രാജാക്കന്മാർ രണ്ടാം ഭാഗം 16:1-20
16 രമല്യയുടെ മകൻ പേക്കഹിന്റെ ഭരണത്തിന്റെ 17-ാം വർഷം യഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ്+ രാജാവായി.
2 രാജാവായപ്പോൾ ആഹാസിന് 20 വയസ്സായിരുന്നു. 16 വർഷം ആഹാസ് യരുശലേമിൽ ഭരണം നടത്തി. എന്നാൽ ആഹാസ് പൂർവികനായ ദാവീദ് ചെയ്തതുപോലെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തില്ല.+
3 പകരം ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ ഇസ്രായേല്യരുടെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുകരിച്ച്+ ആഹാസ് സ്വന്തം മകനെ ദഹിപ്പിക്കുകപോലും* ചെയ്‌തു.+
4 മാത്രമല്ല തഴച്ചുവളരുന്ന എല്ലാ മരത്തിന്റെ ചുവട്ടിലും+ ആരാധനാസ്ഥലങ്ങളിലും*+ കുന്നുകളിലും ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്‌തു.
5 അക്കാലത്താണു സിറിയൻ രാജാവായ രസീനും ഇസ്രായേൽരാജാവായ, രമല്യയുടെ മകൻ പേക്കഹും യരുശലേമിനോടു യുദ്ധം ചെയ്യാൻ വന്നത്.+ ആഹാസിന് എതിരെ ഉപരോധം ഏർപ്പെടുത്തിയെങ്കിലും നഗരം പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല.
6 അക്കാലത്ത് സിറിയൻ രാജാവായ രസീൻ, ഏലത്തിനെ+ വീണ്ടും ഏദോമിന്റെ ഭാഗമാക്കി. എന്നിട്ട് അവിടെയുണ്ടായിരുന്ന ജൂതന്മാരെ* ഓടിച്ചുകളഞ്ഞു. അങ്ങനെ ഏദോമ്യർ ഏലത്തിലേക്കു തിരിച്ചുവന്നു; ഇന്നും അവരാണ് അവിടെ താമസിക്കുന്നത്.
7 ആഹാസ് അസീറിയൻ രാജാവായ തിഗ്ലത്ത്-പിലേസരിന്റെ+ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയുടെ ദാസനും മകനും ആണ്. ദയവായി അങ്ങ് വന്ന് എന്റെ നേരെ വന്നിരിക്കുന്ന ഈ സിറിയൻ രാജാവിന്റെയും ഇസ്രായേൽരാജാവിന്റെയും കൈയിൽനിന്ന് എന്നെ രക്ഷിക്കണം.”
8 ആഹാസ് യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലെ ഖജനാവുകളിലും ഉണ്ടായിരുന്ന സ്വർണവും വെള്ളിയും എടുത്ത് അസീറിയൻ രാജാവിനു കൈക്കൂലിയായി കൊടുത്തയച്ചു.+
9 അസീറിയൻ രാജാവ് ആഹാസിന്റെ അപേക്ഷ കേട്ടു. അയാൾ ദമസ്കൊസിലേക്കു ചെന്ന് അതു കീഴടക്കി അവിടെയുണ്ടായിരുന്നവരെ കീരിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി;+ രസീനെ കൊല്ലുകയും ചെയ്‌തു.+
10 ആഹാസ് രാജാവ് അസീറിയൻ രാജാവായ തിഗ്ലത്ത്-പിലേസരിനെ കാണാൻ ദമസ്കൊസിലേക്കു ചെന്നു. അവിടെയുണ്ടായിരുന്ന യാഗപീഠം കണ്ടപ്പോൾ ആഹാസ് രാജാവ് അതിന്റെ മാതൃകയും അതിന്റെ പണിയും വിവരിക്കുന്ന ഒരു രൂപരേഖ പുരോഹിതനായ ഉരിയയ്ക്ക് അയച്ചുകൊടുത്തു.+
11 ആഹാസ് രാജാവ് ദമസ്‌കൊസിൽനിന്ന് കൊടുത്തയച്ച നിർദേശങ്ങൾക്കു ചേർച്ചയിൽ ഉരിയ പുരോഹിതൻ+ ഒരു യാഗപീഠം പണിതു.+ രാജാവ് അവിടെനിന്ന് തിരികെ എത്തുന്നതിനു മുമ്പുതന്നെ ഉരിയ അതിന്റെ പണി പൂർത്തിയാക്കി.
