രാജാക്കന്മാർ രണ്ടാം ഭാഗം 24:1-20
24 യഹോയാക്കീമിന്റെ കാലത്ത് ബാബിലോൺരാജാവായ നെബൂഖദ്നേസർ+ അയാൾക്കു നേരെ വന്നു. യഹോയാക്കീം മൂന്നു വർഷം നെബൂഖദ്നേസറിനെ സേവിച്ചു. പിന്നീട് അയാൾ നെബൂഖദ്നേസറിനെ എതിർത്തു.
2 അപ്പോൾ യഹോവ കൽദയരുടെയും+ സിറിയക്കാരുടെയും മോവാബ്യരുടെയും അമ്മോന്യരുടെയും കവർച്ചപ്പടകളെ അയാൾക്കു നേരെ അയച്ചു. തന്റെ ദാസരായ പ്രവാചകന്മാരിലൂടെ മുൻകൂട്ടിപ്പറഞ്ഞതനുസരിച്ച്+ യഹൂദയെ നശിപ്പിക്കാൻ യഹോവ അവരെ അയച്ചുകൊണ്ടിരുന്നു.
3 യഹോവ കല്പിച്ചതനുസരിച്ചാണ് യഹൂദയ്ക്ക് ഇങ്ങനെയെല്ലാം സംഭവിച്ചത്. മനശ്ശെ ചെയ്ത പാപങ്ങളും+ അയാൾ ചൊരിഞ്ഞ നിരപരാധികളുടെ രക്തവും കാരണം അവരെ കൺമുന്നിൽനിന്ന് നീക്കിക്കളയാൻ ദൈവം തീരുമാനിച്ചു.+
4 മനശ്ശെ യരുശലേമിനെ നിരപരാധികളുടെ രക്തംകൊണ്ട് നിറച്ചു.+ അയാളോടു ക്ഷമിക്കാൻ യഹോവ ഒരുക്കമായിരുന്നില്ല.+
5 യഹോയാക്കീമിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്ത കാര്യങ്ങളെല്ലാം, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.+
6 പിന്നെ യഹോയാക്കീം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ യഹോയാക്കീമിന്റെ മകൻ യഹോയാഖീൻ അടുത്ത രാജാവായി.
7 ഈജിപ്ത് നീർച്ചാൽ*+ മുതൽ യൂഫ്രട്ടീസ് നദി+ വരെ ഈജിപ്തുരാജാവിന്റെ അധീനതയിലുണ്ടായിരുന്ന സകലവും ബാബിലോൺരാജാവ് പിടിച്ചെടുത്തിരുന്നു.+ അതുകൊണ്ട് പിന്നീട് ഒരിക്കലും ഈജിപ്തുരാജാവ് സ്വന്തം ദേശത്തുനിന്ന് പുറപ്പെടാൻ ധൈര്യപ്പെട്ടില്ല.
8 രാജാവാകുമ്പോൾ യഹോയാഖീന് 18 വയസ്സായിരുന്നു. മൂന്നു മാസം യഹോയാഖീൻ യരുശലേമിൽ ഭരണം നടത്തി.+ യരുശലേംകാരനായ എൽനാഥാന്റെ മകൾ നെഹുഷ്ഠയായിരുന്നു അയാളുടെ അമ്മ.
9 പൂർവികർ ചെയ്തതുപോലെതന്നെ യഹോയാഖീനും യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തു.
10 അക്കാലത്ത്, ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ ഭൃത്യന്മാർ യരുശലേമിനു നേരെ വന്ന് നഗരം ഉപരോധിച്ചു.+
11 ആ സമയത്ത് ബാബിലോൺരാജാവായ നെബൂഖദ്നേസറും നഗരത്തിനു നേരെ വന്നു.
