രാജാക്കന്മാർ രണ്ടാം ഭാഗം 13:1-25
13 യഹൂദാരാജാവായ അഹസ്യയുടെ+ മകൻ യഹോവാശിന്റെ+ ഭരണത്തിന്റെ 23-ാം വർഷം യേഹുവിന്റെ മകൻ യഹോവാഹാസ്+ ശമര്യയിൽ ഇസ്രായേലിനു രാജാവായി; അയാൾ 17 വർഷം ഭരിച്ചു.
2 അയാൾ യഹോവയുടെ മുമ്പാകെ തിന്മ ചെയ്തുകൊണ്ടിരുന്നു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങൾ+ അയാളും ചെയ്‌തു; അയാൾ അതിൽനിന്ന് വിട്ടുമാറിയില്ല.
3 അപ്പോൾ യഹോവയുടെ കോപം+ ഇസ്രായേലിനു നേരെ ആളിക്കത്തി.+ ദൈവം അവരെ വീണ്ടുംവീണ്ടും സിറിയൻ രാജാവായ ഹസായേലിന്റെയും+ ഹസായേലിന്റെ മകനായ ബൻ-ഹദദിന്റെയും+ കൈയിൽ ഏൽപ്പിച്ചു.
4 എന്നാൽ യഹോവാഹാസ് യഹോവയോടു കരുണയ്ക്കുവേണ്ടി അപേക്ഷിച്ചു. സിറിയൻ രാജാവ് ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു കണ്ടതിനാൽ യഹോവ യഹോവാഹാസിന്റെ അപേക്ഷ കേട്ടു.+
5 സിറിയയുടെ പിടിയിൽനിന്ന് ഇസ്രായേലിനെ വിടുവിക്കാൻ യഹോവ അവർക്ക് ഒരു രക്ഷകനെ നൽകി.+ അങ്ങനെ അവർക്ക് അവരുടെ വീടുകളിൽ മുമ്പത്തെപ്പോലെ* താമസിക്കാൻ കഴിഞ്ഞു.
6 (എന്നാൽ യൊരോബെയാംഗൃഹത്തിന്റെ പാപങ്ങളിൽനിന്ന്, അതായത് യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന്,+ വിട്ടുമാറാതെ അവർ അതിൽത്തന്നെ തുടർന്നു.* പൂജാസ്‌തൂപം*+ അന്നും ശമര്യയിൽത്തന്നെയുണ്ടായിരുന്നു.)
7 യഹോവാഹാസിന്റെ സൈന്യത്തെ സിറിയൻ രാജാവ് ചവിട്ടിമെതിച്ച് മെതിക്കളത്തിലെ പൊടിപോലെയാക്കിയതുകൊണ്ട്+ യഹോവാഹാസിന്റെ സൈന്യത്തിൽ 50 കുതിരപ്പടയാളികളും 10 രഥങ്ങളും 10,000 കാലാളുകളും മാത്രമേ ശേഷിച്ചുള്ളൂ.
8 യഹോവാഹാസിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യങ്ങളും അയാളുടെ വീരകൃത്യങ്ങളും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
9 പിന്നെ യഹോവാഹാസ് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ അയാളെ ശമര്യയിൽ അടക്കം ചെയ്‌തു.+ യഹോവാഹാസിന്റെ മകൻ യഹോവാശ് അടുത്ത രാജാവായി.
10 യഹൂദാരാജാവായ യഹോവാശിന്റെ ഭരണത്തിന്റെ 37-ാം വർഷം യഹോവാഹാസിന്റെ മകൻ യഹോവാശ്+ ശമര്യയിൽ ഇസ്രായേലിനു രാജാവായി. യഹോവാശ് 16 വർഷം ഭരണം നടത്തി.
11 അയാൾ യഹോവയുടെ മുമ്പാകെ തിന്മ ചെയ്തുകൊണ്ടിരുന്നു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന്+ അയാൾ വിട്ടുമാറിയില്ല; അയാൾ ആ പാപങ്ങളിൽ തുടർന്നു.
12 യഹോവാശിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യങ്ങളും അയാളുടെ വീരകൃത്യങ്ങളും അയാൾ യഹൂദാരാജാവായ അമസ്യയോടു പോരാടിയതും,+ ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
13 യഹോവാശ് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. തുടർന്ന് യൊരോബെയാം*+ അയാളുടെ സിംഹാസനത്തിൽ ഇരുന്നു. യഹോവാശിനെ ഇസ്രായേൽരാജാക്കന്മാരോടൊപ്പം ശമര്യയിൽ അടക്കം ചെയ്‌തു.+
14 അക്കാലത്ത് എലീശയ്‌ക്കു+ മരണകരമായ ഒരു രോഗം പിടിപെട്ടു. (ഈ രോഗം കാരണമാണു പിന്നീട് എലീശ മരിച്ചത്.) അപ്പോൾ ഇസ്രായേൽരാജാവായ യഹോവാശ് വന്ന് എലീശയെ കണ്ട്, “എന്റെ പിതാവേ! എന്റെ പിതാവേ! ഇസ്രായേലിന്റെ രഥവും കുതിരപ്പടയാളികളും!” എന്നു പറഞ്ഞ് കരഞ്ഞു.+
15 എലീശ അയാളോട്, “അമ്പും വില്ലും എടുക്കുക” എന്നു പറഞ്ഞു. അയാൾ അമ്പും വില്ലും എടുത്തു.
