രാജാക്കന്മാർ രണ്ടാം ഭാഗം 15:1-38
15 ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ* ഭരണത്തിന്റെ 27-ാം വർഷം യഹൂദാരാജാവായ+ അമസ്യയുടെ+ മകൻ അസര്യ* രാജാവായി.+
2 16-ാം വയസ്സിൽ രാജാവായ അസര്യ 52 വർഷം യരുശലേമിൽ ഭരണം നടത്തി. യരുശലേംകാരിയായ യഖൊല്യയായിരുന്നു അസര്യയുടെ അമ്മ.
3 അപ്പനായ അമസ്യയെപ്പോലെ അസര്യയും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+
4 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ അപ്പോഴുമുണ്ടായിരുന്നു.+ ജനം അക്കാലത്തും അവിടെ ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്തുപോന്നു.+
5 യഹോവ രാജാവിനെ ദുരിതത്തിലാക്കി. അതുകൊണ്ട് മരണംവരെ അസര്യക്കു മറ്റൊരു ഭവനത്തിൽ+ കുഷ്‌ഠരോഗിയായി+ കഴിയേണ്ടിവന്നു. രാജാവിന്റെ മകൻ യോഥാമിനായിരുന്നു അപ്പോൾ രാജകൊട്ടാരത്തിന്റെ ചുമതല. യോഥാമാണു+ ദേശത്തെ ജനങ്ങൾക്കു ന്യായപാലനം നടത്തിയിരുന്നത്.+
6 അസര്യയുടെ ബാക്കി ചരിത്രം,+ അസര്യ ചെയ്‌ത എല്ലാ കാര്യങ്ങളും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
7 പിന്നെ അസര്യ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ അവർ അയാളെ ദാവീദിന്റെ നഗരത്തിൽ പൂർവികരോടൊപ്പം അടക്കം ചെയ്‌തു. അയാളുടെ മകൻ യോഥാം അടുത്ത രാജാവായി.
8 യഹൂദാരാജാവായ അസര്യയുടെ+ ഭരണത്തിന്റെ 38-ാം വർഷം യൊരോബെയാമിന്റെ മകൻ സെഖര്യ+ ശമര്യയിൽ ഇസ്രായേലിനു രാജാവായി; സെഖര്യ ആറു മാസം ഭരണം നടത്തി.
9 പൂർവികരെപ്പോലെ സെഖര്യയും യഹോവയുടെ മുമ്പാകെ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന് അയാൾ വിട്ടുമാറിയില്ല.+
10 പിന്നെ യാബേശിന്റെ മകൻ ശല്ലൂം സെഖര്യക്കെതിരെ ഗൂഢാലോചന നടത്തി, യിബ്ലെയാമിൽവെച്ച്+ സെഖര്യയെ കൊന്നുകളഞ്ഞു.+ ശല്ലൂം അടുത്ത രാജാവായി.
11 സെഖര്യയുടെ ബാക്കി ചരിത്രം ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
12 “നാലു തലമുറവരെ നിന്റെ ആൺമക്കൾ+ ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും”+ എന്ന് യഹോവ യേഹുവിനോടു പറഞ്ഞത് അങ്ങനെ നിറവേറി; എല്ലാം അങ്ങനെതന്നെ സംഭവിച്ചു.
13 യഹൂദാരാജാവായ ഉസ്സീയയുടെ+ ഭരണത്തിന്റെ 39-ാം വർഷം യാബേശിന്റെ മകൻ ശല്ലൂം രാജാവായി; അയാൾ ഒരു മാസം ശമര്യയിൽ ഭരണം നടത്തി.
14 പിന്നെ ഗാദിയുടെ മകൻ മെനഹേം തിർസയിൽനിന്ന്+ ശമര്യയിലേക്കു വന്ന് യാബേശിന്റെ മകനായ ശല്ലൂമിനെ+ കൊന്നുകളഞ്ഞു. എന്നിട്ട് അടുത്ത രാജാവായി.
