രാജാക്കന്മാർ രണ്ടാം ഭാഗം 18:1-37
18 ഇസ്രായേൽരാജാവായ ഏലെയുടെ മകൻ ഹോശയയുടെ+ ഭരണത്തിന്റെ മൂന്നാം വർഷം യഹൂദാരാജാവായ ആഹാസിന്റെ+ മകൻ ഹിസ്കിയ+ രാജാവായി.
2 രാജാവാകുമ്പോൾ ഹിസ്കിയയ്ക്ക് 25 വയസ്സായിരുന്നു. 29 വർഷം ഹിസ്കിയ യരുശലേമിൽ ഭരണം നടത്തി. സെഖര്യയുടെ മകളായ അബിയായിരുന്നു* ഹിസ്കിയയുടെ അമ്മ.+
3 പൂർവികനായ ദാവീദിനെപ്പോലെ+ ഹിസ്കിയ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു.+
4 ഹിസ്കിയ ആരാധനാസ്ഥലങ്ങൾ* നീക്കം ചെയ്യുകയും+ പൂജാസ്തംഭങ്ങൾ ഉടച്ചുകളയുകയും പൂജാസ്തൂപം* വെട്ടിയിടുകയും+ ചെയ്തു. മോശ ഉണ്ടാക്കിയ താമ്രസർപ്പത്തെയും+ തകർത്തുകളഞ്ഞു. കാരണം താമ്രസർപ്പവിഗ്രഹം* എന്ന് അറിയപ്പെട്ടിരുന്ന അതിനു മുമ്പാകെ ഇസ്രായേൽ ജനം അക്കാലംവരെ യാഗവസ്തുക്കൾ ദഹിപ്പിക്കുമായിരുന്നു.*
5 ഹിസ്കിയ ഇസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു.+ യഹൂദാരാജാക്കന്മാരിൽ ഹിസ്കിയയെപ്പോലെ ഒരാൾ ഹിസ്കിയയ്ക്കു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല.
6 ഹിസ്കിയ യഹോവയോടു പറ്റിനിന്നു.+ ദൈവത്തെ അനുഗമിക്കുന്നതിൽനിന്ന് അദ്ദേഹം വ്യതിചലിച്ചില്ല. യഹോവ മോശയ്ക്കു കൊടുത്ത കല്പനകളെല്ലാം ഹിസ്കിയ അനുസരിച്ചു.
7 യഹോവ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്നു. പോയിടത്തെല്ലാം ഹിസ്കിയ ജ്ഞാനപൂർവം പ്രവർത്തിച്ചു. അസീറിയൻ രാജാവിനെ സേവിക്കാൻ വിസമ്മതിച്ചുകൊണ്ട് ഹിസ്കിയ അയാളോട് എതിർത്തുനിന്നു.+
8 മാത്രമല്ല, ഹിസ്കിയ ഫെലിസ്ത്യരെ+ തോൽപ്പിച്ച് ഗസ്സയും അതിന്റെ പ്രദേശങ്ങളും പിടിച്ചടക്കി. അവരുടെ കാവൽഗോപുരങ്ങൾമുതൽ കോട്ടമതിലുള്ള നഗരങ്ങൾവരെ* അദ്ദേഹം കീഴടക്കി.
9 ഹിസ്കിയ രാജാവിന്റെ നാലാം വർഷം, അതായത് ഇസ്രായേൽരാജാവായ ഏലെയുടെ മകൻ ഹോശയയുടെ+ ഭരണത്തിന്റെ ഏഴാം വർഷം, അസീറിയൻ രാജാവായ ശൽമനേസെർ ശമര്യയുടെ നേരെ വന്ന് അതിനെ ഉപരോധിച്ചു.+
10 മൂന്നാം വർഷം അവർ അതു പിടിച്ചെടുത്തു.+ അങ്ങനെ, ഹിസ്കിയയുടെ ഭരണത്തിന്റെ ആറാം വർഷം, അതായത് ഇസ്രായേൽരാജാവായ ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം, അവർ ശമര്യ കീഴടക്കി.
11 അസീറിയൻ രാജാവ് ഇസ്രായേല്യരെ പിടിച്ച് അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി.+ അവരെ മേദ്യരുടെ നഗരങ്ങളിലും ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും പാർപ്പിച്ചു.+
12 അവർ അവരുടെ ദൈവമായ യഹോവയുടെ വാക്കു കേൾക്കാതെ ദൈവത്തിന്റെ ഉടമ്പടി ലംഘിച്ചതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്.+ യഹോവയുടെ ദാസനായ മോശ നൽകിയ കല്പനകളൊന്നും അവർ ശ്രദ്ധിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല.
