രാജാക്കന്മാർ രണ്ടാം ഭാഗം 9:1-37
9 പ്രവാചകപുത്രന്മാരിൽ ഒരാളെ വിളിച്ച് എലീശ പ്രവാചകൻ പറഞ്ഞു: “നിന്റെ വസ്‌ത്രം അരയ്‌ക്കു കെട്ടി ഈ തൈലക്കുടവും എടുത്ത് വേഗം രാമോത്ത്-ഗിലെയാദിലേക്കു+ പോകുക.
2 അവിടെ എത്തുമ്പോൾ നിംശിയുടെ മകനായ യഹോശാഫാത്തിന്റെ മകനായ യേഹുവിനെ+ നീ അന്വേഷിക്കണം. എന്നിട്ട് നീ ചെന്ന് യേഹുവിനെ അയാളുടെ സഹോദരന്മാരുടെ അടുത്തുനിന്ന് ഏറ്റവും ഉള്ളിലെ മുറിയിലേക്കു വിളിച്ചുകൊണ്ടുപോകണം.
3 തൈലക്കുടത്തിലെ തൈലം അയാളുടെ തലയിൽ ഒഴിച്ചിട്ട് ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “ഞാൻ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യുന്നു.”’+ എന്നിട്ട് നീ വാതിൽ തുറന്ന് വേഗം ഓടിപ്പോരണം.”
4 അങ്ങനെ പ്രവാചകന്റെ ദാസൻ രാമോത്ത്-ഗിലെയാദിലേക്കു പോയി.
5 ദാസൻ അവിടെ എത്തിയപ്പോൾ സൈന്യാധിപന്മാർ എല്ലാവരും അവിടെ ഇരിക്കുന്നതു കണ്ടു. ദാസൻ പറഞ്ഞു: “സൈന്യാധിപാ, എനിക്കു താങ്കളെ ഒരു സന്ദേശം അറിയിക്കാനുണ്ട്.” “ഞങ്ങളിൽ ആരോട്” എന്നു യേഹു ചോദിച്ചപ്പോൾ അയാൾ, “അങ്ങയോടുതന്നെ” എന്നു പറഞ്ഞു.
6 അപ്പോൾ യേഹു എഴുന്നേറ്റ് വീടിന് അകത്തേക്കു ചെന്നു. ആ ദാസൻ തൈലം യേഹുവിന്റെ തലയിൽ ഒഴിച്ചിട്ട് അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, നിന്നെ യഹോവയുടെ ജനമായ ഇസ്രായേലിനു രാജാവാക്കുന്നു.+
7 നീ നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നശിപ്പിച്ചുകളയണം. ഇസബേലിന്റെ കൈകൊണ്ട് മരിച്ച എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ എല്ലാ ദാസന്മാരുടെ രക്തത്തിനും ഞാൻ പ്രതികാരം ചെയ്യും.+
8 ആഹാബിന്റെ ഭവനം നിശ്ശേഷം നശിച്ചുപോകും. ആഹാബിന്റെ എല്ലാ ആൺതരിയെയും* ഞാൻ പൂർണമായും നശിപ്പിക്കും; ഇസ്രായേലിൽ അയാൾക്കുള്ള നിസ്സഹായരെയും ദുർബലരെയും പോലും ഞാൻ വെറുതേ വിടില്ല.+
9 ആഹാബിന്റെ ഭവനത്തെ ഞാൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനംപോലെയും+ അഹീയയുടെ മകനായ ബയെശയുടെ ഭവനംപോലെയും+ ആക്കും.
10 ഇസബേലിനെ ജസ്രീൽ ദേശത്തുള്ള ഒരു സ്ഥലത്തുവെച്ച് നായ്‌ക്കൾ തിന്നും;+ ആരും അവളെ അടക്കം ചെയ്യില്ല.’” ഇത്രയും പറഞ്ഞശേഷം വാതിൽ തുറന്ന് പ്രവാചകന്റെ ദാസൻ ഓടിപ്പോയി.+
11 യേഹു തിരിച്ചുവന്നപ്പോൾ ആ സൈന്യാധിപന്മാർ ചോദിച്ചു: “എന്തു പറ്റി? ആ ഭ്രാന്തൻ എന്തിനാണു നിന്നെ കാണാൻ വന്നത്?” അയാൾ പറഞ്ഞു: “ഇത്തരക്കാരെ നിങ്ങൾക്ക് അറിയില്ലേ? അയാൾ എന്താണു പറയുകയെന്നു നിങ്ങൾക്ക് ഊഹിക്കാമല്ലോ.”