15 ശല്ലൂം നടത്തിയ ഗൂഢാലോചന ഉൾപ്പെടെ അയാളുടെ ബാക്കി ചരിത്രം ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
16 അക്കാലത്താണു മെനഹേം തിർസയിൽനിന്ന് വന്ന് തിഫ്സയെയും അതിലുള്ളവരെയും അതിന്റെ ചുറ്റുമുള്ളവരെയും ആക്രമിച്ച് തോൽപ്പിച്ചത്; അയാൾ അതിലെ ഗർഭിണികളെ കീറിപ്പിളർന്നു. അയാൾക്കുവേണ്ടി നഗരത്തിന്റെ കവാടം തുറന്നുകൊടുക്കാഞ്ഞതിനാലാണു മെനഹേം അങ്ങനെയെല്ലാം ചെയ്‌തത്.
17 യഹൂദാരാജാവായ അസര്യയുടെ ഭരണത്തിന്റെ 39-ാം വർഷം ഗാദിയുടെ മകൻ മെനഹേം ഇസ്രായേലിനു രാജാവായി. മെനഹേം പത്തു വർഷം ശമര്യയിൽ ഭരണം നടത്തി.
18 മെനഹേം യഹോവയുടെ മുമ്പാകെ തിന്മ പ്രവർത്തിച്ചുകൊണ്ടിരുന്നു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങൾ മെനഹേം വിട്ടുമാറിയതേ ഇല്ല.+
19 അക്കാലത്ത് അസീറിയൻ രാജാവായ പൂൽ+ ഇസ്രായേൽ ദേശത്തേക്കു വന്നു. രാജ്യാധികാരം തന്റെ കൈകളിൽ ഭദ്രമാക്കാൻ സഹായിച്ചതിനു പകരമായി മെനഹേം പൂലിന് 1,000 താലന്തു* വെള്ളി കൊടുത്തു.+
20 ഇസ്രായേലിലെ പ്രമുഖരായ ധനികരിൽനിന്നാണു മെനഹേം ഈ പണം പിരിച്ചെടുത്തത്.+ ഓരോരുത്തർക്കുംവേണ്ടി 50 ശേക്കെൽ* വെള്ളി വീതം മെനഹേം അസീറിയൻ രാജാവിനു കൊടുത്തു. അപ്പോൾ അയാൾ ദേശത്ത് തങ്ങാതെ തിരിച്ചുപോയി.
21 മെനഹേമിന്റെ ബാക്കി ചരിത്രം,+ അയാൾ ചെയ്‌ത കാര്യങ്ങളെല്ലാം, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
22 പിന്നെ മെനഹേം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളുടെ മകൻ പെക്കഹ്യ അടുത്ത രാജാവായി.
23 യഹൂദാരാജാവായ അസര്യയുടെ ഭരണത്തിന്റെ 50-ാം വർഷം മെനഹേമിന്റെ മകൻ പെക്കഹ്യ ശമര്യയിൽ ഇസ്രായേലിനു രാജാവായി; പെക്കഹ്യ രണ്ടു വർഷം ഭരണം നടത്തി.
24 അയാൾ യഹോവയുടെ മുമ്പാകെ തിന്മ ചെയ്തുകൊണ്ടിരുന്നു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന് അയാൾ വിട്ടുമാറിയില്ല.+
25 പിന്നെ പെക്കഹ്യയുടെ ഉപസേനാധിപനായ, രമല്യയുടെ മകൻ പേക്കഹ്+ പെക്കഹ്യക്കെതിരെ ഗൂഢാലോചന നടത്തി; ശമര്യയിലുള്ള രാജകൊട്ടാരത്തിലെ ഉറപ്പുള്ള ഗോപുരത്തിൽവെച്ച് അർഗോബിനോടും അര്യെയോടും ഒപ്പം പെക്കഹ്യയെ കൊന്നുകളഞ്ഞു. ഗിലെയാദിൽനിന്നുള്ള 50 പുരുഷന്മാർ പേക്കഹിനോടൊപ്പമുണ്ടായിരുന്നു. പെക്കഹ്യയെ കൊന്നശേഷം പേക്കഹ് അടുത്ത രാജാവായി.
