രാജാക്കന്മാർ രണ്ടാം ഭാഗം 12:1-21
12 യേഹുവിന്റെ+ ഭരണത്തിന്റെ ഏഴാം വർഷം യഹോവാശ്+ രാജാവായി. യഹോവാശ് 40 വർഷം യരുശലേമിൽ ഭരിച്ചു. ബേർ-ശേബക്കാരിയായ സിബ്യയായിരുന്നു യഹോവാശിന്റെ അമ്മ.+
2 ഉപദേശിക്കാൻ യഹോയാദ പുരോഹിതനുണ്ടായിരുന്ന കാലത്തെല്ലാം യഹോവാശ് രാജാവ് യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു.
3 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ+ അപ്പോഴുമുണ്ടായിരുന്നു. ജനം അക്കാലത്തും അവിടെ ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്തുപോന്നു.
4 പുരോഹിതന്മാരോട് യഹോവാശ് പറഞ്ഞു: “വഴിപാടായി യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരുന്ന പണം മുഴുവൻ,+ അതായത് ഓരോരുത്തർക്കും ചുമത്തിയ തുകയും+ നേർച്ച നേർന്ന വ്യക്തികൾ നൽകേണ്ട തുകയും ഓരോരുത്തരും സ്വമനസ്സാലെ യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരുന്ന തുകയും,+ നിങ്ങൾ വാങ്ങണം.
5 സംഭാവന നൽകുന്നവരിൽനിന്ന്* പുരോഹിതന്മാർ പണം നേരിട്ട് വാങ്ങി ദൈവഭവനത്തിൽ കേടുപാടുകളുള്ള* സ്ഥലത്തെല്ലാം ആവശ്യമായ പണികൾ ചെയ്യണം.”+
6 എന്നാൽ യഹോവാശ് രാജാവിന്റെ ഭരണത്തിന്റെ 23-ാം വർഷമായിട്ടും പുരോഹിതന്മാർ ദൈവഭവനത്തിൽ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നില്ല.+
7 അതുകൊണ്ട് യഹോവാശ് രാജാവ് യഹോയാദ+ പുരോഹിതനെയും മറ്റു പുരോഹിതന്മാരെയും വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങൾ എന്താണു ദൈവഭവനത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാത്തത്?+ അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയില്ലെങ്കിൽ ഇനി ആരിൽനിന്നും നിങ്ങൾ അതിനായി സംഭാവന വാങ്ങരുത്.”
8 അങ്ങനെ ജനത്തിൽനിന്ന് പണം വാങ്ങാനും ദൈവഭവനത്തിന്റെ കേടുപോക്കാനും ഉള്ള ഉത്തരവാദിത്വത്തിൽനിന്ന് പിന്മാറാമെന്നു പുരോഹിതന്മാർ സമ്മതിച്ചു.
9 പിന്നെ യഹോയാദ പുരോഹിതൻ ഒരു പെട്ടി+ എടുത്ത് അതിന്റെ മൂടിയിൽ ഒരു തുള ഇട്ട് യഹോവയുടെ ഭവനത്തിലേക്കു പ്രവേശിക്കുന്നവരുടെ വലതുവശത്ത് വരുംവിധം യാഗപീഠത്തിന് അടുത്ത് വെച്ചു. ജനം യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരുന്ന പണം മുഴുവൻ വാതിൽക്കാവൽക്കാരായി സേവിച്ചിരുന്ന പുരോഹിതന്മാർ അതിൽ നിക്ഷേപിച്ചു.+
10 പെട്ടിയിൽ ധാരാളം പണമുണ്ടെന്ന് അവർ കാണുമ്പോൾ രാജാവിന്റെ സെക്രട്ടറിയും മഹാപുരോഹിതനും വന്ന് യഹോവയുടെ ഭവനത്തിലേക്കു കിട്ടിയ പണം എടുത്ത്* എണ്ണിത്തിട്ടപ്പെടുത്തുമായിരുന്നു.+
11 പിന്നെ അവർ ആ പണം യഹോവയുടെ ഭവനത്തിലെ ജോലികൾക്കു മേൽനോട്ടം വഹിക്കാൻ നിയമിതരായവരെ ഏൽപ്പിക്കും. അവരാകട്ടെ, യഹോവയുടെ ഭവനത്തിൽ ജോലി ചെയ്യുന്ന മരപ്പണിക്കാർക്കും മറ്റു പണിക്കാർക്കും അതിൽനിന്ന് കൂലി കൊടുക്കും.+
12 അതുപോലെ കൽപ്പണിക്കാർക്കും കല്ലുചെത്തുകാർക്കും കൂലി കൊടുക്കാനും യഹോവയുടെ ഭവനത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ തടിയും ചെത്തിമിനുക്കിയ കല്ലുകളും വാങ്ങാനും ഭവനത്തിന്റെ കേടുപോക്കുന്നതുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾ നടത്താനും അവർ ആ പണം ഉപയോഗിച്ചു.
