രാജാക്കന്മാർ രണ്ടാം ഭാഗം 20:1-21
20 അക്കാലത്ത് ഒരു രോഗം വന്ന് ഹിസ്കിയ മരിക്കാറായി.+ അപ്പോൾ ആമൊസിന്റെ മകനായ യശയ്യ പ്രവാചകൻ അടുത്ത് വന്ന് പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘നിന്റെ രോഗം മാറില്ല, നീ മരിച്ചുപോകും. അതുകൊണ്ട് വീട്ടുകാർക്കു വേണ്ട നിർദേശങ്ങൾ കൊടുത്തുകൊള്ളുക.’”+
2 അതു കേട്ടപ്പോൾ ഹിസ്കിയ ഭിത്തിക്കു നേരെ മുഖം തിരിച്ച് യഹോവയോടു പ്രാർഥിച്ചു:
3 “യഹോവേ, ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വസ്തതയോടും പൂർണഹൃദയത്തോടും കൂടെ നടന്നതും അങ്ങയുടെ മുമ്പാകെ ശരിയായതു ചെയ്തതും ഓർക്കേണമേ.”+ ഹിസ്കിയ ഹൃദയം നൊന്ത് പൊട്ടിക്കരഞ്ഞു.
4 യശയ്യ തിരികെ കൊട്ടാരത്തിന്റെ നടുമുറ്റത്ത് എത്തുന്നതിനു മുമ്പുതന്നെ യഹോവയിൽനിന്ന് യശയ്യയ്ക്ക് ഈ സന്ദേശം ലഭിച്ചു:+
5 “തിരികെ ചെന്ന് എന്റെ ജനത്തിന്റെ നായകനായ ഹിസ്കിയയോട് ഇങ്ങനെ പറയുക: ‘നിന്റെ പൂർവികനായ ദാവീദിന്റെ ദൈവമായ യഹോവ പറയുന്നു: “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു, നിന്റെ കണ്ണീർ കാണുകയും ചെയ്തിരിക്കുന്നു.+ ഇതാ ഞാൻ നിന്നെ സുഖപ്പെടുത്തുന്നു.+ മൂന്നാം ദിവസം നീ എഴുന്നേറ്റ് യഹോവയുടെ ഭവനത്തിൽ+ പോകും.
6 ഞാൻ നിന്റെ ആയുസ്സിനോട് 15 വർഷം കൂട്ടും. മാത്രമല്ല ഞാൻ നിന്നെയും ഈ നഗരത്തെയും അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് വിടുവിക്കും.+ എന്റെ നാമത്തെപ്രതിയും എന്റെ ദാസനായ ദാവീദിനെപ്രതിയും ഞാൻ ഈ നഗരത്തെ സംരക്ഷിക്കും.”’”+
7 “ഒരു അത്തിയട* കൊണ്ടുവരുക” എന്ന് യശയ്യ പറഞ്ഞു. അവർ അതു കൊണ്ടുവന്ന് ഹിസ്കിയയുടെ വ്രണത്തിൽ വെച്ചു. അങ്ങനെ സാവധാനം ഹിസ്കിയയുടെ അസുഖം ഭേദമായി.+
8 “യഹോവ എന്നെ സുഖപ്പെടുത്തുകയും മൂന്നാം ദിവസം ഞാൻ യഹോവയുടെ ഭവനത്തിൽ പോകുകയും ചെയ്യുമെന്നതിന് എന്താണ് അടയാളം”+ എന്നു ഹിസ്കിയ യശയ്യയോടു ചോദിച്ചിരുന്നു.
9 യശയ്യ പറഞ്ഞു: “പടവുകളിൽ* വീണിരിക്കുന്ന നിഴൽ പത്തു പടി മുന്നോട്ടു പോകണോ അതോ പിന്നോട്ടു പോകണോ? എന്തു വേണമെന്നു രാജാവ് പറയുക. യഹോവ അങ്ങയോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കും എന്നതിന് യഹോവ തരുന്ന അടയാളം അതായിരിക്കും.”+
10 ഹിസ്കിയ പറഞ്ഞു: “നിഴൽ പത്തു പടി മുന്നോട്ടു പോകുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാൽ പിന്നോട്ടു പോകുന്നത് അൽപ്പം ബുദ്ധിമുട്ടാണ്.”