13 ഹിസ്കിയ രാജാവിന്റെ വാഴ്ചയുടെ 14-ാം വർഷം അസീറിയൻ+ രാജാവായ സൻഹെരീബ് യഹൂദയിലെ കോട്ടമതിലുള്ള നഗരങ്ങൾക്കു നേരെ വന്ന് അവയെല്ലാം പിടിച്ചെടുത്തു.+
14 അപ്പോൾ യഹൂദാരാജാവായ ഹിസ്കിയ അസീറിയൻ രാജാവിനു ലാഖീശിലേക്ക് ഇങ്ങനെയൊരു സന്ദേശം അയച്ചു: “എനിക്കു തെറ്റുപറ്റി. ദയവായി അങ്ങ് ഇവിടെനിന്ന് പിൻവാങ്ങണം. അങ്ങ് എത്രതന്നെ പിഴ ചുമത്തിയാലും ഞാൻ അതു തന്നുകൊള്ളാം.” അങ്ങനെ അസീറിയൻ രാജാവ് യഹൂദാരാജാവായ ഹിസ്കിയയ്ക്ക് 300 താലന്തു* വെള്ളിയും 30 താലന്തു സ്വർണവും പിഴയിട്ടു.
15 ഹിസ്കിയ യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലെ ഖജനാവുകളിലും ഉണ്ടായിരുന്ന വെള്ളി മുഴുവൻ എടുത്ത് കൊടുത്തു.+
16 കൂടാതെ യഹൂദാരാജാവായ ഹിസ്കിയ താൻ സ്വർണംകൊണ്ട് പൊതിഞ്ഞിരുന്ന, യഹോവയുടെ ആലയത്തിലെ വാതിലുകളും+ കട്ടിളക്കാലുകളും അഴിച്ചെടുത്ത്*+ അസീറിയൻ രാജാവിനു കൊടുത്തു.
17 അതിനു ശേഷം അസീറിയൻ രാജാവ് ലാഖീശിൽനിന്ന്+ തർഥാനെയും* റബ്സാരീസിനെയും* റബ്ശാക്കെയെയും* വലിയൊരു സൈന്യത്തോടൊപ്പം യരുശലേമിൽ ഹിസ്കിയ രാജാവിന്റെ+ അടുത്തേക്ക് അയച്ചു. അവർ യരുശലേമിലേക്കു വന്ന് അലക്കുകാരന്റെ നിലത്തേക്കുള്ള പ്രധാനവീഥിക്കടുത്ത്, മുകളിലുള്ള കുളത്തിന്റെ കനാലിന് അരികെ നിലയുറപ്പിച്ചു.+
18 അവർ രാജാവിനോടു പുറത്ത് വരാൻ ആവശ്യപ്പെട്ടപ്പോൾ രാജഭവനത്തിന്റെ* ചുമതലയുള്ള, ഹിൽക്കിയയുടെ മകൻ എല്യാക്കീമും+ വിവരങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, ആസാഫിന്റെ മകൻ യോവാഹും സെക്രട്ടറിയായ ശെബ്നയും+ പുറത്ത് വന്നു.
19 അപ്പോൾ റബ്ശാക്കെ അവരോടു പറഞ്ഞു: “ഹിസ്കിയയോട് ഇങ്ങനെ പറയുക: ‘അസീറിയയുടെ മഹാരാജാവ് പറയുന്നു: “എന്തു വിശ്വസിച്ചാണു നീ ഇത്ര ധൈര്യത്തോടിരിക്കുന്നത്?+
20 ‘എനിക്ക് ഒരു യുദ്ധതന്ത്രം അറിയാം, യുദ്ധം ചെയ്യാനുള്ള ശക്തിയുമുണ്ട്’ എന്നു നീ പറയുന്നു. പക്ഷേ ഒട്ടും കഴമ്പില്ലാത്ത വാക്കുകളാണു നീ ഈ പറയുന്നത്. ആരിൽ ആശ്രയിച്ചിട്ടാണ് എന്നെ എതിർക്കാൻ നീ ധൈര്യം കാണിക്കുന്നത്?+
21 ചതഞ്ഞ ഈറ്റയായ ഈജിപ്തിലല്ലേ നീ ആശ്രയിക്കുന്നത്?+ ആരെങ്കിലും അതിൽ ഊന്നിയാൽ അത് അയാളുടെ കൈയിൽ തുളച്ചുകയറും. ഈജിപ്തുരാജാവായ ഫറവോനെ ആശ്രയിക്കുന്ന എല്ലാവരുടെയും ഗതി അതുതന്നെയായിരിക്കും.