12 എന്നാൽ അവർ പറഞ്ഞു: “അതല്ല, മറ്റ് എന്തോ ഉണ്ട്. എന്താണെന്നു ഞങ്ങളോടു പറയൂ.” അപ്പോൾ യേഹു: “അയാൾ എന്നോട് ഇങ്ങനെയെല്ലാമാണു പറഞ്ഞത്. പിന്നെ അയാൾ എന്നോട് ഇങ്ങനെയും പറഞ്ഞു: ‘യഹോവ പറയുന്നു: “ഞാൻ നിന്നെ ഇസ്രായേലിനു രാജാവാക്കിയിരിക്കുന്നു.”’”+
13 ഉടനെ അവർ ഓരോരുത്തരും വസ്‌ത്രം ഊരി യേഹുവിന്റെ കാൽക്കൽ പടികളിൽ വിരിച്ചു.+ പിന്നെ അവർ കൊമ്പു വിളിച്ച്, “യേഹു രാജാവായിരിക്കുന്നു!” എന്നു പറഞ്ഞു.+
14 പിന്നീട് നിംശിയുടെ മകനായ യഹോശാഫാത്തിന്റെ മകനായ യേഹു+ യഹോരാമിന് എതിരെ ഗൂഢാലോചന നടത്തി.
യഹോരാമും എല്ലാ ഇസ്രായേല്യരും സിറിയൻ രാജാവായ ഹസായേൽ+ കാരണം രാമോത്ത്-ഗിലെയാദിനെ+ സംരക്ഷിക്കാൻ അവിടെ പാളയമടിച്ചിരിക്കുകയായിരുന്നു.
15 എന്നാൽ സിറിയൻ രാജാവായ ഹസായേലിനോടു യുദ്ധം ചെയ്തപ്പോൾ അയാളുടെ ആളുകൾ ഏൽപ്പിച്ച പരിക്കു ഭേദമാകാനായി യഹോരാം രാജാവ് ജസ്രീലിലേക്കു+ തിരിച്ചുപോന്നു.+
യേഹു പറഞ്ഞു: “നിങ്ങൾക്കു സമ്മതമാണെങ്കിൽ, ഈ വിവരം ജസ്രീലിൽ അറിയാതിരിക്കാൻ ആരെയും നഗരത്തിനു പുറത്ത് വിടരുത്.”
16 അതിനു ശേഷം യേഹു തന്റെ രഥത്തിൽ കയറി ജസ്രീലിലേക്കു പോയി. കാരണം, പരിക്കു ഭേദമാകാൻ യഹോരാം അവിടെ എത്തിയിട്ടുണ്ടായിരുന്നു. യഹോരാമിനെ കാണാൻ വന്ന യഹൂദാരാജാവായ അഹസ്യയും അവിടെയുണ്ടായിരുന്നു.
17 ജസ്രീലിലെ ഗോപുരത്തിനു മുകളിൽ നിന്നിരുന്ന കാവൽക്കാരൻ യേഹുവും കൂട്ടരും വരുന്നതു കണ്ടു. കാവൽക്കാരൻ ഉടനെ, “ഒരു കൂട്ടം ആളുകൾ വരുന്നുണ്ട്” എന്നു വിളിച്ചുപറഞ്ഞു. അപ്പോൾ യഹോരാം പറഞ്ഞു: “ഒരു കുതിരപ്പടയാളിയെ അയച്ച്, ‘നിങ്ങൾ വരുന്നതു സമാധാനത്തിനോ’ എന്ന് അവരോടു ചോദിക്കുക.”
18 അങ്ങനെ ഒരു കുതിരപ്പടയാളി അവരുടെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു: “‘നിങ്ങൾ വരുന്നതു സമാധാനത്തിനോ’ എന്നു രാജാവ് ചോദിക്കുന്നു.” എന്നാൽ യേഹു പറഞ്ഞു: “‘സമാധാനമോ!’ സമാധാനംകൊണ്ട് നിനക്ക് എന്തു കാര്യം? എന്റെ പിന്നാലെ വാ!”
കാവൽക്കാരൻ രാജാവിനെ ഇങ്ങനെ അറിയിച്ചു: “ആ ദൂതൻ അവരുടെ അടുത്ത് എത്തി. പക്ഷേ അയാൾ മടങ്ങിവരുന്നില്ല.”
19 അപ്പോൾ അയാൾ രണ്ടാമതും ഒരു കുതിരപ്പടയാളിയെ അയച്ചു. കുതിരപ്പടയാളി അവരുടെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു: “‘നിങ്ങൾ വരുന്നതു സമാധാനത്തിനോ’ എന്നു രാജാവ് ചോദിക്കുന്നു.” എന്നാൽ യേഹു പറഞ്ഞു: “‘സമാധാനമോ!’ സമാധാനവുമായി നിനക്ക് എന്തു ബന്ധം? എന്റെ പിന്നാലെ വാ!”
