രാജാക്കന്മാർ രണ്ടാം ഭാഗം 22:1-20
22 രാജാവാകുമ്പോൾ യോശിയയ്ക്ക്+ എട്ടു വയസ്സായിരുന്നു. യോശിയ 31 വർഷം യരുശലേമിൽ ഭരിച്ചു.+ ബൊസ്കത്തിലുള്ള+ അദായയുടെ മകൾ യദീദയായിരുന്നു യോശിയയുടെ അമ്മ.
2 യോശിയ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു. പൂർവികനായ ദാവീദിന്റെ വഴിയിൽനിന്ന്+ ഇടത്തോട്ടോ വലത്തോട്ടോ മാറിയില്ല.
3 തന്റെ ഭരണത്തിന്റെ 18-ാം വർഷം യോശിയ രാജാവ് സെക്രട്ടറിയായ, മെശുല്ലാമിന്റെ മകൻ അസല്യയുടെ മകൻ ശാഫാനെ യഹോവയുടെ ഭവനത്തിലേക്ക്+ അയച്ചു. രാജാവ് ശാഫാനോടു പറഞ്ഞു:
4 “നീ മഹാപുരോഹിതനായ ഹിൽക്കിയയുടെ+ അടുത്ത് ചെല്ലുക. അദ്ദേഹത്തോട് യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവരുന്ന പണം,+ അതായത് വാതിൽക്കാവൽക്കാർ ജനങ്ങളിൽനിന്ന് സ്വീകരിക്കുന്ന പണം,+ ശേഖരിക്കാൻ പറയുക.
5 അവർ അത് യഹോവയുടെ ഭവനത്തിലെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവർക്കു കൊടുക്കട്ടെ. മേൽനോട്ടം വഹിക്കാൻ നിയമിതരായവർ ആ പണം യഹോവയുടെ ഭവനത്തിൽ അറ്റകുറ്റപ്പണി നടത്തുന്ന* ജോലിക്കാർക്ക്,+
6 അതായത് ശില്പികൾക്കും കൽപ്പണിക്കാർക്കും മറ്റു പണിക്കാർക്കും, കൊടുക്കണം. അവർ ആ പണംകൊണ്ട് ഭവനത്തിന്റെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ ചെത്തിയ കല്ലും മരവും വാങ്ങണം.+
7 അവർ വിശ്വസ്തരായതിനാൽ അവരെ ഏൽപ്പിച്ച പണത്തിന്റെ കണക്കു ചോദിക്കേണ്ടതില്ല.”+
8 പിന്നീട് മഹാപുരോഹിതനായ ഹിൽക്കിയ സെക്രട്ടറിയായ ശാഫാനോടു+ പറഞ്ഞു: “എനിക്ക് യഹോവയുടെ ഭവനത്തിൽനിന്ന് നിയമപുസ്തകം+ കിട്ടി!” ഹിൽക്കിയ ആ പുസ്തകം ശാഫാനു കൊടുത്തു;+ അയാൾ അതു വായിച്ചു.
9 സെക്രട്ടറിയായ ശാഫാൻ യോശിയ രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “അങ്ങയുടെ ദാസന്മാർ ഭവനത്തിലെ പണം മുഴുവൻ ശേഖരിച്ച്* യഹോവയുടെ ഭവനത്തിലെ ജോലികൾക്കു മേൽനോട്ടം വഹിക്കാൻ നിയമിതരായവരെ ഏൽപ്പിച്ചു.”+
10 രാജാവിനോടു ശാഫാൻ ഇങ്ങനെയും പറഞ്ഞു: “ഹിൽക്കിയ പുരോഹിതൻ എനിക്ക് ഒരു പുസ്തകം+ തന്നിട്ടുണ്ട്.” പിന്നെ ശാഫാൻ അതു രാജാവിനെ വായിച്ചുകേൾപ്പിക്കാൻതുടങ്ങി.
11 നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്നതു വായിച്ചുകേട്ട ഉടനെ രാജാവ് വസ്ത്രം കീറി.+
12 രാജാവ് ഹിൽക്കിയ പുരോഹിതനോടും ശാഫാന്റെ മകനായ അഹീക്കാമിനോടും+ മീഖായയുടെ മകനായ അക്ബോരിനോടും സെക്രട്ടറിയായ ശാഫാനോടും രാജാവിന്റെ ദാസനായ അസായയോടും ഇങ്ങനെ ഉത്തരവിട്ടു:
13 “നമ്മുടെ പൂർവികർ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ അനുസരിക്കാത്തതുകൊണ്ട് യഹോവയുടെ ഉഗ്രകോപം+ നമുക്കു നേരെ ആളിക്കത്തിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ചെന്ന് ഈ ജനത്തിനും എല്ലാ യഹൂദയ്ക്കും എനിക്കും വേണ്ടി, നമുക്കു കിട്ടിയ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് യഹോവയോടു ചോദിച്ചറിയുക.”