22 ഇനി, ‘ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിലാണ് ആശ്രയിക്കുന്നത്’+ എന്നു നിങ്ങൾ പറഞ്ഞാൽ ഇതു കേൾക്കുക. യഹൂദയോടും യരുശലേമിനോടും, ‘നിങ്ങൾ യരുശലേമിലെ യാഗപീഠത്തിനു മുമ്പിലാണു കുമ്പിടേണ്ടത്’ എന്നു പറഞ്ഞ് ഹിസ്കിയ നീക്കം ചെയ്ത ആരാധനാസ്ഥലങ്ങളും* യാഗപീഠങ്ങളും+ ഈ ദൈവത്തിന്റെതന്നെയല്ലേ?”’+
23 വേണമെങ്കിൽ എന്റെ യജമാനനായ അസീറിയൻ രാജാവുമായി പന്തയം വെച്ചുകൊള്ളൂ: ഞാൻ നിനക്ക് 2,000 കുതിരകളെ തരാം; അവയ്ക്ക് ആവശ്യമായത്ര കുതിരക്കാരെ കണ്ടുപിടിക്കാൻ നിനക്കു കഴിയുമോ?+
24 രഥങ്ങൾക്കും കുതിരക്കാർക്കും വേണ്ടി നീ ഈജിപ്തിനെയല്ലേ ആശ്രയിക്കുന്നത്? ആ സ്ഥിതിക്ക് എന്റെ യജമാനന്റെ ഭൃത്യന്മാരിൽ ഏറ്റവും നിസ്സാരനായ ഒരു ഗവർണറെയെങ്കിലും ഇവിടെനിന്ന് തോൽപ്പിച്ചോടിക്കാൻ നിനക്കു പറ്റുമോ?
25 മാത്രമല്ല യഹോവയുടെ സമ്മതംകൂടാതെയാണോ ഞാൻ ഈ സ്ഥലം നശിപ്പിക്കാൻ വന്നിരിക്കുന്നത്? ‘ഈ ദേശത്തിനു നേരെ ചെന്ന് ഇതു നശിപ്പിക്കുക’ എന്ന് യഹോവതന്നെയാണ് എന്നോടു പറഞ്ഞത്.”
26 ഹിൽക്കിയയുടെ മകനായ എല്യാക്കീമും ശെബ്നയും+ യോവാഹും റബ്ശാക്കെയോടു+ പറഞ്ഞു: “ദയവായി അങ്ങയുടെ ഈ ദാസന്മാരോട് അരമായ* ഭാഷയിൽ+ സംസാരിച്ചാലും. അതു ഞങ്ങൾക്കു മനസ്സിലാകും. മതിലിന്മേൽ ഇരിക്കുന്ന ഈ ജനം കേൾക്കെ ജൂതന്മാരുടെ ഭാഷയിൽ ഞങ്ങളോടു സംസാരിക്കരുതേ.”+
27 എന്നാൽ റബ്ശാക്കെ പറഞ്ഞു: “ഈ സന്ദേശം നിങ്ങളുടെ യജമാനനെയും നിങ്ങളെയും മാത്രമല്ല, മതിലിൽ ഇരിക്കുന്ന ഈ ആളുകളെയുംകൂടെ അറിയിക്കാനാണ് എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്. നിങ്ങളോടൊപ്പം അവരും സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരുമല്ലോ!”
28 അപ്പോൾ റബ്ശാക്കെ ജൂതന്മാരുടെ ഭാഷയിൽ ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: “അസീറിയൻ മഹാരാജാവിന്റെ വാക്കുകൾ കേൾക്കൂ.+
29 രാജാവ് പറയുന്നു: ‘ഹിസ്കിയ നിങ്ങളെ വഞ്ചിക്കുകയാണ്. എന്റെ കൈയിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ അയാൾക്കു കഴിയില്ല.+
30 “യഹോവ നമ്മളെ രക്ഷിക്കുകതന്നെ ചെയ്യും, ഈ നഗരത്തെ അസീറിയൻ രാജാവിന്റെ കൈയിൽ ഏൽപ്പിക്കില്ല”+ എന്നു പറഞ്ഞ് യഹോവയിൽ ആശ്രയിക്കാനല്ലേ ഹിസ്കിയ ആവശ്യപ്പെടുന്നത്? എന്നാൽ നിങ്ങൾ അതിനു ചെവി കൊടുക്കരുത്.
