രാജാക്കന്മാർ രണ്ടാം ഭാഗം 11:1-21
11 അഹസ്യ മരിച്ചെന്നു കണ്ടപ്പോൾ+ അമ്മ അഥല്യ+ രാജവംശത്തിലുള്ള എല്ലാവരെയും കൊന്നുകളഞ്ഞു.+
2 എന്നാൽ യഹോരാം രാജാവിന്റെ മകളായ, അഹസ്യയുടെ സഹോദരി യഹോശേബ അഹസ്യയുടെ മകനായ യഹോവാശിനെ+ രക്ഷപ്പെടുത്തി. അഥല്യ കൊല്ലാനിരുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് യഹോവാശിനെയും വളർത്തമ്മയെയും യഹോശേബ ഒരു ഉൾമുറിയിൽ കൊണ്ടുപോയി ഒളിപ്പിച്ചു. അഥല്യയുടെ കൈയിൽപ്പെടാതെ യഹോവാശിനെ ഒളിപ്പിക്കാൻ കഴിഞ്ഞതുകൊണ്ട് യഹോവാശ് മാത്രം കൊല്ലപ്പെട്ടില്ല.
3 യഹോവാശ് വളർത്തമ്മയോടൊപ്പം ആറു വർഷം യഹോവയുടെ ഭവനത്തിൽ ഒളിച്ചുകഴിഞ്ഞു. അഥല്യയാണ് ആ സമയത്ത് ദേശം ഭരിച്ചിരുന്നത്.
4 എന്നാൽ ഏഴാം വർഷം യഹോയാദ കൊട്ടാരംകാവൽക്കാരുടെയും* കാരീയൻ എന്ന് അറിയപ്പെട്ടിരുന്ന അംഗരക്ഷകരുടെയും ശതാധിപന്മാരെ*+ അദ്ദേഹത്തിന്റെ അടുത്ത് യഹോവയുടെ ഭവനത്തിലേക്കു വിളിപ്പിച്ചു. യഹോയാദ അവരുമായി സഖ്യം* ചെയ്‌ത് അവരെക്കൊണ്ട് യഹോവയുടെ ഭവനത്തിൽവെച്ച് സത്യം ചെയ്യിച്ചു. അതിനു ശേഷം അവർക്കു രാജകുമാരനെ കാണിച്ചുകൊടുത്തു.+
5 പിന്നെ അവർക്ക് ഈ നിർദേശം നൽകി: “നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: നിങ്ങളിൽ ശബത്തിൽ നിയമനമുള്ള മൂന്നിൽ ഒരു ഭാഗം രാജാവിന്റെ കൊട്ടാരത്തിനു+ ജാഗ്രതയോടെ കാവൽ നിൽക്കണം.
6 മൂന്നിൽ ഒരു ഭാഗം അടിസ്ഥാനകവാടം എന്നു പേരുള്ള കവാടത്തിലും ശേഷിക്കുന്ന മൂന്നിൽ ഒരു ഭാഗം കൊട്ടാരംകാവൽക്കാരുടെ പുറകിലുള്ള കവാടത്തിലും നിൽക്കണം. നിങ്ങൾ മാറിമാറിയാണു ഭവനത്തിനു കാവൽ നിൽക്കേണ്ടത്.
7 ശബത്തുദിവസം നിയമനമില്ലാത്ത രണ്ടു വിഭാഗങ്ങളും അന്നു രാജാവിനെ സംരക്ഷിക്കാൻ ജാഗ്രതയോടെ യഹോവയുടെ ഭവനത്തിനു കാവൽ നിൽക്കണം.
8 നിങ്ങൾ എല്ലാവരും ആയുധം കൈയിൽ ഏന്തി രാജാവിനു ചുറ്റും നിൽക്കണം. ആരെങ്കിലും നിങ്ങളുടെ അണിയിലേക്കു കടന്നുവന്നാൽ അയാളെ കൊന്നുകളയുക. രാജാവ് എവിടെ പോയാലും* നിങ്ങൾ ഒപ്പമുണ്ടായിരിക്കണം.”
9 പുരോഹിതനായ യഹോയാദ പറഞ്ഞതു ശതാധിപന്മാർ+ അക്ഷരംപ്രതി അനുസരിച്ചു. അവർ ഓരോരുത്തരും ശബത്തുദിവസം നിയമനമുണ്ടായിരുന്ന തങ്ങളുടെ ആളുകളെയും അന്നു നിയമനമില്ലായിരുന്ന ആളുകളെയും കൂട്ടി യഹോയാദ പുരോഹിതന്റെ അടുത്ത് എത്തി.+
10 പുരോഹിതൻ യഹോവയുടെ ആലയത്തിലുണ്ടായിരുന്ന, ദാവീദ് രാജാവിന്റെ കുന്തങ്ങളും പരിചകളും എടുത്ത് ശതാധിപന്മാർക്കു കൊടുത്തു.
11 കൊട്ടാരംകാവൽക്കാർ+ ഓരോരുത്തരും ആയുധം കൈയിൽ എടുത്ത് രാജാവിനു ചുറ്റുമായി അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. ഭവനത്തിന്റെ വലതുവശംമുതൽ ഇടതുവശംവരെ യാഗപീഠത്തിന്റെയും+ ഭവനത്തിന്റെയും അരികിൽ അവർ നിന്നു.
