രാജാക്കന്മാർ രണ്ടാം ഭാഗം 10:1-36
10 ആഹാബിനു+ ശമര്യയിൽ 70 ആൺമക്കളുണ്ടായിരുന്നു. യേഹു ജസ്രീലിലെ പ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്റെ മക്കളുടെ രക്ഷിതാക്കൾക്കും* കത്ത് എഴുതി+ ശമര്യയിലേക്ക് അയച്ചു. യേഹു എഴുതി:
2 “നിങ്ങളുടെ യജമാനന്റെ ആൺമക്കൾ നിങ്ങളുടെകൂടെയുണ്ടല്ലോ. യുദ്ധരഥങ്ങളും കുതിരകളും ആയുധങ്ങളും കെട്ടുറപ്പുള്ള ഒരു നഗരവും നിങ്ങൾക്കുണ്ട്. ഈ കത്തു കിട്ടുമ്പോൾ
3 നിങ്ങളുടെ യജമാനന്റെ ആൺമക്കളിൽ സമർഥനും യോഗ്യനും* ആയ ഒരാളെ അയാളുടെ അപ്പന്റെ സിംഹാസനത്തിൽ അവരോധിച്ച് നിങ്ങളുടെ യജമാനന്റെ ഗൃഹത്തിനുവേണ്ടി യുദ്ധം ചെയ്യുക.”
4 അവർ ആകെ ഭയന്നുവിറച്ചു. അവർ പറഞ്ഞു: “രണ്ടു രാജാക്കന്മാർക്ക് അയാളുടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞില്ല.+ പിന്നെ നമ്മൾ എങ്ങനെ അയാളോട് എതിർത്തുനിൽക്കും?”
5 അപ്പോൾ കൊട്ടാരവിചാരകനും ഗവർണറും മൂപ്പന്മാരും ആ രക്ഷിതാക്കളും യേഹുവിന് ഇങ്ങനെയൊരു സന്ദേശം അയച്ചു: “ഞങ്ങൾ അങ്ങയുടെ ദാസന്മാരാണ്. അങ്ങ് പറയുന്നത് എന്തും ഞങ്ങൾ അനുസരിച്ചുകൊള്ളാം. ഞങ്ങൾ ആരെയും രാജാവാക്കുന്നില്ല. അങ്ങയ്ക്കു ശരിയെന്നു തോന്നുന്നതു ഞങ്ങളോടു ചെയ്തുകൊള്ളൂ.”
6 അപ്പോൾ യേഹു രണ്ടാമതും അവർക്ക് ഒരു കത്ത് അയച്ചു. അയാൾ എഴുതി: “നിങ്ങൾ എന്റെ കൂടെനിന്ന് എന്നെ അനുസരിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ യജമാനന്റെ മക്കളുടെ തല വെട്ടി നാളെ ഈ സമയത്ത് എന്റെ അടുത്ത് ജസ്രീലിൽ കൊണ്ടുവരുക.”
70 രാജകുമാരന്മാരും അപ്പോൾ നഗരത്തിലെ പ്രധാനികളോടൊപ്പമായിരുന്നു; അവരാണ് ആ രാജകുമാരന്മാരെ വളർത്തിയിരുന്നത്.
7 കത്തു കിട്ടിയ ഉടനെ അവർ രാജാവിന്റെ ആ 70 ആൺമക്കളെയും പിടിച്ച് കൊന്നു.+ അവരുടെ തല കൊട്ടകളിലാക്കി അവർ യേഹുവിനു ജസ്രീലിലേക്ക് അയച്ചുകൊടുത്തു.
8 ദൂതൻ വന്ന് യേഹുവിനോടു പറഞ്ഞു: “രാജാവിന്റെ മക്കളുടെ തല അവർ കൊണ്ടുവന്നിട്ടുണ്ട്.” അപ്പോൾ അയാൾ പറഞ്ഞു: “അവ നഗരത്തിന്റെ കവാടത്തിൽ രണ്ടു കൂനയായി കൂട്ടുക; രാവിലെവരെ അത് അങ്ങനെ കിടക്കട്ടെ.”
9 രാവിലെ അയാൾ പുറത്ത് ചെന്ന് ജനത്തോടു പറഞ്ഞു: “നിങ്ങൾ നിരപരാധികളാണ്.* ഞാനാണ് എന്റെ യജമാനന് എതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ കൊന്നത്.+ എന്നാൽ ഇവരെയെല്ലാം കൊന്നത് ആരാണ്?