14 അങ്ങനെ ഹിൽക്കിയ പുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായയും കൂടി ഹുൽദ പ്രവാചികയുടെ+ അടുത്ത് ചെന്നു. വസ്ത്രംസൂക്ഷിപ്പുകാരനായ ഹർഹസിന്റെ മകനായ തിക്വയുടെ മകൻ ശല്ലൂമിന്റെ ഭാര്യയായിരുന്നു ഈ പ്രവാചിക. യരുശലേമിന്റെ പുതിയ ഭാഗത്താണു ഹുൽദ താമസിച്ചിരുന്നത്. അവർ അവിടെ ചെന്ന് പ്രവാചികയോടു സംസാരിച്ചു.+
15 പ്രവാചിക അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘നിങ്ങളെ എന്റെ അടുത്തേക്ക് അയച്ചയാളോടു നിങ്ങൾ പറയണം:
16 “യഹോവ ഇങ്ങനെ പറയുന്നു: ‘യഹൂദാരാജാവ് വായിച്ച ആ പുസ്തകത്തിൽ+ പറഞ്ഞിരിക്കുന്നതുപോലെ ഞാൻ ഈ സ്ഥലത്തിന്മേലും ഇവിടെ താമസിക്കുന്നവരുടെ മേലും ദുരന്തം വരുത്തും.
17 കാരണം അവർ എന്നെ ഉപേക്ഷിക്കുകയും മറ്റു ദൈവങ്ങൾക്കു യാഗവസ്തുക്കൾ ദഹിപ്പിച്ചുകൊണ്ട്*+ അവരുടെ എല്ലാ ചെയ്തികളാലും+ എന്നെ കോപിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഈ സ്ഥലത്തിനു നേരെ എന്റെ കോപം ആളിക്കത്തും. അത് ഒരിക്കലും കെട്ടുപോകില്ല.’”+
18 എന്നാൽ യഹോവയോടു ചോദിക്കാൻ നിങ്ങളെ അയച്ച യഹൂദാരാജാവിനോടു നിങ്ങൾ പറയണം: “രാജാവ് വായിച്ചുകേട്ട കാര്യങ്ങളെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്:
19 ‘ഈ സ്ഥലവും ഇവിടെയുള്ള ആളുകളും ഭീതിക്കും ശാപത്തിനും പാത്രമായിത്തീരും എന്നു ഞാൻ പറഞ്ഞതു കേട്ടപ്പോൾ നീ ഹൃദയപൂർവം പശ്ചാത്തപിക്കുകയും* യഹോവയുടെ മുമ്പാകെ സ്വയം താഴ്ത്തുകയും+ ചെയ്തു. നീ വസ്ത്രം കീറി+ എന്റെ മുമ്പാകെ വിലപിച്ചു. അതുകൊണ്ട് നിന്റെ അപേക്ഷ ഞാനും കേട്ടിരിക്കുന്നു എന്ന് യഹോവ പറയുന്നു.
20 നീ നിന്റെ പൂർവികരോടു ചേരാൻ* ഞാൻ ഇടയാക്കും. നീ സമാധാനത്തോടെ നിന്റെ കല്ലറയിലേക്കു പോകും. ഞാൻ ഈ സ്ഥലത്തിനു മേൽ വരുത്തുന്ന ദുരന്തങ്ങളൊന്നും നിനക്കു കാണേണ്ടിവരില്ല.’”’” അവർ ചെന്ന് ഇക്കാര്യങ്ങളെല്ലാം രാജാവിനെ അറിയിച്ചു.
അടിക്കുറിപ്പുകള്
^ അഥവാ “വിള്ളലുകൾ അടയ്ക്കുന്ന.”
^ അക്ഷ. “കുടഞ്ഞിട്ടിട്ട്.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിച്ചുകൊണ്ട്.”
^ അക്ഷ. “നിന്റെ ഹൃദയം മൃദുവായിത്തീരുകയും.”
^ മരണത്തെ കുറിക്കുന്ന കാവ്യഭാഷ.