രാജാക്കന്മാർ രണ്ടാം ഭാഗം 1:1-18
1 ആഹാബിന്റെ മരണശേഷം മോവാബ്+ ഇസ്രായേലിനു കീഴ്പെടാൻ വിസമ്മതിച്ചു.
2 അക്കാലത്ത് അഹസ്യ രാജാവ് ശമര്യയിലുള്ള ഭവനത്തിന്റെ മുകളിലത്തെ മുറിയുടെ അഴി തകർന്ന് താഴെ വീണ് കിടപ്പിലായി. രാജാവ് ദാസന്മാരെ വിളിച്ച് അവരോട്, “ചെന്ന് എക്രോനിലെ+ ദൈവമായ ബാൽസെബൂബിനോട് എന്റെ ഈ പരിക്കു ഭേദമാകുമോ എന്നു ചോദിക്കുക”+ എന്നു പറഞ്ഞു.
3 എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലിയയോടു*+ കല്പിച്ചു: “നീ ചെന്ന് ശമര്യയിലെ രാജാവ് അയച്ച ദാസന്മാരെ കണ്ട് അവരോട് ഇങ്ങനെ പറയുക: ‘ഇസ്രായേലിൽ ദൈവമില്ലാഞ്ഞിട്ടാണോ നീ എക്രോനിലെ ദൈവമായ ബാൽസെബൂബിനോടു ചോദിക്കാൻ പോകുന്നത്?+
4 അതുകൊണ്ട് യഹോവ ഇങ്ങനെ പറയുന്നു: “നീ നിന്റെ കിടക്കയിൽനിന്ന് എഴുന്നേൽക്കില്ല, നീ ഉറപ്പായും മരിച്ചുപോകും.”’” അതിനു ശേഷം ഏലിയ അവിടെനിന്ന് പോയി.
5 ദാസന്മാർ മടങ്ങിച്ചെന്നപ്പോൾ അഹസ്യ അവരോട്, “നിങ്ങൾ എന്താണു തിരികെ പോന്നത്” എന്നു ചോദിച്ചു.
6 അവർ പറഞ്ഞു: “ഒരു മനുഷ്യൻ ഞങ്ങളുടെ നേരെ വന്ന് ഞങ്ങളോടു പറഞ്ഞു: ‘നിങ്ങളെ അയച്ച രാജാവിന്റെ അടുത്ത് മടങ്ങിച്ചെന്ന് ഇങ്ങനെ പറയുക: “യഹോവ പറയുന്നു: ‘ഇസ്രായേലിൽ ദൈവമില്ലാഞ്ഞിട്ടാണോ നീ എക്രോനിലെ ദൈവമായ ബാൽസെബൂബിനോടു ചോദിക്കാൻ ആളയയ്ക്കുന്നത്? അതുകൊണ്ട് നീ നിന്റെ കിടക്കയിൽനിന്ന് എഴുന്നേൽക്കില്ല, നീ ഉറപ്പായും മരിച്ചുപോകും.’”’”+
7 അപ്പോൾ രാജാവ് അവരോടു ചോദിച്ചു: “നിങ്ങളുടെ അടുത്ത് വന്ന് സംസാരിച്ച ആ മനുഷ്യൻ കാണാൻ എങ്ങനെയിരിക്കും?”
8 അവർ പറഞ്ഞു: “രോമംകൊണ്ടുള്ള ഒരു വസ്‌ത്രമാണ്+ ആ മനുഷ്യൻ ധരിച്ചിരുന്നത്, തുകൽകൊണ്ടുള്ള ഒരു അരപ്പട്ടയും+ കെട്ടിയിരുന്നു.” ഉടനെ രാജാവ് പറഞ്ഞു: “അതു തിശ്ബ്യനായ ഏലിയയാണ്.”
9 പിന്നെ രാജാവ് 50 പേരുടെ ഒരു തലവനെ അയാളുടെ കീഴിലുള്ള 50 ആളുകളോടൊപ്പം ഏലിയയുടെ അടുത്തേക്ക് അയച്ചു. അയാൾ ചെന്നപ്പോൾ ഏലിയ മലയുടെ മുകളിൽ ഇരിക്കുകയായിരുന്നു. അയാൾ പറഞ്ഞു: “ദൈവപുരുഷാ,+ ‘ഇറങ്ങിവരുക’ എന്നു രാജാവ് കല്പിക്കുന്നു.”
