രാജാക്കന്മാർ രണ്ടാം ഭാഗം 3:1-27
3 യഹൂദാരാജാവായ യഹോശാഫാത്തിന്റെ ഭരണത്തിന്റെ 18-ാം വർഷം ആഹാബിന്റെ മകനായ യഹോരാം+ ശമര്യയിൽ ഇസ്രായേലിന്റെ രാജാവായി; യഹോരാം 12 വർഷം ഭരണം നടത്തി.
2 അയാൾ യഹോവയുടെ മുമ്പാകെ തിന്മ ചെയ്തു. എന്നാൽ അയാളുടെ അപ്പനും അമ്മയും ചെയ്ത അത്രയും അയാൾ ചെയ്തില്ല; അപ്പൻ നിർമിച്ച ബാലിന്റെ പൂജാസ്തംഭം അയാൾ നീക്കിക്കളഞ്ഞു.+
3 എങ്കിലും നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽ+ അയാൾ മുഴുകി; അവ വിട്ടുമാറിയില്ല.
4 മോവാബുരാജാവായ മേഷ ധാരാളം ആടുകളെ വളർത്താറുണ്ടായിരുന്നു. മേഷ ഇസ്രായേൽരാജാവിന് 1,00,000 ആട്ടിൻകുട്ടികളെയും രോമം കത്രിക്കാത്ത 1,00,000 ആൺചെമ്മരിയാടുകളെയും കപ്പമായി കൊടുത്തിരുന്നു.
5 എന്നാൽ ആഹാബിന്റെ മരണശേഷം+ മോവാബുരാജാവ് ഇസ്രായേൽരാജാവിനെ എതിർത്തു.+
6 അപ്പോൾ യഹോരാം രാജാവ് ശമര്യയിൽനിന്ന് പുറപ്പെട്ട് എല്ലാ ഇസ്രായേല്യരെയും വിളിച്ചുകൂട്ടി.
7 യഹോരാം യഹൂദാരാജാവായ യഹോശാഫാത്തിന് ഇങ്ങനെയൊരു സന്ദേശവും അയച്ചു: “മോവാബുരാജാവ് എന്നെ എതിർത്തിരിക്കുന്നു. അയാളോടു യുദ്ധം ചെയ്യാൻ എന്റെകൂടെ വരുമോ?” അപ്പോൾ യഹോശാഫാത്ത് പറഞ്ഞു: “ഞാൻ വരാം.+ നമ്മൾ രണ്ടും ഒന്നല്ലേ? എന്റെ ജനം അങ്ങയുടെയും ജനമാണ്. എന്റെ കുതിരകൾ അങ്ങയുടെയുംകൂടെയാണ്.”+
8 പിന്നെ അയാൾ, “നമ്മൾ ഏതു വഴിക്കാണു പോകേണ്ടത്” എന്നു ചോദിച്ചപ്പോൾ, “ഏദോം വിജനഭൂമിവഴി* പോകാം” എന്ന് യഹോരാം പറഞ്ഞു.
9 അങ്ങനെ ഇസ്രായേൽരാജാവ് യഹൂദാരാജാവിനോടും ഏദോംരാജാവിനോടും+ കൂടെ പുറപ്പെട്ടു. അവർ വളഞ്ഞ വഴിയിലൂടെ ഏഴു ദിവസം യാത്രചെയ്തുകഴിഞ്ഞപ്പോൾ അവരുടെ സൈന്യത്തിനും അവരോടൊപ്പമുണ്ടായിരുന്ന മൃഗങ്ങൾക്കും വെള്ളമില്ലാതായി.
10 അപ്പോൾ ഇസ്രായേൽരാജാവ് പറഞ്ഞു. “കഷ്ടം, മോവാബുരാജാവിന്റെ കൈയിൽ ഏൽപ്പിക്കാനാണല്ലോ ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത്!”