13 എന്നാൽ വെള്ളിപ്പാത്രങ്ങൾ, തിരി കെടുത്താനുള്ള കത്രികകൾ, കുഴിയൻപാത്രങ്ങൾ, കാഹളങ്ങൾ,+ സ്വർണംകൊണ്ടോ വെള്ളികൊണ്ടോ ഉള്ള ഉപകരണങ്ങൾ+ എന്നിവ ഉണ്ടാക്കാൻ യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവന്ന ആ പണം ഉപയോഗിച്ചില്ല.
14 പകരം, പണി ചെയ്യുന്നവർക്കു കൊടുക്കാൻ മാത്രമേ അവർ അത് ഉപയോഗിച്ചുള്ളൂ. അങ്ങനെ ആ പണംകൊണ്ട് അവർ യഹോവയുടെ ഭവനത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു.
15 ജോലിക്കാർക്കു പണം കൊടുക്കാൻ ചുമതലയുണ്ടായിരുന്നവർ വിശ്വസ്തരായിരുന്നതിനാൽ അവർ അവരോടു കണക്കൊന്നും ചോദിച്ചില്ല.+
16 എന്നാൽ അപരാധയാഗത്തിന്റെയും+ പാപയാഗത്തിന്റെയും പണം യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവന്നില്ല; അതു പുരോഹിതന്മാർക്കുള്ളതായിരുന്നു.+
17 അക്കാലത്താണു സിറിയൻ രാജാവായ ഹസായേൽ+ ഗത്തിനു+ നേരെ ചെന്ന് അതു പിടിച്ചടക്കിയത്. അതിനു ശേഷം അയാൾ യരുശലേമിനെ ആക്രമിക്കാൻ+ തീരുമാനിച്ചു.
18 അപ്പോൾ യഹൂദാരാജാവായ യഹോവാശ് തന്റെ പൂർവികരായ യഹോശാഫാത്ത്, യഹോരാം, അഹസ്യ എന്നീ യഹൂദാരാജാക്കന്മാർ വിശുദ്ധീകരിച്ച് മാറ്റിവെച്ച എല്ലാ വഴിപാടുകളും തന്റെതന്നെ വഴിപാടുകളും അതുപോലെ, യഹോവയുടെ ഭവനത്തിലെ ഖജനാവിലും രാജാവിന്റെ കൊട്ടാരത്തിലെ ഖജനാവിലും ഉണ്ടായിരുന്ന സ്വർണം മുഴുവനും എടുത്ത് സിറിയൻ രാജാവായ ഹസായേലിനു കൊടുത്തയച്ചു.+ അങ്ങനെ അയാൾ യരുശലേമിൽനിന്ന് പിൻവാങ്ങി.
19 യഹോവാശിന്റെ ബാക്കി ചരിത്രം, യഹോവാശ് ചെയ്ത എല്ലാ കാര്യങ്ങളും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
20 യഹോവാശിന്റെ ഭൃത്യന്മാർ അയാൾക്കെതിരെ ഗൂഢാലോചന നടത്തി+ സില്ലയിലേക്കുള്ള വഴിയിലെ മില്ലോ ഭവനത്തിൽവെച്ച്+ അയാളെ കൊന്നുകളഞ്ഞു.
21 ശിമെയാത്തിന്റെ മകൻ യോസാഖാർ, ശോമേരിന്റെ മകൻ യഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അയാളെ കൊന്നത്.+ യഹോവാശിനെ ദാവീദിന്റെ നഗരത്തിൽ പൂർവികരോടൊപ്പം അടക്കം ചെയ്തു. യഹോവാശിന്റെ മകൻ അമസ്യ അടുത്ത രാജാവായി.+
അടിക്കുറിപ്പുകള്
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
^ അഥവാ “പരിചയക്കാരിൽനിന്ന്.”
^ അഥവാ “വിള്ളലുകളുള്ള.”
^ അഥവാ “സഞ്ചികളിലാക്കി.” അക്ഷ. “കെട്ടി.”