10 എന്നാൽ ഏലിയ 50 പേരുടെ ആ തലവനോടു പറഞ്ഞു: “ഓഹോ, ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തുനിന്ന് തീ ഇറങ്ങി+ നിന്നെയും നിന്റെ 50 ആളുകളെയും ദഹിപ്പിച്ചുകളയട്ടെ!” അപ്പോൾ ആകാശത്തുനിന്ന് തീ ഇറങ്ങി അയാളെയും അയാളുടെ 50 ആളുകളെയും ദഹിപ്പിച്ചുകളഞ്ഞു.
11 അപ്പോൾ രാജാവ് വീണ്ടും 50 പേരുടെ ഒരു തലവനെ 50 ആളുകളോടൊപ്പം അയച്ചു. അയാൾ ചെന്ന് ഏലിയയോട്, “ദൈവപുരുഷാ, ‘വേഗം ഇറങ്ങിവരുക’ എന്നു രാജാവ് കല്പിക്കുന്നു” എന്നു പറഞ്ഞു.
12 എന്നാൽ ഏലിയ അവരോടു പറഞ്ഞു: “ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തുനിന്ന് തീ ഇറങ്ങി നിന്നെയും നിന്റെ 50 ആളുകളെയും ദഹിപ്പിച്ചുകളയട്ടെ!” അപ്പോൾ ആകാശത്തുനിന്ന് ദൈവത്തിന്റെ തീ ഇറങ്ങി അയാളെയും അയാളുടെ 50 ആളുകളെയും ദഹിപ്പിച്ചുകളഞ്ഞു.
13 രാജാവ് മൂന്നാമതും 50 പേരുടെ ഒരു തലവനെ 50 ആളുകളോടൊപ്പം അയച്ചു. എന്നാൽ ആ മൂന്നാമൻ ചെന്ന് ഏലിയയുടെ മുമ്പാകെ മുട്ടുകുത്തി ഇങ്ങനെ അപേക്ഷിച്ചു: “ദൈവപുരുഷാ, ദയവായി എന്റെ ജീവനെയും അങ്ങയുടെ ദാസന്മാരായ ഈ 50 പേരുടെ ജീവനെയും നിസ്സാരമായി കാണരുതേ.
14 എനിക്കു മുമ്പ് വന്ന രണ്ടു തലവന്മാരെയും 50 പേർ വീതമുള്ള അവരുടെ സംഘങ്ങളെയും ആകാശത്തുനിന്ന് തീ ഇറങ്ങി ദഹിപ്പിച്ചുകളഞ്ഞു. എന്നാൽ എന്റെ ജീവനെ അങ്ങ് നിസ്സാരമായി കാണരുതേ.”
15 അപ്പോൾ യഹോവയുടെ ദൂതൻ ഏലിയയോടു പറഞ്ഞു: “അയാളെ പേടിക്കേണ്ടാ, അയാളുടെകൂടെ പൊയ്ക്കൊള്ളൂ.” അങ്ങനെ ഏലിയ എഴുന്നേറ്റ് അയാളോടൊപ്പം രാജാവിന്റെ അടുത്തേക്കു പോയി.
16 ഏലിയ രാജാവിനോടു പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘എക്രോനിലെ+ ദൈവമായ ബാൽസെബൂബിനോടു ചോദിക്കാൻ നീ ആളയച്ചത് ഇസ്രായേലിൽ ദൈവമില്ലാഞ്ഞിട്ടാണോ?+ നീ എന്താണു ദൈവത്തോടു ചോദിക്കാതിരുന്നത്? അതുകൊണ്ട് നീ നിന്റെ കിടക്കയിൽനിന്ന് എഴുന്നേൽക്കില്ല, നീ ഉറപ്പായും മരിച്ചുപോകും.’”
17 യഹോവ ഏലിയയിലൂടെ പറഞ്ഞതുപോലെതന്നെ അഹസ്യ മരിച്ചു. അഹസ്യക്ക് ആൺമക്കളില്ലായിരുന്നു. അതുകൊണ്ട് യഹോരാം*+ അടുത്ത രാജാവായി. യഹൂദാരാജാവും യഹോശാഫാത്തിന്റെ മകനും ആയ യഹോരാമിന്റെ ഭരണത്തിന്റെ രണ്ടാം വർഷത്തിലായിരുന്നു+ അത്.
18 അഹസ്യയുടെ+ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യങ്ങളും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.