31 ഹിസ്കിയ പറയുന്നതു നിങ്ങൾ കേൾക്കരുത്. കാരണം അസീറിയൻ രാജാവ് ഇങ്ങനെ പറയുന്നു: “എന്നോടു സമാധാനസന്ധി ഉണ്ടാക്കി കീഴടങ്ങുക. അങ്ങനെ ചെയ്താൽ നിങ്ങൾ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ഫലം തിന്നുകയും സ്വന്തം കിണറ്റിലെ* വെള്ളം കുടിക്കുകയും ചെയ്യും.
32 പിന്നെ ഞാൻ വന്ന് നിങ്ങളുടെ ഈ ദേശംപോലുള്ള ഒരു ദേശത്തേക്ക്,+ ധാന്യവും പുതുവീഞ്ഞും ഉള്ള ദേശത്തേക്ക്, അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ദേശത്തേക്ക്, ഒലിവ് മരവും തേനും ഉള്ള ദേശത്തേക്ക്, നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. അങ്ങനെ നിങ്ങൾ മരിക്കാതെ ജീവനോടിരിക്കും. ഹിസ്കിയ പറയുന്നതു കേൾക്കരുത്. ‘യഹോവ നമ്മളെ രക്ഷിക്കും’ എന്നു പറഞ്ഞ് അയാൾ നിങ്ങളെ പറ്റിക്കുകയാണ്.
33 ഏതെങ്കിലും ജനതകളുടെ ദൈവങ്ങൾക്ക് അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ?
34 ഹമാത്തിലെയും+ അർപ്പാദിലെയും ദൈവങ്ങൾ എവിടെ? സെഫർവ്വയീമിലെയും+ ഹേനയിലെയും ഇവ്വയിലെയും ദൈവങ്ങൾ എവിടെ? എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിക്കാൻ അവർക്കു കഴിഞ്ഞോ?+
35 ആ ദേശങ്ങളിലെ എല്ലാ ദൈവങ്ങളിലുംവെച്ച് ആർക്കാണ് എന്റെ കൈയിൽനിന്ന് അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത്? പിന്നെ എങ്ങനെ യഹോവയ്ക്ക് യരുശലേമിനെ എന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയും?”’”+
36 എന്നാൽ ജനം ഒന്നും മിണ്ടാതെ നിന്നു. കാരണം, “നിങ്ങൾ അയാളോടു മറുപടിയൊന്നും പറയരുത്” എന്നു രാജാവ് കല്പിച്ചിട്ടുണ്ടായിരുന്നു.+
37 രാജകൊട്ടാരത്തിന്റെ ചുമതലയുള്ള, ഹിൽക്കിയയുടെ മകൻ എല്യാക്കീമും വിവരങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, ആസാഫിന്റെ മകൻ യോവാഹും സെക്രട്ടറിയായ ശെബ്നയും വസ്ത്രം കീറി, ഹിസ്കിയയുടെ അടുത്ത് ചെന്ന് റബ്ശാക്കെ പറഞ്ഞതെല്ലാം അറിയിച്ചു.
അടിക്കുറിപ്പുകള്
^ അബീയ എന്നതിന്റെ മറ്റൊരു രൂപം.
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
^ അഥവാ “നെഹുഷ്ഠാൻ.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുമായിരുന്നു.”
^ അതായത്, അധികം ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങൾമുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾവരെ.
^ അക്ഷ. “മുറിച്ചെടുത്ത്.”
^ അഥവാ “സൈന്യാധിപനെയും.”
^ അഥവാ “കൊട്ടാരോദ്യോഗസ്ഥരുടെ പ്രമാണിയെയും.”
^ അഥവാ “പാനപാത്രവാഹകരുടെ പ്രമാണിയെയും.”
^ അഥവാ “കൊട്ടാരത്തിന്റെ.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
^ അഥവാ “സിറിയൻ.”
^ അഥവാ “ജലസംഭരണിയിലെ.” പദാവലിയിൽ “ജലസംഭരണി” കാണുക.