ശമുവേൽ രണ്ടാം ഭാഗം 14:1-33
14 അബ്ശാലോമിനെ കാണാൻ രാജാവിന് ഉള്ളിന്റെ ഉള്ളിൽ അതിയായ ആഗ്രഹമുണ്ടെന്നു+ സെരൂയയുടെ+ മകനായ യോവാബ് മനസ്സിലാക്കി.
2 അതുകൊണ്ട്, യോവാബ് തെക്കോവയിലേക്ക്+ ആളയച്ച് ബുദ്ധിമതിയായ ഒരു സ്ത്രീയെ വിളിപ്പിച്ചു. എന്നിട്ട്, ആ സ്ത്രീയോടു പറഞ്ഞു: “മരിച്ചുപോയ ഒരാളെ ഓർത്ത് ദുഃഖിക്കുന്ന ഒരു സ്ത്രീയെപ്പോലെ നീ അഭിനയിക്കണം. വിലാപവസ്ത്രം ധരിച്ച് തൈലം പൂശാതെ,+ ദീർഘകാലമായി വിരഹദുഃഖം അനുഭവിക്കുന്ന ഒരു സ്ത്രീയെപ്പോലെ വേണം നീ പെരുമാറാൻ.
3 എന്നിട്ട്, രാജസന്നിധിയിൽ ചെന്ന് ഇന്നതുപോലെ പറയണം.” പറയേണ്ട വാക്കുകളെല്ലാം യോവാബ് സ്ത്രീക്കു പറഞ്ഞുകൊടുത്തു.
4 തെക്കോവക്കാരിയായ ആ സ്ത്രീ രാജാവിന്റെ സന്നിധിയിൽ ചെന്ന് മുട്ടുകുത്തി സാഷ്ടാംഗം നമസ്കരിച്ചു. എന്നിട്ട്, “രാജാവേ, എന്നെ സഹായിക്കണേ!” എന്നു പറഞ്ഞു.
5 അപ്പോൾ രാജാവ്, “എന്താണു കാര്യം” എന്നു ചോദിച്ചു. സ്ത്രീ പറഞ്ഞു: “ഞാനൊരു പാവം വിധവയാണ്; എന്റെ ഭർത്താവ് മരിച്ചുപോയി.
6 അങ്ങയുടെ ഈ ദാസിക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. ഒരിക്കൽ വയലിൽവെച്ച് അവർ തമ്മിൽ അടിപിടിയുണ്ടായി. അവരെ പിടിച്ചുമാറ്റാൻ ആരുമുണ്ടായിരുന്നില്ല. ഒരുത്തൻ മറ്റവനെ അടിച്ചുകൊന്നു.
7 ഇപ്പോൾ, കുടുംബക്കാർ എല്ലാവരും അങ്ങയുടെ ഈ ദാസിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അവർ പറയുന്നത് ഇതാണ്: ‘സ്വന്തം സഹോദരനെ കൊന്നവനെ വിട്ടുതരൂ. ഞങ്ങൾക്ക് അവനെ കൊന്ന് അവന്റെ സഹോദരന്റെ ജീവനു പകരംവീട്ടണം.+ ആകെയുള്ള ഒരു അവകാശി ഇല്ലാതാകുമെന്നു ഞങ്ങൾക്ക് അറിയാം. എങ്കിലും ഞങ്ങൾ അതു ചെയ്യും!’ അങ്ങനെ, അവർ എന്റെ ഭർത്താവിന്റെ പേരോ സന്തതിയോ* ഈ ഭൂമുഖത്ത് അവശേഷിക്കാൻ സമ്മതിക്കാതെ എന്റെ പക്കൽ ശേഷിച്ചിരിക്കുന്ന അവസാനത്തെ കനലും* കെടുത്തിക്കളയും.”
8 അപ്പോൾ, രാജാവ് സ്ത്രീയോടു പറഞ്ഞു: “വീട്ടിലേക്കു പൊയ്ക്കൊള്ളുക. നിന്റെ കാര്യത്തിൽ ഞാൻ ഒരു കല്പന കൊടുക്കുന്നുണ്ട്.”
9 അപ്പോൾ, ആ തെക്കോവക്കാരി രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെ മേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ. രാജാവിനും അവിടുത്തെ സിംഹാസനത്തിനും കുറ്റമില്ലാതിരിക്കട്ടെ.”
