രാജാക്കന്മാർ രണ്ടാം ഭാഗം 21:1-26
21 രാജാവാകുമ്പോൾ മനശ്ശെക്ക്+ 12 വയസ്സായിരുന്നു. 55 വർഷം മനശ്ശെ യരുശലേമിൽ ഭരണം നടത്തി.+ അയാളുടെ അമ്മയുടെ പേര് ഹെഫ്‌സീബ എന്നായിരുന്നു.
2 ഇസ്രായേൽ ജനത്തിന്റെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ+ മ്ലേച്ഛമായ ആചാരങ്ങൾ പിന്തുടർന്നുകൊണ്ട്+ മനശ്ശെ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.
3 അപ്പനായ ഹിസ്‌കിയ നശിപ്പിച്ചുകളഞ്ഞ, ആരാധനാസ്ഥലങ്ങൾ*+ വീണ്ടും നിർമിച്ചു. ഇസ്രായേൽരാജാവായ ആഹാബ് ചെയ്‌തതുപോലെ+ ഒരു പൂജാസ്‌തൂപവും*+ ബാലിനു യാഗപീഠങ്ങളും പണിതു. ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിട്ട് അവയെ സേവിച്ചു.+
4 യഹോവയുടെ ഭവനത്തിലും+ മനശ്ശെ യാഗപീഠങ്ങൾ പണിതു. “യരുശലേമിൽ ഞാൻ എന്റെ പേര് സ്ഥാപിക്കും”+ എന്ന് യഹോവ പറഞ്ഞത് ഈ ഭവനത്തെക്കുറിച്ചായിരുന്നു.
5 യഹോവയുടെ ഭവനത്തിന്റെ രണ്ടു മുറ്റത്തും+ മനശ്ശെ ആകാശത്തിലെ സർവസൈന്യത്തിനുംവേണ്ടി+ യാഗപീഠങ്ങൾ പണിതു.
6 മനശ്ശെ സ്വന്തം മകനെ ദഹിപ്പിക്കുകയും* മന്ത്രവാദം ചെയ്യുകയും ശകുനം നോക്കുകയും+ ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും* ഭാവി പറയുന്നവരെയും+ നിയമിക്കുകയും ചെയ്‌തു. യഹോവയുടെ മുമ്പാകെ ഒരുപാടു തെറ്റുകൾ ചെയ്‌ത് ദൈവത്തെ കോപിപ്പിച്ചു.
7 താൻ കൊത്തിയുണ്ടാക്കിയ പൂജാസ്‌തൂപം+ മനശ്ശെ യഹോവയുടെ ഭവനത്തിൽ പ്രതിഷ്ഠിച്ചു. ഈ ഭവനത്തെക്കുറിച്ച് ദാവീദിനോടും മകനായ ശലോമോനോടും ദൈവം ഇങ്ങനെ പറഞ്ഞിരുന്നു: “ഇസ്രായേൽഗോത്രങ്ങളിൽനിന്ന് ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യരുശലേമിലും ഈ ഭവനത്തിലും ഞാൻ എന്റെ പേര് എന്നേക്കുമായി സ്ഥാപിക്കും.+
8 ഞാൻ ഇസ്രായേല്യർക്കു നൽകിയ കല്പനകളെല്ലാം, അതായത് എന്റെ ദാസനായ മോശ അവർക്കു നൽകിയ നിയമം മുഴുവനും, അവർ ശ്രദ്ധാപൂർവം പാലിച്ചാൽ+ അവരുടെ പൂർവികർക്കു കൊടുത്ത ദേശം+ വിട്ട് അവർ അലഞ്ഞുനടക്കാൻ ഇനി ഒരിക്കലും ഞാൻ ഇടവരുത്തില്ല.”
9 എന്നാൽ അവർ അനുസരിച്ചില്ല. മനശ്ശെ അവരെ വഴിതെറ്റിച്ചു. അങ്ങനെ യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് നശിപ്പിച്ചുകളഞ്ഞ ജനതകൾ+ ചെയ്തതിനെക്കാൾ വലിയ ദുഷ്ടത അവർ ചെയ്‌തു.
10 യഹോവ തന്റെ ദാസരായ പ്രവാചകന്മാരിലൂടെ+ കൂടെക്കൂടെ ഇങ്ങനെ പറഞ്ഞു:
11 “യഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛതകളെല്ലാം ചെയ്തിരിക്കുന്നു; അയാൾ തനിക്കു മുമ്പുണ്ടായിരുന്ന+ എല്ലാ അമോര്യരെക്കാളും+ അധികം ദുഷ്ടത ചെയ്‌തു. അയാൾ തന്റെ മ്ലേച്ഛവിഗ്രഹങ്ങളാൽ* യഹൂദയെക്കൊണ്ട് പാപം ചെയ്യിച്ചു.