11 യഹോശാഫാത്ത് ചോദിച്ചു: “ഇവിടെ യഹോവയുടെ പ്രവാചകന്മാർ ആരെങ്കിലുമുണ്ടോ? നമുക്ക് ആ പ്രവാചകനിലൂടെ യഹോവയോട് അരുളപ്പാടു ചോദിക്കാം.”+ അപ്പോൾ ഇസ്രായേൽരാജാവിന്റെ ഒരു ഭൃത്യൻ ഇങ്ങനെ പറഞ്ഞു: “ഏലിയയ്ക്കു കൈ കഴുകാൻ വെള്ളം ഒഴിച്ചുകൊടുത്തിരുന്ന,*+ ശാഫാത്തിന്റെ മകനായ എലീശ+ ഇവിടെയുണ്ട്.”
12 അപ്പോൾ യഹോശാഫാത്ത് പറഞ്ഞു: “യഹോവയുടെ വാക്കുകൾ എലീശയിലുണ്ട്.” അങ്ങനെ ഇസ്രായേൽരാജാവും യഹോശാഫാത്തും ഏദോംരാജാവും എലീശയുടെ അടുത്തേക്കു പോയി.
13 എലീശ ഇസ്രായേൽരാജാവിനോടു പറഞ്ഞു: “നിനക്ക് ഇവിടെ എന്താണു കാര്യം?*+ നീ നിന്റെ അപ്പന്റെയും അമ്മയുടെയും പ്രവാചകന്മാരുടെ അടുത്തേക്കു പോകൂ.”+ എന്നാൽ ഇസ്രായേൽരാജാവ് പറഞ്ഞു: “അങ്ങനെയല്ല. മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിന് യഹോവയാണു ഞങ്ങളെ വിളിച്ചുവരുത്തിയത്.”
14 അപ്പോൾ എലീശ പറഞ്ഞു: “ഞാൻ സേവിക്കുന്ന, സൈന്യങ്ങളുടെ അധിപനായ യഹോവയാണെ, യഹൂദാരാജാവായ യഹോശാഫാത്തിനോട്+ എനിക്ക് ആദരവില്ലായിരുന്നെങ്കിൽ ഞാൻ നിന്നെ നോക്കുകയോ ഗൗനിക്കുകയോ ചെയ്യില്ലായിരുന്നു.+
15 ഇപ്പോൾ ഒരു കിന്നരവായനക്കാരനെ*+ എന്റെ അടുത്ത് കൊണ്ടുവരുക.” അയാൾ വന്ന് കിന്നരം വായിക്കാൻതുടങ്ങിയപ്പോൾ യഹോവയുടെ കൈ എലീശയുടെ മേൽ വന്നു.+
16 എലീശ പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘ഈ താഴ്വരയിലെല്ലാം ചാലുകൾ വെട്ടിയുണ്ടാക്കുക.
17 കാരണം യഹോവ പറയുന്നു: “നിങ്ങൾ കാറ്റും മഴയും കാണില്ല. എങ്കിലും ഈ താഴ്വര വെള്ളംകൊണ്ട് നിറയും.+ നിങ്ങളും നിങ്ങളുടെ മൃഗങ്ങളും അതിൽനിന്ന് കുടിക്കും.”’
18 ദൈവമായ യഹോവയ്ക്ക് ഇതൊരു നിസ്സാരകാര്യമായതുകൊണ്ട്+ ദൈവം മോവാബിനെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും.+
19 അവരുടെ എല്ലാ പ്രധാനനഗരങ്ങളും കോട്ടമതിലുള്ള നഗരങ്ങളും+ നിങ്ങൾ നശിപ്പിക്കണം; നല്ല മരങ്ങളെല്ലാം നിങ്ങൾ വെട്ടിയിടണം. വെള്ളത്തിന്റെ ഉറവുകളെല്ലാം നിങ്ങൾ അടച്ചുകളയണം; എല്ലാ നല്ല നിലങ്ങളും നിങ്ങൾ കല്ലിട്ട് നശിപ്പിക്കണം.”+
20 രാവിലെ ധാന്യയാഗം അർപ്പിക്കുന്ന സമയത്ത്+ ഏദോമിന്റെ ദിശയിൽനിന്ന് വെള്ളം കുത്തിയൊലിച്ച് വന്നു; ആ പ്രദേശം മുഴുവൻ വെള്ളംകൊണ്ട് നിറഞ്ഞു.