12 ദമസ്‌കൊസിൽനിന്ന് തിരികെ എത്തിയ രാജാവ് യാഗപീഠം കണ്ട് അതിന് അടുത്ത് ചെന്ന് അതിൽ യാഗങ്ങൾ അർപ്പിച്ചു.+
13 രാജാവ് അതിൽ ദഹനയാഗങ്ങളും ധാന്യയാഗങ്ങളും ദഹിപ്പിച്ചു.* അതിൽ പാനീയയാഗങ്ങൾ ഒഴിക്കുകയും സഹഭോജനബലികളുടെ രക്തം തളിക്കുകയും ചെയ്‌തു.
14 പിന്നെ രാജാവ് യഹോവയുടെ സന്നിധിയിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള യാഗപീഠം+ അതിന്റെ സ്ഥാനത്തുനിന്ന്, അതായത് തന്റെ യാഗപീഠത്തിന്റെയും യഹോവയുടെ ഭവനത്തിന്റെയും ഇടയിൽനിന്ന്, നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തേക്കു വെച്ചു.
15 ആഹാസ് രാജാവ് ഉരിയ പുരോഹിതനോട്+ ഇങ്ങനെ കല്പിച്ചു: “രാവിലത്തെ ദഹനയാഗം മഹായാഗപീഠത്തിൽ ദഹിപ്പിക്കുക.+ വൈകുന്നേരത്തെ ധാന്യയാഗവും,+ രാജാവിന്റെ ദഹനയാഗവും ധാന്യയാഗവും, ജനങ്ങളുടെ ദഹനയാഗവും ധാന്യയാഗവും പാനീയയാഗവും അതിൽത്തന്നെ അർപ്പിക്കണം. എല്ലാ ദഹനയാഗങ്ങളുടെയും ബലികളുടെയും രക്തം അതിൽ തളിക്കുകയും വേണം. ചെമ്പുകൊണ്ടുള്ള യാഗപീഠം എന്തു ചെയ്യണമെന്നു ഞാൻ പിന്നെ പറയാം.”
16 ആഹാസ് രാജാവ് കല്പിച്ചതുപോലെതന്നെ ഉരിയ പുരോഹിതൻ ചെയ്‌തു.+
17 കൂടാതെ, ആഹാസ് രാജാവ് ഉന്തുവണ്ടികളുടെ വശങ്ങളിലുണ്ടായിരുന്ന ലോഹപ്പലകകൾ മുറിച്ച്+ കഷണങ്ങളാക്കുകയും വണ്ടികളിലെ പാത്രങ്ങൾ എടുത്തുമാറ്റുകയും ചെയ്‌തു.+ ചെമ്പുകൊണ്ടുള്ള കാളകളുടെ മുകളിൽ വെച്ചിരുന്ന കടൽ എടുത്ത്+ കല്ലു പാകിയ ഒരു തറയിൽ വെച്ചു.+
18 ശബത്തിലെ ഉപയോഗത്തിനു പണിത പുരയും രാജാവിനുള്ള പ്രവേശനമാർഗവും യഹോവയുടെ ഭവനത്തിൽനിന്ന് മാറ്റി. അസീറിയൻ രാജാവ് കാരണമാണ് ആഹാസ് അങ്ങനെ ചെയ്‌തത്.
19 ആഹാസിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത കാര്യങ്ങളെല്ലാം, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.+
20 പിന്നെ ആഹാസ് പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ ആഹാസിനെ ദാവീദിന്റെ നഗരത്തിൽ പൂർവികരോടൊപ്പം അടക്കം ചെയ്‌തു. ആഹാസിന്റെ മകൻ ഹിസ്‌കിയ* അടുത്ത രാജാവായി.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “തീയിലൂടെ കടത്തിവിടുകപോലും.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളിലും.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
^ അഥവാ “യഹൂദാപുരുഷന്മാരെ.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിച്ചു.”
^ അർഥം: “യഹോവ ശക്തീകരിക്കുന്നു.”