12 അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘കേൾക്കുന്ന ഏതൊരാളുടെയും ചെവി തരിച്ചുപോകുന്ന തരത്തിലുള്ള ഒരു നാശം ഞാൻ ഇതാ, യരുശലേമിലും+ യഹൂദയിലും വരുത്താൻപോകുന്നു.+
13 ശമര്യയിൽ+ പിടിച്ച അളവുനൂലും+ ആഹാബുഗൃഹത്തിൽ+ പിടിച്ച തൂക്കുകട്ടയും* ഞാൻ യരുശലേമിന്റെ മേൽ പിടിക്കും. ഒരു പാത്രം തുടച്ച് വൃത്തിയാക്കുന്നതുപോലെ ഞാൻ യരുശലേമിനെ വൃത്തിയാക്കും; ഞാൻ അതിനെ തുടച്ച് കമിഴ്ത്തിവെക്കും.+
14 എന്റെ അവകാശത്തിൽ ശേഷിച്ചിരിക്കുന്നവരെ+ ഞാൻ ഉപേക്ഷിക്കും. ഞാൻ അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കും; അവർ ശത്രുക്കൾക്കു കൊള്ളവസ്തുവും കവർച്ചമുതലും ആയിത്തീരും.+
15 കാരണം, അവരുടെ പൂർവികർ ഈജിപ്തിൽനിന്ന് പോന്ന നാൾമുതൽ ഇന്നുവരെ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്‌ത് അവർ എന്നെ കോപിപ്പിച്ചുകൊണ്ടിരിക്കുന്നു.’”+
16 മനശ്ശെ യരുശലേമിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിരപരാധികളുടെ രക്തംകൊണ്ട് നിറച്ചു.+ കൂടാതെ, യഹൂദയെക്കൊണ്ട് യഹോവയുടെ മുമ്പാകെ തെറ്റു ചെയ്യിച്ച് അയാൾ പാപം ചെയ്യുകയും ചെയ്‌തു.
17 മനശ്ശെയുടെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത കാര്യങ്ങളും അയാളുടെ പാപങ്ങളും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
18 മനശ്ശെ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളുടെ ഭവനത്തിലെ ഉദ്യാനത്തിൽ, ഉസയുടെ ഉദ്യാനത്തിൽ,+ അയാളെ അടക്കം ചെയ്‌തു. മനശ്ശെയുടെ മകൻ ആമോൻ അടുത്ത രാജാവായി.
19 രാജാവാകുമ്പോൾ ആമോന്+ 22 വയസ്സായിരുന്നു. ആമോൻ രണ്ടു വർഷം യരുശലേമിൽ ഭരണം നടത്തി.+ യൊത്ബയിലുള്ള ഹാരൂസിന്റെ മകൾ മെശുല്ലേമെത്തായിരുന്നു അയാളുടെ അമ്മ.
20 അപ്പനായ മനശ്ശെ ചെയ്‌തതുപോലെ ആമോൻ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+
21 അപ്പൻ ആരാധിച്ച മ്ലേച്ഛവിഗ്രഹങ്ങളെ കുമ്പിട്ട് ആരാധിച്ച് ആമോനും അപ്പന്റെ അതേ പാത പിന്തുടർന്നു.+
22 അങ്ങനെ അയാൾ പൂർവികരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.+
23 ഒടുവിൽ ഭൃത്യന്മാർ ആമോന് എതിരെ ഗൂഢാലോചന നടത്തി ആമോനെ സ്വന്തം ഭവനത്തിൽവെച്ച് കൊന്നു.
24 എന്നാൽ രാജാവിന് എതിരെ ഗൂഢാലോചന നടത്തിയവരെയെല്ലാം ജനം കൊന്നുകളഞ്ഞു. എന്നിട്ട് ആമോന്റെ മകൻ യോശിയയെ രാജാവാക്കി.+
25 ആമോന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യങ്ങളും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
26 അവർ അയാളെ ഉസയുടെ ഉദ്യാനത്തിലുള്ള+ അയാളുടെ കല്ലറയിൽ അടക്കം ചെയ്‌തു. ആമോന്റെ മകൻ യോശിയ+ അടുത്ത രാജാവായി.
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
^ അക്ഷ. “തീയിലൂടെ കടത്തിവിടുകയും.”
^ എബ്രായപദത്തിന് “കാഷ്‌ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
^ അഥവാ “നിരപ്പു നോക്കാനുള്ള ഉപകരണവും.”