10 അപ്പോൾ, രാജാവ് പറഞ്ഞു: “ഇനി നിന്നോട് ആരെങ്കിലും വല്ലതും പറഞ്ഞാൽ അയാളെ എന്റെ അടുത്ത് കൊണ്ടുവരണം. പിന്നെ ഒരിക്കലും അയാൾ നിന്നെ ശല്യപ്പെടുത്തില്ല.”
11 പക്ഷേ, സ്ത്രീ പറഞ്ഞു: “രാജാവേ, ദയവുചെയ്ത് അങ്ങ് അങ്ങയുടെ ദൈവമായ യഹോവയെ ഓർക്കണേ. രക്തത്തിനു പകരം ചോദിക്കുന്നവൻ+ എന്റെ മകനെ ഇല്ലായ്മ ചെയ്ത് നാശം വിതയ്ക്കാൻ ഇടവരരുതേ.” അപ്പോൾ രാജാവ്, “യഹോവയാണെ,+ നിന്റെ മകന്റെ ഒരു രോമംപോലും നിലത്ത് വീഴില്ല” എന്നു പറഞ്ഞു.
12 അപ്പോൾ സ്ത്രീ, “എന്റെ യജമാനനായ രാജാവിനോട് അങ്ങയുടെ ഈ ദാസി ദയവായി ഒരു വാക്കു പറഞ്ഞുകൊള്ളട്ടേ” എന്നു ചോദിച്ചു. അപ്പോൾ രാജാവ്, “പറഞ്ഞുകൊള്ളൂ!” എന്നു പറഞ്ഞു.
13 അപ്പോൾ, സ്ത്രീ ചോദിച്ചു: “അങ്ങനെയെങ്കിൽ, അങ്ങ് എന്തിനാണു ദൈവജനത്തിന്+ എതിരെ ഇതുപോലൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചത്? രാജാവിന്റെ ഈ വാക്കുകൾകൊണ്ട് രാജാവ് തന്നെത്തന്നെ കുറ്റക്കാരനാക്കുകയല്ലേ? കാരണം, നാടു വിട്ട് കഴിയേണ്ടിവന്നിരിക്കുന്ന സ്വന്തം മകനെ രാജാവ് തിരികെ കൊണ്ടുവരുന്നില്ലല്ലോ.+
14 നമ്മളെല്ലാം നിശ്ചയമായും മരിക്കും. അതോടെ നമ്മൾ, നിലത്ത് ഒഴിച്ചുകളഞ്ഞിട്ട് തിരിച്ചെടുക്കാൻ പറ്റാതാകുന്ന വെള്ളംപോലെയാകും. പക്ഷേ, ദൈവം ആരുടെയും ജീവനെടുത്തുകളയുന്നില്ല; പകരം നാടുകടത്തപ്പെട്ടവൻ എന്നെന്നും തന്നിൽനിന്ന് അകന്ന് നാടുകടത്തപ്പെട്ടവനായി കഴിയാതിരിക്കാനുള്ള കാരണം തേടുന്നു.
15 ജനം എന്നെ പേടിപ്പിച്ചതുകൊണ്ടാണ് ഇക്കാര്യം പറയാൻ ഞാൻ എന്റെ യജമാനനായ രാജാവിന്റെ സന്നിധിയിൽ വന്നത്. അങ്ങയുടെ ഈ ദാസി ഇങ്ങനെയാണു ചിന്തിച്ചത്: ‘രാജാവിനോട് എന്തായാലും ഒന്നു സംസാരിച്ചുനോക്കാം. ഒരുപക്ഷേ, രാജാവ് ഈ അടിമയുടെ അപേക്ഷ കേട്ട് നടപടിയെടുത്തേക്കും.
