ശമുവേൽ രണ്ടാം ഭാഗം 20:1-26
20 ബന്യാമീന്യനായ ബിക്രിയുടെ മകൻ ശേബ+ എന്ന ഒരാൾ അവിടെയുണ്ടായിരുന്നു. ഒരു കുഴപ്പക്കാരനായിരുന്ന ശേബ കൊമ്പു+ വിളിച്ച് ഇങ്ങനെ പറഞ്ഞു: “ദാവീദുമായി ഞങ്ങൾക്ക് ഒരു പങ്കുമില്ല. യിശ്ശായിയുടെ മകനിൽ+ ഞങ്ങൾക്ക് ഒരു അവകാശവുമില്ല. ഇസ്രായേലേ, എല്ലാവരും അവരവരുടെ ദൈവങ്ങളുടെ അടുത്തേക്കു* മടങ്ങുക!”+
2 ഉടനെ, ഇസ്രായേൽപുരുഷന്മാരെല്ലാം ദാവീദിനെ വിട്ട് ബിക്രിയുടെ+ മകനായ ശേബയുടെ കൂടെക്കൂടി. പക്ഷേ, യഹൂദാപുരുഷന്മാർ രാജാവിന്റെ പക്ഷത്ത് നിന്നു. അവർ യോർദാൻ മുതൽ യരുശലേം വരെ+ രാജാവിന്റെകൂടെയുണ്ടായിരുന്നു.
3 ദാവീദ് യരുശലേമിലെ ഭവനത്തിൽ*+ എത്തിയപ്പോൾ ഭവനം പരിപാലിക്കാനായി നിറുത്തിയിട്ടുപോയിരുന്ന പത്ത് ഉപപത്‌നിമാരെ+ മറ്റൊരു വീട്ടിലേക്കു മാറ്റി അതിനു കാവൽ ഏർപ്പെടുത്തി. ദാവീദ് അവർക്കു ഭക്ഷണം കൊടുത്തുപോന്നു. പക്ഷേ, അവരുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടില്ല.+ ജീവിതാവസാനംവരെ അവർ കാവലിൽത്തന്നെയായിരുന്നു. ഭർത്താവ് ജീവിച്ചിരുന്നിട്ടും അവർ വിധവകളെപ്പോലെ കഴിഞ്ഞു.
4 തുടർന്ന്, രാജാവ് അമാസയോടു+ പറഞ്ഞു: “മൂന്നു ദിവസത്തിനുള്ളിൽ യഹൂദാപുരുഷന്മാരെ എന്റെ അടുത്ത് വിളിച്ചുകൂട്ടുക. നീയും ഇവിടെയുണ്ടായിരിക്കണം.”
5 അങ്ങനെ, അമാസ അവരെ വിളിച്ചുകൂട്ടാൻ പോയി. പക്ഷേ, രാജാവ് പറഞ്ഞ സമയത്തിനുള്ളിൽ അമാസ തിരികെ എത്തിയില്ല.
6 അപ്പോൾ, ദാവീദ് അബീശായിയോടു+ പറഞ്ഞു: “അബ്ശാലോം ചെയ്‌തതിനെക്കാളേറെ+ ദ്രോഹം ബിക്രിയുടെ മകനായ ശേബ+ നമ്മളോടു ചെയ്തേക്കാം. നിന്റെ യജമാനന്റെ ഭൃത്യന്മാരെയും കൂട്ടി ശേബയെ പിന്തുടരൂ. അല്ലെങ്കിൽ അയാൾ, കോട്ടമതിലുള്ള ഏതെങ്കിലും നഗരത്തിൽ കടന്ന് നമ്മുടെ കൈയിൽനിന്ന് രക്ഷപ്പെട്ടെന്നു വരാം.”
7 അങ്ങനെ, യോവാബിന്റെ+ ആളുകളും കെരാത്യരും പ്ലേത്യരും+ ശൂരന്മാരായ എല്ലാ പുരുഷന്മാരും അയാളുടെ പിന്നാലെ ചെന്നു. അവർ യരുശലേമിൽനിന്ന് ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്ന് പോയി.