12 പിന്നെ യഹോയാദ, രാജകുമാരനെ+ പുറത്ത് കൊണ്ടുവന്ന് തലയിൽ കിരീടം* അണിയിച്ചു. സാക്ഷ്യവും*+ രാജകുമാരന്റെ തലയിൽ വെച്ചു. യഹോവാശിനെ രാജാവായി അഭിഷേകം ചെയ്തിട്ട് കൈയടിച്ചുകൊണ്ട് അവർ പറഞ്ഞു: “രാജാവ് നീണാൾ വാഴട്ടെ!”+
13 ജനങ്ങൾ ഓടുന്ന ശബ്ദം കേട്ടപ്പോൾ അഥല്യ ഉടനെ യഹോവയുടെ ഭവനത്തിൽ ജനത്തിന്റെ അടുത്തേക്കു ചെന്നു.+
14 അപ്പോൾ അതാ, ആചാരപ്രകാരം രാജാവ് തൂണിന് അരികെ നിൽക്കുന്നു!+ പ്രമാണിമാരും കാഹളം ഊതുന്നവരും+ രാജാവിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. ദേശത്തെ ജനം മുഴുവൻ സന്തോഷിച്ചാനന്ദിക്കുകയും കാഹളം ഊതുകയും ചെയ്യുന്നു. അതു കണ്ട അഥല്യ വസ്‌ത്രം കീറിയിട്ട്, “ചതി, കൊടുംചതി!” എന്നു വിളിച്ചുപറഞ്ഞു.
15 എന്നാൽ പുരോഹിതനായ യഹോയാദ സൈന്യത്തിന്മേൽ നിയമിതരായ ശതാധിപന്മാരോട്,+ “അഥല്യയെ അണിയിൽനിന്ന് പുറത്ത് കൊണ്ടുപോകൂ, ആരെങ്കിലും അഥല്യയുടെ പിന്നാലെ വന്നാൽ അയാളെ വാളുകൊണ്ട് കൊല്ലണം!” എന്നു പറഞ്ഞു. “യഹോവയുടെ ഭവനത്തിൽവെച്ച് അഥല്യയെ കൊല്ലരുത്” എന്ന് യഹോയാദ അവരോടു കല്പിച്ചിരുന്നു.
16 അങ്ങനെ അവർ അഥല്യയെ പിടിച്ചുകൊണ്ടുപോയി. കുതിരകൾ രാജകൊട്ടാരത്തിലേക്കു+ പ്രവേശിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അഥല്യയെ കൊന്നുകളഞ്ഞു.
17 എന്നും യഹോവയുടെ ജനമായിരുന്നുകൊള്ളാം എന്ന ഒരു ഉടമ്പടി+ രാജാവും ജനങ്ങളും യഹോവയും തമ്മിൽ യഹോയാദ ഉണ്ടാക്കി. രാജാവും ജനങ്ങളും തമ്മിലും അദ്ദേഹം ഒരു ഉടമ്പടി ഉണ്ടാക്കി.+
18 അതിനു ശേഷം ദേശത്തുള്ളവരെല്ലാം ബാലിന്റെ ഭവനത്തിലേക്കു* ചെന്ന് ബാലിന്റെ യാഗപീഠങ്ങൾ ഇടിച്ചുകളയുകയും+ രൂപങ്ങളെല്ലാം ഉടച്ചുകളയുകയും+ ചെയ്‌തു. ബാലിന്റെ പുരോഹിതനായ മത്ഥാനെ അവർ യാഗപീഠങ്ങളുടെ മുന്നിൽവെച്ച് കൊന്നുകളഞ്ഞു.+
പിന്നെ പുരോഹിതൻ യഹോവയുടെ ഭവനത്തിൽ മേൽവിചാരകന്മാരെ നിയമിച്ചു.+
19 തുടർന്ന് ദേശത്തെ മുഴുവൻ ജനങ്ങളുടെയും ശതാധിപന്മാരുടെയും+ കാരീയൻ അംഗരക്ഷകരുടെയും കൊട്ടാരംകാവൽക്കാരുടെയും+ അകമ്പടിയോടെ രാജാവിനെ യഹോവയുടെ ഭവനത്തിൽനിന്ന് രാജകൊട്ടാരത്തിലേക്കു കൊണ്ടുപോയി. കൊട്ടാരംകാവൽക്കാരുടെ കവാടത്തിലൂടെയാണ് അവർ പോയത്. അങ്ങനെ യഹോവാശ് അവിടെ ചെന്ന് രാജസിംഹാസനത്തിൽ ഇരുന്നു.+
20 ദേശത്തെ ജനം മുഴുവൻ ആനന്ദിച്ചാഹ്ലാദിച്ചു. അഥല്യയെ അവർ രാജകൊട്ടാരത്തിന് അടുത്തുവെച്ച് കൊന്നുകളഞ്ഞതുകൊണ്ട്* നഗരത്തിൽ സമാധാനം ഉണ്ടായി.
21 രാജാവാകുമ്പോൾ യഹോവാശിന്+ ഏഴു വയസ്സായിരുന്നു.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഓട്ടക്കാരുടെയും.”
^ അതായത്, നൂറു പേരുടെ അധിപന്മാർ.
^ അഥവാ “ഉടമ്പടി.”
^ അക്ഷ. “പുറത്ത് പോകുമ്പോഴും അകത്ത് വരുമ്പോഴും.”
^ ദൈവത്തിന്റെ നിയമം അടങ്ങിയ ഒരു ചുരുളായിരിക്കാം ഇത്.
^ അക്ഷ. “രാജമുടി.” രാജാവ് തലയിൽ അണിയുന്ന പട്ടപോലെയുള്ള ഒന്നായിരിക്കാം ഇത്.
^ അഥവാ “ക്ഷേത്രത്തിലേക്ക്.”
^ അക്ഷ. “വാളുകൊണ്ട് കൊന്നുകളഞ്ഞതിനാൽ.”