശലോമോനോടും സ്വന്തം ജനമായ ഇസ്രായേലിനോടും കാണിച്ച നന്മയെപ്രതി ആഹ്ലാദിച്ചുകൊണ്ട്+ സന്തോഷം നിറഞ്ഞ ഹൃദയത്തോടെ അവർ അവരുടെ വീടുകളിലേക്കു തിരിച്ചുപോയി.+
11 അങ്ങനെ ശലോമോൻ യഹോവയുടെ ഭവനവും രാജാവിന്റെ ഭവനവും* പണിതുപൂർത്തിയാക്കി.+ യഹോവയുടെ ഭവനത്തിലും തന്റെ ഭവനത്തിലും ചെയ്യണമെന്ന് ആഗ്രഹിച്ചതൊക്കെ ശലോമോൻ വിജയകരമായി ചെയ്തു.+
12 യഹോവ രാത്രി ശലോമോനു പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. എനിക്കു ബലി അർപ്പിക്കാനുള്ള ഒരു ഭവനമായി ഞാൻ ഈ സ്ഥലം എനിക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നു.+
13 ഞാൻ ആകാശം അടച്ചിട്ട് മഴ പെയ്യാതിരിക്കുകയോ പുൽച്ചാടികളോടു കല്പിച്ചിട്ട് അവ ദേശം നശിപ്പിക്കുകയോ ഞാൻ എന്റെ ജനത്തിന് ഇടയിൽ മാരകമായ ഒരു പകർച്ചവ്യാധി അയയ്ക്കുകയോ ചെയ്യുമ്പോൾ
14 എന്റെ പേര് വിളിച്ചിരിക്കുന്ന എന്റെ ജനം+ സ്വയം താഴ്ത്തി+ അവരുടെ ദുഷ്ടവഴികൾ വിട്ടുതിരിയുകയും+ എന്റെ മുഖം അന്വേഷിച്ച് എന്നോടു പ്രാർഥിക്കുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപം ക്ഷമിക്കുകയും അവരുടെ ദേശത്തെ സുഖപ്പെടുത്തുകയും ചെയ്യും.+
15 ഈ സ്ഥലത്തുനിന്ന് ഉയരുന്ന പ്രാർഥനകൾക്കു നേരെ ഞാൻ എന്റെ കണ്ണുകൾ തുറന്നുവെക്കും; ചെവിയോർത്ത് ഞാൻ അവ ശ്രദ്ധിക്കും.+
16 എന്റെ പേര് എന്നെന്നും ഈ ഭവനത്തിലുണ്ടായിരിക്കേണ്ടതിനു ഞാൻ ഇതിനെ തിരഞ്ഞെടുത്ത് വിശുദ്ധീകരിച്ചിരിക്കുന്നു.+ എന്റെ കണ്ണും ഹൃദയവും എപ്പോഴും ഇവിടെയുണ്ടായിരിക്കും.+
17 “നീ നിന്റെ അപ്പനായ ദാവീദിനെപ്പോലെ ഞാൻ കല്പിച്ചതെല്ലാം പാലിച്ചുകൊണ്ട് എന്റെ മുമ്പാകെ നടക്കുകയും എന്റെ ചട്ടങ്ങളും ന്യായവിധികളും അനുസരിക്കുകയും ചെയ്താൽ+
18 നിന്റെ രാജസിംഹാസനം ഞാൻ സ്ഥിരമാക്കും.+ അങ്ങനെ, ‘ഇസ്രായേലിനെ ഭരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരുഷനില്ലാതെപോകില്ല’+ എന്നു നിന്റെ അപ്പനായ ദാവീദിനോടു ചെയ്ത ഉടമ്പടി+ ഞാൻ നിവർത്തിക്കും.
19 എന്നാൽ നിങ്ങൾ എന്റെ വഴികൾ വിട്ടുമാറി ഞാൻ നിങ്ങളുടെ മുമ്പാകെ വെച്ചിരിക്കുന്ന എന്റെ കല്പനകളും നിയമങ്ങളും ഉപേക്ഷിക്കുകയും അന്യദൈവങ്ങളെ സേവിച്ച് അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്താൽ+
20 ഇസ്രായേലിനു കൊടുത്ത എന്റെ ദേശത്തുനിന്ന് ഞാൻ അവരെ പിഴുതെറിയും.+ എന്റെ നാമത്തിനുവേണ്ടി ഞാൻ വിശുദ്ധീകരിച്ച ഈ ഭവനം എന്റെ കൺമുന്നിൽനിന്ന് ഞാൻ നീക്കിക്കളയും. അതിനെ ഞാൻ എല്ലാ ജനങ്ങൾക്കുമിടയിൽ നിന്ദയ്ക്കും* പരിഹാസത്തിനും പാത്രമാക്കും.+
21 ഈ ഭവനം നാശകൂമ്പാരമായിത്തീരും. അതിന് അടുത്തുകൂടി പോകുന്നവർ അത്ഭുതസ്തബ്ധരായി,+ ‘യഹോവ എന്തിനാണ് ഈ ദേശത്തോടും ഈ ഭവനത്തോടും ഇങ്ങനെ ചെയ്തത്’ എന്നു ചോദിക്കും.+
22 പിന്നെ അവർ പറയും: ‘അവരെ ഈജിപ്ത് ദേശത്തുനിന്ന് കൊണ്ടുവന്ന അവരുടെ പൂർവികരുടെ+ ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കുകയും+ അന്യദൈവങ്ങളുടെ പിന്നാലെ പോയി അവയുടെ മുന്നിൽ കുമ്പിട്ട് അവയെ സേവിക്കുകയും ചെയ്തു.+ അതുകൊണ്ടാണ് ദൈവം ഈ ദുരന്തമെല്ലാം അവരുടെ മേൽ വരുത്തിയത്.’”+
അടിക്കുറിപ്പുകള്
^ ലേവ്യരെയായിരിക്കാം പരാമർശിക്കുന്നത്.
^ അഥവാ “ഹമാത്തിന്റെ പ്രവേശനകവാടം.”
^ ഉത്സവത്തിനു ശേഷമുള്ള ദിവസം അഥവാ 15-ാം ദിവസം.
^ അഥവാ “കൊട്ടാരവും.”
^ അക്ഷ. “പഴഞ്ചൊല്ലിനും.”