ശമുവേൽ രണ്ടാം ഭാഗം 21:1-22

21  ദാവീ​ദി​ന്റെ കാലത്ത്‌ തുടർച്ച​യാ​യി മൂന്നു വർഷം ക്ഷാമം ഉണ്ടായി.+ ഇക്കാര്യത്തെ​ക്കു​റിച്ച്‌ ദാവീദ്‌ യഹോ​വയോ​ടു ചോദി​ച്ചപ്പോൾ യഹോവ പറഞ്ഞു: “ശൗലും ശൗലിന്റെ ഗൃഹവും ഗിബെയോ​ന്യ​രെ കൊന്ന​തുകൊണ്ട്‌ രക്തം ചൊരിഞ്ഞ കുറ്റമു​ള്ള​വ​രാണ്‌.”+ 2  അപ്പോൾ, രാജാവ്‌ ഗിബെയോന്യരെ+ വിളിച്ച്‌ അവരോ​ടു സംസാ​രി​ച്ചു. (വാസ്‌ത​വ​ത്തിൽ, ഗിബെയോ​ന്യർ ഇസ്രായേ​ല്യ​ര​ല്ലാ​യി​രു​ന്നു, അമോര്യരിൽ+ ബാക്കി​യു​ള്ള​വ​രാ​യി​രു​ന്നു. അവരെ ഒന്നും ചെയ്യി​ല്ലെന്ന്‌ ഇസ്രായേ​ല്യർ അവരോ​ടു സത്യം ചെയ്‌തി​രു​ന്ന​താണ്‌.+ പക്ഷേ, ഇസ്രായേ​ലിലെ​യും യഹൂദ​യിലെ​യും ആളുകളെ ഓർത്ത്‌ ആവേശം കയറി ശൗൽ അവരെ കൊ​ന്നൊ​ടു​ക്കാൻ ശ്രമിച്ചു.) 3  ദാവീദ്‌ ഗിബെയോ​ന്യരോ​ടു ചോദി​ച്ചു: “നിങ്ങൾക്കു​വേണ്ടി ഞാൻ എന്തു ചെയ്യണം? നിങ്ങൾ യഹോ​വ​യു​ടെ അവകാ​ശത്തെ അനു​ഗ്ര​ഹി​ക്കാൻ ഞാൻ എന്തു പ്രായ​ശ്ചി​ത്തം ചെയ്യണം?” 4  ഗിബെയോന്യർ പറഞ്ഞു: “ശൗലു​മാ​യും ശൗലിന്റെ ഗൃഹവു​മാ​യും ഞങ്ങൾക്കുള്ള പ്രശ്‌നം വെള്ളി​യും സ്വർണ​വും കൊണ്ട്‌ തീരു​ന്നതല്ല.+ ഇസ്രായേ​ലിൽ ആരെയും ഞങ്ങൾക്കു കൊല്ലാ​നും പറ്റില്ല​ല്ലോ.” അപ്പോൾ ദാവീദ്‌, “നിങ്ങൾ പറയു​ന്നതെ​ന്തും ഞാൻ ചെയ്യാം” എന്നു പറഞ്ഞു. 5  അവർ രാജാ​വിനോ​ടു പറഞ്ഞു: “ഇസ്രാ​യേൽ ദേശ​ത്തെ​ങ്ങും ഞങ്ങളിൽ ആരും ബാക്കി​വ​രാത്ത രീതി​യിൽ ഞങ്ങളെ ഇല്ലായ്‌മ ചെയ്യാൻ പദ്ധതി​യി​ടു​ക​യും ഞങ്ങളെ ഒന്നടങ്കം നശിപ്പി​ക്കു​ക​യും ചെയ്‌ത ആ മനുഷ്യ​നു​ണ്ട​ല്ലോ,+ 6  അയാളുടെ ഏഴ്‌ ആൺമക്കളെ ഞങ്ങൾക്ക്‌ ഏൽപ്പി​ച്ചു​തരൂ. യഹോവ തിരഞ്ഞെടുത്തവനായ+ ശൗലിന്റെ ഗിബെ​യ​യിൽ,+ യഹോ​വ​യു​ടെ സന്നിധി​യിൽ ഞങ്ങൾ അവരുടെ ശവശരീ​രങ്ങൾ തൂക്കും.”*+ അപ്പോൾ രാജാവ്‌, “ഞാൻ അവരെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കാം” എന്നു പറഞ്ഞു. 7  പക്ഷേ, ശൗലിന്റെ മകനായ യോനാ​ഥാ​ന്റെ മകൻ മെഫിബോശെത്തിനോടു+ രാജാവ്‌ അനുകമ്പ കാണിച്ചു. ദാവീ​ദും ശൗലിന്റെ മകനായ യോനാഥാനും+ തമ്മിൽ യഹോ​വ​യു​ടെ നാമത്തിൽ ചെയ്‌തി​രുന്ന ആണ നിമി​ത്ത​മാണ്‌ അങ്ങനെ ചെയ്‌തത്‌. 