രാജാക്കന്മാർ രണ്ടാം ഭാഗം 17:1-41
17 യഹൂദാരാജാവായ ആഹാസിന്റെ ഭരണത്തിന്റെ 12-ാം വർഷം ഏലെയുടെ മകൻ ഹോശയ+ ശമര്യയിൽ ഇസ്രായേലിനു രാജാവായി. ഒൻപതു വർഷം ഹോശയ ഭരണം നടത്തി.
2 മുൻഗാമികളായ ഇസ്രായേൽരാജാക്കന്മാരുടെ അത്രയുമല്ലെങ്കിലും അയാളും യഹോവയുടെ മുമ്പാകെ തിന്മ ചെയ്തുകൊണ്ടിരുന്നു.
3 അസീറിയൻ രാജാവായ ശൽമനേസെർ ഹോശയയ്ക്കു നേരെ വന്ന്+ അയാളെ ദാസനാക്കി; ഹോശയ അന്നുമുതൽ അസീറിയൻ രാജാവിനു കപ്പം* കൊടുത്തുപോന്നു.+
4 എന്നാൽ ഹോശയ ഈജിപ്തിലെ രാജാവായ സോയുടെ അടുത്ത് ദൂതന്മാരെ അയയ്ക്കുകയും+ അസീറിയൻ രാജാവിനു വർഷംതോറും കൊടുക്കുന്ന കപ്പം കൊടുക്കാതിരിക്കുകയും ചെയ്തു. ഹോശയ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞ അസീറിയൻ രാജാവ് അയാളെ ബന്ധിച്ച് തടവിലാക്കി.
5 അസീറിയൻ രാജാവ് ദേശത്തെ ഒന്നാകെ ആക്രമിക്കുകയും ശമര്യയിലേക്കു വന്ന് മൂന്നു വർഷം അതിനെ ഉപരോധിക്കുകയും ചെയ്തു.
6 ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം അസീറിയൻ രാജാവ് ശമര്യ പിടിച്ചടക്കി.+ അയാൾ ഇസ്രായേൽ ജനത്തെ അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി+ മേദ്യരുടെ നഗരങ്ങളിലും+ ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും+ താമസിപ്പിച്ചു.
7 ഈജിപ്തുരാജാവായ ഫറവോന്റെ കൈയിൽനിന്ന് രക്ഷിച്ച് അവിടെനിന്ന് അവരെ പുറത്ത് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവയ്ക്കെതിരെ+ പാപം ചെയ്തതുകൊണ്ടാണ് ഇസ്രായേൽ ജനത്തിന് ഇങ്ങനെ സംഭവിച്ചത്. അവർ മറ്റു ദൈവങ്ങളെ ആരാധിച്ചു.*+
8 കൂടാതെ, യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ ജനതകളുടെ ആചാരങ്ങൾ അനുകരിക്കുകയും ഇസ്രായേൽരാജാക്കന്മാർ തുടങ്ങിവെച്ച ആചാരങ്ങൾ പിൻപറ്റുകയും ചെയ്തു.
9 ഇസ്രായേല്യർ അവരുടെ ദൈവമായ യഹോവ തെറ്റാണെന്നു പറഞ്ഞ കാര്യങ്ങൾക്കു പിന്നാലെ പോയി. കാവൽഗോപുരങ്ങൾമുതൽ കോട്ടമതിലുള്ള നഗരങ്ങൾവരെ* എല്ലായിടത്തും അവർ ആരാധനാസ്ഥലങ്ങൾ* പണിതു.+
10 ഉയർന്ന എല്ലാ കുന്നുകളിലും തഴച്ചുവളരുന്ന എല്ലാ മരത്തിന്റെ ചുവട്ടിലും+ പൂജാസ്തംഭങ്ങളും പൂജാസ്തൂപങ്ങളും*+ ഉണ്ടാക്കി.
11 യഹോവ അവരുടെ മുന്നിൽനിന്ന് മറ്റു ദേശങ്ങളിലേക്ക് ഓടിച്ചുവിട്ട ജനതകളെപ്പോലെ അവരും ആരാധനാസ്ഥലങ്ങളിൽ യാഗവസ്തുക്കൾ ദഹിപ്പിച്ചു.*+ യഹോവയെ കോപിപ്പിക്കാനായി അവർ തെറ്റായ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു.
12 “നിങ്ങൾ അവയെ ആരാധിക്കരുത്!” എന്നു പറഞ്ഞ് യഹോവ വിലക്കിയിരുന്ന+ മ്ലേച്ഛവിഗ്രഹങ്ങളെത്തന്നെ*+ അവർ ആരാധിച്ചു.
