രാജാക്കന്മാർ രണ്ടാം ഭാഗം 23:1-37
23 രാജാവ് ആളയച്ച് യഹൂദയിലും യരുശലേമിലും ഉള്ള എല്ലാ മൂപ്പന്മാരെയും കൂട്ടിവരുത്തി.+
2 അതിനു ശേഷം യഹൂദയിലുള്ള എല്ലാ പുരുഷന്മാരെയും യരുശലേമിലെ എല്ലാ ആളുകളെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും ചെറിയവരും വലിയവരും ആയ എല്ലാവരെയും കൂട്ടി യഹോവയുടെ ഭവനത്തിലേക്കു ചെന്നു. യഹോവയുടെ ഭവനത്തിൽനിന്ന്+ കണ്ടുകിട്ടിയ ഉടമ്പടിപ്പുസ്തകം+ മുഴുവൻ രാജാവ് അവരെ വായിച്ചുകേൾപ്പിച്ചു.
3 പിന്നെ രാജാവ്, യഹോവയെ അനുഗമിച്ചുകൊള്ളാമെന്നും ആ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഉടമ്പടിപ്രകാരം ദൈവത്തിന്റെ കല്പനകളും ഓർമിപ്പിക്കലുകളും നിയമങ്ങളും മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ പാലിച്ചുകൊള്ളാമെന്നും തൂണിന് അരികെ നിന്ന് യഹോവയുമായി ഒരു ഉടമ്പടി ചെയ്തു.*+ ജനം മുഴുവൻ ആ ഉടമ്പടി അംഗീകരിച്ചു.+
4 അതിനു ശേഷം, ബാലിനും പൂജാസ്തൂപത്തിനും*+ ആകാശത്തിലെ സർവസൈന്യത്തിനും വേണ്ടി ഉണ്ടാക്കിയിരുന്ന ഉപകരണങ്ങളെല്ലാം യഹോവയുടെ ആലയത്തിൽനിന്ന് പുറത്ത് കൊണ്ടുവരാൻ രാജാവ് മഹാപുരോഹിതനായ ഹിൽക്കിയയോടും+ സഹപുരോഹിതന്മാരോടും വാതിൽക്കാവൽക്കാരോടും കല്പിച്ചു. രാജാവ് അവ യരുശലേമിനു പുറത്ത് കിദ്രോൻ ചെരിവിൽവെച്ച് കത്തിച്ചുകളഞ്ഞു. അതിന്റെ ചാരം അദ്ദേഹം ബഥേലിലേക്കു+ കൊണ്ടുവന്നു.
5 യഹൂദാനഗരങ്ങളിലെയും യരുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും ആരാധനാസ്ഥലങ്ങളിൽ* യാഗവസ്തുക്കൾ ദഹിപ്പിക്കാൻ* യഹൂദാരാജാക്കന്മാർ അന്യദൈവങ്ങളുടെ പുരോഹിതന്മാരെ നിയമിച്ചിരുന്നു. അവരെയെല്ലാം അദ്ദേഹം നീക്കിക്കളഞ്ഞു. കൂടാതെ, സൂര്യനും ചന്ദ്രനും രാശിചക്രത്തിലെ നക്ഷത്രങ്ങൾക്കും ബാലിനും ആകാശത്തിലെ സർവസൈന്യത്തിനും+ വേണ്ടി യാഗവസ്തുക്കൾ ദഹിപ്പിച്ചിരുന്നവരെയും നീക്കം ചെയ്തു.