10 അതുകൊണ്ട് ഇത് അറിഞ്ഞുകൊള്ളുക: ആഹാബുഗൃഹത്തിന് എതിരെ യഹോവ പറഞ്ഞ വാക്കുകളിൽ ഒന്നുപോലും യഹോവ നിവർത്തിക്കാതിരിക്കില്ല.*+ തന്റെ ദാസനായ ഏലിയയിലൂടെ പറഞ്ഞതെല്ലാം യഹോവ നിവർത്തിച്ചിരിക്കുന്നു.”+
11 കൂടാതെ ജസ്രീലിൽ ആഹാബിന്റെ ഭവനത്തിൽ ബാക്കിയുള്ളവരെയും ആഹാബിന്റെ സുഹൃത്തുക്കളെയും പ്രധാനികളെയും പുരോഹിതന്മാരെയും+ യേഹു കൊന്നുകളഞ്ഞു. ആഹാബിനുള്ള ഒരുത്തനെയും യേഹു ബാക്കി വെച്ചില്ല.+
12 പിന്നെ യേഹു ശമര്യയിലേക്കു പുറപ്പെട്ടു. പോകുന്ന വഴിക്ക്, ഇടയന്മാർ ആടുകളെ കെട്ടുന്ന ഒരു സ്ഥലമുണ്ടായിരുന്നു.*
13 അവിടെവെച്ച് യേഹു യഹൂദാരാജാവായ അഹസ്യയുടെ+ സഹോദരന്മാരെ കണ്ടു. “നിങ്ങൾ ആരാണ്” എന്നു യേഹു അവരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ അഹസ്യയുടെ സഹോദരന്മാരാണ്. രാജാവിന്റെ മക്കളും രാജമാതാവിന്റെ* മക്കളും സുഖമായിരിക്കുന്നോ എന്നു തിരക്കാൻ പോകുകയാണ്.”
14 ഉടനെ അയാൾ, “അവരെ ജീവനോടെ പിടിക്കുക!” എന്നു പറഞ്ഞു. അവർ ആ 42 പേരെയും ജീവനോടെ പിടിച്ച് ആടുകളെ കെട്ടുന്നിടത്തെ കുഴിക്കരികെവെച്ച്* കൊന്നു. ആരെയും യേഹു ബാക്കി വെച്ചില്ല.+
15 പിന്നെ യേഹു അവിടെനിന്ന് പോയി. വഴിയിൽവെച്ച് രേഖാബിന്റെ+ മകൻ യഹോനാദാബിനെ+ കണ്ടു. അയാൾ യേഹുവിനെ കാണാൻ വരുകയായിരുന്നു. യഹോനാദാബ് യേഹുവിനെ അഭിവാദനം ചെയ്തപ്പോൾ* യേഹു ചോദിച്ചു: “എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം ശരിക്കും എന്റെകൂടെയുണ്ടോ?”
“ഉണ്ട്” എന്ന് യഹോനാദാബ് മറുപടി പറഞ്ഞു.
“എങ്കിൽ കൈ തരുക.”
അങ്ങനെ യഹോനാദാബ് കൈ നീട്ടി; യേഹു അയാളെ രഥത്തിലേക്കു പിടിച്ചുകയറ്റി.
16 അപ്പോൾ യേഹു പറഞ്ഞു: “എന്നോടൊപ്പം വന്ന് യഹോവയുടെ കാര്യത്തിൽ എനിക്കുള്ള ശുഷ്കാന്തി*+ കാണുക.” അങ്ങനെ അവർ അയാളെ യേഹുവിന്റെ യുദ്ധരഥത്തിൽ കയറ്റിക്കൊണ്ടുപോയി.
17 ശമര്യയിൽ എത്തിയ യേഹു അവിടെ ആഹാബുഗൃഹത്തിൽ ബാക്കിയുള്ള എല്ലാവരെയും സംഹരിച്ചു.+ യഹോവ ഏലിയയിലൂടെ പറഞ്ഞതുപോലെ, യേഹു അവരിൽ ഒരാളെപ്പോലും ബാക്കി വെച്ചില്ല.+
18 പിന്നെ യേഹു ജനത്തെയെല്ലാം വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ആഹാബ് ബാലിനെ അൽപ്പമേ ആരാധിച്ചുള്ളൂ;+ എന്നാൽ യേഹു ബാലിന്റെ വലിയ ഭക്തനായിരിക്കും.