13 യഹോവ തന്റെ എല്ലാ പ്രവാചകന്മാരിലൂടെയും ദിവ്യദർശികളിലൂടെയും ഇസ്രായേലിനും യഹൂദയ്ക്കും ഇങ്ങനെ ആവർത്തിച്ച് മുന്നറിയിപ്പു നൽകി:+ “നിങ്ങളുടെ ദുഷിച്ച വഴികൾ വിട്ട് തിരിഞ്ഞുവരുക!+ ഞാൻ നിങ്ങളുടെ പൂർവികരോടു കല്പിക്കുകയും എന്റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങൾക്കു നൽകുകയും ചെയ്ത എല്ലാ നിയമങ്ങളും, എന്റെ എല്ലാ കല്പനകളും ചട്ടങ്ങളും, അനുസരിക്കുക.”
14 എന്നാൽ അവർ അതു ശ്രദ്ധിച്ചില്ല. അവരുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കാതിരുന്ന അവരുടെ പൂർവികരെപ്പോലെ അവരും ദുശ്ശാഠ്യം കാണിച്ചുകൊണ്ടിരുന്നു.*+
15 ദൈവമായ യഹോവ അവർക്കു നൽകിയ ചട്ടങ്ങളും മുന്നറിയിപ്പായി ഓർമിപ്പിച്ച കാര്യങ്ങളും+ അവരുടെ പൂർവികരോടു ചെയ്ത ഉടമ്പടിയും+ അവർ തള്ളിക്കളഞ്ഞു. ചുറ്റുമുള്ള ജനതകളെ അനുകരിക്കരുതെന്നു ദൈവം അവരോടു കല്പിച്ചിരുന്നു.+ എന്നിട്ടും അവർ അവരെ അനുകരിച്ച് ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളുടെ+ പിന്നാലെ പോയി ഒരു ഗുണവുമില്ലാത്തവരായിത്തീർന്നു.+
16 അവരുടെ ദൈവമായ യഹോവ നൽകിയ കല്പനകളെല്ലാം അവർ ഉപേക്ഷിച്ചു. അവർ ഒരു പൂജാസ്തൂപവും+ കാളക്കുട്ടിയുടെ രണ്ടു ലോഹപ്രതിമകളും* ഉണ്ടാക്കി;+ ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിടുകയും+ ബാലിനെ സേവിക്കുകയും ചെയ്തു.+
17 അവർ ഭാവിഫലം നോക്കുകയും+ അവരുടെ മക്കളെ ദഹിപ്പിക്കുകയും*+ ശകുനം നോക്കുകയും ചെയ്തു. യഹോവയെ കോപിപ്പിക്കാനായി അവർ മനഃപൂർവം ദൈവമുമ്പാകെ തിന്മ ചെയ്തുകൊണ്ടിരുന്നു.*
18 അതുകൊണ്ട് യഹോവ ഇസ്രായേല്യരോട് ഉഗ്രമായി കോപിച്ച് അവരെ കൺമുന്നിൽനിന്ന് നീക്കിക്കളഞ്ഞു.+ യഹൂദാഗോത്രത്തെയല്ലാതെ മറ്റാരെയും ദൈവം ബാക്കി വെച്ചില്ല.
19 എന്നാൽ യഹൂദയും അവരുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിച്ചില്ല.+ അവരും ഇസ്രായേലിന്റെ ആചാരങ്ങൾ പിൻപറ്റിപ്പോന്നു.+
20 യഹോവ ഇസ്രായേലിന്റെ വംശജരെയെല്ലാം തള്ളിക്കളഞ്ഞു. ദൈവം അവരെ നാണംകെടുത്തുകയും അവർ നശിച്ചുപോകുന്നതുവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ച് തന്റെ മുന്നിൽനിന്ന് നീക്കിക്കളയുകയും ചെയ്തു.
21 ദൈവം ഇസ്രായേലിനെ ദാവീദുഗൃഹത്തിൽനിന്ന് കീറിയെടുത്തു. അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കിയെങ്കിലും+ യൊരോബെയാം ഇസ്രായേലിനെ യഹോവയിൽനിന്ന് അകറ്റിക്കളഞ്ഞു; അവർ വലിയൊരു പാപം ചെയ്യാൻ അയാൾ ഇടയാക്കി.
22 ഇസ്രായേൽ ജനം യൊരോബെയാം ചെയ്ത എല്ലാ പാപങ്ങളിലും നടന്നു;+ അവർ അതിൽനിന്ന് വിട്ടുമാറിയില്ല.
23 ഒടുവിൽ തന്റെ ദാസരായ പ്രവാചകന്മാരിലൂടെയെല്ലാം മുൻകൂട്ടിപ്പറഞ്ഞതുപോലെ യഹോവ ഇസ്രായേലിനെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു.+ അങ്ങനെ ഇസ്രായേല്യർക്കു സ്വദേശം വിട്ട് അസീറിയയിലേക്കു ബന്ദികളായി പോകേണ്ടിവന്നു;+ ഇന്നും അവർ അവിടെത്തന്നെ കഴിയുന്നു.