12 അപ്പോൾ യഹൂദാരാജാവായ യഹോയാഖീൻ അമ്മയോടും ദാസന്മാരോടും പ്രഭുക്കന്മാരോടും കൊട്ടാരോദ്യോഗസ്ഥന്മാരോടും+ കൂടെ ചെന്ന് ബാബിലോൺരാജാവിനു കീഴടങ്ങി.+ അങ്ങനെ തന്റെ ഭരണത്തിന്റെ എട്ടാം വർഷം+ ബാബിലോൺരാജാവ് യഹോയാഖീനെ ബന്ദിയായി പിടിച്ചുകൊണ്ടുപോയി.
13 പിന്നെ അയാൾ യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലും ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം എടുത്തു.+ അയാൾ ഇസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ ആലയത്തിൽ ഉണ്ടാക്കിയ സ്വർണംകൊണ്ടുള്ള ഉപകരണങ്ങളെല്ലാം+ മുറിച്ച് കഷണങ്ങളാക്കി. യഹോവ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ ഇതു സംഭവിച്ചു.
14 അയാൾ യരുശലേമിലുള്ളവരെ മുഴുവൻ—എല്ലാ പ്രഭുക്കന്മാരെയും+ വീരയോദ്ധാക്കളെയും ശില്പികളെയും ലോഹപ്പണിക്കാരെയും*+—പിടിച്ചുകൊണ്ടുപോയി. 10,000 പേരെ ബന്ദികളായി കൊണ്ടുപോയി. തീരെ ദരിദ്രരല്ലാതെ മറ്റാരും ദേശത്ത് ബാക്കിയായില്ല.+
15 അങ്ങനെ അയാൾ യഹോയാഖീനെ+ ബാബിലോണിലേക്കു കൊണ്ടുപോയി.+ കൂടാതെ രാജമാതാവിനെയും രാജപത്നിമാരെയും കൊട്ടാരോദ്യോഗസ്ഥരെയും ദേശത്തെ പ്രധാനികളെയും യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയി.
16 യോദ്ധാക്കളായുണ്ടായിരുന്ന 7,000 പേരെയും ശില്പികളും ലോഹപ്പണിക്കാരും* ആയ 1,000 പേരെയും ബാബിലോൺരാജാവ് പിടിച്ചുകൊണ്ടുപോയി. അവരെല്ലാം യുദ്ധപരിശീലനം നേടിയ വീരന്മാരായിരുന്നു.
17 ബാബിലോൺരാജാവ് യഹോയാഖീന്റെ അപ്പന്റെ അനിയനായ മത്ഥന്യയെ+ യഹോയാഖീനു പകരം രാജാവാക്കി; അയാളുടെ പേര് മാറ്റി സിദെക്കിയ+ എന്നാക്കുകയും ചെയ്തു.
18 രാജാവാകുമ്പോൾ സിദെക്കിയയ്ക്ക് 21 വയസ്സായിരുന്നു. സിദെക്കിയ 11 വർഷം യരുശലേമിൽ ഭരണം നടത്തി. ലിബ്നയിൽനിന്നുള്ള യിരെമ്യയുടെ മകൾ ഹമൂതലായിരുന്നു സിദെക്കിയയുടെ അമ്മ.+
19 യഹോയാക്കീം ചെയ്തതുപോലെതന്നെ സിദെക്കിയയും യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തുപോന്നു.+
20 യഹോവയുടെ കോപം കാരണമാണ് യഹൂദയിലും യരുശലേമിലും ഇങ്ങനെയൊക്കെ സംഭവിച്ചത്. അങ്ങനെ ഒടുവിൽ ദൈവം അവരെ കൺമുന്നിൽനിന്ന് ഓടിച്ചുകളഞ്ഞു.+ സിദെക്കിയ ബാബിലോൺരാജാവിനോടു ധിക്കാരം കാണിച്ചു.+
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “പ്രതിരോധമതിൽ പണിയുന്നവരെയും.”
^ മറ്റൊരു സാധ്യത “പ്രതിരോധമതിൽ പണിയുന്നവരും.”