19 അതുകൊണ്ട് ബാലിന്റെ എല്ലാ പ്രവാചകരെയും+ ആരാധകരെയും പുരോഹിതരെയും+ എന്റെ അടുത്ത് കൂട്ടിവരുത്തുക. ആരെയും ഒഴിവാക്കരുത്. കാരണം ഞാൻ ബാലിന് ഒരു ഗംഭീരയാഗം നടത്താൻപോകുകയാണ്. ആരെങ്കിലും വരാതിരുന്നാൽ അയാൾ പിന്നെ ജീവിച്ചിരിക്കില്ല.” വാസ്തവത്തിൽ, ബാലിന്റെ ആരാധകരെ കൊന്നൊടുക്കാൻ യേഹു പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു അത്.
20 യേഹു തുടർന്നു: “ബാലിന് ഒരു വിശുദ്ധസമ്മേളനം വിളംബരം ചെയ്യുക.”* അവർ അങ്ങനെ ചെയ്തു.
21 അതിനു ശേഷം യേഹു ഇസ്രായേലിൽ എല്ലായിടത്തും സന്ദേശം അയച്ചു. ബാലിന്റെ എല്ലാ ആരാധകരും വന്നു; ഒരാൾപ്പോലും വരാതിരുന്നില്ല. അവരെല്ലാം ബാലിന്റെ ഭവനത്തിൽ*+ പ്രവേശിച്ചു. ബാലിന്റെ ഭവനം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ അവരെക്കൊണ്ട് നിറഞ്ഞു.
22 യേഹു വസ്ത്രംസൂക്ഷിപ്പുകാരനോട്, “ബാലിന്റെ എല്ലാ ആരാധകർക്കും വസ്ത്രം കൊണ്ടുവരുക” എന്നു കല്പിച്ചു. അയാൾ അവർക്കു വസ്ത്രം കൊണ്ടുവന്ന് കൊടുത്തു.
23 അപ്പോൾ യേഹുവും രേഖാബിന്റെ മകനായ യഹോനാദാബും+ ബാലിന്റെ ഭവനത്തിന് ഉള്ളിലേക്കു ചെന്നു. അയാൾ ബാലിന്റെ ആരാധകരോടു പറഞ്ഞു: “ബാലിന്റെ ആരാധകരല്ലാതെ യഹോവയുടെ ആരാധകരൊന്നും ഇവിടെയില്ലെന്നു ശരിക്കും നോക്കി ഉറപ്പുവരുത്തണം.”
24 ഒടുവിൽ അവർ ബലികളും ദഹനയാഗങ്ങളും അർപ്പിക്കാൻ വന്നു. യേഹു തന്റെ ആളുകളിൽ 80 പേരെ പുറത്ത് നിറുത്തിയിട്ട് അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്നവരിൽ ഒരുത്തനെങ്കിലും രക്ഷപ്പെട്ടാൽ അയാൾക്കു പകരം നിങ്ങളുടെ ജീവനായിരിക്കും നഷ്ടപ്പെടുക.”
25 ദഹനയാഗം അർപ്പിച്ചുകഴിഞ്ഞ ഉടനെ യേഹു ഭടന്മാരോടും* ഉപസേനാധിപന്മാരോടും കല്പിച്ചു: “അകത്ത് വന്ന് ഇവരെ കൊല്ലുക! ഒരാൾപ്പോലും രക്ഷപ്പെടരുത്!”+ അങ്ങനെ ഭടന്മാരും ഉപസേനാധിപന്മാരും അവരെ വാളുകൊണ്ട് കൊന്ന് പുറത്തേക്ക് എറിഞ്ഞു. അവർ ബാലിന്റെ ഭവനത്തിന് ഉള്ളിലെ വിശുദ്ധസ്ഥലംവരെ* ചെന്നു.
26 പിന്നെ അവർ ബാലിന്റെ ഭവനത്തിലെ പൂജാസ്തംഭങ്ങളെല്ലാം+ പുറത്ത് കൊണ്ടുവന്ന് കത്തിച്ചു.+
27 അവർ ബാലിന്റെ പൂജാസ്തംഭം ഇടിച്ചുകളഞ്ഞു.+ ബാലിന്റെ ഭവനം+ ഇടിച്ചുനിരത്തി അവർ അവിടെ കക്കൂസുകൾ പണിതു; അത് ഇന്നും അങ്ങനെതന്നെ തുടരുന്നു.