24 പിന്നെ അസീറിയൻ രാജാവ് ബാബിലോൺ, കൂഥ, അവ്വ, ഹമാത്ത്, സെഫർവ്വയീം+ എന്നീ സ്ഥലങ്ങളിൽനിന്ന് ആളുകളെ കൊണ്ടുവന്ന് ഇസ്രായേല്യർക്കു പകരം ശമര്യയിലെ നഗരങ്ങളിൽ താമസിപ്പിച്ചു. അവർ ശമര്യ കൈവശമാക്കി അതിലെ നഗരങ്ങളിൽ താമസിച്ചു.
25 എന്നാൽ അവിടെ താമസംതുടങ്ങിയ കാലത്ത് അവർ യഹോവയെ ഭയപ്പെട്ടില്ല.* അതുകൊണ്ട് യഹോവ അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ചു;+ അവരിൽ ചിലരെ അവ കൊന്നുകളഞ്ഞു.
26 അപ്പോൾ അസീറിയൻ രാജാവിന് ഇങ്ങനെ വിവരം കിട്ടി: “അങ്ങ് പിടിച്ചുകൊണ്ടുവന്ന് ശമര്യയുടെ നഗരങ്ങളിൽ താമസിപ്പിച്ച ജനതകൾക്ക് ആ ദേശത്തെ ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെയെന്ന്* അറിയില്ല. അവരിൽ ആർക്കും ആ ദേശത്തെ ദൈവത്തെ ആരാധിക്കേണ്ട വിധം അറിയില്ലാത്തതിനാൽ ആ ദൈവം അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ച് അവരെ കൊല്ലുന്നു.”
27 അപ്പോൾ അസീറിയൻ രാജാവ് കല്പിച്ചു: “നിങ്ങൾ ബന്ദികളായി പിടിച്ചുകൊണ്ടുവന്ന പുരോഹിതന്മാരിൽ ഒരാളെ അവിടേക്കു തിരികെ അയയ്ക്കുക. അയാൾ അവിടെ താമസിച്ച് ആ ദേശത്തെ ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെയെന്ന് അവരെ പഠിപ്പിക്കട്ടെ.”
28 അങ്ങനെ ശമര്യയിൽനിന്ന് അവർ ബന്ദികളായി പിടിച്ചുകൊണ്ടുപോയ പുരോഹിതന്മാരിൽ ഒരാൾ തിരികെ എത്തി. അയാൾ ബഥേലിൽ താമസിച്ച്,+ യഹോവയെ ഭയപ്പെടേണ്ടത്* എങ്ങനെയെന്ന് ആ ജനതകളെ പഠിപ്പിച്ചുതുടങ്ങി.+
29 എന്നാൽ ഓരോ ജനതയും അവരവരുടെ ദൈവത്തെ* നിർമിച്ച് ശമര്യക്കാർ ഉണ്ടാക്കിയ ഉയർന്ന സ്ഥലങ്ങളിലെ* ആരാധനാമന്ദിരങ്ങളിൽ സ്ഥാപിച്ചു. ഓരോ ജനതയും അവർ താമസിച്ച നഗരങ്ങളിൽ അങ്ങനെ ചെയ്തു.
30 ബാബിലോൺകാർ സുക്കോത്ത്-ബനോത്തിനെയും കൂഥ്യർ നേർഗാലിനെയും ഹമാത്യർ+ അശീമയെയും
31 അവ്വ്യർ നിബ്ഹസിനെയും തർത്തക്കിനെയും ഉണ്ടാക്കി. സെഫർവ്വയീമിൽനിന്നുള്ളവർ അവിടത്തെ ദൈവങ്ങളായ അദ്രമേലെക്കിനും അനമേലെക്കിനും വേണ്ടി അവരുടെ മക്കളെ തീയിൽ ദഹിപ്പിക്കുമായിരുന്നു.+
32 യഹോവയെ ഭയപ്പെട്ടിരുന്നെങ്കിലും അവർ തങ്ങളുടെ ഇടയിൽനിന്നുതന്നെ പുരോഹിതന്മാരെ തിരഞ്ഞെടുത്ത് ആരാധനാസ്ഥലങ്ങളിൽ* നിയമിച്ചു. അവരാണ് അവിടെയുള്ള മന്ദിരങ്ങളിലെ ആരാധനയ്ക്കു നേതൃത്വം വഹിച്ചത്.+
33 അതെ, യഹോവയെ ഭയപ്പെട്ടിരുന്നെങ്കിലും സ്വദേശത്തെ ജനതകളുടെ ആരാധനാരീതിയനുസരിച്ച്* അവരവരുടെ സ്വന്തം ദൈവങ്ങളെയാണ് അവർ ആരാധിച്ചത്.+
34 ഇന്നും അവർ അവരുടെ ആ പഴയ ആരാധനാരീതികൾ പിൻപറ്റിപ്പോരുന്നു. അവർ ആരും യഹോവയെ ആരാധിക്കുന്നില്ല; യഹോവയുടെ നിയമങ്ങളും ന്യായത്തീർപ്പുകളും അനുസരിക്കുകയോ ഇസ്രായേൽ എന്നു ദൈവം പേര് നൽകിയ യാക്കോബിന്റെ+ ആൺമക്കൾക്കു കൊടുത്ത കല്പനകളും നിയമവും പാലിക്കുകയോ ചെയ്യുന്നില്ല.