11 അങ്ങനെ യശയ്യ പ്രവാചകൻ യഹോവയോട് അപേക്ഷിച്ചു. ദൈവം ആഹാസിന്റെ പടവുകളിലെ, ഇറങ്ങിപ്പോയിരുന്ന നിഴൽ പത്തു പടി പിന്നോട്ടു വരുത്തി.+
12 ഹിസ്കിയയുടെ രോഗവിവരം അറിഞ്ഞപ്പോൾ ബാബിലോൺരാജാവായ, ബലദാന്റെ മകൻ ബരോദാക്-ബലദാൻ ഹിസ്കിയയ്ക്ക് എഴുത്തുകളും ഒരു സമ്മാനവും കൊടുത്തയച്ചു.+
13 ഹിസ്കിയ അവരെ സ്വീകരിച്ച്* ഖജനാവിലുള്ളതെല്ലാം+—വെള്ളി, സ്വർണം, സുഗന്ധതൈലം,* വിലയേറിയ മറ്റു തൈലങ്ങൾ, ആയുധങ്ങൾ എന്നിങ്ങനെ വിലപിടിപ്പുള്ളതെല്ലാം—അവരെ കാണിച്ചു. ഹിസ്കിയ കൊട്ടാരത്തിലും രാജ്യത്തിലും അവരെ കാണിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല.
14 പിന്നീട് യശയ്യ പ്രവാചകൻ ഹിസ്കിയ രാജാവിന്റെ അടുത്ത് വന്ന് ചോദിച്ചു: “അവർ എവിടെനിന്നാണു വന്നത്, അങ്ങയോട് അവർ എന്താണു പറഞ്ഞത്?” അപ്പോൾ ഹിസ്കിയ പറഞ്ഞു: “അവർ ദൂരെ ബാബിലോണിൽനിന്ന് വന്നവരാണ്.”+
15 “അവർ ഈ കൊട്ടാരത്തിലുള്ള എന്തൊക്കെ കണ്ടു” എന്ന് യശയ്യ ചോദിച്ചപ്പോൾ ഹിസ്കിയ പറഞ്ഞു: “എന്റെ കൊട്ടാരത്തിലുള്ളതെല്ലാം അവർ കണ്ടു. അവരെ കാണിക്കാത്തതായി എന്റെ ഖജനാവുകളിൽ ഇനി ഒന്നും ബാക്കിയില്ല.”
16 അപ്പോൾ യശയ്യ ഹിസ്കിയയോടു പറഞ്ഞു: “യഹോവയുടെ സന്ദേശം കേട്ടുകൊള്ളൂ:+
17 ‘ഇതാ, നിന്റെ ഭവനത്തിലുള്ളതും* നിന്റെ പൂർവികർ ഇന്നോളം സ്വരുക്കൂട്ടിയതും ആയ സകലവും ഒന്നൊഴിയാതെ ബാബിലോണിലേക്ക് എടുത്തുകൊണ്ടുപോകുന്ന കാലം അടുത്തിരിക്കുന്നു!’+ എന്ന് യഹോവ പറയുന്നു.
18 ‘നിനക്കു ജനിക്കുന്ന നിന്റെ സ്വന്തം ആൺമക്കളിൽ ചിലരെ അവർ പിടിച്ചുകൊണ്ടുപോകും;+ അവർ ബാബിലോൺരാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥരാകേണ്ടിവരും.’”+
19 അപ്പോൾ ഹിസ്കിയ യശയ്യയോടു പറഞ്ഞു: “അങ്ങ് എന്നോടു പറഞ്ഞ യഹോവയുടെ വാക്കുകൾ നല്ലതുതന്നെ.”+ ഹിസ്കിയ തുടർന്നു: “എന്റെ ജീവിതകാലത്ത് സ്വസ്ഥതയും* സമാധാനവും ഉണ്ടാകുമല്ലോ!”+
20 ഹിസ്കിയയുടെ ബാക്കി ചരിത്രം, ഹിസ്കിയയുടെ വീരകൃത്യങ്ങളെക്കുറിച്ചും കുളവും+ കനാലും നിർമിച്ച് നഗരത്തിലേക്കു വെള്ളം കൊണ്ടുവന്നതിനെക്കുറിച്ചും,+ യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
21 പിന്നെ ഹിസ്കിയ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ ഹിസ്കിയയുടെ മകൻ മനശ്ശെ+ അടുത്ത രാജാവായി.+
അടിക്കുറിപ്പുകള്
^ അതായത്, അത്തിക്കായ്കൾ അമർത്തി ഉണ്ടാക്കിയ ഒരു അട.
^ ഒരുപക്ഷേ, ഈ പടവുകൾ സൂര്യഘടികാരംപോലെ, സമയം നോക്കാൻ ഉപയോഗിച്ചിരുന്നവയായിരിക്കാം.
^ അഥവാ “സുഗന്ധക്കറ.”
^ അഥവാ “അവർ പറഞ്ഞതു കേട്ട്.”
^ അഥവാ “കൊട്ടാരത്തിലുള്ളതും.”
^ അഥവാ “സത്യവും.”