21 രാജാക്കന്മാർ യുദ്ധത്തിനു വന്നിരിക്കുന്ന കാര്യം മോവാബ്യരെല്ലാം അറിഞ്ഞു. അവർ ഉടനെ, ആയുധം എടുക്കാൻ പ്രാപ്തരായ പുരുഷന്മാരെയെല്ലാം കൂട്ടിവരുത്തി; അവർ അതിർത്തിയിൽ നിലയുറപ്പിച്ചു.
22 രാവിലെ അവർ എഴുന്നേറ്റപ്പോൾ സൂര്യപ്രകാശത്തിൽ വെള്ളം തിളങ്ങുന്നതു കണ്ടു. എതിർവശത്തായിരുന്ന മോവാബ്യർക്കു വെള്ളം രക്തംപോലെ ചുവന്ന് കാണപ്പെട്ടു.
23 അവർ പറഞ്ഞു: “അതു രക്തമാണ്! ആ രാജാക്കന്മാർ തമ്മിൽത്തമ്മിൽ വാളുകൊണ്ട് വെട്ടി മരിച്ചിട്ടുണ്ടാകും, തീർച്ച! മോവാബേ വരൂ, നമുക്കു ചെന്ന് കൊള്ളയടിക്കാം!”+
24 അവർ ഇസ്രായേല്യരുടെ പാളയത്തിലേക്കു വന്നപ്പോൾ അവർ എഴുന്നേറ്റ് മോവാബ്യരെ ആക്രമിച്ചു; മോവാബ്യർ അവരുടെ മുന്നിൽനിന്ന് തോറ്റോടി.+ അപ്പോൾ ഇസ്രായേല്യർ അവരുടെ പിന്നാലെ ചെന്ന് അവരെ ആക്രമിച്ച് മോവാബിലേക്കു കടന്നു.
25 അവർ അവിടെയുള്ള നഗരങ്ങൾ ഇടിച്ചുകളഞ്ഞു. ദേശത്തിലെ എല്ലാ നല്ല നിലങ്ങളിലും അവർ ഓരോരുത്തരും കല്ലിട്ട് അവിടം കല്ലുകൾകൊണ്ട് നിറച്ചു. വെള്ളത്തിന്റെ ഉറവുകളെല്ലാം അവർ അടച്ചുകളഞ്ഞു.+ എല്ലാ നല്ല മരങ്ങളും അവർ വെട്ടിയിട്ടു.+ ഒടുവിൽ കീർഹരേശെത്തിന്റെ+ കൻമതിൽ മാത്രം ശേഷിച്ചു. എന്നാൽ കവണക്കാർ അതു വളഞ്ഞ് അതിനെ ആക്രമിക്കാൻതുടങ്ങി.
26 താൻ യുദ്ധത്തിൽ തോറ്റെന്നു മനസ്സിലാക്കിയ മോവാബുരാജാവ് വാൾ ഏന്തിയ 700 പടയാളികളുമായി ചെന്ന് ഏദോംരാജാവിന്റെ+ സൈനികവ്യൂഹം ഭേദിച്ച് അയാളെ ആക്രമിക്കാൻ ശ്രമിച്ചു. പക്ഷേ അവർക്ക് അതു സാധിച്ചില്ല.
27 അപ്പോൾ മോവാബുരാജാവ് കിരീടാവകാശിയായ മൂത്ത മകനെ പിടിച്ച് ആ മതിലിൽവെച്ച് ദഹനബലിയായി അർപ്പിച്ചു.+ അപ്പോൾ ഇസ്രായേല്യർക്കു നേരെ കടുത്ത രോഷമുണ്ടായതിനാൽ അവർ അവിടെനിന്ന് പിൻവാങ്ങി സ്വദേശത്തേക്കു മടങ്ങിപ്പോയി.
അടിക്കുറിപ്പുകള്
^ അഥവാ “ഏലിയയുടെ ദാസനായിരുന്ന.”
^ അക്ഷ. “എനിക്കും നിനക്കും എന്ത്?”
^ അഥവാ “സംഗീതജ്ഞനെ.”