8  രാജാവ്‌, അയ്യയുടെ മകളായ രിസ്‌പയിൽ+ ശൗലിനു ജനിച്ച രണ്ടു പുത്ര​ന്മാ​രായ അർമോ​നി, മെഫി​ബോ​ശെത്ത്‌ എന്നിവരെ​യും മെഹോ​ല​ത്യ​നായ ബർസി​ല്ലാ​യി​യു​ടെ മകൻ അദ്രിയേലിനു+ ശൗലിന്റെ മകളായ മീഖളിൽ*+ ജനിച്ച അഞ്ച്‌ ആൺമക്കളെ​യും കൊണ്ടു​വന്ന്‌ 9  ഗിബെയോന്യർക്കു കൈമാ​റി. അവർ മലയിൽ യഹോ​വ​യു​ടെ സന്നിധി​യിൽ അവരുടെ ശവശരീ​രങ്ങൾ തൂക്കി.+ ആ ഏഴു പേരും ഒരുമി​ച്ച്‌ മരിച്ചു. കൊയ്‌ത്തി​ന്റെ ആദ്യദി​വ​സ​ങ്ങ​ളിൽ, ബാർളിക്കൊ​യ്‌ത്തി​ന്റെ തുടക്ക​ത്തിൽ, ആണ്‌ അവരെ കൊന്നത്‌. 10  അയ്യയുടെ മകളായ രിസ്‌പ+ വിലാ​പ​വ​സ്‌ത്രം എടുത്ത്‌ പാറയിൽ വിരിച്ചു. പകൽസ​മ​യത്ത്‌ പക്ഷികൾ ശവശരീ​ര​ങ്ങ​ളിൽ വന്ന്‌ ഇരിക്കാ​നോ രാത്രി​യിൽ വന്യമൃ​ഗങ്ങൾ അവയുടെ അടു​ത്തേക്കു വരാനോ രിസ്‌പ അനുവ​ദി​ച്ചില്ല. കൊയ്‌ത്തി​ന്റെ തുടക്കം​മു​തൽ ആകാശ​ത്തു​നിന്ന്‌ അവയുടെ മേൽ മഴ പെയ്‌ത​തു​വരെ രിസ്‌പ ഇങ്ങനെ ചെയ്‌തു. 11  അയ്യയുടെ മകളും ശൗലിന്റെ ഉപപത്‌നി​യും ആയ രിസ്‌പ ചെയ്‌ത കാര്യം ദാവീദ്‌ അറിഞ്ഞു. 12  അതുകൊണ്ട്‌, ദാവീദ്‌ പോയി യാബേശ്‌-ഗിലെ​യാ​ദി​ലെ തലവന്മാരുടെ* അടുത്തു​നിന്ന്‌ ശൗലിന്റെ​യും മകനായ യോനാ​ഥാന്റെ​യും അസ്ഥികൾ എടുത്തു.+ ഗിൽബോവയിൽവെച്ച്‌+ ഫെലി​സ്‌ത്യർ ശൗലിനെ കൊന്ന ദിവസം, ഫെലി​സ്‌ത്യർ ശൗലിനെ​യും യോനാ​ഥാനെ​യും തൂക്കിയ ബേത്ത്‌-ശാനിലെ പൊതുസ്ഥലത്തുനിന്ന്‌* അവർ അതു മോഷ്ടി​ച്ച്‌ കൊണ്ടു​വ​ന്ന​താ​യി​രു​ന്നു. 13  ദാവീദ്‌ ശൗലിന്റെ​യും മകൻ യോനാ​ഥാന്റെ​യും അസ്ഥികൾ അവി​ടെ​നിന്ന്‌ കൊണ്ടു​വന്നു. കൂടാതെ, വധിക്കപ്പെട്ട* ആ പുരു​ഷ​ന്മാ​രു​ടെ അസ്ഥിക​ളും അവർ ശേഖരി​ച്ചു.+ 14  പിന്നെ, അവർ ശൗലിന്റെ​യും മകൻ യോനാ​ഥാന്റെ​യും അസ്ഥികൾ ബന്യാ​മീൻദേ​ശത്തെ സെലയിൽ+ ശൗലിന്റെ അപ്പനായ കീശിന്റെ+ കല്ലറയിൽ അടക്കി. രാജാവ്‌ കല്‌പി​ച്ചതെ​ല്ലാം അവർ ചെയ്‌തു​ക​ഴി​ഞ്ഞപ്പോൾ ദേശ​ത്തെ​പ്പ​റ്റി​യുള്ള അവരുടെ യാചനകൾ ദൈവം ശ്രദ്ധിച്ചു.+ 15  ഫെലിസ്‌ത്യരും ഇസ്രായേ​ലും തമ്മിൽ വീണ്ടും യുദ്ധം ഉണ്ടായി.