6 അദ്ദേഹം യഹോവയുടെ ഭവനത്തിൽനിന്ന് പൂജാസ്തൂപം+ എടുത്ത് യരുശലേമിന്റെ അതിർത്തിയിലുള്ള കിദ്രോൻ താഴ്വരയിൽ കൊണ്ടുപോയി അവിടെ ഇട്ട് കത്തിച്ചു;+ പിന്നെ അത് ഇടിച്ച് പൊടിയാക്കി പൊതുജനങ്ങളുടെ ശ്മശാനസ്ഥലത്ത് വിതറി.+
7 തുടർന്ന് യോശിയ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന, ആലയവേശ്യാവൃത്തി ചെയ്തുവന്ന പുരുഷന്മാരുടെ+ മന്ദിരങ്ങൾ ഇടിച്ചുകളഞ്ഞു. അവിടെ ഇരുന്നാണു സ്ത്രീകൾ പൂജാസ്തൂപത്തിനുവേണ്ടിയുള്ള ക്ഷേത്രകൂടാരങ്ങൾ നെയ്തിരുന്നത്.
8 യഹൂദാനഗരങ്ങളിൽനിന്ന് രാജാവ് എല്ലാ പുരോഹിതന്മാരെയും കൊണ്ടുവന്നു. ആ പുരോഹിതന്മാർ യാഗവസ്തുക്കൾ ദഹിപ്പിച്ചിരുന്ന, ഗേബ+ മുതൽ ബേർ-ശേബ+ വരെയുള്ള ഉയർന്ന സ്ഥലങ്ങൾ* അദ്ദേഹം ആരാധനയ്ക്കു യോഗ്യമല്ലാതാക്കി. നഗരത്തിന്റെ പ്രമാണിയായ യോശുവയുടെ കവാടത്തിലുള്ള, ആരാധനാസ്ഥലങ്ങളും* അദ്ദേഹം ഇടിച്ചുകളഞ്ഞു. നഗരകവാടത്തിലൂടെ പ്രവേശിക്കുന്ന ഒരാളുടെ ഇടതുവശത്തായിരുന്നു അത്.
9 ആരാധനാസ്ഥലങ്ങളിലെ ആ പുരോഹിതന്മാർ യരുശലേമിലെ യഹോവയുടെ യാഗപീഠത്തിൽ ശുശ്രൂഷ ചെയ്തില്ലെങ്കിലും+ അവരുടെ സഹോദരന്മാരോടൊപ്പം പുളിപ്പില്ലാത്ത* അപ്പം തിന്നിരുന്നു.
10 ഇനി ആരും മോലേക്കിനുവേണ്ടി* അവരുടെ മകനെയോ മകളെയോ ദഹിപ്പിക്കാതിരിക്കാൻ*+ ബൻ-ഹിന്നോം താഴ്വരയിലുള്ള*+ തോഫെത്തും+ അദ്ദേഹം ആരാധനയ്ക്കു യോഗ്യമല്ലാതാക്കി.
11 യഹൂദാരാജാക്കന്മാർ സൂര്യനു സമർപ്പിച്ച* കുതിരകൾ കൊട്ടാരോദ്യോഗസ്ഥനായ നാഥാൻ-മേലെക്കിന്റെ അറയിലൂടെ* യഹോവയുടെ ഭവനത്തിൽ പ്രവേശിക്കുന്നത് അദ്ദേഹം നിരോധിച്ചു. സൂര്യന്റെ രഥങ്ങളും+ തീയിലിട്ട് ചുട്ടുകളഞ്ഞു.
12 യഹൂദാരാജാക്കന്മാർ ആഹാസിന്റെ മുകളിലത്തെ മുറിയുടെ മേൽക്കൂരയിൽ ഉണ്ടാക്കിയ യാഗപീഠങ്ങളും+ യഹോവയുടെ ഭവനത്തിന്റെ രണ്ടു മുറ്റങ്ങളിലായി മനശ്ശെ ഉണ്ടാക്കിയ യാഗപീഠങ്ങളും+ രാജാവ് ഇടിച്ചുകളഞ്ഞു. അദ്ദേഹം അവ ഇടിച്ച് പൊടിയാക്കി കിദ്രോൻ താഴ്വരയിൽ വിതറി.
13 ഇസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛദേവതയായ അസ്തോരെത്തിനും മോവാബിന്റെ മ്ലേച്ഛദേവനായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛദേവനായ മിൽക്കോമിനും+ വേണ്ടി പണിതിരുന്ന ആരാധനാസ്ഥലങ്ങളും* യോശിയ രാജാവ് ഉപയോഗശൂന്യമാക്കി. യരുശലേമിനു മുന്നിൽ നാശപർവതത്തിന്റെ* തെക്കുവശത്തായിരുന്നു* അവ.
14 അദ്ദേഹം പൂജാസ്തംഭങ്ങൾ ഇടിച്ചുകളയുകയും പൂജാസ്തൂപങ്ങൾ+ വെട്ടിയിടുകയും ചെയ്തു; അവ നിന്നിരുന്ന സ്ഥലം മനുഷ്യാസ്ഥികൾകൊണ്ട് നിറച്ചു.
15 ഇസ്രായേല്യർ പാപം ചെയ്യാൻ ഇടയാക്കിക്കൊണ്ട് നെബാത്തിന്റെ മകനായ യൊരോബെയാം പണിത ബഥേലിലെ യാഗപീഠവും ആരാധനാസ്ഥലവും* അദ്ദേഹം ഇടിച്ചുകളഞ്ഞു.+ അതിനു ശേഷം ആ ആരാധനാസ്ഥലം കത്തിച്ച് ഇടിച്ച് പൊടിയാക്കി. പൂജാസ്തൂപവും ചുട്ട് ചാമ്പലാക്കി.+
16 മലയിൽ കല്ലറകൾ കണ്ടപ്പോൾ യോശിയ അവയിൽനിന്ന് അസ്ഥികൾ എടുപ്പിച്ച് യാഗപീഠത്തിൽ ഇട്ട് കത്തിച്ച് യാഗപീഠം അശുദ്ധമാക്കി. ഇങ്ങനെ സംഭവിക്കുമെന്ന് ഒരു ദൈവപുരുഷനിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു; അതുപോലെതന്നെ സംഭവിച്ചു.+
17 പിന്നെ രാജാവ് ചോദിച്ചു: “ആ കാണുന്ന സ്മാരകശില ആരുടേതാണ്?” അപ്പോൾ ആ നഗരത്തിലുള്ളവർ പറഞ്ഞു: “ബഥേലിലെ യാഗപീഠത്തോട് അങ്ങ് ഈ ചെയ്തതെല്ലാം മുൻകൂട്ടിപ്പറഞ്ഞ, യഹൂദയിൽനിന്നുള്ള ദൈവപുരുഷന്റെ+ കല്ലറയാണ് അത്.”
18 അപ്പോൾ രാജാവ് പറഞ്ഞു: “അദ്ദേഹം വിശ്രമിക്കട്ടെ. ആരും അദ്ദേഹത്തിന്റെ അസ്ഥികളെ തൊടരുത്.” അതുകൊണ്ട് അവർ അദ്ദേഹത്തിന്റെ അസ്ഥികളും ശമര്യയിലെ പ്രവാചകന്റെ അസ്ഥികളും+ തൊട്ടില്ല.
19 ദൈവത്തെ കോപിപ്പിച്ചുകൊണ്ട് ഇസ്രായേൽരാജാക്കന്മാർ ശമര്യനഗരങ്ങളിലെ ഉയർന്ന സ്ഥലങ്ങളിൽ* പണിത ആരാധനാമന്ദിരങ്ങളെല്ലാം യോശിയ നീക്കം ചെയ്തു. ബഥേലിൽ ചെയ്തതുപോലെയൊക്കെ അദ്ദേഹം അവയോടും ചെയ്തു.+
20 അങ്ങനെ ആരാധനാസ്ഥലങ്ങളിലെ* പുരോഹിതന്മാരെയെല്ലാം അവിടെയുള്ള യാഗപീഠങ്ങളിൽവെച്ച് കൊന്നു; അവയിൽ മനുഷ്യാസ്ഥികൾ കത്തിക്കുകയും ചെയ്തു.+ പിന്നെ അദ്ദേഹം യരുശലേമിലേക്കു തിരികെ പോയി.
21 രാജാവ് ജനത്തോടു മുഴുവൻ ഇങ്ങനെ കല്പിച്ചു: “ഈ ഉടമ്പടിപ്പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു പെസഹ ആചരിക്കുക.”+
22 ന്യായാധിപന്മാർ ഇസ്രായേലിൽ ന്യായപാലനം നടത്തിയിരുന്ന കാലംമുതൽ ഇസ്രായേൽരാജാക്കന്മാരുടെ കാലത്തോ യഹൂദാരാജാക്കന്മാരുടെ കാലത്തോ ഇങ്ങനെയൊരു പെസഹ ആചരിച്ചിട്ടില്ല.+
23 അങ്ങനെ യോശിയ രാജാവിന്റെ ഭരണത്തിന്റെ 18-ാം വർഷം യരുശലേമിൽ യഹോവയ്ക്കുള്ള ഈ പെസഹ ആചരിച്ചു.
24 ഹിൽക്കിയ പുരോഹിതൻ യഹോവയുടെ ഭവനത്തിൽനിന്ന് കണ്ടെടുത്ത പുസ്തകത്തിൽ+ എഴുതിയിരുന്ന നിയമമനുസരിച്ച്+ യോശിയ യഹൂദാദേശത്തും യരുശലേമിലും ഉണ്ടായിരുന്ന എല്ലാ മ്ലേച്ഛതകളും നീക്കം ചെയ്തു. ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും* ഭാവി പറയുന്നവരെയും+ കുലദൈവവിഗ്രഹങ്ങൾ,*+ മ്ലേച്ഛവിഗ്രഹങ്ങൾ* എന്നിവയെയും അദ്ദേഹം നീക്കിക്കളഞ്ഞു.
25 അദ്ദേഹത്തെപ്പോലെ പൂർണഹൃദയത്തോടും പൂർണദേഹിയോടും*+ പൂർണശക്തിയോടും കൂടെ യഹോവയിലേക്കു മടങ്ങിവന്ന ഒരു രാജാവ് അദ്ദേഹത്തിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. അദ്ദേഹം മോശയുടെ നിയമം മുഴുവൻ അനുസരിച്ചു.
26 പക്ഷേ ദൈവത്തെ കോപിപ്പിക്കാൻ മനശ്ശെ ചെയ്ത കാര്യങ്ങൾ കാരണം യഹൂദയ്ക്കു നേരെ ആളിക്കത്തിയ യഹോവയുടെ ഉഗ്രകോപം കെട്ടടങ്ങിയില്ല.+
27 യഹോവ പറഞ്ഞു: “ഇസ്രായേലിനെ നീക്കം ചെയ്തതുപോലെ+ ഞാൻ യഹൂദയെയും എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയും.+ ഞാൻ തിരഞ്ഞെടുത്ത നഗരമായ ഈ യരുശലേമിനെയും ‘എന്റെ പേര് അവിടെയുണ്ടായിരിക്കും’+ എന്നു പറഞ്ഞ ഈ ഭവനത്തെയും ഞാൻ തള്ളിക്കളയും.”
28 യോശിയയുടെ ബാക്കി ചരിത്രം, യോശിയ ചെയ്ത എല്ലാ കാര്യങ്ങളും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
29 യോശിയ രാജാവിന്റെ കാലത്ത്, ഈജിപ്തിലെ രാജാവായ ഫറവോൻ നെഖോ, യൂഫ്രട്ടീസ് നദി വഴി അസീറിയൻ രാജാവിനെ കാണാൻ പോയി. അപ്പോൾ യോശിയ രാജാവ് അയാൾക്കു നേരെ ചെന്നു. പക്ഷേ മെഗിദ്ദോയിൽവെച്ച്+ യോശിയയെ കണ്ട നെഖോ യോശിയയെ കൊന്നുകളഞ്ഞു.
30 ഭൃത്യന്മാർ യോശിയയുടെ ശരീരം ഒരു രഥത്തിൽ കയറ്റി മെഗിദ്ദോയിൽനിന്ന് യരുശലേമിലേക്കു കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശിയയുടെ മകൻ യഹോവാഹാസിനെ അഭിഷേകം ചെയ്ത് അടുത്ത രാജാവാക്കി.+
31 രാജാവാകുമ്പോൾ യഹോവാഹാസിന്+ 23 വയസ്സായിരുന്നു. യഹോവാഹാസ് മൂന്നു മാസം യരുശലേമിൽ ഭരണം നടത്തി. ലിബ്നയിൽനിന്നുള്ള യിരെമ്യയുടെ മകൾ ഹമൂതലായിരുന്നു+ യഹോവാഹാസിന്റെ അമ്മ.
32 പൂർവികർ ചെയ്തതുപോലെതന്നെ യഹോവാഹാസും യഹോവയുടെ മുമ്പാകെ തിന്മ ചെയ്തു.+
33 അയാൾ യരുശലേമിൽ ഭരണം നടത്താതിരിക്കാൻ ഫറവോൻ നെഖോ,+ ഹമാത്ത് ദേശത്തുള്ള രിബ്ലയിൽ അയാളെ തടവിലാക്കി.+ എന്നിട്ട് ദേശത്തിന് 100 താലന്തു* വെള്ളിയും ഒരു താലന്തു സ്വർണവും പിഴയിട്ടു.+
34 ഫറവോൻ നെഖോ യോശിയയുടെ മകൻ എല്യാക്കീമിനെ അടുത്ത രാജാവാക്കുകയും എല്യാക്കീമിന്റെ പേര് യഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. പക്ഷേ യഹോവാഹാസിനെ നെഖോ ഈജിപ്തിലേക്കു കൊണ്ടുപോയി.+ അവിടെവെച്ച് അയാൾ മരിച്ചു.+
35 ഫറവോൻ നെഖോ ആവശ്യപ്പെട്ട വെള്ളിയും സ്വർണവും യഹോയാക്കീം കൊടുത്തു. എന്നാൽ വെള്ളി കൊടുക്കാൻ അയാൾക്കു ദേശത്തുനിന്ന് നികുതി പിരിക്കേണ്ടിവന്നു. നികുതിയായി ഓരോരുത്തർക്കും ചുമത്തിയ സ്വർണവും വെള്ളിയും വാങ്ങി അയാൾ ഫറവോനു കൊടുത്തു.
36 രാജാവാകുമ്പോൾ യഹോയാക്കീമിന്+ 25 വയസ്സായിരുന്നു. യഹോയാക്കീം 11 വർഷം യരുശലേമിൽ ഭരണം നടത്തി.+ രൂമയിൽനിന്നുള്ള പെദായയുടെ മകൾ സെബീദയായിരുന്നു അയാളുടെ അമ്മ.
37 പൂർവികർ ചെയ്തതുപോലെതന്നെ+ യഹോയാക്കീമും യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തു.+
അടിക്കുറിപ്പുകള്
^ അഥവാ “ഉടമ്പടി പുതുക്കി.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കാൻ.”
^ അഥവാ “ആരാധനാസ്ഥലങ്ങൾ.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
^ അക്ഷ. “തീയിലൂടെ കടത്തിവിടാതിരിക്കാൻ.”
^ അക്ഷ. “നൽകിയ.”
^ അഥവാ “പൂമുഖത്തുള്ള ഊണുമുറിയിലൂടെ.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
^ അതായത്, ഒലിവുമല; പ്രത്യേകിച്ചും അതിന്റെ തെക്കേ അറ്റം. ഈ ഭാഗം അപരാധപർവതം എന്നും അറിയപ്പെടുന്നു.
^ അക്ഷ. “വലത്തായിരുന്നു.” അതായത്, കിഴക്കോട്ടു തിരിഞ്ഞുനിൽക്കുമ്പോൾ.
^ അക്ഷ. “ഉയർന്ന സ്ഥലവും.”
^ അഥവാ “ആരാധനാസ്ഥലങ്ങളിൽ.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളിലെ.”
^ അഥവാ “കുടുംബദൈവങ്ങൾ; വിഗ്രഹങ്ങൾ.”
^ എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.