20 കാവൽക്കാരൻ രാജാവിനോടു പറഞ്ഞു: “അയാൾ അവരുടെ അടുത്ത് എത്തി. പക്ഷേ അയാൾ തിരിച്ചുവരുന്നില്ല. രഥം ഓടിക്കുന്നതു കണ്ടിട്ട് അതു നിംശിയുടെ കൊച്ചുമകനായ* യേഹുവാണെന്നു തോന്നുന്നു. കാരണം, ഒരു ഭ്രാന്തനെപ്പോലെയാണ് അയാൾ ഓടിച്ചുവരുന്നത്.”
21 അപ്പോൾ യഹോരാം പറഞ്ഞു: “രഥം ഒരുക്കുക!” അങ്ങനെ അവർ രഥം ഒരുക്കി. ഇസ്രായേൽരാജാവായ യഹോരാമും യഹൂദാരാജാവായ അഹസ്യയും+ അവരവരുടെ രഥങ്ങളിൽ യേഹുവിനെ കാണാൻ പുറപ്പെട്ടു. ജസ്രീല്യനായ നാബോത്തിന്റെ നിലത്തുവെച്ച്+ അവർ തമ്മിൽ കണ്ടുമുട്ടി.
22 യേഹുവിനെ കണ്ടതും യഹോരാം, “യേഹൂ, നീ വരുന്നതു സമാധാനത്തിനോ” എന്നു ചോദിച്ചു. പക്ഷേ യേഹു പറഞ്ഞു: “നിന്റെ അമ്മയായ ഇസബേലിന്റെ വേശ്യാവൃത്തിയും+ ആഭിചാരവും*+ ഉള്ളിടത്തോളം എന്തു സമാധാനം?”
23 ഉടനെ യഹോരാം രഥം തിരിച്ച് രക്ഷപ്പെടാൻ ഒരുങ്ങി. യഹോരാം അഹസ്യയോടു പറഞ്ഞു: “അഹസ്യാ, നമ്മൾ ചതിയിൽ അകപ്പെട്ടു!”
24 അപ്പോൾ യേഹു വില്ല് എടുത്ത് യഹോരാമിന്റെ തോളുകൾക്കു നടുവിൽ എയ്‌തു. അമ്പ് അയാളുടെ ഹൃദയം തുളച്ച് പുറത്തുവന്നു. യഹോരാം സ്വന്തം രഥത്തിൽ മരിച്ചുവീണു.
25 യേഹു ഉപസേനാധിപനായ ബിദ്കാരിനോടു പറഞ്ഞു: “ഇയാളെ എടുത്ത് ജസ്രീല്യനായ നാബോത്തിന്റെ+ നിലത്തേക്ക് എറിയുക. നമ്മൾ രണ്ടും രഥങ്ങളിൽ ഇയാളുടെ അപ്പനായ ആഹാബിനെ അനുഗമിച്ചപ്പോൾ യഹോവ ആഹാബിന് എതിരെ പറഞ്ഞതു+ നീ ഓർക്കുന്നുണ്ടോ:
26 ‘യഹോവ പറയുന്നു: “ഞാൻ ഇന്നലെ നാബോത്തിന്റെയും മക്കളുടെയും രക്തം+ കണ്ടതു സത്യമാണെങ്കിൽ,” യഹോവ പറയുന്നു, “ഈ നിലത്തുവെച്ചുതന്നെ ഞാൻ നിന്നോടു പകരം ചോദിക്കും.”’+ അതുകൊണ്ട് ഇയാളെ എടുത്ത് യഹോവ പറഞ്ഞതുപോലെ+ ആ നിലത്തേക്ക് എറിയുക.”
27 ഇതു കണ്ടപ്പോൾ യഹൂദാരാജാവായ അഹസ്യ+ ഉദ്യാനഗൃഹം വഴി ഓടിപ്പോയി. (പിന്നീട് യേഹു അഹസ്യയെ പിന്തുടർന്ന്, “അയാളെയും കൊല്ലുക” എന്നു പറഞ്ഞു. അഹസ്യ യിബ്ലെയാമിന്+ അടുത്തുള്ള ഗൂരിലേക്കു പോകുമ്പോൾ അവർ അയാളെ രഥത്തിൽവെച്ച് ആക്രമിച്ച് മാരകമായി മുറിവേൽപ്പിച്ചു. അവിടെനിന്ന് രക്ഷപ്പെട്ട് മെഗിദ്ദോയിൽ എത്തിയെങ്കിലും അഹസ്യ അവിടെ മരിച്ചുവീണു.