8 അവർ ഗിബെയോനിലെ+ വലിയ പാറയുടെ അടുത്ത് എത്തിയപ്പോൾ അമാസ+ അവരെ കാണാൻ വന്നു. യോവാബ് പടച്ചട്ട അണിഞ്ഞിരുന്നു, ഒരു വാൾ ഉറയിൽ ഇട്ട് അരയ്‌ക്കു കെട്ടിയിട്ടുമുണ്ടായിരുന്നു. യോവാബ് മുന്നോട്ടു നീങ്ങിയപ്പോൾ വാൾ താഴെ വീണു.
9 യോവാബ് അമാസയോട്, “സഹോദരാ, സുഖമാണോ” എന്നു ചോദിച്ചു. എന്നിട്ട്, ചുംബിക്കാനെന്ന മട്ടിൽ വലതുകൈകൊണ്ട് അമാസയുടെ താടിയിൽ പിടിച്ചു.
10 യോവാബിന്റെ കൈയിൽ വാളുണ്ടെന്ന കാര്യം അമാസ അത്ര കാര്യമാക്കിയില്ല. യോവാബ് വാളുകൊണ്ട് അമാസയുടെ വയറ്റത്ത് കുത്തി.+ അയാളുടെ കുടൽമാല പുറത്ത് ചാടി. അയാളെ കൊല്ലാൻ ആ ഒറ്റ കുത്ത് മതിയായിരുന്നു. രണ്ടാമതൊന്നു വേണ്ടിവന്നില്ല. പിന്നെ, യോവാബും സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.
11 യോവാബിന്റെ യുവാക്കളിലൊരാൾ അദ്ദേഹത്തിന്റെ അടുത്ത് നിന്ന്, “യോവാബിന്റെ പക്ഷത്തുള്ളവരും ദാവീദിനെ അനുകൂലിക്കുന്നവരും ആയ എല്ലാവരും യോവാബിനെ അനുഗമിക്കട്ടെ!” എന്നു പറയുന്നുണ്ടായിരുന്നു.
12 ആ സമയമത്രയും അമാസ വഴിയുടെ നടുവിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. വഴിയിലൂടെ വരുന്ന എല്ലാവരും അവിടെ എത്തുമ്പോൾ നിൽക്കുന്നതു കണ്ടിട്ട് ആ യുവാവ് അമാസയെ വഴിയിൽനിന്ന് മാറ്റിയിട്ടു. അമാസ അവിടെ കിടക്കുന്നതു കണ്ട് എല്ലാവരും നിൽക്കുന്നെന്നു കണ്ടപ്പോൾ അയാൾ ഒരു തുണി ഇട്ട് അമാസയെ മൂടി.
13 അയാൾ അമാസയെ വഴിയിൽനിന്ന് മാറ്റിയപ്പോൾ ആളുകളെല്ലാം യോവാബിന്റെകൂടെ ബിക്രിയുടെ മകനായ ശേബയെ+ പിടിക്കാൻ പോയി.
14 ശേബ എല്ലാ ഇസ്രായേൽഗോത്രങ്ങളും കടന്ന് ബേത്ത്-മാഖയിലെ+ ആബേലിലേക്കു പോയി. ബിക്ര്യരും ഒന്നിച്ചുകൂടി അയാളുടെ പിന്നാലെ ചെന്നു.
15 ശേബ തങ്ങിയിരുന്ന ബേത്ത്-മാഖയിലെ ആബേൽ നഗരം യോവാബും ആളുകളും* ചേർന്ന് വളഞ്ഞു. നഗരമതിലിനു ചുറ്റും പ്രതിരോധമതിൽ തീർത്തിരുന്നതുകൊണ്ട് നഗരത്തെ ആക്രമിക്കാൻ അവർ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കി. മതിൽ തകർക്കാൻവേണ്ടി യോവാബിന്റെ ആളുകൾ മതിലിന്റെ അടിത്തറ മാന്തിത്തുടങ്ങി.
16 അപ്പോൾ, ബുദ്ധിമതിയായ ഒരു സ്‌ത്രീ നഗരത്തിൽനിന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: “കേൾക്കൂ പുരുഷന്മാരേ, ഞാൻ പറയുന്നതു കേൾക്കൂ! ദയവായി നിങ്ങൾ യോവാബിനോട്, ‘ഇവിടെവരെ ഒന്നു വരണം, എനിക്കു സംസാരിക്കാനുണ്ട്’ എന്നു പറയൂ.”
17 അങ്ങനെ, അദ്ദേഹം ആ സ്ത്രീയുടെ അടുത്തേക്കു ചെന്നു. അപ്പോൾ, “അങ്ങാണോ യോവാബ്” എന്നു സ്‌ത്രീ ചോദിച്ചു; “അതെ” എന്നു യോവാബ് പറഞ്ഞു. സ്‌ത്രീ അദ്ദേഹത്തോട്, “അങ്ങ് ഈ ദാസിയുടെ വാക്കു കേട്ടാലും” എന്നു പറഞ്ഞപ്പോൾ “പറയൂ” എന്ന് അദ്ദേഹം പറഞ്ഞു.
18 അപ്പോൾ, സ്‌ത്രീ പറഞ്ഞു: “ഒരു കാര്യത്തിനു തീരുമാനമാകാൻ ‘ആബേലിൽ അന്വേഷിച്ചാൽ മതി’ എന്നു പണ്ടൊക്കെ ആളുകൾ പറയാറുണ്ടായിരുന്നു.
19 ഇസ്രായേലിലെ സമാധാനപ്രിയരെയും വിശ്വസ്തരെയും ആണ് ഞാൻ പ്രതിനിധീകരിക്കുന്നത്. ഇസ്രായേലിൽ അമ്മയെപ്പോലുള്ള ഒരു നഗരത്തെയാണ് അങ്ങ് നശിപ്പിക്കാൻ നോക്കുന്നത്. അങ്ങ് എന്തിനാണ് യഹോവയുടെ അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്?”+
20 യോവാബിന്റെ മറുപടി ഇതായിരുന്നു: “ഈ നഗരത്തെ നശിപ്പിച്ച് ഇല്ലായ്‌മ ചെയ്യുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ വയ്യാ.
21 വാസ്‌തവത്തിൽ അതല്ല കാര്യം. എഫ്രയീംമലനാട്ടിൽനിന്നുള്ള+ ബിക്രിയുടെ മകനായ ശേബ+ എന്നൊരാൾ ദാവീദ് രാജാവിന് എതിരെ മത്സരിച്ചിരിക്കുന്നു.* ആ ഒരുത്തനെ വിട്ടുതന്നാൽ മതി, ഞാൻ നഗരത്തെ വിട്ടുപൊയ്ക്കൊള്ളാം.” അപ്പോൾ ആ സ്‌ത്രീ യോവാബിനോട്, “അതിന് എന്താ, ശേബയുടെ തല മതിലിനു മുകളിലൂടെ അങ്ങയ്‌ക്ക് എറിഞ്ഞുതന്നേക്കാം!” എന്നു പറഞ്ഞു.
22 ഉടനെ, ആ സ്‌ത്രീ പോയി അവിടെയുള്ള എല്ലാവരോടും സംസാരിച്ചു. അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന് എറിഞ്ഞുകൊടുത്തു. തുടർന്ന്, യോവാബ് കൊമ്പു വിളിച്ചു. അപ്പോൾ, അവരെല്ലാം നഗരം വിട്ട് വീടുകളിലേക്കു പോയി.+ യോവാബ് യരുശലേമിൽ രാജാവിന്റെ അടുത്തേക്കും മടങ്ങി.
23 ഇസ്രായേൽസൈന്യത്തിന്റെ സർവസൈന്യാധിപൻ യോവാബായിരുന്നു.+ കെരാത്യരുടെയും പ്ലേത്യരുടെയും+ അധിപൻ യഹോയാദയുടെ+ മകനായ ബനയയും.+
24 അദോരാമായിരുന്നു+ നിർബന്ധിതജോലി ചെയ്യുന്നവരുടെ തലവൻ. അഹീലൂദിന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ കാര്യങ്ങൾ രേഖപ്പെടുത്താനുള്ള ചുമതല.
25 സാദോക്കും+ അബ്യാഥാരും+ പുരോഹിതന്മാരായിരുന്നു. ശെവയായിരുന്നു സെക്രട്ടറി.
26 യായീര്യനായ ഈരയെ ദാവീദിന്റെ ഒരു പ്രമുഖമന്ത്രിയായി* നിയമിച്ചു.
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “അവരവരുടെ കൂടാരങ്ങളിലേക്ക്.”
^ അഥവാ “കൊട്ടാരത്തിൽ.”
^ അക്ഷ. “അവരും.”
^ അക്ഷ. “കൈ ഉയർത്തിയിരിക്കുന്നു.”
^ അക്ഷ. “ഒരു പുരോഹിതനായി.”