16 രാജാവ് ഈ അടിമ പറയുന്നതു കേൾക്കുകയും ദൈവം തന്ന അവകാശത്തിൽനിന്ന് എന്നെയും എന്റെ ഏകമകനെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നവന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കുകയും ചെയ്യുമായിരിക്കും.’+
17 ഗുണവും ദോഷവും വേർതിരിച്ചറിയുന്ന കാര്യത്തിൽ എന്റെ യജമാനനായ രാജാവ് ശരിക്കും ഒരു ദൈവദൂതനെപ്പോലെയാണല്ലോ. അതുകൊണ്ട്, ‘എന്റെ യജമാനനായ രാജാവിന്റെ വാക്ക് എനിക്ക് ആശ്വാസമേകും’ എന്ന് അങ്ങയുടെ ഈ ദാസി വിചാരിച്ചു. അങ്ങയുടെ ദൈവമായ യഹോവ അങ്ങയുടെകൂടെയുണ്ടായിരിക്കട്ടെ.”
18 അപ്പോൾ, രാജാവ് ആ സ്ത്രീയോടു പറഞ്ഞു: “ഞാൻ എന്തു ചോദിച്ചാലും ദയവായി നീ മറുപടി പറയണം. ഒന്നും മറച്ചുവെക്കരുത്.” അപ്പോൾ അവൾ, “എന്റെ യജമാനനായ രാജാവേ, ചോദിച്ചാലും” എന്നു പറഞ്ഞു.
19 അപ്പോൾ, രാജാവ് ചോദിച്ചു: “യോവാബാണോ നിന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്?”+ അപ്പോൾ, സ്ത്രീ പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങാണെ കാര്യങ്ങൾ അങ്ങ് പറഞ്ഞതുപോലെതന്നെയാണ്.* അങ്ങയുടെ ഈ ദാസിക്കു നിർദേശം തന്നതും ഈ വാക്കുകളൊക്കെ പറഞ്ഞുതന്നതും അങ്ങയുടെ ഭൃത്യനായ യോവാബാണ്.
20 കാര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായൊരു ചിത്രം നൽകാനാണ് അങ്ങയുടെ ഭൃത്യനായ യോവാബ് ഇതു ചെയ്തത്. പക്ഷേ, ദൈവദൂതന്റേതുപോലെ ജ്ഞാനമുള്ള എന്റെ യജമാനനു ദേശത്ത് നടക്കുന്നതെല്ലാം അറിയാമല്ലോ.”
21 പിന്നെ, രാജാവ് യോവാബിനോടു പറഞ്ഞു: “ശരി, ഇക്കാര്യം ഞാൻ ചെയ്യാം.+ ചെന്ന് അബ്ശാലോം കുമാരനെ തിരികെ കൊണ്ടുവരുക.”+
22 അപ്പോൾ, യോവാബ് മുട്ടുകുത്തി സാഷ്ടാംഗം നമസ്കരിച്ച് രാജാവിനെ സ്തുതിച്ചു. യോവാബ് പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങ് ഈ ദാസന്റെ അപേക്ഷ കേട്ട് നടപടിയെടുത്തല്ലോ. അതുകൊണ്ട്, അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നിയിരിക്കുന്നെന്നു ഞാൻ ഇന്ന് അറിയുന്നു.”
23 തുടർന്ന്, യോവാബ് എഴുന്നേറ്റ് ഗശൂരിലേക്കു+ ചെന്ന് അബ്ശാലോമിനെ യരുശലേമിലേക്കു കൂട്ടിക്കൊണ്ടുവന്നു.
24 പക്ഷേ, രാജാവ് പറഞ്ഞു: “അബ്ശാലോം വീട്ടിലേക്കു പോകട്ടെ. എന്നെ മുഖം കാണിക്കരുത്.” അങ്ങനെ, അബ്ശാലോം വീട്ടിലേക്കു പോയി. രാജാവിനെ മുഖം കാണിച്ചതുമില്ല.
25 സൗന്ദര്യത്തിന്റെ കാര്യത്തിൽ അബ്ശാലോമിനോളം കീർത്തിയുള്ള ഒരാളും ഇസ്രായേലിലെങ്ങുമുണ്ടായിരുന്നില്ല. അടിതൊട്ട് മുടിവരെ ഒരു ന്യൂനതയുമില്ലാത്തവനായിരുന്നു അബ്ശാലോം.
26 മുടി തലയ്ക്കു ഭാരമാകുന്നതുകൊണ്ട് വർഷത്തിലൊരിക്കൽ അബ്ശാലോം തലമുടി പറ്റെ വെട്ടുമായിരുന്നു. അങ്ങനെ കിട്ടുന്ന മുടിയുടെ തൂക്കം രാജതൂക്കക്കട്ടിക്ക്* 200 ശേക്കെലുണ്ടായിരുന്നു.*
27 അബ്ശാലോമിനു മൂന്ന് ആൺമക്കളും+ താമാർ എന്നു പേരുള്ള ഒരു മകളും ഉണ്ടായിരുന്നു. അവൾ അതീവസുന്ദരിയായിരുന്നു.
28 രാജാവിനെ മുഖം കാണിക്കാതെ അബ്ശാലോം യരുശലേമിൽ താമസിച്ചു.+ അങ്ങനെ, രണ്ടു വർഷം കടന്നുപോയി.
29 അതുകൊണ്ട്, രാജാവിന്റെ അടുത്തേക്കു യോവാബിനെ പറഞ്ഞയയ്ക്കാൻ തീരുമാനിച്ച അബ്ശാലോം അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു. പക്ഷേ, യോവാബ് ചെന്നില്ല. രണ്ടാം പ്രാവശ്യവും ആളയച്ചു. എന്നിട്ടും യോവാബ് ചെല്ലാൻ കൂട്ടാക്കിയില്ല.
30 ഒടുവിൽ, അബ്ശാലോം ഭൃത്യന്മാരോടു പറഞ്ഞു: “എന്റെ നിലത്തോടു ചേർന്നാണ് യോവാബിന്റെ നിലം. അവിടെ കുറെ ബാർളിയുണ്ട്. നിങ്ങൾ ചെന്ന് അതിനു തീയിടുക.” അങ്ങനെ, അബ്ശാലോമിന്റെ ഭൃത്യന്മാർ ആ നിലത്തിനു തീയിട്ടു.
31 ഉടനെ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്റെ വീട്ടിൽ ചെന്ന് അബ്ശാലോമിനോട്, “താങ്കളുടെ ഭൃത്യന്മാർ എന്റെ നിലത്തിനു തീയിട്ടത് എന്തിനാണ്” എന്നു ചോദിച്ചു.
32 അപ്പോൾ അബ്ശാലോം യോവാബിനോടു പറഞ്ഞു: “‘താങ്കൾ ഇവിടെവരെ ഒന്നു വരണം’ എന്നു ഞാൻ അറിയിച്ചതല്ലേ? ‘താങ്കൾ എനിക്കുവേണ്ടി രാജാവിന്റെ അടുത്ത് ചെന്ന്, “ഞാൻ എന്തിനാണു ഗശൂരിൽനിന്ന് വന്നത്,+ ഇതിലും ഭേദം അവിടെത്തന്നെ കഴിയുന്നതായിരുന്നല്ലോ” എന്നും “രാജാവിനെ മുഖം കാണിക്കാൻ എന്നെ ഇപ്പോൾ അനുവദിച്ചാലും; എന്നിൽ എന്തെങ്കിലും കുറ്റമുണ്ടെങ്കിൽ അവിടുന്ന് എന്നെ കൊന്നുകളയുക” എന്നും പറയണം’ എന്നു ഞാൻ അറിയിച്ചതല്ലായിരുന്നോ?”
33 അങ്ങനെ, യോവാബ് രാജാവിന്റെ അടുത്ത് ചെന്ന് കാര്യം അറിയിച്ചു. അപ്പോൾ, രാജാവ് അബ്ശാലോമിനെ വിളിച്ചു. അബ്ശാലോം രാജാവിന്റെ അടുത്ത് ചെന്ന് രാജാവിന്റെ മുന്നിൽ മുട്ടുകുത്തി സാഷ്ടാംഗം നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു.+
അടിക്കുറിപ്പുകള്
^ അക്ഷ. “ശേഷിപ്പോ.”
^ അതായത്, വംശപരമ്പര നിലനിറുത്താനുള്ള അവസാനപ്രതീക്ഷ.
^ അഥവാ “അങ്ങാണെ അങ്ങ് പറഞ്ഞതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറാൻ ആർക്കും കഴിയില്ല.”
^ ഇതു രാജകൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ഒരു പ്രമാണതൂക്കക്കട്ടിയോ സാധാരണശേക്കെലിൽനിന്ന് വ്യത്യസ്തമായ ഒരു ‘രാജ’ശേക്കെലോ ആയിരുന്നിരിക്കാം.