28 പിന്നെ ഭൃത്യന്മാർ അയാളെ ഒരു രഥത്തിൽ കയറ്റി യരുശലേമിലേക്കു കൊണ്ടുവന്നു; അയാളെ ദാവീദിന്റെ നഗരത്തിൽ+ പൂർവികരോടൊപ്പം അയാളുടെ കല്ലറയിൽ അടക്കം ചെയ്‌തു.
29 ആഹാബിന്റെ മകനായ യഹോരാമിന്റെ ഭരണത്തിന്റെ 11-ാം വർഷമാണ് അഹസ്യ+ യഹൂദയിൽ രാജാവായത്.)
30 യേഹു ജസ്രീലിൽ+ എത്തിയത് ഇസബേൽ+ അറിഞ്ഞു. അപ്പോൾ ഇസബേൽ കണ്ണിൽ മഷി* എഴുതി മുടി ചീകി അലങ്കരിച്ച് ജനലിലൂടെ താഴേക്കു നോക്കിനിന്നു.
31 യേഹു കവാടം കടന്ന് വന്നപ്പോൾ ഇസബേൽ ചോദിച്ചു: “യജമാനനെ കൊന്ന സിമ്രിക്ക് എന്തു സംഭവിച്ചെന്ന്+ ഓർമയുണ്ടോ?”
32 ജനാലയിലേക്കു നോക്കിക്കൊണ്ട് യേഹു ചോദിച്ചു: “ആരാണ് എന്റെ പക്ഷത്തുള്ളത്?”+ ഉടനെ രണ്ടുമൂന്ന് കൊട്ടാരോദ്യോഗസ്ഥർ താഴേക്കു നോക്കി.
33 “അവളെ താഴേക്ക് തള്ളിയിടുക!” എന്നു യേഹു കല്പിച്ചു. അവർ ഇസബേലിനെ താഴേക്കു തള്ളിയിട്ടപ്പോൾ ഇസബേലിന്റെ രക്തം ചുവരിലും കുതിരകളുടെ മേലും തെറിച്ചു. യേഹുവിന്റെ കുതിരകൾ ഇസബേലിനെ ചവിട്ടിമെതിച്ചു.
34 അതിനു ശേഷം അയാൾ പോയി തിന്നുകയും കുടിക്കുകയും ചെയ്‌തു. പിന്നെ യേഹു പറഞ്ഞു: “ആ ശപിക്കപ്പെട്ടവളെ കൊണ്ടുപോയി അടക്കം ചെയ്യുക. ഒന്നുമല്ലെങ്കിലും അവൾ ഒരു രാജാവിന്റെ മകളല്ലേ!”+
35 പക്ഷേ ഇസബേലിനെ അടക്കം ചെയ്യാൻ ചെന്നപ്പോൾ തലയോട്ടിയും കൈപ്പത്തിയും പാദങ്ങളും അല്ലാതെ മറ്റൊന്നും അവർ അവിടെ കണ്ടില്ല.+
36 അവർ മടങ്ങിവന്ന് ഇക്കാര്യം യേഹുവിനെ അറിയിച്ചപ്പോൾ അയാൾ പറഞ്ഞു: “തിശ്ബ്യനായ ഏലിയ എന്ന തന്റെ ദാസനിലൂടെ യഹോവ പറഞ്ഞ വാക്കുകൾ നിറവേറിയിരിക്കുന്നു.+ ഏലിയ ഇങ്ങനെ പറഞ്ഞിരുന്നു: ‘ജസ്രീൽ ദേശത്തുള്ള ഒരു സ്ഥലത്തുവെച്ച് ഇസബേലിന്റെ മാംസം നായ്‌ക്കൾ തിന്നുകളയും.+
37 “ഇത് ഇസബേലാണ്” എന്നു പറയാൻപോലും സാധിക്കാത്ത വിധം ഇസബേലിന്റെ ശവം ജസ്രീൽ ദേശത്തെ മണ്ണിനു വളമായിത്തീരും.’”
അടിക്കുറിപ്പുകള്‍
^ അക്ഷ. “ചുവരിലേക്കു മൂത്രം ഒഴിക്കുന്നവരെയെല്ലാം.” ആണുങ്ങളോടുള്ള അവജ്ഞ സൂചിപ്പിക്കുന്ന ഒരു എബ്രായ പദപ്രയോഗം.
^ അക്ഷ. “മകനായ.”
^ അഥവാ “കൺപോളകളിൽ എഴുതുന്ന ലേപനം.”