16 പിന്നെ അയാളോടു പറഞ്ഞു: “നീ വില്ലു വളച്ച് കെട്ടുക.” അയാൾ വില്ലു വളച്ച് കെട്ടി. അപ്പോൾ രാജാവിന്റെ കൈയുടെ മുകളിൽ കൈ വെച്ചുകൊണ്ട് എലീശ
17 അയാളോടു പറഞ്ഞു: “കിഴക്കോട്ടുള്ള ജനൽ തുറക്കുക.” അയാൾ അതു തുറന്നു. എലീശ പറഞ്ഞു: “അമ്പ് എയ്യുക.” അയാൾ എയ്‌തു. അപ്പോൾ എലീശ പറഞ്ഞു: “യഹോവയുടെ വിജയാസ്ത്രം! സിറിയയുടെ മേലുള്ള വിജയത്തിന്റെ അസ്‌ത്രം! നീ അഫേക്കിൽവെച്ച്+ സിറിയയെ ആക്രമിച്ച്* അതിനെ പൂർണമായി നശിപ്പിക്കും.”
18 പിന്നെ എലീശ പറഞ്ഞു: “അമ്പുകൾ എടുക്കുക.” അയാൾ എടുത്തു. എലീശ ഇസ്രായേൽരാജാവിനോട്, “നിലത്ത് അടിക്കുക” എന്നു പറഞ്ഞു. മൂന്നു പ്രാവശ്യം നിലത്ത് അടിച്ചിട്ട് അയാൾ നിറുത്തി.
19 അപ്പോൾ ദൈവപുരുഷൻ ദേഷ്യത്തോടെ അയാളോടു പറഞ്ഞു: “നീ അഞ്ചാറു പ്രാവശ്യം നിലത്ത് അടിക്കേണ്ടതായിരുന്നു! അങ്ങനെ ചെയ്തിരുന്നെങ്കിൽ സിറിയയെ പൂർണമായി നശിപ്പിക്കാൻ നിനക്കു കഴിഞ്ഞേനേ. എന്നാൽ ഇനി നീ മൂന്നു പ്രാവശ്യമേ സിറിയയെ തോൽപ്പിക്കൂ.”+
20 പിന്നീട് എലീശ മരിച്ചു; അവർ എലീശയെ അടക്കം ചെയ്‌തു. അതിനു ശേഷം എല്ലാ വർഷത്തിന്റെയും തുടക്കത്തിൽ* മോവാബ്യരുടെ കവർച്ചപ്പട+ വന്ന് ദേശത്തെ ആക്രമിക്കുമായിരുന്നു.
21 ഒരിക്കൽ കുറച്ച് പേർ ചേർന്ന് ഒരാളുടെ ശവം അടക്കുമ്പോൾ കവർച്ചപ്പട വരുന്നതു കണ്ടു! അവർ ഉടനെ ആ ശവശരീരം എലീശയെ അടക്കിയ സ്ഥലത്ത് ഇട്ടിട്ട് ഓടിക്കളഞ്ഞു. എലീശയുടെ അസ്ഥികളിൽ തട്ടിയതും മരിച്ച ആൾ ജീവൻ വെച്ച് എഴുന്നേറ്റുനിന്നു.+
22 യഹോവാഹാസിന്റെ കാലത്തെല്ലാം സിറിയൻ രാജാവായ ഹസായേൽ+ ഇസ്രായേലിനെ ദ്രോഹിച്ചുകൊണ്ടിരുന്നു.+
23 എന്നാൽ അബ്രാഹാമിനോടും+ യിസ്‌ഹാക്കിനോടും+ യാക്കോബിനോടും+ ചെയ്‌ത ഉടമ്പടി നിമിത്തം യഹോവയ്ക്ക് അവരോടു താത്പര്യം തോന്നി; ദൈവം അവരോടു കരുണയും കനിവും കാണിച്ചു. അവരെ നശിപ്പിച്ചുകളയാൻ മനസ്സുവന്നില്ല;+ ഇന്നുവരെ തന്റെ മുന്നിൽനിന്ന് അവരെ നീക്കിക്കളഞ്ഞിട്ടുമില്ല.
24 സിറിയൻ രാജാവായ ഹസായേൽ മരിച്ചപ്പോൾ അയാളുടെ മകൻ ബൻ-ഹദദ് അടുത്ത രാജാവായി.
25 പിന്നെ യഹോവാഹാസിന്റെ മകനായ യഹോവാശ്, അപ്പനിൽനിന്ന് ഹസായേൽ പിടിച്ചെടുത്ത നഗരങ്ങൾ ഹസായേലിന്റെ മകനായ ബൻ-ഹദദിൽനിന്ന് തിരിച്ചുപിടിച്ചു. മൂന്നു പ്രാവശ്യം യഹോവാശ് അയാളെ ആക്രമിച്ച്*+ ഇസ്രായേൽനഗരങ്ങൾ വീണ്ടെടുത്തു.
അടിക്കുറിപ്പുകള്‍
^ അതായത്, സമാധാനത്തോടും സുരക്ഷിതത്വത്തോടും കൂടെ.
^ അക്ഷ. “അവൻ അതിൽ നടന്നു.”
^ അതായത്, യൊരോബെയാം രണ്ടാമൻ.
^ അഥവാ “തോൽപ്പിച്ച്.”
^ വസന്തകാലത്തെയായിരിക്കാം കുറിക്കുന്നത്.
^ അഥവാ “തോൽപ്പിച്ച്.”