26 പെക്കഹ്യയുടെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യങ്ങളും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
27 യഹൂദാരാജാവായ അസര്യയുടെ ഭരണത്തിന്റെ 52-ാം വർഷം രമല്യയുടെ മകൻ പേക്കഹ്+ ശമര്യയിൽ ഇസ്രായേലിനു രാജാവായി; 20 വർഷം പേക്കഹ് ഭരണം നടത്തി.
28 പേക്കഹ് യഹോവയുടെ മുമ്പാകെ തിന്മ ചെയ്തുകൊണ്ടിരുന്നു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന് പേക്കഹ് വിട്ടുമാറിയില്ല.+
29 ഇസ്രായേൽരാജാവായ പേക്കഹിന്റെ കാലത്ത് അസീറിയൻ രാജാവായ തിഗ്ലത്ത്-പിലേസർ+ വന്ന് ഈയോൻ, ആബേൽ-ബേത്ത്-മാഖ,+ യാനോഹ, കേദെശ്,+ ഹാസോർ, ഗിലെയാദ്,+ ഗലീല—നഫ്താലി ദേശം+ മുഴുവൻ—പിടിച്ചടക്കി. അവിടെയുണ്ടായിരുന്നവരെ അയാൾ അസീറിയയിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+
30 അക്കാലത്ത് ഏലെയുടെ മകൻ ഹോശയ+ രമല്യയുടെ മകനായ പേക്കഹിന് എതിരെ ഒരു രഹസ്യക്കൂട്ടുകെട്ട് ഉണ്ടാക്കി പേക്കഹിനെ കൊന്നുകളഞ്ഞു. അങ്ങനെ ഉസ്സീയയുടെ മകനായ യോഥാമിന്റെ+ ഭരണത്തിന്റെ 20-ാം വർഷം ഹോശയ രാജാവായി.
31 പേക്കഹിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യങ്ങളും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
32 ഇസ്രായേൽരാജാവായ, രമല്യയുടെ മകനായ പേക്കഹിന്റെ ഭരണത്തിന്റെ രണ്ടാം വർഷം യഹൂദാരാജാവായ ഉസ്സീയയുടെ+ മകൻ യോഥാം+ രാജാവായി.
33 രാജാവാകുമ്പോൾ യോഥാമിന് 25 വയസ്സായിരുന്നു; 16 വർഷം യോഥാം യരുശലേമിൽ ഭരണം നടത്തി. സാദോക്കിന്റെ മകൾ യരൂശയായിരുന്നു യോഥാമിന്റെ അമ്മ.+
34 അപ്പനായ ഉസ്സീയയെപ്പോലെ യോഥാമും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+
35 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ അപ്പോഴുമുണ്ടായിരുന്നു. ജനം അക്കാലത്തും അവിടെ ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്തുപോന്നു.+ യോഥാമാണ് യഹോവയുടെ ഭവനത്തിന്റെ മുകളിലത്തെ കവാടം പണിതത്.+
36 യോഥാമിന്റെ ബാക്കി ചരിത്രം, യോഥാം ചെയ്തതെല്ലാം, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
37 അക്കാലത്ത് യഹോവ സിറിയൻ രാജാവായ രസീനെയും രമല്യയുടെ മകൻ പേക്കഹിനെയും+ യഹൂദയ്ക്കു നേരെ അയച്ചുതുടങ്ങി.+
38 പിന്നെ യോഥാം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ അദ്ദേഹത്തെ അവരോടൊപ്പം പൂർവികനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്‌തു. യോഥാമിന്റെ മകൻ ആഹാസ് അടുത്ത രാജാവായി.
അടിക്കുറിപ്പുകള്‍
^ അതായത്, യൊരോബെയാം രണ്ടാമൻ.
^ അർഥം: “യഹോവ സഹായിച്ചിരിക്കുന്നു.” 2രാജ 15:13; 2ദിന 26:1-23; യശ 6:1; സെഖ 14:5 എന്നിവിടങ്ങളിൽ അദ്ദേഹത്തെ ഉസ്സീയ എന്നു വിളിച്ചിരിക്കുന്നു.
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”