35 അവരുമായി ഒരു ഉടമ്പടി ചെയ്തപ്പോൾ+ യഹോവ അവരോട് ഇങ്ങനെ കല്പിച്ചിരുന്നു: “നിങ്ങൾ മറ്റു ദൈവങ്ങളോടു ഭയഭക്തി കാണിക്കരുത്. നിങ്ങൾ അവരുടെ മുന്നിൽ കുമ്പിടുകയോ അവരെ സേവിക്കുകയോ അവർക്കു ബലി അർപ്പിക്കുകയോ ചെയ്യരുത്.+
36 മഹാശക്തിയോടും നീട്ടിയ കരത്തോടും കൂടെ ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ പുറത്ത് കൊണ്ടുവന്ന+ യഹോവയോടാണു നിങ്ങൾ ഭയഭക്തി കാണിക്കേണ്ടത്;+ ആ ദൈവത്തിന്റെ മുന്നിലാണു നിങ്ങൾ കുമ്പിടേണ്ടത്; ആ ദൈവത്തിനാണു നിങ്ങൾ ബലി അർപ്പിക്കേണ്ടത്.
37 ദൈവം നിങ്ങൾക്ക് എഴുതിത്തന്ന കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും നിയമവും+ നിങ്ങൾ എപ്പോഴും ശ്രദ്ധയോടെ പാലിക്കണം; നിങ്ങൾ മറ്റു ദൈവങ്ങളോടു ഭയഭക്തി കാണിക്കരുത്.
38 ഞാൻ നിങ്ങളോടു ചെയ്ത ഉടമ്പടി നിങ്ങൾ മറന്നുകളയരുത്.+ മറ്റു ദൈവങ്ങളോടല്ല,
39 നിങ്ങളുടെ ദൈവമായ യഹോവയോടാണു നിങ്ങൾ ഭയഭക്തി കാണിക്കേണ്ടത്. നിങ്ങളുടെ ദൈവം നിങ്ങളെ ശത്രുക്കളിൽനിന്നെല്ലാം രക്ഷിക്കും.”
40 എന്നാൽ അവർ അത് അനുസരിച്ചില്ല; അവർ അവരുടെ പഴയ ആരാധനാരീതികൾതന്നെ പിൻപറ്റിപ്പോന്നു.+
41 ഈ ജനതകൾ യഹോവയെ ഭയപ്പെട്ടിരുന്നെങ്കിലും+ അവർ കൊത്തിയുണ്ടാക്കിയ രൂപങ്ങളെത്തന്നെ അവർ സേവിച്ചു. ഇന്നും അവരുടെ മക്കളും മക്കളുടെ മക്കളും അവരുടെ പൂർവികരെപ്പോലെ അതുതന്നെ ചെയ്തുപോരുന്നു.
അടിക്കുറിപ്പുകള്
^ അക്ഷ. “ഭയപ്പെട്ടു.”
^ അതായത്, അധികം ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങൾമുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾവരെ.
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിച്ചു.”
^ എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
^ അക്ഷ. “പൂർവികരുടേതുപോലെ തങ്ങളുടെ കഴുത്തും അവർ വഴക്കമില്ലാത്തതാക്കിക്കൊണ്ടിരുന്നു.”
^ അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകളും.”
^ അക്ഷ. “തീയിലൂടെ കടത്തിവിടുകയും.”
^ അഥവാ “തിന്മ പ്രവർത്തിക്കാൻ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു.”
^ അഥവാ “ആരാധിച്ചില്ല.”
^ അഥവാ “ദേശത്തെ മതം.”
^ അഥവാ “ആരാധിക്കേണ്ടത്.”
^ അഥവാ “ദൈവങ്ങളെ.”
^ അഥവാ “ആരാധനാസ്ഥലങ്ങളിലെ.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
^ അഥവാ “മതാചാരങ്ങളനുസരിച്ച്.”