28 അങ്ങനെ യേഹു ഇസ്രായേലിൽനിന്ന് ബാലിനെ തുടച്ചുനീക്കി.
29 എന്നാൽ ബഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വർണക്കാളക്കുട്ടികളുടെ കാര്യത്തിൽ നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന്+ യേഹു വിട്ടുമാറിയില്ല.
30 യഹോവ യേഹുവിനോടു പറഞ്ഞു: “നീ നന്നായി പ്രവർത്തിച്ചതുകൊണ്ടും ആഹാബുഗൃഹത്തോടു ചെയ്യാൻ ഞാൻ ഹൃദയത്തിൽ നിശ്ചയിച്ചതെല്ലാം+ ചെയ്തുകൊണ്ട് എന്റെ മുമ്പാകെ ശരിയായതു പ്രവർത്തിച്ചതുകൊണ്ടും നിന്റെ മക്കളുടെ നാലു തലമുറ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും.”+
31 പക്ഷേ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നിയമം* യേഹു മുഴുഹൃദയത്തോടെ പിൻപറ്റിയില്ല.+ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന്+ അയാൾ വിട്ടുമാറിയതുമില്ല.
32 അക്കാലത്ത് യഹോവ ഇസ്രായേലിനെ അൽപ്പാൽപ്പമായി മുറിച്ചുകളയാൻതുടങ്ങി.* ഇസ്രായേലിലെ എല്ലാ പ്രദേശങ്ങളിലും ഹസായേൽ അവരെ ആക്രമിച്ചുകൊണ്ടിരുന്നു.+
33 അതായത് യോർദാനു കിഴക്ക് ഗാദ്യർ, രൂബേന്യർ, മനശ്ശെയർ+ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവൻ അയാൾ ആക്രമിച്ചു. ഇതിൽ അർന്നോൻ താഴ്വരയുടെ* അടുത്തുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും+ വരെയുള്ള പ്രദേശം ഉൾപ്പെടുന്നു.
34 യേഹുവിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്ത എല്ലാ കാര്യങ്ങളും അയാളുടെ വീരകൃത്യങ്ങളും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
35 പിന്നെ യേഹു പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു; അവർ അയാളെ ശമര്യയിൽ അടക്കം ചെയ്തു. അയാളുടെ മകൻ യഹോവാഹാസ്+ അടുത്ത രാജാവായി.
36 ശമര്യയിലിരുന്ന് യേഹു 28 വർഷം ഇസ്രായേലിനെ ഭരിച്ചു.
അടിക്കുറിപ്പുകള്
^ അക്ഷ. “ആഹാബിന്റെ രക്ഷിതാക്കൾക്കും.”
^ അഥവാ “നേരുള്ളവനും.”
^ അഥവാ “നീതിയുള്ളവരാണ്.”
^ അക്ഷ. “ഭൂമിയിൽ വീഴാൻ ഇടയാക്കില്ല.”
^ രോമം കത്രിക്കാൻവേണ്ടി ആടുകളെ കെട്ടുന്ന ഒരു സ്ഥലമായിരിക്കാനാണു സാധ്യത.
^ അഥവാ “കുലീനവനിതയുടെ.”
^ അഥവാ “ജലസംഭരണിക്കരികെവെച്ച്.” പദാവലിയിൽ “ജലസംഭരണി” കാണുക.
^ അഥവാ “അനുഗ്രഹിച്ചപ്പോൾ.”
^ അഥവാ “യഹോവയോടുള്ള ധിക്കാരം ഞാൻ വെച്ചുപൊറുപ്പിക്കാതിരിക്കുന്നത്.”
^ അക്ഷ. “വിശുദ്ധീകരിക്കുക.”
^ അഥവാ “ക്ഷേത്രത്തിൽ.”
^ അക്ഷ. “ഓട്ടക്കാരോടും.”
^ അക്ഷ. “ഭവനത്തിലെ നഗരംവരെ.” ഒരുപക്ഷേ കോട്ടപോലെയുള്ള ഒരു ഭാഗം.
^ അഥവാ “കുറയ്ക്കാൻതുടങ്ങി.”
^ അഥവാ “നീർച്ചാലിന്റെ.”