+ അപ്പോൾ, ദാവീ​ദും ദാസന്മാ​രും ചെന്ന്‌ ഫെലി​സ്‌ത്യരോ​ടു പോരാ​ടി. പക്ഷേ, ദാവീദ്‌ ക്ഷീണിച്ച്‌ അവശനാ​യി. 16  അപ്പോൾ, യിശ്‌ബി-ബനോബ്‌ എന്നു പേരുള്ള ഒരു രഫായീമ്യൻ+ ദാവീ​ദി​നെ കൊല്ലാൻ ഒരുങ്ങി. യിശ്‌ബി-ബനോ​ബിന്‌ 300 ശേക്കെൽ*+ തൂക്കം വരുന്ന ചെമ്പു​കു​ന്ത​വും ഒരു പുതിയ വാളും ഉണ്ടായി​രു​ന്നു. 17  ഞൊടിയിടയിൽ സെരൂ​യ​യു​ടെ മകനായ അബീശായി+ ദാവീ​ദി​ന്റെ സഹായ​ത്തിന്‌ എത്തി+ ആ ഫെലി​സ്‌ത്യ​നെ വെട്ടിക്കൊ​ന്നു. അപ്പോൾ, ദാവീ​ദി​ന്റെ ആളുകൾ പറഞ്ഞു: “അങ്ങ്‌ ഇനി ഒരിക്ക​ലും ഞങ്ങളുടെ​കൂ​ടെ യുദ്ധത്തി​നു വരരുത്‌!+ ഇസ്രായേ​ലി​ന്റെ ദീപം അണച്ചു​ക​ള​യ​രുത്‌!”+ അവർ ഇക്കാര്യം ആണയിട്ട്‌ ഉറപ്പിച്ചു. 18  അതിനു ശേഷം, ഗോബിൽവെച്ച്‌ ഫെലിസ്‌ത്യരുമായി+ വീണ്ടും യുദ്ധം ഉണ്ടായി. അവി​ടെവെച്ച്‌ ഹൂശത്യ​നായ സിബ്ബെഖായി+ രഫായീമ്യനായ+ സഫിനെ കൊന്നു. 19  ഗോബിൽവെച്ച്‌ ഫെലിസ്‌ത്യരുമായി+ വീണ്ടും യുദ്ധം ഉണ്ടായി. ഈ യുദ്ധത്തിൽ ബേത്ത്‌ലെഹെ​മ്യ​നായ യാരെ-ഓരെ​ഗീ​മി​ന്റെ മകൻ എൽഹാ​നാൻ ഗിത്ത്യ​നായ ഗൊല്യാ​ത്തി​നെ കൊന്നു. ഗൊല്യാ​ത്തി​ന്റെ കുന്തത്തി​ന്റെ പിടി നെയ്‌ത്തു​കാ​രു​ടെ ഉരുളൻത​ടിപോലെ​യാ​യി​രു​ന്നു.+ 20  ഗത്തിൽവെച്ച്‌ വീണ്ടും ഒരു യുദ്ധം ഉണ്ടായി. അവിടെ ഭീമാ​കാ​ര​നായ ഒരു മനുഷ്യ​നു​ണ്ടാ​യി​രു​ന്നു. അയാളു​ടെ കൈയി​ലും കാലി​ലും 6 വിരൽ വീതം ആകെ 24 വിരലു​ക​ളു​ണ്ടാ​യി​രു​ന്നു! അയാളും രഫായീ​മ്യ​നാ​യി​രു​ന്നു.+ 21  അയാൾ ഇസ്രായേ​ലി​നെ വെല്ലു​വി​ളി​ച്ചുകൊ​ണ്ടി​രു​ന്നു.+ ദാവീ​ദി​ന്റെ സഹോ​ദ​ര​നായ ശിമെയിയുടെ+ മകൻ യോനാ​ഥാൻ അയാളെ വെട്ടിക്കൊ​ന്നു. 22  ഈ നാലു പേരും ഗത്തുകാ​രായ രഫായീ​മ്യ​രാ​യി​രു​ന്നു. ഇവരെ ദാവീ​ദും ദാസന്മാ​രും കൊന്നു​ക​ളഞ്ഞു.+

അടിക്കുറിപ്പുകള്‍

അക്ഷ. “പ്രദർശി​പ്പി​ക്കും.” അതായത്‌, കൈയും കാലും ഒടിച്ച്‌.
മറ്റൊരു സാധ്യത “മേരബിൽ.”
അഥവാ “പൊതു​ച​ത്വ​ര​ത്തിൽനി​ന്ന്‌.”
മറ്റൊരു സാധ്യത “ഭൂവു​ട​മ​ക​ളു​ടെ.”
അക്ഷ. “പ്രദർശി​പ്പി​ക്ക​പ്പെട്ട.”
ഏകദേശം 3.42 കി.ഗ്രാം. അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം